Saturday, February 4, 2012

സെക്കന്റ് ഷോ; വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതം

വിശ്വസിക്കാന്‍ കഴിയുന്നില്ല. മലയാള സിനിമയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കും. വിചാരിച്ചിരിക്കാത്ത സമയത്ത്. ട്രാഫിക്കും ഇങ്ങനെയൊരത്ഭുതമായരുന്നു. പക്ഷേ കുറച്ച് പുതുമുഖങ്ങളില്‍ നിന്നും ഇത് മലയാള സിനിമയ്ക്ക് ഒരത്ഭുതം തികച്ചും തന്നെയാണ്.

കഥയല്ല അവതരണരീതിയാണ് ഒരു സിനിമയുടെ വിജയം എന്ന് പ്രശസ്ഥ സിനിമാനിരൂപകര്‍ എല്ലാം അവരുടെ നിരൂപണങ്ങളില്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഓതുന്ന കാര്യമാണ്. ഇവിടെയിറങ്ങിയ പല സിനിമകളും ഈ ഒരു കാരണം കൊണ്ടുതന്നെ പരാജയത്തിന്റെ പടുകുഴി കണ്ടതുമാണ്. ഇടയ്ക്ക് ട്രാഫിക്കും സോള്‍ട്ട് ആന്റ് പെപ്പറും വിജയിച്ചപ്പോള്‍ ആ ചിന്താഗതിക്കു ആക്കം കൂടിയിരുന്നു. ശേഷം മലയാള സിനിമയല്ലേ? ചങ്കരന്‍ പിന്നേം തെങ്ങിന്റെ മുകളിലെന്ന അവസ്ഥയിലായി.

പുതുമുഖ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ അണിയിച്ചൊരുക്കിയ 'സെക്കന്റ്‌ഷോ' പലരും മുന്‍വിധിയോടെയാണ് കാണാന്‍ പോകുന്നത്. അഭിനയിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണെന്നുള്ളതാണ് അതിനു കാരണം. മകനെ സ്റ്റാറാക്കി മാറ്റാന്‍ മമ്മുക്ക മുന്‍കൈയെടുത്ത ചിത്രം എന്ന ഒരു തോന്നലും കൂടെക്കാണും. പക്ഷേ... ചിത്രം തുടങ്ങിക്കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകും അങ്ങനെയൊരു മുന്‍വിധി ഈ ചിത്രത്തിന്റെ കാര്യത്തില്‍ വ്യഥാവിലാണെന്ന്.

സെക്കന്റ് ഷോയുടെ കഥ മലയാളികള്‍ പല സ്ഥലങ്ങളിലും പല രൂപത്തിലും കാണുന്നതുതന്നെ. സമൂഹത്തില്‍ കാള കളിച്ചു നടക്കുന്ന പിള്ളേരുടെ അധോലോക പ്രവേശനവും അനുബന്ധ സംഭവങ്ങളും. തമിഴില്‍ ചരിത്രം കുറിച്ച സുബ്രഹ്മണ്യപുരത്തിനും ഇതൊക്കെതന്നെയായിരുന്നു കഥ. പക്ഷേ, ഈ ചിത്രത്തിന്റെ അവതരണരീതി.... തിരക്കഥയും സംവിധാനവും ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ആത്മാവ്.... അതിനൊരു കോട്ടവുമില്ലാതെ പ്രേക്ഷകനെ രസിപ്പിക്കുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ വിജയം. ചിത്രം കണ്ടിറങ്ങുമ്പോള്‍ ആ വ്യത്യസ്ഥത പ്രേക്ഷകന് ബോധിച്ചു എന്ന വികാരമാണ് കൈയടിയുടെ രൂപത്തില്‍ പ്രതിഫലിക്കുന്നത്.

മമ്മൂട്ടിയുടെ മകന്‍ എന്ന ഒരിമേജിലല്ല ദുല്‍ഖര്‍ഈ സിനിമ ചെയ്തിരിക്കുന്നത്. തിരക്കഥയ്ക്ക് അനുയോജ്യനായ നടന്‍ എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യമൊന്നും ദുല്‍ഖന് കിട്ടിയിട്ടുമില്ല. പുതുമുഖമെന്ന രീതിയില്‍ ബാലാരിഷ്ടതകള്‍ ഒത്തിരിയുണ്ടുതാനും.പക്ഷേ അതിനെയെല്ലാം കവച്ചുവയ്ക്കാന്‍ തിരക്കഥയ്ക്കും സംവിധാനത്തിനുമായി എന്നതാണ് സത്യം.

നാട്ടില്‍ പരിമിതമായ ചുറ്റുപാടില്‍ സാധാരണ ചെറുപ്പക്കാര്‍ക്കുള്ള വികാര വിചാരങ്ങളോടെ നടക്കുന്ന ലാലു (ദുല്‍ഖര്‍), കുരുടി (സണ്ണി വെയന്‍) തുടങ്ങിയവരടങ്ങിയ കൂട്ടുകെട്ട് സഞ്ചരിക്കുന്ന പാതകളും അനന്തരഫലങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങള്‍ നേരത്തെ പറഞ്ഞപോലെ ചെറിയ ബാലാരിഷ്ടതകള്‍ ഒഴിച്ചാല്‍ ഭംഗിയായി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഇന്നത്തെ മുതിര്‍ താരങ്ങളുടെ ചില സിനിമകള്‍ എടുത്തുനോക്കുമ്പോള്‍. ഇതില്‍ കുരുടിയായി അഭിനയിച്ചിരിക്കുന്ന സണ്ണിവെയനിനെ എടുത്തു സൂചിപ്പിക്കേണ്ടതാണ്. ഇന്നത്തെ ചെറുപ്പക്കാരുടെ കാര്‍ബന്‍ കോപ്പിയായ കുരുടി എന്ന കഥാപാത്രം സണ്ണിയുടെ കയ്യില്‍ തികച്ചും ഭദ്രം.

