Friday, January 28, 2011

മലയാളത്തിന് ഓസ്‌കാര്‍ പ്രതീക്ഷ


ഇടിവെട്ടേറ്റ് നില്‍ക്കുന്നവന്റെ ആസനത്തില്‍ അമിട്ടുകൂടി വച്ച് പൊട്ടിക്കുന്ന കലാപരിപാടിയാണ് കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമയില്‍ അരങ്ങേിക്കൊണ്ടിരിക്കുന്നത്. ജനപ്രിയന്റെ മെട്രോ വയറുനിറച്ച് തന്നത് കഴിച്ച് തൊണ്ടയില്‍ നിന്നും ഇറങ്ങിയില്ല. അതിനുമുമ്പേ വരുന്നു അടുത്ത സദ്യ. ഇതെല്ലാം ഉണ്ണേണ്ടത് പാവം പ്രേക്ഷകവര്‍ഗ്ഗവും. 

മലയാളത്തില്‍ 'നിത്യഹരിതം' എന്നത് പ്രേംനസീറിനു മാത്രം ചാര്‍ത്തിക്കൊടുത്തിട്ടുള്ള ഒരു പദവിയായിരുന്നു. അത് ഇടക്കാലത്ത് നമ്മുടെ ജയറാമിനെ ആരോ വിളിച്ചു എന്ന് കേട്ടു. അത് എന്ത് അര്‍ത്ഥത്തിലാണ് എന്നതാണ് സംശയം. തുടങ്ങിയതുമുതല്‍ ഇതുവരെ ഒരേ ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാലാകാം നിത്യം ഹരിതമായി തന്നെ നില്‍ക്കുന്നത്. പത്മശ്രീയുടെ നിറവില്‍ നില്‍ക്കുന്ന ഈ മുന്‍ ജനപ്രിയന്‍ പ്രേക്ഷകരെ മലയാള പടങ്ങളില്‍ നിന്ന് അകറ്റാന്‍ തമിഴരില്‍ നിന്നും ക്കൈകൂലി വാങ്ങിയോ എന്ന കാര്യം സര്‍ക്കാര്‍ ഇടപെട്ട് പരിശോധിക്കേണ്ടിയിരിക്കുന്നു. 

കേരളക്കരയാകെ നിറഞ്ഞ് ഓടുന്ന കുടുംബശ്രീ ട്രാവത്സ് ഒരു ചരിത്രസംഭവമായി മാറുമെന്നതില്‍ ഒരു സംശയവും വേണ്ട. പുതുമുഖമായ കിരണ്‍ (വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്‍ ഇദ്ദേഹത്തിന്റെ വകയിലൊരു അമ്മാവനായിട്ടു വരും. ആ ക്രാഫ്റ്റ് ചാപ്ലിന്‍ കഴിഞ്ഞാല്‍ പിന്നെ ഇദ്ദേഹത്തിനാണ് കിട്ടിയിരിക്കുന്നത്) സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കാര്‍ മോഹങ്ങളെ ഒരിക്കല്‍ കൂടി തളിര്‍പ്പിച്ചിരിക്കുകയാണ്. വരണ്ടുണങ്ങിക്കിടന്ന മലയാളസിനിമയുടെ ഊഷരഭൂമിയിലേക്ക് പെയ്തിറങ്ങിയ മഴയായി മാറി കുടുംബശ്രീ ട്രാവത്സ്. മിക്കവാറും ഏറ്റവും നല്ല കഥ, തിരക്കഥ, സംവിധാനം പിന്നെ അഭിനയം എന്നിവയ്ക്ക് ഈ വര്‍ഷത്തെ ഓസ്‌കാര്‍ കിട്ടും (കിട്ടുമായിരിക്കും...?)

