Tuesday, February 1, 2011

മൈന: തമിഴന്റെ മനസ്സ് (Myna)


ഓരോ തമിഴന്‍മാര് ഇങ്ങനെ തുടങ്ങിയാല്‍ നമ്മളെന്തുചെയ്യും?  ഇവിടുള്ളോന്‍മാരെ പറയിപ്പിക്കാന്‍. ഇവനൊക്കെ ഒണ്ടാക്കണത് എല്ലാംകൂടി എടുത്ത് എന്തിന് ഈ കേരളത്തിലോട്ട് കൊണ്ടുവരണം? മലയാളത്തിന്റെ ജനപ്രിയ സംവിധായകരില്‍ ആരെങ്കിലും ചോദിച്ചാല്‍ അപ്പോള്‍ മനസ്സിലാക്കിക്കൊള്ളണം ഈ മാന്യദേഹം മൈന കണ്ടൂവെന്ന്. 

മണ്ണിന്റെ മണവും വിയര്‍പ്പിന്റെ ഗന്ധവുമുള്ള ഒരു സാധാ തമിഴ്‌നാട്ടുകാരന്റെ മനസ്സ് എങ്ങനയൊക്കെ സഞ്ചരിക്കുമോ അതാണ് മൈന. മലയാളത്തില്‍ അന്യം നിന്നുപോയ ആ പഴയ സിനിമാ ചിന്ത ഇപ്പോള്‍ കാറ്റുമാറി കിഴക്കുനിന്ന് ഇങ്ങോട്ട് വീശുന്നു. മലയാളത്തിന്റെ സ്വന്തം സംവിധാന പ്രതിഭകള്‍ വല്ലപ്പോഴെങ്കിലും തല ആ കാറ്റിനുനേരേ  കാണിച്ചിരുന്നെങ്കില്‍ ഇവിടെയും എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചുപോയേനേ. 

പ്രഭുസോളമന്‍ എന്ന ഡയറക്ടറിന്റെ ജാതകം ഗണിച്ചാല്‍, മൈന എന്ന പടം പിറക്കേണ്ടതല്ല. 2001 ല്‍ 'കണ്ണോടു കാണ്‍പതെല്ലാം' തുടങ്ങി 2009 ലെ 'ലാടം' വരെ ആറു പടം സംവിധാനിച്ചത് വച്ച് നോക്കിയാല്‍ മൈന ഒരു അത്ഭുതം തന്നെ. 

സമാന്തരമായിട്ടുള്ള രണ്ടു കഥകളുടെ സംയോജനമാണ് മൈന. മലയാളത്തിലായിരുന്നെങ്കില്‍ ഇത് രണ്ടും രണ്ടു സിനിമയായേനേ. മാത്രമല്ല ഇതിന്റെ രണ്ടും മൂന്നും നാലും ഭാഗങ്ങളായി തത്ത, കാക്ക, മുറിവാലന്‍കിളി, വീണ്ടും മൈന, മൈന റിട്ടേണ്‍സ് എന്നൊക്കെ പേരില്‍ പിറന്നുകൊണ്ടിരിക്കും. 

താന്തോന്നിയായ ചുരുളിയും നായികയായ മൈനയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന അപരിഷ്‌കൃതമായ ഒരു ഗ്രാമത്തിലെ താമസക്കാരനായ ചുരുളിക്ക് വീട്ടിലെ കഷ്ടപ്പാടുമൂലം ചെറുപ്രായത്തിലേ ജോലിക്കിറങ്ങേണ്ടിവന്നു. ഒരു സഹാചര്യത്തില്‍ പാവപ്പെട്ടവളായ മൈനയുടെയും അവളുടെ അമ്മയുടെയും സംരക്ഷണചുമതല ഏറ്റെടുക്കേണ്ടി വരുന്നു. അവന്റെ യൗവനം അവള്‍ക്കും അവളുടെ കുടുംബത്തിനും സംരക്ഷണത്തിനായി അവന്‍ ഉപയോഗപ്പെടുത്തുന്നു. അതിനിടയില്‍ അവര്‍ പ്രണയബദ്ധരായി. എന്നാല്‍ മൈനയ്ക്ക് കല്ല്യാണപ്രായമാകുതോടെ അവളുടെ അമ്മ അവള്‍ക്ക് വേറെ കല്ല്യാണം ആലോചിക്കുകയും ഇതില്‍ പ്രകോപിതനായ ചുരുളി അവിടെ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസിന്റെ പിടിയിലാകുകയും ചെയ്യും. ചുരുളിയെ സബ് ജയിലിലേക്ക് റിമാന്റ് ചെയ്യുന്നു. ഇവിടം മുതല്‍ കഥ ആരംഭിക്കും. ദീപാവലിയുടെ തലേദിവസം രാവിലെയാണ് കഥ ആരംഭിക്കുത്. 

സബ് ജയിലിലെ ജയിലറായ ഭാസ്‌കറില്‍ നിന്നാണ് സമാന്തരകഥ പോകുന്നത്. ഭാസ്‌കറിന്റെ കല്ല്യാണം കഴിഞ്ഞുള്ള ആദ്യ ദീപാവലിയാണിത്. ആദ്യ ദീപാവലിക്ക് ഭാര്യ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ജയിലില്‍ എന്തോ ഫംഗ്ഷന്‍ നടക്കുത്. ദീപാവലി തലേദിവസം ഉച്ചയ്ക്ക് മുമ്പ് വീട്ടിലെത്താമെന്ന് ഭാര്യക്ക് ഉറപ്പുനല്‍കി ഭാസ്‌കര്‍ ജയിലിലെത്തുന്നു. 

