Saturday, February 5, 2011

ആടുകളം (ADUKALAM) വ്യത്യസ്ഥ അനുഭവം


ഇടക്കാലത്തെ തമിഴ്‌സിനിമകളില്‍ മിക്കതും നഗരജീവിതം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പ്രേമവും ക്വട്ടേഷനും അധോലോകവും കണ്ടുമടുത്ത പ്രേക്ഷകരുടെ മുന്നില്‍ ഗ്രാമീണ ജീവിതത്തിലേക്ക് പെട്ടൊന്നൊരു ചുവടുമാറ്റം തമിഴ്‌സിനിമ നടത്തിയപ്പോള്‍ അങ്ങ് ഹിന്ദി സിനിമാലോകം വരെ ഞെട്ടി. 

കഥയ്ക്ക് മുകളില്‍ സഞ്ചരിച്ചിരുന്ന നായകകഥാപാത്രങ്ങളെ കഥയ്ക്കുള്ളിലേക്ക് ആവാഹിച്ച തമിഴകം , ദക്ഷിണേന്ത്യമുഴുവന്‍ ഒരു പുത്തനുണര്‍വ്വ് സമ്മാനിച്ചു. തമിഴകത്തിന്റെ, ഗ്രാമീണ മണമുള്ള പല ആചാരങ്ങളും, ഉള്‍നാടുകളില്‍ മാത്രം പ്രചാരത്തിലുള്ള ഭാഷാശൈലികളും, നാഗരികത കലരാത്ത ജീവിതങ്ങളും ഇത്തരത്തിലുള്ള സിനിമകളിലൂടെ നമുക്ക് സുപരിചിതമായി. 

ആ ഗണത്തില്‍ ഒടുവിലായി പുറത്തിറങ്ങിയ 'ആടുകള'വും പ്രതീക്ഷ തെറ്റിച്ചില്ല. കാഴ്ചാസുഖം മാത്രമല്ല, മനസ്സില്‍ തട്ടുന്ന അനവധി മഹൂര്‍ത്തങ്ങളും ഈ ചിത്രം നമുക്ക് തരുന്നു. മത്സര കായികമേഖലയെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന, മധുര അടിസ്ഥാനമാക്കിയുള്ള ജനജീവിതങ്ങള്‍ക്കിടയിലുള്ള പകയുടേയും പ്രതികാരത്തിന്റെയും വഞ്ചനയുടേയും കഥയാണ് ആടുകളം അഥവാ കളിസ്ഥലം.

മധുരയിലെ ഉള്‍നാടന്‍ പ്രദേശത്ത് വ്യാപകമായുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതുമായ കോഴിപ്പോരും അതിന്റെ ചുവട്പിടിച്ച് ജീവിക്കുന്ന കുറേ മനുഷ്യരുടെ മനസ്സും ഈ സിനിമയിലൂടെ സംവിധായകന്‍ വെട്രിമാരന്‍ വെളിപ്പെടുത്തുകയാണ്. വെണ്ണിലാ കബഡിക്കുഴുവിലൂടെ വസന്തബാലന്‍ പരിചയപ്പെടുത്തിയ മത്സര തീവ്രത അതിന്റെ കുറേയേറെ ഉയര്‍ന്ന തോതില്‍ ഈ സിനിമയില്‍ നമുക്ക് കാണാനാകും. 

വെട്രിമാരന്‍ ധനുഷ് കൂട്ടുകെട്ടിന്റെ തന്നെ മുന്‍ചിത്രമായ പൊല്ലാതവനില്‍ അവലംബിച്ച കഥാഖ്യാന രീതിതന്നെയാണ് ഇതിലും പിന്‍തുടരുന്നത്. ക്ലൈമാക്‌സില്‍ നിന്നും പിന്നിലേക്ക് പോയി അവിടെനിന്നുമുള്ള യാത്ര. നായകനായ കറുപ്പായി വേഷമിടുന്ന ധനുഷിന്് തന്റെ ആദ്യകാല ചിത്രമായ കാതല്‍ കൊണ്ടേനോട് കിടപിടിക്കുന്ന ഒരു വേഷം കിട്ടിയതില്‍ സന്തോഷിക്കാം. മറ്റു അഭിനേതാക്കള്‍ എല്ലാം അവരുടെ കഥാപാത്രങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കിയിരിക്കുന്നു. 