ഇത്ര നല്ലൊരു സിനിമയെ ഏത് കാറ്റഗറിയില്‍ പെടുത്തും എന്നതിനെപ്പറ്റി ഈ പോസ്റ്റ് എഴുതുമ്പോഴും സിനിമാ നിരൂപകര്‍ ചരിപ്പറമ്പ് സുലോചനയുടെ വീട്ടില്‍ ഇരുന്ന് ചര്‍ച്ചനടത്തിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലല്ല, പിലവട്ടം കണ്ടവര്‍ പിന്നേയും പിന്നേയും കാണുവാനായി തിരക്ക് കൂട്ടുമ്പോള്‍ ഇതു പേടിച്ച് ലാല്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസിംഗ് മാര്‍ച്ചില്‍ നിന്നും ഏപ്രില്‍മാസത്തിലേക്ക് മാറ്റുവാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

പത്തുവര്‍ഷത്തിനിടയ്ക്കുള്ള സിനിമയെ സംബന്ധിച്ച ഏറ്റവും മോശം ആഴ്ച ഏതാണ് എന്ന് ആരെങ്കിലും എവിടെയെങ്കിലും ചോദിച്ചാല്‍ നിസംശയം പറയാം 2011 ജനുവരി 4-ാം ആഴ്ചയാണെന്ന്. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം കണ്ണുതള്ളിപ്പിച്ച രണ്ടു മഹാ സംഭവങ്ങള്‍ പിറന്ന ആഴ്ചയാണിത്. കൊച്ചീക്കാരുടെ പേരു കളയിപ്പിച്ച ആഴ്ച. ഇപ്പോള്‍ പലര്‍ക്കും കൊച്ചീന്നാ വരുന്നേന്നു പറയാന്‍ ബുദ്ധിമുട്ടാണ്. വീട് കൊച്ചീലാണെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ തിരിച്ചു ചോദിക്കുന്നത് ''ക്വട്ടേഷനൊക്കെ ഒണ്ടോടെ? ഒരാഴ്ച മിനിമം എത്രക്വട്ടേഷന്‍ കിട്ടും?'' എന്നൊക്കെയാണത്രേ. കുടുംബ കഥ, കോമഡി പടം എന്നൊക്കെ പറഞ്ഞ് പുറത്തിറങ്ങിയ നമ്മുടെ ഈ കുടുംബശ്രീയിലുമുണ്ട് ഒരു മൊട്ടത്തലയനും പിന്നെ അയാളുടെ പിള്ളേരും. ജോലി ബോംബു വയ്പ്പുതന്നെ. എന്തിനാണ് ബോംബു വയ്ക്കുന്നതെന്ന് മാത്രം പറയില്ല. അതു രഹസ്യമാണ്. അതെല്ലാം കയ്യിലുള്ള ലാപ്‌ടോപ്പില്‍ ഫീഡുചെയ്തിട്ടുണ്ട്. പടത്തിന്റെ ഡി.വി.ഡി. ഇറങ്ങുമ്പോള്‍ അതിന്റെ ഒരു കോപ്പി കൂടി കൊടുക്കാന്‍ സിനിമയുടെ നിര്‍മ്മാതാവ് തീരുമാനിച്ചിട്ടുണ്ടെന്ന് പറയുന്ന കേട്ടു. 

ചാക്ക്യാര്‍കൂത്തിലെ കുലപതികളായ ചിത്തിരപുരത്തെ പ്രശസ്ത കുടുംബത്തിലെ 'പയ്യ'നെ (ജയറാം) തന്റെ മോളെക്കൊണ്ട് കെട്ടിക്കണമെന്ന് അമ്മാവനായ ചാച്ചുവിന് (ജഗതി) വളരെ ആഗ്രഹമുണ്ട്. എന്നാല്‍ പയ്യനോ പയ്യന്റെ വീട്ടുകാര്‍ക്കോ അതിന് ഒട്ടും തന്നെ താല്‍പ്പര്യമില്ല. അവര്‍ ബ്രോക്കറുടെ (കോട്ടയം നസീര്‍) സഹായത്തോടെ നഗരത്തില്‍ നിന്നും ഒരു പെണ്ണിനെ (ഭാവന) കണ്ടെത്തുന്നു. കല്ല്യാണത്തിനായി പോകുന്നത് കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്തിരപുത്തുകൂടി ഓടുന്ന ബസിലാണ്. ആ ഗ്രാമത്തിലെ മിക്കവരും കലവും ചട്ടിയും ആടും കോഴിയുമൊക്കെയായി വണ്ടിയില്‍ കയറുന്നു. ജഗതിയും ജ്യോത്സ്യനായ മണിന്‍പിള്ള രാജുവും കല്ല്യാണം മുടക്കകനാണ് ബസില്‍ കയറിയിരിക്കുന്നത്. 

