Saturday, April 30, 2011

മൊഹബ്ബത്ത്: ഒരു ത്യാഗിയുടെ കഥ


സ്‌നേഹിച്ച പെണ്ണിനെ മറ്റൊരാളും സ്‌നേഹിക്കുന്നു എന്നറിഞ്ഞ് ആ പെണ്ണിനേയും അവള്‍ക്കു വേണ്ടി വാങ്ങിയ മുഴുവന്‍ സ്വത്തും അയാള്‍ക്ക് സമ്മാനിച്ച് ആകാശം നോക്കിയിരിക്കുന്ന ത്യാഗിയായ ഒരു യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥനകഥ- മൊഹബ്ബത്ത്. ഇത്രയേ പറയാന്‍ കഴിയൂ ആ സിനിമയെപ്പറ്റി. 

ഒരു സിനിമയാണോ അതോ തിയേറ്റര്‍ വെര്‍ഷന്‍ സീരിയലാണോ എന്ന നിലയില്‍ ഇന്നും സംശയത്തില്‍ നില്‍ക്കുന്ന നോവല്‍ എന്ന സിനിമയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയന്‍ തയ്യാറാക്കിയ മൊഹബ്ബത്ത് അവസാനിക്കുന്നത് സ്‌ക്രീനില്‍ ഒരുപാട് ചോദ്യങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിവിധ മുഖങ്ങള്‍ പ്രേക്ഷകന് മുന്നില്‍ ഈ സിനിമയിലൂടെ അനാവരണം ചെയ്യുമ്പോള്‍ ''ഇതൊക്കെ സംഭവിക്കുമോ?'' എന്ന ചോദ്യത്തിലൂടെ പ്രേക്ഷകന്റെ മനസ്സ് വിങ്ങുന്നു. ഈ സിനിമ കണ്ടിറങ്ങുന്നവന് ഏതെങ്കിലും കാമുകിയുണ്ടെങ്കില്‍, അവളെ ആരെങ്കിലും സ്‌നേഹിക്കുന്നുണ്ടെന്നറിഞ്ഞാല്‍ തീര്‍ച്ചയായും ഇവന്‍ അവളെ മറ്റവന് കൊടുത്തിരിക്കും. 

ആല്‍ബം പിടിക്കല്‍ തന്നെയാണ് നമ്മുടെ പണി എന്ന് വിജയന്‍ ഇവിടെ ഒന്നുംകൂടി ഉറപ്പിച്ചു. അതല്ലാതെ സിനിമ എടുക്കാം എന്നല്ലാതെ അത് അതിന്റെ രീതിക്ക് എങ്ങനെയെടുക്കാം എന്നൊന്നും തനിക്കറിയില്ല എന്നും മൊഹബ്ബത്തിലൂടെ തെളിയിച്ചു. 

ചന്ദനത്തോപ്പ് എന്ന മുസ്ലീം തറവാട്ടിലെ കാരണവരാണ് നെടുമുടിവേണു. അദ്ദേഹത്തിന്റെ മക്കളാണ് ദേവന്‍, ഊര്‍മ്മിളാ ഉണ്ണി, സുരേഷ്‌കൃഷ്ണ, അശോകന്‍ എന്നിവര്‍. അതില്‍ ഈ അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ നികൃഷ്ടനും ദുഷ്ടനുമാണ്. സിനിമ പിടിത്തമാണ് പുള്ളിയുടെ പ്രധാന തൊഴില്‍. അവിടുത്തെ കണക്കപ്പിള്ളയാണ് ജഗതി. ദേവന്റെ മകള്‍ സജ്‌നയെ (മീര- പേരില്‍ ചെറിയ സംശയമുണ്ട്) ഊര്‍മ്മിളാ ഉണ്ണിയുടെ മകന്‍ അന്‍വറുമായി (ആനന്ദ് മൈക്കള്‍) കല്ല്യാണം നിശ്ചയിച്ച് വച്ചിരിക്കുകയാണ്. നിശ്ചയം കുടുംബ വീട്ടില്‍ വച്ച് വലിയ ആഘോഷപൂര്‍വ്വമായിരുന്നു. 

അതുകഴിഞ്ഞ് മീര അടുത്തുള്ള പ്രോഫഷണല്‍ കോളേജില്‍ ചേരുന്നു. അന്‍വര്‍ എം.ബി.ബി.എസ്. കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ ആനന്ദ് ബാംഗഌരിലേക്കും പോകുന്നു. കോളേജില്‍ വച്ച് മീര ആദ്യദിവസം തന്നെ അവിടുത്തെ ഹീറോയായ അമീറുമായി (മുന്ന) ഉടക്കുന്നു. ഈ അമീര്‍ എന്നു പറഞ്ഞാല്‍ കോളേജില്‍ ദൈവത്തിന് തുല്യമാണ്. അനീതി എവിടെക്കണ്ടാലും പുള്ളി ഇടപെടും. പെണ്‍കുട്ടികളെ ദ്രോഹിക്കുന്നത് പുള്ളിക്കാരന് പണ്ടേ ഇഷ്ടമല്ല. ഇവന്റെ കയ്യില്‍ നിന്നും എപ്പോഴും അടി വാങ്ങുവാന്‍ വേണ്ടി മാത്രം ഒരു പയ്യന്‍ നടപ്പുണ്ട് (ബിയോന്‍). അവനാണ് മീരയും അമീറും ഉടക്കാനുള്ള പ്രധാന കാരണം. 