മധുരയിലെ തിരുപ്പുറംകുണ്ടത്തിനടുത്തുള്ള ഗ്രാമക്കാര്‍ക്ക് കോഴിപ്പോര് സ്വന്തം ജീവന്‍തന്നെയാണ്. ആ ഗ്രാമത്തിലെ കോഴിപ്പോരിലെ രണ്ടു പ്രബല ശക്തികളാണ് പേട്ടൈക്കാരനും (ജയബാലന്‍) നരേന്‍ അവതരിപ്പിക്കുന്ന (നമ്മുടെ പഴയ സുനിലല്ല) പോലീസ് ഇന്‍സ്‌പെക്ടര്‍ രത്‌നസ്വാമിയും. എന്നാല്‍ പേട്ടൈക്കാരനെ കഴിഞ്ഞ മുപ്പത് വര്‍ഷമായി കോഴിപ്പോരില്‍ തോല്‍പ്പിക്കുവാന്‍ രത്‌നസ്വാമിക്ക് കഴിഞ്ഞിട്ടില്ല. അതിനു ഒരു കാരണം പേട്ടൈക്കാരന്‍ വളര്‍ത്തുന്ന കോഴികളാണ്. പേട്ടൈക്കാരന്‍ വളര്‍ത്തുന്ന കോഴികളെ അയാള്‍ പുറത്ത് വില്‍ക്കാറില്ല. മറ്റൊരു കാരണം പേട്ടൈക്കാരന്റെ കൂടെയുള്ള മൂന്ന് പേരും. അതില്‍ ഒരു ബാറിന്റെ ഉടമയായ ദുരൈ(കിഷോര്‍)യാണ് പേട്ടൈക്കാരന് വേണ്ടി കാശ് മുടക്കുന്നത്. രണ്ടാമത്തെയാള്‍ കറുപ്പാ(ധനുഷ്)ണ്. എല്ലാ കോഴിപ്പോരിലും കോഴിയെ ആദ്യം കളത്തില്‍ വിടുന്നത് കറുപ്പാണ്. കറുപ്പ് കോഴിയെ വിട്ട പോരിലൊന്നും പേട്ടൈക്കാരന്‍ തോറ്റിട്ടുമില്ല. മൂന്നമത്തെയാള്‍ ആയൂബ് എന്ന ഇസ്ലാംമത വിശ്വാസിയാണ്. പ്രായം ചെന്ന ഇദ്ദേഹമാണ് കോഴിപ്പോരിനിടയില്‍ കോഴികള്‍ക്ക് പരിക്ക് പറ്റിയാല്‍ ചികിത്സ ചെയ്യുന്നത്. പേട്ടൈക്കാരന്‍ കോഴികളെ ഈ ശിഷ്യര്‍ക്ക് മാത്രമേ വളര്‍ത്താന്‍ കൊടുക്കുകയുള്ളൂ. ആ കോഴികളും ഇവര്‍ മൂന്നുപേരുമാണ് പേട്ടൈക്കാരന്റെ ശക്തിയുടെ രഹസ്യവും. 

അനവധി കോഴികളെ വളര്‍ത്തുകയും അവയെല്ലാം പോരിന് പാകമാകുമ്പോള്‍ നല്ലതിനെ മാത്രം തെരഞ്ഞെടുത്ത് ബാക്കിയുള്ളതിനെ കൊന്നുകളയുകയാണ് പേട്ടൈക്കാരന്റെ രീതി. അമ്മ മാത്രമുള്ള കറുപ്പ് സ്വന്തം അച്ഛന്റെ സ്ഥാനമാണ് പേട്ടൈക്കാരന് നല്‍കിവരുന്നത്. കറുപ്പ് വളര്‍ത്തുന്ന ഒരു പോരുകോഴിയെ ചില കാരണങ്ങളാല്‍ പേട്ടൈക്കാരന്‍ കൊന്നുകളയാന്‍ കല്‍പ്പിക്കുന്നു. എന്നാല്‍ കറുപ്പിന് അതിന് മനസ്സുണ്ടാകുന്നില്ല. അവന്‍ രഹസ്യമായി ആ കോഴിയെ വളര്‍ത്തുന്നു. 

ഈ സിനിമയുടെ തുടക്കത്തില്‍ കോഴിപ്പോര് നടക്കുന്ന കളത്തിലേക്ക് പോലീസ് റെയിഡുണ്ടാകുന്നു. അത് രത്‌നസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ്. പോലീസിനെകണ്ട് കറുപ്പും കൂട്ടരും രക്ഷപ്പെടുന്ന കൂട്ടത്തില്‍ കോഴിയെ രത്‌നസ്വാമിയുടെ ആള്‍ക്കാര്‍ തട്ടിയെടുക്കുന്നു. ഈ കോഴിയെ പേട്ടൈക്കാരന്റെ നിര്‍ദ്ദേശപ്രകാരം തേടിപ്പിടിച്ച് അന്നു രാത്രി കറുപ്പും കൂട്ടരും കൊല്ലുന്നു. അവിടെ വച്ച് അവന്‍ ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായ ഐറിനെ (തപസി) കാണുന്നത്. അത് പിന്നീട് പ്രണയമായി രൂപാന്തരമാകുന്നതും സിനിമയില്‍ വരും കാഴ്ചകളിലൂടെ നമുക്ക് കാണാം. 

