Saturday, October 1, 2011

സ്‌നേഹവീട്ടില്‍ നിരാശ മാത്രം


സത്യന്‍ അന്തിക്കാട് എത്രത്തോളം മികച്ച ഒരു സംവിധായകനാണോ അത്രത്തോളം മോശം ഒരു തിരക്കഥാകൃത്തും കൂടിയാണ്. സ്വന്തം തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളുടെ ഇതുവരയുള്ള അവസ്ഥകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു വസ്തുതയാണിത്. മലയാളത്തിലെ മികച്ച സംവിധായകന്‍ എന്ന പേരില്‍ അദ്ദേഹം ഇപ്പോള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഈ ന്യൂനത അദ്ദേഹത്തിന് പരിഹരിക്കാന്‍ കഴിയാത്ത ഒരു വിജയമായി മാറിക്കഴിഞ്ഞിരിക്കുന്നു. 

സ്വന്തം തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്ത 'സ്‌നേഹവീട്' ഈ സത്യം വിളിച്ചോതുന്ന ഒരു ചിത്രമാണ്. കാലാകാലങ്ങളായി അദ്ദേഹം തന്നെ പറഞ്ഞ് പഴകിയ വിഷയങ്ങള്‍ ഒന്നു കൂടി അവതരിപ്പിക്കുന്ന ഒരു ജോലി മാത്രമാണ് ഈ ചിത്രത്തില്‍ അദ്ദേഹം ചെയ്തിരിക്കുന്നത്. ഗ്രാമീണ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് നിലനിര്‍ത്തണം എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ അദ്ദേഹത്തിനുള്ളൂ എന്ന് ഈ ചിത്രം കണ്ടാല്‍ പ്രേക്ഷകര്‍ക്ക് തോന്നും. നാട്ടിന്‍പുറത്തിന്റെ നന്മയും മനോഹാരിതയും പണ്ട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വിഷയങ്ങളാക്കി ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് പ്രേക്ഷകര്‍ കാണാനാഗ്രഹിച്ച കാര്യങ്ങള്‍, അല്ലെങ്കില്‍ അതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ നല്ല തിരക്കഥകളിലൂടെ ശ്രീനിവാസനും സംവിധാനത്തിലൂടെ സത്യന്‍ അന്തിക്കാടും കാണിച്ചുകൊടുത്തപ്പോള്‍ ജനങ്ങള്‍ അത് രണ്ടു കയ്യുംനീട്ടി സ്വീകരിച്ചു. അതിനെയൊക്കെതന്നെ തേച്ചുമിനുക്കി, ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാനെന്നവണ്ണം പുതിയ ചിത്രങ്ങള്‍ ചെയ്യുന്ന സത്യന്‍ പരാജയപ്പെടുന്ന സ്വന്തം തിരക്കഥകള്‍ കൂടിയാകുമ്പോള്‍ ജനങ്ങളെ സാമാന്യം നന്നായി മടുപ്പിക്കുകയാണ് ചെയ്യുന്നത്. 

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലെ നായക കഥാപാത്രം- അജയന്‍, മോഹന്‍ലാലിന്റെ കയ്യില്‍ ഭദ്രമായിരിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും തിരക്കഥയുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് നമ്മെ മടുപ്പിക്കുന്നുണ്ട്. ഗാനങ്ങള്‍ സ്ഥിരം സത്യന്‍ അന്തിക്കാട് ഫോര്‍മാറ്റില്‍ തന്നെ ഒന്നും കൂടി കാണാന്‍ കഴിയുന്നതാണ്. രഗാമീണ സൗന്ദര്യവും നിഷ്‌കളങ്കതയുമൊക്കെ അളവില്‍ കൂടിയാല്‍ ഒരു ചിത്രത്തെ എങ്ങിനെ ബാധിക്കും എന്നുള്ളതിന് ഉദാഹരണമാണ് ഈ ചിത്രം.

