Friday, January 6, 2012

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

ഓര്‍ക്കുട്ടിന്റെ സമയം ഫേസ്ബുക്ക് അപഹരിച്ച് കഴിഞ്ഞിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ഓര്‍ക്കുട്ട് എന്നു കേള്‍ക്കുന്നതേ പണ്ടത്തെ ഓര്‍ക്കുട്ടന്‍മാര്‍ക്കും ഓര്‍ക്കുട്ടികള്‍ക്കുമൊക്കെ അരോചകമുണ്ടാക്കുന്ന ഒരു സംഗതിയാണ് അവരൊക്കെ കാലം മാറുമ്പോള്‍ കോലം മാറണം എന്നു  പറയുംപോലെ ഫേസ്ബുക്കന്‍മാരും ബുക്കികളുമായിക്കഴിഞ്ഞു. അങ്ങനെ ഫേസ്ബുക്ക് ഓര്‍ക്കുട്ടിന്റെ മുകളില്‍ കയറി അടിച്ച് നനച്ച് കുളിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്താണ് 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന ചിത്രം പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്.
രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ കണ്ട വ്യത്യസ്ഥമായ പരസ്യമാണ് ഓര്‍ക്കുട്ട് കാണുവാന്‍ തിയേറ്ററിലേക്ക് ഓടിച്ചത്. മലയാള സിനിമാ ചരിത്രത്തില്‍ ഇരുപത്തഞ്ച് എന്റര്‍ടെയിന്‍മെന്റുകള്‍ എടുത്തു നോക്കിയാല്‍ അതില്‍ ഒന്ന് ഈചിത്രമായിരിക്കും എന്ന പരസ്യവാചകം എന്നെ ഓട്ടിക്കുകയായിരുന്നു എന്നു തന്നെ പറയാം. കാലം നമിക്കുന്ന ഇരുപത്തഞ്ച് ക്ലാസിക്കുകളില്‍ ഒന്നു നഷ്ടപ്പെട്ടുപോയാല്‍ നഷ്ടം നമുക്കുതന്നെ എന്നതുതന്നെ കാരണം. മാത്രമല്ല പറയുന്നത് ജോണി സാഗരികയല്ലേ. അവര്‍ക്ക് കള്ളം പറഞ്ഞ് ഒന്നും നേടേണ്ട ആവശ്യമില്ലല്ലോ. മാത്രമല്ല സിനിമ കണ്ടുകഴിഞ്ഞ് നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും വളിച്ചുപറയണം എന്നുപറഞ്ഞ് ഫോണ്‍ നമ്പര്‍ വരെ കൊടുത്തിട്ടുണ്ട്. ഇപ്പോഴിറങ്ങുന്ന ഒരു മലയാള സിനിമ കണ്ട് അഭിപ്രായം പറയണം എന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ പരസ്യം ചെയ്യുന്നവര്‍ ഒന്നുകില്‍ തലയ്ക്ക് സുഖമില്ലാത്തവര്‍ ആയിരിക്കണം. അല്ലെങ്കില്‍ ആ സിനിമയെപ്പറ്റി അത്രയ്ക്ക് ഉറപ്പുള്ളവരായിരിക്കണം. ജോണി സാഗരികയെ ഇതില്‍ രണ്ടാമത്തെ വിഭാഗത്തിലാണ് ഞാന്‍ കൂട്ടിയത്. അങ്ങനെ ചെയ്യുന്നതില്‍ ഒരു തെറ്റും എന്റെ മനസ്സില്‍ തോന്നിയതുമില്ല.
സിനിമ കാണുവാന്‍ തീയേറ്ററിനുള്ളിലേക്ക് കടന്ന  ഞാന്‍ കാണുന്നത് അവിടവിടയായി ചിതറിയിരിക്കുന്ന എട്ടുപേരെ.അതുകണ്ടപ്പോള്‍ തന്നെ നെഞ്ചൊന്നു പാളിയത് സത്യം. പുതുമുഖ സിനിമയല്ലേ, ആദ്യദിവസമൊന്നും ആരും കയറില്ല. കേട്ടറിഞ്ഞായിരിക്കും ആളുകള്‍ വരുന്നത്... എന്നൊക്കെ മനസ്സ് സമാധാന വാക്കുകള്‍ ഉരുവിട്ടു. പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പല വഴിയില്‍കൂടിയും തളിരിട്ട് എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ലൈറ്റണഞ്ഞു. സിനിമ തുടങ്ങി.