അതിനിടയ്ക്ക് വേറൊരു കഥ സൈഡ് വഴി വരുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച മൊട്ടത്തലയന്‍ (പേരില്ല) കൊച്ചി മുഴുവനും ബോംബുവയ്ക്കാന്‍ തീരുമാനിക്കുന്നു. അതിന് വേണ്ടി സിറ്റി പോലീസ് കമ്മീഷണറുടെ മകളെ (രാധിക) തട്ടിക്കൊണ്ട് പോകുന്നു. മാത്രമല്ല ബോണസ്സായി കമ്മീഷണറെ തന്നെ തട്ടിക്കൊണ്ട് പോകുന്നു. കമ്മീഷണറുടെ മകളുടെ കയ്യില്‍ കള്ളനോട്ടാണെന്നും പറഞ്ഞുകൊണ്ട് ബോംബടങ്ങിയ പെട്ടി കൊടുത്ത് അതുമായി കൊച്ചയിലേക്ക് പോകാന്‍ മൊട്ടത്തലയന്‍ പറയുന്നു. കയ്യില്‍ ഔട്ട് ഗോയിംഗ്് ബാര്‍ ചെയ്ത ഒരു െമാബൈലും കൊടുക്കുന്നു. അതുവഴി വേറെയാരേയും വിളിക്കരുത്. പിന്നെ മെഡിസിന് പഠിക്കുന്ന പെണ്‍കുട്ടിയായതുകൊണ്ട് ബൂത്തില്‍ നിന്നോ മറ്റാരുടേയെങ്കിലും മൊബൈലില്‍ നിന്നോ വിളിക്കാനും അറിഞ്ഞുകൂട. അവള്‍ വഴിയില്‍ വച്ച് കല്ല്യാണത്തിന് പോകുന്ന ഈ സംഘവുമായി ചേരുന്നു. 

പെണ്‍വീട്ടുകാര്‍ ജ്യോത്സ്യത്തില്‍ വളരെ വിശ്വാസമുള്ള ആള്‍ക്കാരാണ്. പെണ്ണിന്റെ വീട്ടിലും കല്ല്യാണം മുടക്കാന്‍ നടക്കുന്ന ഒരു കൂട്ടരുണ്ട്. മുറച്ചെറുക്കനും അവിടുത്തെ കാര്യസ്ഥനും. ചെറുക്കന്‍ വീട്ടുകാര്‍ കല്ല്യാണത്തിന് എത്തുമ്പോള്‍ 25 സെക്കന്റ് താമസിച്ചു പോകുന്നു. അതിനാല്‍ അന്ന് കല്ല്യാണം നടക്കുന്നില്ല. പിറ്റേന്ന് 1 മിനിട്ട് മാത്രമുള്ള ഒരു മുഹൂര്‍ത്തം ഉണ്ട്. അതുവരെ അവര്‍ ലോഡ്ജില്‍ താമസിക്കുന്നു. കൂടെ പെട്ടിയുമായി കമ്മീഷണറുടെ മകളും. പിറ്റേന്ന് കല്ല്യാണസമയത്ത് ആരോ ചെറുക്കനെ വിഷം കുത്തിവച്ച് അനങ്ങാന്‍ പറ്റാത്ത രീതിയിലാക്കുന്നു. അതോടെ കല്ല്യാണം മുടങ്ങും എന്ന ഘട്ടത്തില്‍ എത്തുന്നു. പിന്നെയാണ് സംവിധായകന്റെ ആ പ്രതിഭ പുറത്തു ചാടുന്നത് നാം കാണുന്നത്. 

