Tuesday, February 1, 2011

മണിയനും വെള്ളേല്‍ വന്നു...


രാവിലെ എഴുന്നേറ്റ് പത്തുമുന്നൂറ് റബ്ബറിന്റെ മൂട്ടില്‍ നെരങ്ങിയാല്‍ കിട്ടുന്നത് ഇരുന്നറ്റമ്പത് കുണുവ. പിന്നെ ഒട്ടുകറയുടെ നാറ്റം, ആസിഡ് വെള്ളത്തിന്റ ചൊറിച്ചില്... ഇതൊന്നും നമ്മള്‍ക്ക് പറ്റില്ല സഹോദര. ഇതാകുമ്പോള്‍ ചോദിക്കുന്ന കാശ്. ചുമ്മ ഒരു സ്ഥലത്ത് ചെന്ന് കയ്യുംകാലും കാണിച്ച് വായിട്ടലച്ചാല്‍ പോരേ?

കഴിഞ്ഞയാഴ്ച വരെ എന്റെ റബ്ബറും വെട്ടി കറയും എടുത്ത് ഷീറ്റും അടിച്ചുകൊണ്ട് നടന്ന മണിയന്റെ സ്വരത്തിനാരു മാറ്റം. അണ്ണാന്ന് വിളിച്ചാല്‍ മുഴുവനും വിളിക്കാത്തവന്‍ സഹോദരാന്നു വിളിക്കുന്നു. ഇതെന്തുപറ്റി? കൂടുതല്‍ അറിഞ്ഞപ്പോള്‍ മനസ്സിലായി... സംസാരത്തില്‍ മാത്രമല്ല, അടിമുടിയുണ്ട് മാറ്റം. അവനിപ്പോള്‍ മണിയനല്ല... ഡഗ്ലസാണുപോലും. 

കഴിഞ്ഞ ഒരാഴ്ചയായി മണിയനെ കാണാനില്ലായിരുന്നു. എവിടെയാണെന്ന് അന്വേഷിക്കാനും പോയില്ല. കാരണം ചില ദിവസങ്ങളില്‍ അവനിത് പതിവുള്ളതാ. പോയാല്‍ പിന്നെ ഒരാഴ്ചത്തേക്ക് നോക്കണ്ട. ഒരാഴ്ച കഴിഞ്ഞാല്‍ വന്നിരിക്കും പക്ഷെ ഈ വരവ് ഇത്തിരി കടുത്തുപോയി. കറുത്ത പാന്റ്, വെള്ള ഷര്‍ട്ട്, ക്ലീന്‍ ഷേവ്,  കയ്യില്‍ ഒരു വേദപുസ്തകം...

ഇതിനെപ്പറ്റി ചിന്തിക്കുമ്പോള്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ദൈവപുത്രന്‍ യേശുനാഥന്‍ ഈ ഭൂമിയില്‍ പിറന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കുറേയെണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമാകുമായിരുന്നു എന്ന് തോന്നുന്നു. ലോകം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന ക്രിസ്തുമതത്തിനെ നമ്മള്‍ പ്രാര്‍ത്ഥിച്ചുയര്‍ത്തുന്നു. അതുകൊണ്ട് ക്രിസ്തുമതം ഇപ്പോഴും നിലനില്‍ക്കുന്നു. ചുരുക്കി പറഞ്ഞാല്‍ നാം ഇല്ലായിരുന്നെങ്കില്‍ ക്രിസ്തുമതം എന്താണെന്ന് അറിയാന്‍ പണ്ടത്തെ ഏഴാംക്ലാസ്സിലെ ചരിത്രപുസ്തകം തുറന്ന് നോക്കേണ്ടി വരുമായിരുന്നു ഇതൊക്കെയാണ് മണിയനാകുന്ന ഡഗ്ലസിന്റെയും കൂട്ടരുടേയും വിചാരം. 

