Friday, February 4, 2011

ഈ വര്‍ഷത്തെ കൂറുഫലം


മേടം: (അശ്വതി, ഭരണി , കാര്‍ത്തിക ആദ്യ ക്വാര്‍ട്ടര്‍ അടിച്ചവര്‍ക്ക്‌)
ആദ്യമടിക്കുമ്പോള്‍ വല്ലായ്‌മ തോന്നുമെങ്കിലും ശീലമാകുമ്പോള്‍ വാളുവച്ച്‌ സുഖമായി ഉറങ്ങാനാകും. ആരുമറിഞ്ഞില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്‍മേഷവും ഓര്‍മശക്‌തിയും വര്‍ദ്ധിക്കും. ധനം നഷ്‌ടപ്പെടാനിടയുണ്ടെങ്കിലും മാനഹാനിക്ക്‌ സാധ്യത കുറവാണ്‌. വെള്ളം, വസ്‌ത്രം എന്നിവയുമായുള്ള സമ്പര്‍ക്കം കുറയും. അതുവഴി കരളുവാടുന്നതിനും മുണ്ടുരുഞ്ഞ്‌ തലയില്‍ കെട്ടുന്നതിനും ഇടയുണ്ട്‌.


ഇടവം : (കാര്‍ത്തിക ഫുള്‍, രോഹിണി, മകയിരം ആദ്യ ക്വാര്‍ട്ടര്‍ വരെ അടിച്ചവര്‍ക്ക്‌)

സ്‌ഥിരമായി വീട്ടിലെത്താത്തതില്‍ ഭാര്യക്ക്‌ സന്തോഷം കൂടുന്നതിനാല്‍ മനപ്രയാസം ഇരട്ടിക്കും. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മനസ്‌ വെമ്പല്‍ കൊള്ളും. കാശ്‌ പെണ്ണുങ്ങള്‍ കൊണ്ടുപോകാതെ സൂക്ഷിക്കുക.


മിഥുനം: (മകയിരം രണ്ടാം ക്വാര്‍ട്ടര്‍, തിരുവാതിര, പുണര്‍തം അദ്യഫുള്‍ വരെ അടിച്ചവര്‍ക്ക്‌ )

പാട്ടുപാടുന്ന ടെന്‍ന്റന്‍സിയുള്ളവര്‍ക്ക്‌ താല്‍ക്കാലിക ജോലി ലഭിക്കുമെങ്കിലും ധനപരമായ മെച്ചമുണ്ടാകില്ല. ധാരാളം വെള്ളം കുടിക്കേണ്ടി വരും. മേലുദ്യോഗസ്‌ഥരില്‍ നിന്നും നല്ല പ്രോത്സാഹനം ലഭിക്കുന്നതിനാല്‍ ആവശ്യത്തിലധികം വാളുവയ്‌ക്കാനിടയുണ്ട്‌.


കര്‍ക്കടകം: (പുണര്‍തം അവസാന ക്വാര്‍ട്ടര്‍, പൂയം, ആയില്യം മതിയാവുവോളം അടിച്ചവര്‍ക്ക്‌ )

എളുപ്പം ബോധം പോകാനിടയില്ലാത്തതിനാല്‍ വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണം. പ്രത്യേകിച്ച്‌ കാരണമില്ലാതെ തന്നെ ശാരീരിക ക്ലേശത്തിന്‌ സാധ്യതയുണ്ട്‌. പല്ല്‌, എല്ല്‌, രോമം എന്നിവ കൊഴിയുന്നതിനും ദാമ്പത്യജീവിതം താറുമാറാകാനും ഇടയുണ്ട്‌.


ചിങ്ങം: (മകം, പൂരം, ഉത്രം ആദ്യ ക്വാര്‍ട്ടര്‍ അടിച്ചവര്‍ക്ക്‌)

രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ കാലം പണ്ടത്തെപ്പോലെ സുഖകരമാവില്ല. കുടുംബശ്രീ യൂണിറ്റുകളില്‍ പഴയപോലെ കൃഷിയിറക്കാന്‍ മുതിരരുത്‌. മാനഹാനി ഒഴിവാക്കാന്‍ ധാരാളം ധനനഷ്‌ടപ്പെടുത്തേണ്ടി വരും. ചുമരെഴുത്തുകാര്‍ക്ക്‌ അനൂകൂല കാലം. 


കന്നി: (ഉത്രം അവസാന ഫുള്ളും അത്തം, ചിത്തിര ആദ്യ ക്വാര്‍ട്ടറും അടിച്ചവര്‍ക്ക്‌ )

ചരക്ക്‌ കയറ്റിയിറക്ക്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പെണ്‍വാണിഭം, മണലൂറ്റ്‌ , വിദ്യാഭ്യാസക്കച്ചവടം എന്നിവയില്‍ ഏര്‍പ്പെട്ടവര്‍ക്കും കാലം അനുകൂലം. വച്ചടിവച്ചടി കയറ്റമാകും. ബിസിനസ്‌ അഭിവൃദ്ധി പ്രാപിക്കും. കാമപ്രാന്തന്‍മാര്‍ക്ക്‌ ധന നഷ്‌ടത്തിനിട.