പരസ്യത്തില്‍ കാണും പോലെ ആദ്യത്തെ 30 മിനിട്ട് ഇന്നത്തെ പതിനെട്ടുകാരുടെ ലോകവും അതുകഴിഞ്ഞ് റിമയുടെ രംഗപ്രവേശത്തോടെ ആരംഭിക്കുന്ന ഉദ്വോഗത്തിന്റെ മുള്‍മുനയുമൊക്കെ സങ്കല്‍പ്പിച്ചിരുന്ന ഞാനുള്‍പ്പെടുന്ന പ്രേക്ഷകര്‍ ചെമ്പരത്തിപൂവും തലയില്‍ വച്ചുകൊണ്ട് ഓടേണ്ട ഗതികേടിലാണിപ്പോള്‍. ജോണിസാഗരിക പോലെയുള്ള ഒരു പോപ്പുലര്‍ കമ്പനിയില്‍ നിന്നും നല്ലൊരു സിനിമ പ്രതീക്ഷിച്ച് പ്രേക്ഷകര്‍ തിയേറ്ററില്‍ പോകുന്നത് സ്വാഭാവികം. അത് പ്രമുഖ ദിനപത്രങ്ങളില്‍ അവര്‍ കൊടുക്കുന്ന പരസ്യവും കൂടിയാകുമ്പോള്‍ പ്രതീക്ഷകള്‍ക്ക് കനം വയ്ക്കും. പ്രതീക്ഷകള്‍ക്ക് കനം കൂട്ടി ഒരാട്ടുകല്ലാക്കി, അത് പ്രേക്ഷകന്റെ നെഞ്ചില്‍ കൊണ്ടിടുന്ന പരിപാടി മലയാള സിനിമയില്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ആ ഒരു പ്രതീക്ഷ മനസ്സിലുണ്ടായിരുന്നതുകൊണ്ട് ഈ പ്രതീക്ഷ തെറ്റിയില്ല. ആട്ടുകല്ലു മത്രമല്ല ബോണസായി ഒരു അരകല്ലും കൂടിയുണ്ടായിരുന്നു ഈ ചിത്രത്തിന്.
പുതുമുഖ സംവിധായകന്‍മാര്‍, പുതുമുഖ നായകര്‍ (സിനിമാ ലോകത്തെ ആരുടേയൊക്കയോ മക്കളാണെന്ന് പറയുന്നു) പിന്നെ റിമാ കല്ലിങ്കലും നിറഞ്ഞ് അഭിനയിച്ചിരിക്കുന്ന സിനിമ. കഥയ്ക്ക് യാതൊരു പുതുമയുമില്ലാതെ വളഞ്ഞൊടിഞ്ഞ് വികലമായ തിരക്കഥയും അതിനൊത്ത സംവിധാനവും അഭിനേതാക്കളുടെ മാരക അഭിനയവും കൊണ്ട് പ്രേക്ഷകരുടെ രണ്ടര മണിക്കൂര്‍ കളയുന്ന സിനിമയാണ് ഈ ഓര്‍ക്കുട്ട്. രണ്ടുലക്ഷം രൂപയുണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാം എന്ന പണ്ഡിതന്‍ പറഞ്ഞുകൊടുത്ത വഴിയിലൂടെയാണെന്നു തോന്നുന്നു ഇതിന്റെ അണിയറ പ്രവര്‍ത്തകരുടെയും നീക്കം (കാശിന്റെ കാര്യമൊഴിച്ച്).
കഥയുടെ തെറ്റുശരിയുമൊന്നും ഇവിടെ വലിച്ചുകീറി പരിശോധിക്കുന്നില്ല. അങ്ങനെ പരിശോധിച്ചിട്ടും കാര്യമില്ല. നല്ലചിത്രങ്ങളുടെ മേന്മകളും കുറവുകളുമാണ് വിമര്‍ശനത്തിലൂടെ അവതരിപ്പിക്കേണ്ടത്. കുറവുകള്‍ മാത്രമുള്ളവയെ എത്രവെട്ടിക്കീറിയാലും മേന്മയൊന്നും കിട്ടാന്‍ പോകുന്നില്ല. അതേ സാഹചര്യം തന്നെയാണ് ഈ ചിത്രത്തിന്റെ കാര്യത്തിലും. പിന്നെ അനുഭവിച്ചറിയുന്നത് കുറച്ചുകൂടി നന്നാണ്. അങ്ങനെയറിയുന്നതിനേക്കാള്‍ നന്നല്ലല്ലോ പറഞ്ഞറിയുന്നത്.
ട്രാഫിക്, ബ്യൂട്ടിഫുള്‍ പോലുള്ള ചിത്രങ്ങള്‍ക്കും കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. പക്ഷേ കുറ്റങ്ങള്‍ മാത്രം കാണാന്‍ കഴിയില്ല. അതിനേക്കാള്‍ ചിലപ്പോള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളും മറ്റുമാകും കൂടുതല്‍. പക്ഷേ ഓര്‍ക്കുട്ട് പോലുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്ന കാര്യത്തിലാണ് ഇന്നും സംശയം നിലനില്‍ക്കുന്നത്. എനിക്കു തോന്നുന്നത് ഇങ്ങനെയുള്ള സിനിമകള്‍ എന്തോ ഉദ്ദിഷ്ടകാര്യത്തിനുള്ള വഴിപാടായിരിക്കുമെന്നാണ്. അതാകുമ്പോള്‍ കാണാനാളില്ലെങ്കിലും പ്രശ്‌നമില്ലല്ലോ.

കുറിപ്പ്: ഈ ചിത്രത്തിന്റെ അഭിപ്രായം വിളിച്ചറിയിക്കാന്‍ പത്രത്തില്‍ വന്ന പരസ്യത്തില്‍ 8 ജില്ലകളിലെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നു. ഈ ഫോണുകളുടെ ഉടമകളുടെ കാര്യമായിരുന്നു ഇന്നലെ രാത്രി മുഴുവന്‍ മനസ്സില്‍. ആരോ ചെയ്യുന്ന തെറ്റുകള്‍ക്ക് തെറി കേള്‍ക്കുന്നത് ഇങ്ങനെയുള്ള കുറച്ച് പാവങ്ങളാണല്ലോ ദൈവമേ....

No comments:

Post a Comment