രത്‌നസ്വാമിയുടെ വയസ്സായ അമ്മയുടെ ഒരാഗ്രഹമാണ് മകന്‍ കോഴിപ്പോരില്‍ ജയക്കുക എന്നുള്ളത്. അതിനു വേണ്ടി രത്‌നസ്വാമി പേട്ടൈക്കാരനുമായി പോരുവയ്ക്കുവാന്‍ ആഗ്രഹിക്കുകയും ആ വിവരം പേട്ടൈക്കാരനെ അറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ റെയ്ഡിന്റെ പ്രശ്‌നത്തില്‍ പേട്ടൈക്കാരന്‍ അത് നിരാകരിക്കുന്നു എന്നു മാത്രമല്ല ഇനിയൊരിക്കലും രത്‌നസ്വാമിയുമായി ഒരു തരത്തിലുള്ള പോരും നടത്തുന്നതല്ലന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. 

അതിനു ശേഷം ബാറില്‍ വച്ച് ദുരൈയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാല്‍ രത്‌നസ്വാമി ഇടപെട്ട് ദുരൈയെ വെളിയില്‍ കൊണ്ടു വരികയും പേട്ടൈക്കാരനില്‍ നിന്നും വേര്‍പെടുത്താന്‍ കരുക്കള്‍ നീക്കുകയും ചെയ്യുന്നു. ദുരൈവഴി ആയൂബിനെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്ന രത്‌നസ്വാമി, പക്ഷേ പേട്ടൈക്കാരനെ ഒറ്റിക്കൊടുക്കുവാന്‍ തന്നെക്കിട്ടില്ലെന്ന അയൂബിന്റെ നിലപാടില്‍ നിരാശനാകുന്നു. അന്നുരാത്രി അയൂബ് കൊല്ലപ്പെടുന്നു. അതോടുകൂടി ദുരൈയും തന്റെ അപ്പോഴുള്ള നിലപാട് മാറ്റി രത്‌നസ്വാമിയുമായി ശത്രുതയിലാകുന്നു. 

കാലങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന അയൂബിന്റെ കുടുംബത്തിന് വേണ്ടി ഒരു കോഴിപ്പോര് സംഘടിപ്പിക്കുവാന്‍ പേട്ടൈക്കാരന്‍ ആലോചിക്കുകയും അതിന് രത്‌നസ്വാമിയെ സ്‌റ്റേഷനിലെത്തി ക്ഷണിക്കുകയും ചെയ്യുന്നു. എന്നാല്‍ രത്‌നസ്വാമി അതിന് തയ്യാറാകുന്നില്ല. അവിടെവച്ച് മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന പേട്ടൈക്കാരന്‍ രത്‌നസ്വാമിയെ താന്‍ തോല്‍പ്പിക്കുമെന്നും അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ തലമൊട്ടയടിച്ച്, മീശയെടുത്ത് ഈ കോഴിപ്പോര് എന്നന്നേയ്ക്കുമായി മതിയാക്കുന്നതുമാണെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇത് ഏറ്റെടുക്കുന്ന രത്‌നസ്വാമി ബാംഗ്ലൂരില്‍ നിന്നും നല്ല പോരുകോഴികളെ ഇറക്കി പേട്ടൈക്കാരനോട് എതിരിടുവാന്‍ തീരുമാനിക്കുന്നു. 

പോരുദിവസം നല്ല പോരുകോഴികളുടെ അഭാവം നേരിടുന്ന പേട്ടൈക്കാരനോട് പണ്ട് കൊല്ലാനേല്‍പ്പിച്ച കോഴി തന്റെ കയ്യിലുള്ള കാര്യം കറുപ്പ് പറയുന്നു. എന്നാല്‍ താന്‍ കൊല്ലാന്‍ പറഞ്ഞിട്ട് അത് അനുസരിക്കാത്ത കറുപ്പിനോട് പേട്ടൈക്കാരന് കോപമാണ് തോന്നുന്നത്. എന്നാല്‍ ആ സമയത്ത് കുറച്ച് കാശിന്റെ ആവശ്യം നേരിടുന്ന കറുപ്പ് തന്റെ കോഴിയുമായി രത്‌നസ്വാമിക്കെതിരെ പോരാടുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. അതുകഴിഞ്ഞ് കൂടുതല്‍ കാശിന് രത്‌നസ്വാമി വീണ്ടും കറുപ്പിനെ വെല്ലുവിളിക്കുന്നു. അതിലും വിജയിച്ച് ഒടുവില്‍ മൂന്ന് ലക്ഷം രൂപയ്ക്കുള്ള അവസാന പന്തയത്തിലും വിജയിച്ച് കറുപ്പ് പൂര്‍ണ്ണമായും രത്‌നസ്വാമിയെ തോല്‍പ്പിക്കുന്നു. അവിടം മുതല്‍ അഭിനയമുഹൂര്‍ത്തങ്ങളുടെ മാറ്റുരയുന്ന ആടുകളത്തിന്റെ മറ്റൊരു മുഖം ജനിക്കുന്നു. 

ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് വേണ്ട ഘടകങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും , സാധാരണക്കാരന്റെ സാമാന്യ ബുദ്ധിക്ക് നിരക്കുന്ന, അവരവരുടെ മനസ്സുകളില്‍ തന്നെ കൂടിക്കുഴഞ്ഞ് കിടക്കുന്ന സ്വാഭാവിക വികാരങ്ങളാണ് ഈ സിനിമയിലൂടെ ദൃശ്യമാകുന്നത്. നാം ഇതുവരെ കണ്ട സിനിമകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്ഥമായ ഒരു ക്ലൈമാക്‌സാണ് വെട്രിമാരന്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. 

തമിഴ് സാഹിത്യ ലോകത്തെ മികച്ച കവി എന്ന് പേരെടുത്ത ജയബാലന്‍ ഇന്ന് ഏതൊരു അഭിനേതാവ് ചെയ്യുന്നതിനേക്കാള്‍ പൂര്‍ണ്ണതയോടുകൂടിയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ പേട്ടൈക്കാരനെ അവതരിപ്പിച്ചിരിക്കുന്നത്. വളരെക്കാലത്തിന് ശേഷമാണ് കിഷോറില്‍ നിന്നും നല്ലൊരു പ്രകടനം കാണാന്‍ സാധിച്ചിരിക്കുന്നത്. ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ രൂപവും രീതിയുമെല്ലാം തപസിക്ക് കൂടുതല്‍ യോജിക്കുന്നു. 

സുന്ദരിയായ പെണ്‍കുട്ടി സാധാരണക്കാരനായ ഒരു യുവാവിനെ പ്രണയിക്കുന്നത് പല സിനിമകളിലും നാം കണ്ടിട്ടുണ്ട് എങ്കിലും ഈ സിനിമയില്‍ അതിത്തിരി കടന്നുപോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. ഇന്റര്‍നെറ്റും മൊബൈയിലുമൊക്കെ ഉള്ള ഇക്കാലത്ത് ആ ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് അതൊരു കല്ലുകടിയായി അനുഭവപ്പെടും. പക്ഷേ സിനിമ പകുതിയിലേറെ ചെല്ലുമ്പോഴേക്കും ഈ പ്രണയം പ്രേക്ഷകന് ഒരാസ്വാദ്യ അനുഭവമായി മാറുന്നു. ജി.വി. പ്രകാശ്കുമാറിന്റ സംഗീതം വളരെ മനോഹരം. പൊതുവില്‍ നിലനില്‍ക്കുന്ന വില്ലന്‍- നായക സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതുന്ന ആടുകളം നഷ്ടമുണ്ടാക്കില്ല- പടമെടുത്തവര്‍ക്കും പ്രേക്ഷകര്‍ക്കും. 

കുറിപ്പ്: ഈ പൊങ്കലിന് തമിഴ്‌നാട്ടില്‍ ഇറങ്ങിയ നാലുപടങ്ങളും വന്‍ വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് കൂടെക്കിടത്തിയുറക്കുന്ന നമ്മള്‍ക്കോ, പറഞ്ഞു നില്‍ക്കാന്‍ ഒരു ട്രാഫിക് മാത്രം. 

ജനപ്രിയന്‍മാരുടെ ഭീകര ബാലെകള്‍ ചിലയിടങ്ങളില്‍ പ്രേക്ഷകന്റെ നെഞ്ചത്തുള്ള നൃത്തം മതിയാക്കിക്കഴിഞ്ഞു. കൂടെയിറങ്ങിയ ചിരുത്തൈ ഇപ്പോഴും നിറഞ്ഞ പ്രദര്‍ശനശാലകളില്‍ തുടരുന്നു. ഇനി വരാന്‍ പോകുന്ന സിനിമകളുടെ ഗതിയും ഇങ്ങനെയെങ്കില്‍, കോടികള്‍ മറിയുന്ന മലയാള സിനിമാ ഫീല്‍ഡിന്റെ അഞ്ചു വര്‍ഷം കഴിഞ്ഞുള്ള അവസ്ഥ എന്തായിരിക്കും? 

ഇല്ലാത്തൊരു സാധനത്തിന് എന്തവസ്ഥ അല്ലേ?1 comment:

  1. Aadukalam valare mikacha oru cinemayaandu. ellaa tharathilum. Malayaalikal ee chithrathine kandillennu nadikkukayaanu, Preshakarum, critics - um ellaam. Myna - kkum ithe pani thanneyalle malayaali koduthathu. Assoyayaayirikkum.

    ReplyDelete