തുലാം: (ചിത്തിര രണ്ടാമതും ക്വാര്‍ട്ടറും ചോതി, വിശാഖം ആദ്യ ഫുള്ളും അടിച്ചവര്‍ക്ക്‌ )

ഇ.എം.എസ്‌ ഭവന പദ്ധതിലേക്ക്‌ അപേക്ഷ നല്‍കിയവര്‍ക്ക്‌ ഇനിയും കാത്തിരിക്കേണ്ടി വരും. പഞ്ചസാരക്ക്‌ വില കുറഞ്ഞാലും പ്രമേഹ രോഗികള്‍ക്ക്‌ ആശ്വാസമുണ്ടാകില്ല. വാഹനവുമായി ബന്ധപ്പെടുന്നവര്‍ക്ക്‌ അധികബാധ്യത. 


വൃശ്‌ചികം: (വിശാഖം അവസാന ക്വാര്‍ട്ടറും അനിഴം തൃക്കേട്ട മതിയാവുവോളം അടിച്ചവര്‍ക്ക്‌ )

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ നല്ല കാലം. വോട്ടര്‍മാരെ തേടി രാഷ്‌ട്രീയക്കാരെത്തും. ധാരാളം വാഗ്‌ദാനം കേള്‍ക്കുവാനുള്ള ഭാഗ്യം ലഭിക്കും. രാഷ്‌ട്രീയക്കാര്‍ക്ക്‌ തെറിവിളിയും പൊതുജന പ്‌രാക്കും ലഭിച്ചുകൊണ്ടിരിക്കും.


ധനു: (മൂലം പൂരാടം മതിയാവുവോളവും ഉത്രാടം ആദ്യ ക്വാര്‍ട്ടറും അടിച്ചവര്‍ക്ക്‌)

മൂലക്കുരുവിന്‌ ആശ്വാസത്തിനിട. കൈയ്യിലിരിക്കുന്ന കാശുകൊടുത്ത്‌ കൂട്ടുകാര്‍ക്ക്‌ വാങ്ങിക്കൊടുക്കേണ്ടി വരും. വേലിയിലിരിക്കുന്ന പാമ്പുകളെ തലയിലേറ്റേണ്ടി വരാനിട.


മകരം: (ഉത്രാടം അവസാന ഫുള്ളും തിരുവോണം അവിട്ടം ആദ്യ ക്വാര്‍ട്ടറും അടിച്ചവര്‍ക്ക്‌ )

പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടവര്‍ക്കും സ്വര്‍ണ്ണക്കടക്കാര്‍ക്കും അധിക ലാഭം. ആള്‍ദൈവങ്ങള്‍ക്കും ബന്ധപ്പെട്ട സ്‌ഥാപനങ്ങളില്‍ തിരക്കേറും. വെബ്‌ സൈറ്റുകള്‍ക്ക്‌ വൈറസ്‌ ബാധ. കുഞ്ഞമ്മയുടെ മോള്‍ക്ക്‌ കല്യാണം.കുംഭം: (അവിട്ടം രണ്ടാം ക്വാര്‍ട്ടറും ചതയം പൂരുരുട്ടാതി ആദ്യ ഫുള്‍ വരെ അടിച്ചവര്‍ക്ക്‌ )

കൊച്ചിന്റെ അസുഖം മാറുമെങ്കിലും കൊച്ചിന്റ അച്‌ഛന്‌ നല്ല കാലമല്ല. വെളുക്കാന്‍ തേച്ചത്‌ പാണ്ടാകുമെന്നതിനാല്‍ ബ്യൂട്ടിപാലറിലെത്തുന്നവര്‍ സൂക്ഷിക്കുക. കൈയ്യിലിരിപ്പ്‌ നന്നായാലും തല്ലുകിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


മീനം: (പൂരുരുട്ടാതിയുടെ അവസാന ക്വാര്‍ട്ടറും ഉതൃട്ടാതിയും രേവതിയും മതിയാവുവോളം അടിച്ചവര്‍ക്ക്‌ )

മീന്‍ പിടിത്തക്കാര്‍ക്ക്‌ മോശം കാലാവസ്‌ഥ പ്രതികൂലമാകാനിട. കത്തി, പിച്ചാത്തി എന്നിവകൊണ്ട്‌ മുറിവേല്‍ക്കാനിട. കൂട്ടുകാരും അയല്‍പക്കക്കാരും തള്ളക്കു വിളിക്കും. കൂടുതല്‍ വായ തുറക്കാതിരുന്നാല്‍ നല്ലത്‌.

No comments:

Post a Comment