ഈ ഉടക്കിലൂടെ അമീറിന്റെ മനസ്സില്‍ മീര കയറിപ്പറ്റി. ഇത് അമീര്‍ മീരയോട് പറയുകയും ചെയ്തു. പക്ഷേ ''എന്റെ നിശ്ചയം കഴിഞ്ഞു'' എന്ന് പറഞ്ഞ് മീര പിന്‍മാറി. പക്ഷേ അമീര്‍ വിടുന്നില്ല. ഒടുവില്‍ സഹികെട്ട് ''നിന്റെ കയ്യില്‍ പണമുണ്ടോ? നിന്റെ കുടുംബം മോശമല്ലേ?'' എന്നിങ്ങനെ രണ്ടുമൂന്ന് ചോദ്യങ്ങള്‍ മീര ചോദിക്കുമ്പോള്‍ അമീര്‍ വിങ്ങി വിങ്ങി കരയുന്നു. ''മേലാല്‍ എന്റെ പിറകേ നടക്കരുത്'' എന്ന് പറഞ്ഞ് മീര പോകുന്നു. 

അപ്പോള്‍ മീരയുടെ വീട്ടില്‍ കാരണവര്‍ക്ക് സുഖമില്ലാതായി. തനിക്ക് നികൃഷ്ടജീവിയായ അശോകനെ കാണണമെന്ന് ദേവനോട് കാരണവര്‍ ആവശ്യപ്പെടുന്നു. കാണാന്‍ ചെല്ലുന്ന മദവനെ അശോകന്‍ ആട്ടിയിറക്കിവിടുന്നു. വരുന്ന വഴി ദേവന്‍ ആക്‌സിഡന്റില്‍ മരിക്കുന്നു. ദേവന്റെ ശരീരം വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അതില്‍ വീണ് കാരണവരും മരിക്കുന്നു. അതോടെ അശോകന്‍ ആ വീട്ടില്‍ വരികയും അവിടുത്തെ ഭരണം കൈക്കാലാക്കുകയും ചെയ്യുന്നു. മീരയും അമ്മയും (ശാരി) വെളിയിലാകുന്നു. 

ആ സമയം അവര്‍ക്ക് അഭയമായി പഴയ അമീര്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ക്ക് ഒരു വീട് വാടകയ്ക്ക് എടുത്ത് കൊടുക്കുന്നു. അവിടെയൊക്കെ വച്ച് അമീര്‍ മീരയാല്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ഒടുവില്‍ മീര സത്യം മനസ്സിലാക്കുന്നു. അമീര്‍ ഇന്ന് കോടീശ്വരനാണ്. തനിക്ക് പണമുണ്ടോ എന്ന് മീര അന്ന് ചോദിച്ചപ്പോള്‍ വാശിയോടെ രണ്ട്മൂന്ന് ദിവസം കൊണ്ട് അമീര്‍ ഓടിനടന്ന് പണമുണ്ടാക്കി. പറയാന്‍ മറന്നു. അതിനിടയ്ക്ക് അന്‍വറിന്റെ അച്ഛന്‍ (ശ്രീകുമാര്‍) മീരയുമായ കല്ല്യാണത്തില്‍ നിന്നും പിന്‍മാറി. അത് അന്‍വര്‍ അറിഞ്ഞുകൊണ്ടാണെന്ന് മീര കരുതുന്നു. ഒടുവില്‍ പണക്കാരനായ അമീറുമായുള്ള കല്ല്യാണത്തിന് മീര സമ്മതിക്കുന്നു. 