അമ്മുക്കുട്ടിയമ്മയുടെ (ഷീല) ഒരേയൊരു മകനായ അജയന്‍ (മോഹന്‍ലാല്‍) വളരെക്കാലം വിദേശത്തായിരുന്നു. ചെന്നൈയിലും അവിടെ നിന്നും ഗള്‍ഫിലുമൊക്കെ പോയി കാശുണ്ടാക്കി ഇപ്പോള്‍ നാട്ടില്‍ പച്ചപ്പും സൗന്ദര്യവുമൊക്കെ ആസ്വദിച്ച് കൃഷിയും മറ്റു ബിസിനസുകളുമൊക്കെ ചെയ്ത് ജീവിക്കുന്നു. ആ നാട്ടില്‍ അജയന് നല്ലൊരു സൗഹൃദ വലയമുണ്ട്. അജയന്റെ അയല്‍പ്പക്കക്കാരാണ് കരിനാക്ക് പൈലിയും (ഇന്നസെന്റ്) ഭാര്യയും (കെ.പി.എ.സി. ലളിത) മകളും. നേരത്തെ അജയന്റെ കൂട്ടുകാരന്‍ എസ്.ഐയായ ബാലു (ബിജു മേനോന്‍) പൈലിയുടെ മകളെ സ്‌നേഹിച്ച് വിവാഹം ചെയ്തിരുന്നു. അതുകാരണം പൈലിയും ബാലുവും തമ്മില്‍ പിണക്കമാണ്. 

ഗള്‍ഫില്‍ മപായിട്ടു വന്നപ്പോള്‍ പ്രായം കൂടിയതിനാലും അമ്മയ്ക്കുള്ള സ്‌നേഹം പങ്കുവയ്ക്കപ്പെടുമെന്നതിനാലും അജയന്‍ കല്ല്യാണണം കഴിച്ചിട്ടില്ല. അടുത്ത വീട്ടിലെ പെണ്‍കുട്ടിയായി പത്മപ്രിയ മോഹന്‍ലാലിന്റെ നായികയാകുന്നു. നായിക എന്നു പറയാന്‍ കഴിയുമോ എന്നറിയില്ല. കാരണം ഇവര്‍ തമ്മില്‍ 'പ്രേമം' ഉണ്ടെന്ന് സംവിധായകന്‍ എങ്ങും സൂചന തരുന്നില്ല. പിന്നെ പ്രേക്ഷകരുടെ മാനസികനില പോലെ വ്യാഖ്യാനിക്കാവുന്ന സൂചനകള്‍ ഇട്ടു തന്നിട്ടുമുണ്ട്. അങ്ങിനെ പോകുന്ന അജയന്റെ ജീവിതത്തിലേക്ക് സ്വന്തം മകന്‍ എന്നും പറഞ്ഞ് ഒരു കുട്ടി എത്തുന്നതാണ് കഥയുടെ വഴിത്തിരിവ്. 

സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് അവിഹിത ബന്ധത്തിന്റെ തെളിവായി ഒരു വ്യക്തി കടന്നു വന്നാല്‍ അത് ആ വ്യക്തിയുടെ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും. അത് എത്ര നിഷ്‌കളങ്കര്‍ താമസിക്കുന്ന ഗ്രാമമായാലും ശരി. ലളിതമായ ഈ തത്വം സത്യന്‍ അന്തിക്കാട് തികച്ചും വിസ്മരിച്ച മട്ടിലാണ് പിന്നെയുള്ള കഥയുടെ പോക്ക്. വേവലാതി നായകന് മാത്രമാണ്. അല്ലാതെ ഈ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിനും അങ്ങിനെയൊരു വിഷമമുള്ളതായി തോന്നുന്നില്ല. അസ്വഭാവികതകള്‍ വീണ്ടും പലയിടത്തും മുഴച്ചു നില്‍ക്കുന്നു. നായകന്‍ കല്യാണം കഴിക്കാത്തതെന്തുകൊണ്ടാണെന്നുള്ള അമ്മയുടെ ന്യായീകരണങ്ങളും പ്രേക്ഷകര്‍ക്ക് പലയിടങ്ങളിലും ദഹിക്കാതെ പോകുന്ന കാര്യങ്ങളാണ്. 

പണ്ടേ ദുര്‍ബല... പിന്നെ ഗര്‍ഭിണിയും എന്നു പറഞ്ഞതുപോലെയാണ് ക്ലൈമാക്‌സ്. പ്രേക്ഷകര്‍ക്ക് ക്ലൈമാക്‌സാണെന്ന് യാതൊരു സൂചനയും കൊടുക്കാതെ (എന്നുവച്ച് അപ്രതീക്ഷിത ക്ലൈമാക്‌സ് എന്നൊന്നും കരുതരുത്) ദുര്‍ബലമായ തിരക്കഥയില്‍ പടുത്തുയര്‍ത്തിയ ഈ സിനിമയുടെ അവസാനം നമ്മെ തീരെ മുഷിപ്പിക്കുന്നു. പറഞ്ഞു വച്ചതുപോലെ വന്നിട്ടുപോകുന്ന കഥാപാത്രങ്ങളും സത്യന്റെ സ്ഥിരം പാറ്റേണിലുള്ള തമാശകളും പ്രേക്ഷകരെ ഒരു രീതിയിലും രസിപ്പിക്കുന്നില്ല. ക്ലൈമാക്‌സില്‍ നായകന്‍ തീരുമാനമെടുക്കുന്നതിന്റെ കാരണം പ്രേക്ഷകരെ ബോധ്യപ്പെടുത്താനാകുന്നില്ല എന്നതാണ് ഒരു തിരക്കഥാകൃത്ത് എന്ന രീതിയില്‍ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും വലിയ പരാജയം. 