കഥ ഇത്ര കേട്ടപ്പോള്‍ തന്നെ സനിമ എന്താണെന്ന് ഒരൂഹം എല്ലാവര്‍ക്കും കിട്ടിക്കാണുമല്ലോ? സമകാലിക ബോധം എന്നൊരു സാധനം ഉണ്ടെന്നും അത് മിക്ക ആളുകള്‍ക്കും കാണുമെന്നും സംവിധായകന്‍ മറന്നു പോയെന്നു തോന്നുന്നു. ജയറാം മീശയെടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പ്രായം കുറച്ച് തോന്നാനായിരിക്കാം. പക്ഷേ അത് വിപരീത ഫലമാണ് ചെയ്തത് എന്നതാണ് സത്യം. നിഷ്‌കളങ്കരായ കുറച്ച് ആള്‍ക്കാര്‍ ജീവിക്കുന്ന ചിത്തിരപുരംഗ്രാമത്തെ ഇത്ര ഭാവനാശൂന്യമായി വരച്ചു വയ്ക്കാന്‍ ഈ സംവിധായകനു മാത്രമേ കഴിയൂ. ഒരുപയോഗവുമില്ലാതെ കുറേ ഗുണ്ടകള്‍ കൊച്ചിയിലുണ്ടെന്ന് സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്. നായിക താമസിക്കുന്ന ഫഌറ്റ് കണ്ടിട്ട് അത് എന്താണെന്ന് മനസ്സിലാകാതെ മുകളിലേക്ക് നോക്കി നില്‍ക്കുന്ന നായകനും കുടുംബവും പ്രേക്ഷകന്റെ മനസ്സില്‍ ഉണര്‍ത്തുന്ന നൊമ്പരം ചില്ലറയല്ല (ഇങ്ങനെയുള്ള നിഷ്‌കളങ്കര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നല്ലോ എന്നോര്‍ത്ത്). കൊച്ചി മുഴുവന്‍ പാട്ടിച്ചു കളയാനുള്ള ബോംബുമായി നായകന്‍ ഓടുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ തീയാണ്. (അത് പൊട്ടി നയകന്‍ മരിച്ചിരുന്നെങ്കില്‍ ആ ഒരു ആനുകൂല്യമെങ്കിലും ഈ സിനിമയ്ക്ക് കിട്ടിയേനേ)

ഇനിയും ഇതുപോലുള്ള സിനിമകള്‍ ഉണ്ടാകട്ടെ. ഉണ്ടാകട്ടെ എന്ന് മാത്രമല്ല, അത് എല്ലാവരും കാണുകയും ചെയ്യട്ടെ. ഈ സ്ഥിതി പോകുകയാണെങ്കില്‍ തലയില്‍ ചെമ്പരത്തി പൂവും വച്ചുകൊണ്ട് നടക്കുന്ന ചില ആള്‍ക്കാരെ കാണേണ്ടിവരും. അത് പ്രേക്ഷകരാണോ അതോ ഇതുപോലുള്ള സനിമകളുടെ സൃഷ്ടാക്കളാണോ എന്നത് കാലം തെളിയിക്കും.

3 comments:

  1. സാഗർ ഏലിയാസ് ജാക്കി കണ്ടിട്ട് നിരൂപണം എഴുതിയ ഒരാൾ പറഞ്ഞ ഒരു വാക്യം ഞാൻ ഇപ്പോഴും ഓർക്കുന്നു. സിനിമ കണ്ടതിന്റെ ശിക്ഷ 45 രൂപ പിഴയും രണ്ടര മണിക്കൂർ തടകും. രാജസേനന്റെ കൊച്ചാട്ടനാണോ ഈ സംവിധായകൻ. മലയാള സിനിമയുടെ ചരമശുശ്രൂഷയ്ക്ക് ഷെഹനായി വായിക്കാൻ ഇവന്മാരെ എല്ലാം കൂടി വിളിക്കാം. പിന്നെ ജയറാം മീശയെടുത്തത് ചാക്യാർകൂത്ത് കലാകാരൻ ആയത് കൊണ്ടാകും.

    ReplyDelete