Monday, March 21, 2011

റെഡിമെയ് ഡ്‌ ബിരിയാണി റെഡി


സ്ഥിരം ഒരു ഫോര്‍മാറ്റ് എടുത്ത് അതില്‍ പ്രേക്ഷകന് ആവശ്യമുള്ളത് കുറച്ചും ആവശ്യമില്ലാത്തത് അധികവും മിക്‌സ് ചെയ്ത് ബിരിയാണിയുണ്ടാക്കുന്ന റെഡിമെയ് ഡ്‌ ഹോട്ടല്‍ ഇപ്പോള്‍ മല്ലുവുഡില്‍ തുടങ്ങിയിരിക്കുന്നു. വിഭവം പ്രേക്ഷകന് ഇഷ്ടമാണോ എന്നത് ഇവിടെ പ്രശ്‌നമല്ല. ഞങ്ങള്‍ ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് കഴിച്ചാല്‍ എന്താകുഴപ്പം? നിങ്ങള്‍ അതുമാത്രം കഴിച്ചാല്‍ മതി എന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍. ആരു ചെന്നാലും പുറത്ത് ബോര്‍ഡ്‌ കാണാം- 'ബിരിയാണി റെഡി' 

മലയാളം കണ്ട മികച്ച തിരക്കഥാകൃത്തുക്കളായ പത്മരാജനും ലോഹിതദാസുമൊക്കെ മരിച്ചുപോയെങ്കിലും ആ കുറവ് നികത്തുവാന്‍ അവരേക്കാള്‍ കേമന്‍മാരയ രണ്ടു പേരെ ദൈവം നമുക്ക് തന്നു. ഇന്ന് ഒരു സിനിമയ്ക്ക് തന്നെ അരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുകയും അതിനുള്ള കൂറ് എന്ന നിലയില്‍ മലയാള സിനിമാ ലോകത്തെ മറ്റു അന്യഭാഷാ ചിത്രങ്ങളുടെ തൊഴുത്തില്‍ കൊണ്ടു ചെന്ന് കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഉദയകൃഷ്ണനും സിബി കെ. തോമസും േപ്രക്ഷകനെ വെല്ലുവിളിക്കുകയാണ്. 

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ കിലുക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിരക്കഥയെഴുതി ജനങ്ങളെ വെറുപ്പിച്ചവര്‍ അന്നു നില്‍ക്കുന്ന അതേ സ്ഥാനത്തുനിന്നും അനങ്ങിയിട്ടില്ല എന്ന് നമുക്ക് മനസ്സിലാകും. ഒരു സമയത്ത് മിനിമം ഗ്യാരന്റിയുള്ള സംവിധായകന്‍ ജോഷി ചെയ്ത പടങ്ങളായിട്ടുപോലും ഇവരുടെ തിരക്കഥയിലിറങ്ങിയവ എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ച നാം കണ്ടതാണ്. പക്ഷേ അണ്ണന്‍മാര്‍ വലുതായി. പ്രതിഫലം ഏകദേശം കോടികളുമായി. ഒരു ട്വന്റി 20 യുടെ വിജയത്തിനുശേഷമാണ് ഇതെല്ലാം സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ദിലീപ് എന്ന നടന്‍ നിര്‍മ്മിച്ചതുകൊണ്ടു മാത്രമാണ് ഈ സിനിമയക്ക് തിരക്കഥയെഴുതുവാനുള്ള അവസരം മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തുക്കള്‍ക്ക് കിട്ടിയത്. (ജോഷിയുടെ മുമ്പ് ഇറങ്ങിയ റണ്‍വേ, ലയണ്‍, ജൂലൈ 4 എന്നീ ദിലീപ് ചിത്രങ്ങളിലൂടയും ജനങ്ങളെ പരീക്ഷിച്ചത് ഇവരായിരുന്നല്ലോ. ഇപ്പോള്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സലും). മലയാള സിനിമയിലെ എല്ലാ താരങ്ങളും അണിനിരന്ന ചിത്രമായതുകൊണ്ട് ട്വന്റി ഓടി. 