സിനിമയുടെ കുറച്ചുരംഗങ്ങളിലെ ഉള്ളുവെങ്കിലും ബാബുരാജ് ചിത്രത്തിന്റെ ഒരഭിവാജ്യഘടകമായി മാറിയിരിക്കുന്നു. സോള്‍ട്ട് ആന്റ് പെപ്പറിലെ ബാബു അബദ്ധവശാല്‍ സംഭവിച്ച ഒന്നല്ല എന്ന് ബാബുരാജ് തെളിയിച്ചു. ചാവേര്‍ പാപ്പച്ചനും അദ്ദേഹത്തിന്റെ ചേട്ടനുമായി രണ്ടു വേഷത്തിലാണ് ബാബുരാജ് തകര്‍ത്തിരിക്കുന്നത്. ബാബുരാജിന്റെ ചാവേര്‍ പാപ്പച്ചനും അയാളുടെ ലക്ഷ്യവും പ്രേക്ഷകന്റെ മനസ്സില്‍ ചിരിയുയര്‍ത്തുകതന്നെ ചെയ്യും.

അമ്മയും കാമുകിയും തമ്മിലുള്ള ബന്ധങ്ങളുടെ വ്യത്യാസം ഈ ചിത്രം അടിവരയിട്ടു പറയുന്നുണ്ട്. ഒരു മകന്റെ കൂടെ പ്രശ്‌നങ്ങളിലും സന്തോഷങ്ങളിലും എപ്പോഴുമുള്ളത് നൊന്തുപെറ്റ അമ്മയാണെന്നും കാമുകിക്ക് അതില്‍ വെറും കാള്ചക്കാരിയുടെ വേഷമേയുള്ളുവെന്നും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ കാട്ടിത്തരുന്നു. രോഹിണിയുടെഅമ്മവേഷവും ഗൗതമിനായരുടെ ഗീതുവും പൂര്‍ണ്ണമായും കഥാപാത്രങ്ങളായി മാറിയിരിക്കുന്നു. അവിയലിന്റെ സംഗീതസംവിധാനവും ചിത്രത്തോടിണങ്ങി നില്‍ക്കുന്നതാണ്.

വ്യത്യസ്ഥമായ ക്ലൈമാക്‌സ് ഒരുക്കി തിരക്കഥാകൃത്ത് വിനു വിശാലും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നു. ചിത്രം കഥാകഥന രീതിയാണ് പിന്തുടരുന്നെതെങ്കിലും ഒരു സമയം പോലും നമ്മെ മുഷിപ്പിക്കാതെ ത്രില്ലിംഗ് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരിക്കുന്നു. എഡിറ്റിംഗും പശ്ചാത്തലസംഗീതവും ചിത്രത്തില്‍ എടുത്തുപറയേണ്ട കാര്യമാണ്.

മലയാള സിനിമ മരിച്ചു, അടക്കം കഴിഞ്ഞു എന്നൊക്കെപറയുന്നത് ഇവിടുത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണ്. പണ്ട് കട്ടും മോഷ്ടിച്ചും എടുത്തതില്‍ കയ്യില്‍ നിന്നും കുറച്ചുകൂടി ചേര്‍ത്ത് ജനങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരുന്നത് ജനങ്ങള്‍ മനസ്സിലാക്കിയപ്പോഴുള്ള വേദനയാണ് ഇത്തരം പ്രസ്താവനകളില്‍ നിന്നും പറുത്തു വരുന്നത്. പുതിയ സിനമാ പ്രവര്‍ത്തകര്‍ക്ക് അവസരം കിട്ടുമ്പോള്‍ ഇതെല്ലാം വെറുതെയാണെന്ന് പ്രേക്ഷകര്‍ക്ക് തനിയേ ബോദ്ധ്യമാകും.

കല്ലുകടി: ചിത്രത്തിന്റെ കാലഘട്ടം 2006 കാലയളവാണെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. പക്ഷേ ചിത്രത്തിലൊരിടത്ത് ബാന്റുമേളം സീനില്‍ ബാന്റുവായിക്കുന്നവര്‍ ഉപയോഗിച്ചിരിക്കുന്ന മ്യൂസിക് 2009 അവസാനമിറങ്ങിയ വേട്ടക്കാരന്‍ എന്ന വിജയ് ചിത്രത്തിലെ 'എന്നുച്ചി മണ്ടേല്...' എന്ന ഗാനത്തിന്റേതാണെന്നുള്ളത് ചിത്രത്തില്‍ ചെറിയൊരു കല്ലുകടി ഉയര്‍ത്തുന്നുണ്ട്.

No comments:

Post a Comment