കുറിപ്പ്: സത്യന്‍ അവസാനം ചെയ്ത നല്ല ചിത്രം എന്റെ അഭിപ്രായത്തില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളാണ്. വളരെ ചെറിയ ഒരു കഥയെയാണ് മികച്ച ഒരു തിരക്കഥയിലൂടെ മഹാനായ ലോഹിതദാസ് സത്യനൊപ്പം അഭ്രപാളികളില്‍ വരഞ്ഞു വച്ചിരിക്കുന്നത്. പൊന്‍മുട്ടയിടുന്ന താറാവും, മഴവില്‍ക്കാവടിയും, നാടോടിക്കാറ്റുമൊക്കെ സ്വന്തം ചിത്രങ്ങളാണെങ്കിലും സത്യന്‍ അതൊക്കെ കാണുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. 

5 comments:

  1. ഇളയരാജയുടെ ആവര്‍ത്തന വിരസ്സതയുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ മേലാത്തത് കൊണ്ട് സി ഡി ഇറങ്ങുമ്പോഴേ ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പടങ്ങള്‍ കാണാറുള്ളൂ.സി ഡി ആകുമ്പോള്‍ പാട്ട് ഓടിച്ചു വിടാമല്ലോ.
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  2. ക്ലൈമാക്സ്‌ കുറച്ചു കൂടി നന്നാക്കാമായിരുന്നു .എന്ന്നാലും കൊള്ളാം.ക്ലൈമാക്സ്‌ എന്റെ കൂടെ പടം കാണാന്‍ വന്ന ആര്‍ക്കും ഇഷ്ടമായില്ല .ഒരു സാധാരണ മനുഷ്യന്‍ എന്തായാലും അങ്ങനെ ഒന്നും ചെയ്യില്ല .എന്തായാലും പടം കണ്ടാല്‍ ബോറടിക്കില്ല .
    പദത്തില്‍ ഇന്നസെന്റിനെയും ഇഷ്ടപ്പെട്ടില്ലേ .തെജഭായി കണ്ടിഷ്ടപ്പെട്ടിട്ടു ഇത് കൊള്ളതില്ലെന്നു പറയുന്നത് സ്വല്പം കഷ്ടമാണ് .പടം അത്രയ്ക്ക് കൂറയോന്നുമല്ല

    ReplyDelete
  3. ഞാന്‍ ചിത്രം കണ്ടില്ല. പക്ഷെ നിരൂപണം നന്നായിരിക്കുന്നു. പറയേണ്ട കാര്യങ്ങളില്‍ മിതത്വം പാലിച്ചിരിക്കുന്നു. പണ്ട്, മാതൃ ഭൂമി ആഴ്ച പ്പതിപ്പില്‍ സിനിമാ നിരൂപണം എഴുതിക്കൊണ്ടിരുന്നതു പ്രശസ്തനായ കോഴിക്കോടന്‍ ആയിരുന്നു.അവസാന കാലം ആയപ്പോഴേക്കും തീരെ മോശം സിനിമയ്ക്ക് പോലും നല്ല അഭിപ്രായം എഴുതാന്‍ തുടങ്ങി.അന്ന് ഞങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. മാതൃഭൂമിയുടെ സ്വഭാവമല്ലേ മോശം അഭിപ്രായം പറഞ്ഞാല്‍ അത് പ്രസിദ്ധീകരിക്കില്ല. എങ്കിലും ഞങ്ങള്‍ പറഞ്ഞത് അവര്‍ വായിച്ചുവല്ലോ. ഇത് നന്നായി

    ReplyDelete
  4. snehaveedu is a flope movie
    your post is good

    ReplyDelete
  5. sathyante manasinakkare filmnte adakkamo othukkamo onnu ee padathinilla...oru saadha..tippical kerala movie...

    ReplyDelete