പക്ഷേ പിന്നെത്തെ കാര്യങ്ങള്‍ പ്രേക്ഷകരുടെ ഭാവനയ്ക്കും അപ്പുറമായിരുന്നു. കുളിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ പോലും സിനിമയായി രൂപാന്തരപ്പെടുന്ന കാഴ്ചകള്‍ നാം കണ്ടു തുടങ്ങി. പട്ടണത്തില്‍ ഭൂതം പോലുള്ള നാലാകിടയ്ക്കും താഴെയുള്ള സിനിമകള്‍ പ്രേക്ഷകര്‍ കൈവിട്ടപ്പോള്‍ വീണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഉദയം ചെയ്തു തുടങ്ങി. അതാണ് കേരളത്തിലങ്ങോളമിങ്ങോളം തരംഗമുണ്ടാക്കി എന്ന് നിര്‍മ്മതാക്കളും സംവിധായകനും ഈ തിരക്കഥാപാതകികളും അവകാശപ്പെട്ട ചിത്രം- പോക്കിരിരാജ. എങ്ങനെ ആ സിനിമ വിജയിച്ചു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. 

വാളയാര്‍ പരമശിവവും, ദേവരാജ പ്രതാപ വര്‍മ്മയും, രാജയും, ക്രിസ്റ്റിയും തുടങ്ങി അമാനുഷികരായ (ഇവരെയൊക്കെ പ്രസവിച്ചത് ഭൂമിയിലൊന്നുമില്ലാത്ത ആള്‍ക്കാരാണെന്ന് തോന്നും) കഥാപാത്രങ്ങള്‍ അല്ലാതെ മനുഷ്യന്റെ പച്ചയായ ഏതെങ്കിലും ഗുണമുള്ള ഒരു കഥാപാത്രം പോലും ഇവരുടെ തൂലികയില്‍ നിന്നും വന്നിട്ടുണ്ടോ? ഇപ്പോഴിറങ്ങി പ്രേക്ഷകരുടെ അപ്രീതി കവര്‍ന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സും ഇവരുണ്ടൊക്കിയ ബിരിയാണിയുടെ പുതിയ വെര്‍ഷനാണ്. ഇതിനു മുമ്പിറങ്ങിയ കാര്യസ്ഥന്‍ കണ്ടവര്‍ക്കറിയാം ആ സിനിമ എങ്ങിനെയുമണ്ടായിരുന്നു എന്ന്. നാലു പ്രശസ്തരായ നടന്‍മാരെ വച്ച് പടം പിടിച്ചാല്‍ ജനങ്ങള്‍ കാണും എന്ന മിഥ്യാധാരണ ഇവര്‍ വച്ചുപുലര്‍ത്തുന്നിടത്തോളം കാലം മലയാള സിനിമയ്ക്ക് രക്ഷയില്ല. 

മൂക്കില്ലാ രാജ്യത്ത് വിലസുന്ന മുറിമൂക്കന്‍മാരാ രാജാക്കന്‍മാരാണിവര്‍. അതല്ലാതെ മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ നല്ല കഥയുമായി സ്വര്‍ഗ്ഗത്തില്‍ നിന്നും പറന്നിറങ്ങിയ മാലാഖമാരൊന്നുമല്ലിവര്‍. പണ്ടെങ്ങോ നമ്മള്‍തന്നെ കണ്ട് കളഞ്ഞ വീടുവിട്ട് പോകലും കൂടിച്ചേരലുമൊക്കെയെടുത്ത് നമുക്ക് തന്നെ തന്ന് വെറുപ്പിക്കുന്ന ഇവര്‍ കഴിഞ്ഞുപോയ നല്ല സിനിമാപ്രവര്‍ത്തകരുടെ കാലം ഓര്‍മ്മപ്പെടുത്തുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. 

കുറിപ്പ്: തിരക്കഥയെഴുതി ആള്‍ക്കാരെ കൊല്ലുന്നതു  നിര്‍ത്തി ഇവര്‍ സംവിധാനിക്കാന്‍ പോണൂ. മമ്മൂട്ടി, മോഹന്‍ലാല്‍ കൂടെ ദിലീപ് എന്നിവരെ നായകരാക്കി അരക്കള്ളന്‍ മുക്കാല്‍കള്ളന്‍ എന്ന സിനിമ. 

മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ദിലീപിനേയുമൊക്കെ ആള്‍ക്കാര്‍ വെറുത്ത് തെരുവില്‍ വച്ച് കല്ലെറിയുന്ന ഒരവസ്ഥയില്‍ ഇവര്‍ കൊണ്ടെത്തിക്കും. സംശയമില്ല.

1 comment: