Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി: ആവേശം ഇടവേളവരെ (Arjunan Sakshi)


രഞ്ജിത് ശങ്കര്‍ പ്രതീക്ഷ തെറ്റിച്ചു. മികച്ച തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും പ്രേക്ഷകലക്ഷങ്ങളെ പാസഞ്ചര്‍ എന്ന ആദ്യ ചിത്രത്തിലൂടെ ഞട്ടിച്ച രജ്ഞിത് ശങ്കര്‍ രണ്ടാമത് ചിത്രമായ അര്‍ജുനന്‍ സാക്ഷിയില്‍ ആ പ്രതീക്ഷകളൊക്കെയും തകിടം മറിച്ചു. നല്ലൊരു കഥയും അതിനൊത്ത തുടക്കവും കിട്ടിയിട്ടും ഇടവേളയ്ക്ക് ശേഷം ചിത്രം പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. കുറച്ചുകൂടി ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ട്രാഫിക്കിനേക്കാളും ത്രില്ലില്‍ പ്രേക്ഷകര്‍ ഈ പടം കാണുമായിരുന്നു. 

എവിടെയാണ് രജ്ഞിത് ശങ്കറിന് പിഴച്ചതെന്ന് പരിശോധിച്ചാല്‍ അത് കഥാപാത്ര സൃഷ്ടിയിലാണ്. പാസഞ്ചറില്‍ നായക കഥാപാത്രം സിനിമയുടെ തിരക്കഥയായിരുന്നു. പക്ഷേ അത് അര്‍ജുനനിലേക്ക് എത്തുമ്പോള്‍ പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന നായകനായി മാറുകയാണ്. പാസഞ്ചറില്‍ സാഹചര്യങ്ങളാണ് കഥാഗതിയെ നിയന്ത്രിക്കുന്നതെങ്കില്‍ ഇവിടെ അത് സംവിധായകന്റ ഇഷ്ടത്തിലേക്ക് മാറുന്നു. ആ മാറ്റമാണ് ഇവിടെ പ്രേക്ഷകരുടെ അഭിരുചിക്ക് വിടുന്നത്. അത് പ്രേക്ഷകര്‍ അംഗീകരിക്കുകയാണെങ്കില്‍ പടം വിജയം കണ്ടിരിക്കും.  

പാസഞ്ചറിന്റെ ഹാങ്ങോവറില്‍ നിന്നും സംവിധായകന്‍ പുറത്ത് വന്നിട്ടില്ല എന്നൊരു തോന്നലാണ് ഈ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്നത്. സമകാലീന രാഷ്ട്രിയ, സാമൂഹിക പ്രശ്‌നങ്ങളെ വരച്ചുകാട്ടാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കൊച്ചിയുടെ ഇന്നത്തെ മുഖം, അത് എങ്ങനെയുള്ളതെന്നാണ് രഞ്ജിത് ഈ ചിത്രത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്. സിനിമയുടെ തുടക്കത്തില്‍ മെട്രോറയിലിന്റെ കാലതാമസവും കൊച്ചിയുടെ ട്രാഫിക് പ്രശ്‌നങ്ങളും അതിനുള്ള കാരണങ്ങളും രഞ്ജിത് സിനിമയിലൂടെ പറയുമ്പോള്‍, അത് സത്യമാണോ എന്ന് നമുക്ക് അറിയില്ലെങ്കിലും ഒരു പ്രേക്ഷകനെന്നുള്ള നിലയില്‍ നമ്മള്‍ തൃപ്തരാകുന്നു. പക്ഷേ അത് രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ പ്രിഥ്വിരാജിന്റെ വണ്‍മാന്‍ ഷോയിലൂടെ നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാതെ രഞ്ജിത് ശങ്കര്‍ ഒരു രണ്ടാം തരം സംവിധാനത്തിലേക്ക് വഴുതി വീഴുന്ന കാഴ്ചയും നമ്മള്‍ കാണുന്നു. 

മാതൃഭൂമി പത്രത്തിന്റെ റിപ്പോര്‍ട്ടറാണ് ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. സിനിമയുടെ ആരംഭത്തില്‍ ആന്‍ അഗസ്റ്റിന്‍ കൈകാര്യം ചെയ്യുന്ന കോളത്തിനു വേണ്ടി അര്‍ജുനന്‍ എന്ന പേരില്‍ എഴുതിയ ഒരു കത്ത് കിട്ടുന്നു. പത്ത് മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം ജില്ല കളക്ടര്‍ ഫിറോസ് മൂപ്പന്‍ (മുകേഷ്) കൊല്ലപ്പെട്ടപ്പോള്‍ ആ കൊലപാതകത്തിന് താന്‍ ദൃക്‌സാക്ഷിയായിരുന്നു എന്ന വിവരമാണ് ആ കത്തില്‍ ഉണ്ടായിരുന്നത്. പക്ഷേ തനിക്ക് അത് തുറന്ന് പറയാന്‍ ഭയമാണെന്നും ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതി ശരിയല്ലെന്നും അര്‍ജുനന്‍ കത്തിലൂടെ തുറന്ന് പറയുന്നു. എക്‌സ്‌ക്ലൂസിവായതിനാല്‍ അഡ്രസ്സോ മറ്റ് വിവരങ്ങളോ ഇല്ലങ്കിലും ആ കത്ത് പിറ്റേന്നത്തെ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. പക്ഷേ അതിനെ തുടര്‍ന്ന് ആനിന് പലവിധത്തിലുള്ള ഭീഷണികളാണ് നേരിടേണ്ടി വരുന്നത്. ഒരു ദിവസം ഒരജ്ഞാതന്‍ ഫോണില്‍ വിളിച്ചിട്ട് നാളെ പത്തു മണിക്ക് അര്‍ജുനന്‍ എന്നയാളിനെ ഒരു റെസ്‌റ്റോറന്റില്‍ വച്ച് കാണിച്ചു കൊടുക്കണമെന്നും അല്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുന്നു. 

ആന്‍ ഇത് സൗത്ത് സി.ഐ (വിജയ രാഘവന്‍)യെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മഫ്തിയിലുള്ള പോലീസുകാരോടൊപ്പം ആന്‍ റസ്റ്റാറന്റില്‍ ചെല്ലുകയും അര്‍ജുനനെ പ്രതീക്ഷിച്ചെന്ന മട്ടില്‍ അവിടിരിക്കുകയും ചെയ്യുന്നു. ആരെയെങ്കിലും സംശയാസ്പദമായി കാണുകയാണെങ്കില്‍ അവരെ കസ്റ്റഡിയില്‍ എടുക്കയാണ് ലക്ഷ്യം. പക്ഷേ ആ സമയത്താണ് അസെറ്റില്‍ ആര്‍ക്കിടെക്ചറായി ജോയിന്‍ ചെയ്യുവാന്‍ വന്ന റോയ് (പ്രിഥ്വിരാജ്) കോഫികുടിക്കുവാന്‍ അവിടെയെത്തുന്നത്. അയാള്‍ വന്നിരിക്കുന്നത് നായികയ്ക്ക് അടുത്തായതിനാല്‍ അത് അര്‍ജുനനാണ് എന്ന് എല്ലാവരും തെറ്റിദ്ധരിക്കുന്നു. അസെറ്റില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്ന റോയ് ആക്രമിക്കപ്പെടുകയും ആയതിനാല്‍ അയാള്‍ അര്‍ജുനനാണ് എന്നരീതിയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. താന്‍ ഫിറോസ് മൂപ്പന്റെ കൊലപാതകം കണ്ട അര്‍ജുനനല്ല എന്ന സത്യം ഫിറോസിന്റെ അച്ഛന്‍ ഡോ. മൂപ്പനെ (ജഗതി) അറിയിക്കുവാന്‍ പോകുന്ന പ്രിഥവിരാജിനേയും ആനിനെയും വീണ്ടും ശത്രുക്കള്‍ ആക്രമിക്കുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് മൂപ്പന്റെ വീട്ടില്‍ എത്തുന്ന അവര്‍ കാണുന്നത് മുപ്പന്‍ കൊല്ലപ്പെട്ട കാഴ്ചയാണ്. 

ഫിറോസിന്റെ കൊലപാതകവുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത റോയ് യഥാര്‍ത്ഥ കൊലപാതകികളെ കണ്ടെത്തുവാന്‍ നടത്തുന്ന ശ്രമങ്ങളാണ് രണ്ടാം പകുതി. വളരെ ത്രില്ലിങ്ങായ ഒരു തുടക്കത്തെയാണ് സംവിധായകന്‍ അവസാനം കൊണ്ടു കളഞ്ഞത്. രഞ്ജിത് ശങ്കറിനേപോലുള്ളവരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു തൃപ്തി ഈ പടത്തില്‍ ലഭിക്കുന്നില്ല എന്നതാണ് സത്യം. 