വെള്ള ഷര്‍ട്ട് ധരിക്കണം, പത്ത് കാശുണ്ടെങ്കില്‍ കോട്ടുമാകാം, പത്താള്‍ക്കാര്‍ കൂടുന്നിടത്ത് ചെന്ന് വായില്‍തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയല്‍ പറയണം, ഇന്ത്യന്‍ ദേശിയതയേ പ്രത്യേകിച്ചും ഇന്ത്യന്‍ പതാകയെ അപമാനിക്കണം, ഇതൊന്നും പോരാഞ്ഞിട്ട് ഒള്ള ചുവര് മൊത്തം ഒരു മൈക്കും പിടിച്ചോണ്ട് ചിരിച്ചോണ്ടിരിക്കണം. യഥാര്‍ത്ഥ ദൈവദാസന്‍മാരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചുകൊണ്ട് വല്ല ഡ്യൂക്കിലി പത്രത്തിലോ മറ്റോ എഴുതിയാല്‍- മതി നീ പുര്‍ണ്ണ യോഗ്യനായി. 

ഇനി മണിയന്റ കാര്യം പറഞ്ഞാല്‍- പുള്ളിക്ക് കൊള്ളാവുന്ന ഒരു പേര് സമൂഹത്തില്‍ ഉണ്ട്. അത് ചീത്തപ്പേരാണെന്നത് മണിയന്റെ വില കൂട്ടുന്നതേയുള്ളൂ. ഈ മണിയന്‍ പണ്ട് ഏതോ ഒരു ആശ്രമത്തില്‍ അവിടുത്തെ സ്വാമിയുടെ അസിസ്റ്റന്റായി നിന്നതും അങ്ങേര കൂടും കുടുക്കേം എല്ലാം കൂടി അടിച്ചോണ്ടു പോയതും ചരിത്രം. ഇനി ഇവന്‍ മാനസാന്തരപ്പെട്ടന്ന് തെറ്റദ്ധരിപ്പിച്ചാണ് ദൈവദാസന്‍ ആയതെങ്കില്‍, അറിയാന്നൊള്ളതുകൊണ്ട് പറയുവാ- ഇവനെ ദൈവദാസനാക്കിയവന്‍ ഒരു മാസത്തിനകം ആക്കുന്നവന്‍ പിച്ചച്ചട്ടി എടുത്തിരിക്കും.

പ്രാര്‍ത്ഥനയിലൂടെ മണിയന്‍ ബാക്കിയുള്ളവരുടെ അസുഖം മാറ്റും. പക്ഷെ സ്വന്തം പെമ്പ്രന്നോത്തിക്കോ പുള്ളയ്‌ക്കോ എന്തെങ്കിലും വന്നാല്‍ അശുപത്രി തന്നെ ശരണം. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ പോകരുത് എന്ന് പറയുന്ന മണിയനോട് അതെന്താ മണിയസഹോദരാ, അങ്ങനെ ഏത് ബൈബിളിലാ പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാല്‍- ബൈബിളോ അതെന്താ? നിഷ്‌കളങ്കമായ ആ ചോദ്യം സമൂഹത്തോടാണ് എന്ന് മനസ്സിലാക്കി നമ്മള്‍ മണ്ടാതിരിക്കുന്നതല്ലേ നല്ലത്?

പിന്നെ, സന്തോഷ് മാധവനും നിത്യാനന്ദനും ആത്മീയ വഴിയേ നടക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് നമുക്കായിക്കൂട. ക്രിസ്തു പണ്ട് ചാട്ടവാര്‍ എടുത്തിട്ടുണ്ട്. കുറെ മൂധേവികളെ നന്നാക്കാന്‍. ഈ ഭീകര സംഭവങ്ങള്‍ കണ്ടിട്ട് നാട്ടുകാര്‍ ചിലപ്പോള്‍ വല്ല കത്തിയോ പിക്കാസോ കയ്യില്‍ എടുത്താലും അവരെ കുറ്റം പറയാന്‍ പറ്റുമോ? ഒരിക്കലുമില്ല...

കൂടുതല്‍ വിവരങ്ങള്‍ക്ക്...(കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി മാത്രം)


No comments:

Post a Comment