പക്ഷേ യഥാര്‍ത്ഥത്തില്‍ അന്‍വര്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഈ സമയം അന്‍വര്‍ അവന്‍ പഠിക്കുന്ന കോളേജില്‍ നടക്കുന്ന അവയവക്കച്ചവടം കണ്ടെത്തുകയും അതിനാല്‍ അവന്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. കുറച്ച് നാള്‍ അക്രമികളുടെ തടവിലായിരുന്ന അവന്‍ രക്ഷപ്പെട്ട് ഓടി വന്ന് ചാടുന്നത് അമീറിന്റെ അടുത്ത്. അമീര്‍ കല്ല്യാണത്തിന്റെ അന്ന് അന്‍വറിനെയും കൂട്ടി വീട്ടിലെത്തുന്നു. അവിടെ വച്ച് അത് അന്‍വറാണെന്ന് അറിയുന്ന അമീര്‍ ഈ കല്ല്യാണത്തില്‍ നിന്നും പിന്‍മാറുന്നു. പക്ഷേ അന്ന് രാത്രി ശത്രുക്കളുമായി നടക്കുന്ന ഏറ്റുമുട്ടലില്‍ അന്‍വര്‍ അവരിലൊരുത്തനെ കൊല്ലുന്നു. ജയിലിലേക്ക് പോകുന്നതിന് മുമ്പ് അന്‍വര്‍ മീരയെ അമീറിനെ ഏല്‍പ്പിക്കുന്നു. ജയിലില്‍ നിന്നും കുറ്റവിമുക്തനായി അന്‍വര്‍ ഇറങ്ങുമ്പോള്‍ അമീര്‍ കൂട്ടിക്കൊണ്ട് പോകുകയും മീരയെ വീണ്ടും അന്‍വറിന് കൊടുക്കുകയും ചെയ്യുന്നു. ഒപ്പം പഴയ ചന്ദനത്തോപ്പ് തറവാടും. (ലേലത്തില്‍ പിടിച്ചതാണെന്ന് തോന്നുന്നു). കഥ ശുഭം. 

മീരാജാസ്മിനെ ഇടക്കാലത്ത് മലയാളത്തില്‍ അമ്മ വിലക്കിയതിന് പ്രതികാരം ചെയ്യാന്‍ അഭിനയിച്ച സിനിമയാണിതെന്ന് തോന്നിപ്പോകുന്നു. ചുണ്ടില്‍ കുറേ ലിഫ്റ്റിക്കും വാരിയിട്ട് കഥാപാത്രത്തിനോട് ഒട്ടും നീതി പുലര്‍ത്താതെ സിനിമയിലങ്ങോളമിങ്ങോളം അഴിഞ്ഞാടി നടക്കുകയാണ്. ഈ സിനിമയില്‍ കുറേ പുതുമുഖ താരങ്ങള്‍ ഉദയം ചെയ്തിട്ടുണ്ട്. ഏഷ്യനെറ്റിന്റെ വോഡാ ഫോണ്‍ കോമഡിയിലുള്ളവര്‍. എല്ലാം വക തന്നെ. (അതില്‍ നടന്‍ സുരാജിന്റെ അനുജന്‍ അരുണ്‍ കഴിഞ്ഞ ദിവസം ആക്‌സിഡന്റില്‍ മരിച്ചുപോയി). 

തിരക്കഥ ഗംഭീരം. ഒരാള്‍ക്ക് മൂന്ന് ദിവസം കൊണ്ട് എങ്ങനെ പണക്കാരനാകാമെന്നും പണക്കാരനായ ഒരു കുടുംബത്തിന് എങ്ങനെ മൂന്ന് ദിവസംകൊണ്ട് പവങ്ങളാകാമെന്നും ഈ സിനിമ കണ്ടാല്‍ മനസ്സിലാകും. അവയവ വില്‍പ്പനയുടെ തെളിവുകള്‍ തേടിച്ചെല്ലുന്ന അമീറിന് കയ്യില്‍ കിട്ടുന്നതെല്ലാം തെളിവുകളാണ്. ഓടിച്ചെന്ന് ഏതെങ്കിലും ഒരു ഫയല്‍ എടുത്താല്‍ അതിലും തെളിവ്. അവസാനം തെളിവില്‍ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയാകും. 

ജഗതിയൊക്കെ ചില സീനുകളില്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്നതു കണ്ടാല്‍ നമുക്ക് കഷ്ടം തോന്നും. ആരുടേയും കഥാപാത്രങ്ങള്‍ നന്നാണെന്ന് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തുപറയാന്‍ കഴിയില്ല. എഡിറ്റിംഗ് ആരാണെന്ന് നോക്കിയില്ല. ചിലഭാഗങ്ങളെ കൂടുതല്‍ വികൃതമാക്കുവാന്‍ എഡിറ്റിംഗ് ഉപയോഗപ്പെട്ടു. 

കുറിപ്പ്: കാണണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് പോയിക്കാണാം. വേണ്ടന്നുള്ളവര്‍ കാണണ്ട. കാണാത്തവര്‍ക്ക് 40 രൂപ കയ്യിലിരിക്കും.

5 comments:

 1. നന്ദിയുണ്ട് ഭായി മുന്നറിയിപ്പ് തന്നതിന്‌

  ReplyDelete
 2. നോവല്‍ എടുത്തതിന്റെ ‘നോവല്‍‘ മാറും മുന്‍പേ അടുത്ത പണിയും കിട്ടിയോ വിജയണ്ണന് :)

  ReplyDelete
 3. novelinte promotion prgm cheyyan poyilla ennuparanju jayaramine theriparanjunadannappo directorgreat aayiveembilakkiya aala vijayansaaru

  ReplyDelete
 4. Thank u for the advance notification. god bless u for saving my 40 Rs. may 40X 4= 160 Rs.

  ReplyDelete
 5. enthaayaalum nammudea meera allea onnu kandeakkaam

  ReplyDelete