രണ്ടാം പകുതി റോബിന്‍ഹുഡിനോട് സാദൃശ്യമില്ലേയെന്ന് ഒരു പക്ഷേ നമുക്ക് തോന്നിപ്പോകും. അതുപോലെ ഒരു കാര്‍ ചെയ്‌സിംഗ് സീനിലും അവിശ്വസനീയത മുഴച്ച് നില്‍ക്കുന്നുണ്ട്. പക്ഷേ അതിനേക്കാളേറെ നമ്മെ അമ്പരപ്പിക്കുന്നത് കൊച്ചിയുമായി ഒരു ബന്ധവുമില്ലാത്ത നായകന്‍ കൊച്ചിയില്‍ ജനിച്ചുവളര്‍ന്നു എന്നവകാശപ്പെടുന്ന വില്ലന്‍മാരോട് നേര്‍ക്കുനേര്‍ നിന്ന് പൊരുതുന്നതാണ്. ക്ലൈമാക്‌സില്‍ എല്ലാ വില്ലന്‍മാരേയും ഒരു കന്നാസെടുത്ത് അടിച്ച് ഓടിച്ച് കാരവാനിന്റെയുള്ളില്‍ കയറ്റുന്ന രംഗം ഇത്തിരി കടുത്തുപോയി എന്ന് നിസംശയം പറയാം. 

പ്രിഥ്വിരാജും ജഗതിയും ബിജുമേനോനും നെടുമുടിയും ഉള്‍പ്പടെയുള്ളവര്‍  അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. പ്രിഥ്വിരാജിന്റെ ചില സീനുകള്‍ നമ്മെ ബോറടിപ്പിക്കുന്നുണ്ടെന്നത് നേര്. പക്ഷെ മൊത്തത്തില്‍ പ്രഥ്വിക്ക് ചേര്‍ന്ന വേഷം തന്നെയാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. അതിനെ ചെറിയ രീതിയില്‍  അമാനുഷികവല്‍ക്കരിക്കാന്‍ ശ്രമിച്ചത് മാത്രമാണ് ഒരു കുറവായി ചൂണ്ടിക്കാണിക്കുവാനുള്ളത്. 

എവിടെയോ ഉള്ള ഒരര്‍ജ്ജുനന്റെ പേരില്‍ ഇന്നത്തെ സമൂഹത്തെ വരച്ചുകാട്ടുവാന്‍ ശ്രമിച്ച രജ്ഞിത്തിന് നൂറില്‍ 60 മാര്‍ക്ക് തീര്‍ച്ചയായും കൊടുക്കാം. നാം വിട്ടുകളയുന്ന അല്ലെങ്കില്‍ നാം ശ്രമിക്കാത്ത കാര്യങ്ങള്‍ക്കിടയില്‍ മറ്റ് ഒരുപാട് പേരുടെ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സന്ദേശമാണ് ഈ സിനിമ നമുക്ക് തരുന്നത്. നമ്മളെല്ലാവരും അര്‍ജുനന്‍മാരായാല്‍ ഈ നാട് ചിലപ്പോള്‍ രക്ഷപ്പെടും. അങ്ങനെയാവാനുള്ള ചെറിയാരു പ്രചോദനം ഈ സിനിമ തരുന്നുവെങ്കില്‍ രഞ്ജിത് ശങ്കര്‍ വിജയിച്ചു എന്നര്‍ത്ഥം. 

കുറിപ്പ്: കഴിഞ്ഞയാഴ്ച ഇറങ്ങിയ രണ്ട് ക്ലാസിക്കുകള്‍ അടുത്ത തിയേറ്ററുകളില്‍ കളിക്കുന്നുണ്ടാകും. അര്‍ജുനന് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍  ഇത് കാണാം എന്ന് പറഞ്ഞ് കേറിക്കളയല്ലേ. ഒരു പക്ഷേ കേറിയേ പറ്റുള്ളവെങ്കില്‍ വല്ല ഓക്‌സിജന്‍ മാസ്‌ക് കൂടി കയ്യില്‍ കരുതിക്കോളണം. ശ്വാസം മുട്ടി ചാകണ്ടല്ലോ.... അര്‍ജുനാ നല്ലൊരു എതിരാളിയില്ലാത്തത് നിന്റെ സമയം.


www.poriyunda.com

1 comment:

  1. "Thanks to All Kerala Prithviraj Fans Association" എന്ന ടൈറ്റില്‍ ബോര്ഡ് രഞ്ജിത് കുത്തിയിറക്കിയത്, സ്ക്രീനില്‍ ആയിരുന്നില്ല..പാസന്ചര്‍ എന്ന സിനിമ നല്കിയ ഓര്മ്മകളുമായി തിയേറ്ററില്‍ ഇടിച്ചുകയറിയ പ്രേക്ഷകരുടെ നെന്ചിലേക്കായിരുന്നു

    ReplyDelete