അന്ന് ഉച്ചയ്ക്ക് ചുരുളി ജയില്‍ ചാടുന്നു. ചുരുളിയെ പടിച്ചുകൊടുക്കേണ്ട ചുമതല ഭാസ്‌കറിനായതിനാല്‍ രാമയ്യന്‍ എ ഹെഡ്‌കോസ്റ്റബിളിനെയും കൂട്ടി ഭാസ്‌കര്‍ ചുരുളിയെ തേടി പുറപ്പെടുന്നു. 

ജയില്‍ചാടിയ ചുരുളി നേരെ പോകുത് മൈനയുടെ അടുത്തേക്കാണ്. എന്നാല്‍ പിറ്റേന്ന് - ദീപാവലി ദിവസം മൈനയുടെ കല്ല്യാണമായിരുന്നു. പിറ്റേന്ന് കല്ല്യാണച്ചെക്കന്‍ എത്തുമ്പോള്‍ മൈനയും ചുരുളിയും പരസ്പര ഇഷ്ടം നാട്ടുകാരെ സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഭാസ്‌കറും രാമയ്യനും എത്തുതോടെ ചുരുളി വീണ്ടും പോലീസിന്റെ പിടിയിലാകുകയും, അവന് മൈനയേയുംകൂടി ഒപ്പം കൂട്ടേണ്ടി വരികയും ചെയ്യുന്നു. 

ഇനി മുന്നില്‍ എന്ത് എന്നറിയാതെ കാട് വഴി സബ്ജയിലിലേക്ക് യാത്രതിരിക്കുന്ന അവര്‍ക്ക് മുന്നിലേക്ക് ഒരു കാട്ടാനക്കൂട്ടം എത്തുതോടെ അവരുടെ ജീവിതവും കൂടെ സിനിമയുടെ കഥയും മറിമറിയുന്നു.  

തമിഴ് സനിമാക്കാര്‍ മലയാള ഭാഷ ഉപയോഗിക്കുമ്പോഴുള്ള ന്യൂനത ഈ സിനിമയിലും കാണാനുണ്ട്. മലയാളം തമിഴ് ചുവയില്‍ സംസാരിക്കുക, ആവശ്യത്തിനും അനാവശ്യത്തിനും നമസ്‌കാരം പറയുക ഇതൊക്കെ സിനിമയില്‍ മുഴച്ച് നില്‍ക്കു കാര്യങ്ങളാണ്. എന്നാല്‍ എടുത്തു പറയേണ്ട കാര്യം ഈ പടത്തില്‍ അഭിനയിച്ചിരിക്കുന്നവരുടെ അഭിനയമികവാണ്. എടുത്തു പറയാനെന്നല്ല, ഒഴിവാക്കാനുള്ള ഒരാള്‍പോലും ഈ സിനിമയിലില്ല.  എന്നാലും 'നമ്മുടെ പെണ്ണായ' അമലാപോളിനെ നമുക്ക് ഉയര്‍ത്തിക്കാട്ടാവുന്നതാണ്. 

ഇപ്പോഴത്തെ രീതിയനുസരിച്ച്  ഒരുപക്ഷെ ഏതെങ്കിലും ഫ്രഞ്ച് സിനിമയില്‍ നിന്നോ ഡച്ച് സിനിമയില്‍ നിന്നോ കടംകൊണ്ട പ്രമേയമായിരിക്കാം. അവകാശവാദങ്ങളുമായി പലരും രംഗത്ത് വന്നെന്നുമിരിക്കും. പക്ഷെ ഒരു സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് മൈന. പടം എടുക്കുന്നതിലല്ല, അത് എങ്ങനെയെടുക്കുന്നു എതിലാണ് കാര്യമെന്ന് മൈന നമുക്ക് കാണിച്ചുതരുന്നു.


1 comment:

  1. പടം കണ്ടിരുന്നു. തുടക്കം മോശമായി തോന്നി. ഒരു സാധാരണ തമിഴ് പടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു തുടക്കം.പക്ഷേ രണ്ടാം പകുതിയിൽ എല്ലാ മേഖലകളിലും മികച്ച നിലവാരം പുലർത്തിയ ഒരു സിനിമയായിരുന്നു ഇത്. ബസ് അപകടത്തിന്റെ രംഗം സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഒന്നായിരുന്നു. പക്ഷേ, സ്ത്രീകളുടെ നേരെയുള്ള അക്രമം ന്യായീകരിക്കുന്ന രീതിയിലുള്ള ചിത്രീകരണം ഒരു ന്യൂനതയായി കരുതാം. പക്ഷേ, ഈ സിനിമ കേരളത്തിൽ വിജയിച്ചില്ല. സുബ്രഹ്മണ്യപുരവും മറ്റും ജയിപ്പിച്ച കേരളീയർ ഈ സിനിമയ്ക്കു നേരെ മുഖം തിരിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. താങ്കളുടെ രചനാശൈലി ഹൃദയവർജ്ജകം. ഇനിയും എഴുതുക.

    ReplyDelete