Thursday, February 10, 2011

വേലിചാട്ട പരീക്ഷണങ്ങള്‍വൈര്യ നിര്യാതന ബുദ്ധി എന്ന പദം മലയാളിക്ക് എന്താണെന്നു മനസിലാക്കിക്കൊടുത്ത മഹാനുഭാവന്‍. സി.പി.എം. എന്ന ബംഗാള്‍, കേരളം, പിന്നെ റെയില്‍ വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ മാത്രം കാണുന്ന ചുവപ്പ് കൊടിയുടെ ഉടയോന്‍മാരുടെ എല്ലാമെല്ലാമായിരുന്നയാള്‍. എന്നൊക്കെ പറയാം. പേരിന്റെ ഇനിഷ്യലില്‍ തന്നെ വേലിക്കകത്ത് എന്നുള്ളതിനാല്‍ വേലി പൊളിക്കാന്‍ ചെറുപ്പം തൊട്ടേ ഇഷ്ടമായിരുന്നു. അന്നൊക്കെ കൊന്നപ്പത്തലായിരുന്നു വേലിക്കുപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഒന്നാന്തരം ഇരുമ്പ് വേലിയാണ്. കുറേക്കാലമായി പൊളിക്കാന്‍ നോക്കുന്നു നടക്കില്ലാാാാ.......... എന്നു സ്വയം പറഞ്ഞ് പിന്‍മാറുകയാണ്.

തുടക്കം തയ്യല്‍ തൊഴിലാളിയായിട്ടായിരുന്നു. ബട്ടണ്‍ വെക്കാന്‍ പഠിച്ചപ്പോഴേക്കും അതു വിട്ടു. പിന്നെ പുന്നപ്ര വയലാറില്‍ സി.പിക്കെതിരേ പടപൊരുതിയെന്നു പറയപ്പെടുന്നു. അന്നു പൂഞ്ഞാറില്‍ ഒളിവിലായിരുന്നുവെന്നു മറുവാദം. എന്തൊക്കെയായാലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി നമ്മുടെ വിപ്ലവപാര്‍ട്ടിക്ക് രൂപം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്നയാള്‍. എന്തുപറയാന്‍, നമ്പൂതിരിപ്പാടുള്ള കാലത്തും പയറ്റി നോക്കിയിരുന്നു. അന്നു സവര്‍ണ മേധാവിത്വമായിരുന്നു. എല്ലാരും കൂടി ഒതുക്കി പരിണത്തിരുത്തിക്കളഞ്ഞു.

ആ തുടക്കത്തില്‍ പറഞ്ഞ സാധനം അന്നും സ്വന്തമായിരുന്നു. ആ ബുദ്ധിയേ....... പിന്നെ വെട്ടി നിരത്തി, കൊടികുത്തി ജനകീയ നേതാവായി. മതികെട്ടാന്‍ മലകയറി, അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തി. എന്തെല്ലാം പുകിലാരുന്നു. കൂടെക്കുറെ ചെക്കന്‍മാരും. പക്ഷെ വടക്കുനിന്ന് ഒരു ചേകവന്‍ വന്ന് പതുക്കെ വെട്ടിപ്പിടുത്തം തുടങ്ങിയതു തിരിച്ചറിയാന്‍ വൈകി. നമ്മള്‍ ഇന്നും ജീവിക്കുന്നത് ആ പഴയ സി.പിക്കെതിരേയുള്ള വിപ്ലവവീര്യം ചോരയില്‍ അലിഞ്ഞതുകൊണ്ടാണെന്ന് അവര്‍ക്കറിയില്ലല്ലോ.

ഒടുവില്‍ ആജീവനാന്ത അഭിലാഷം.... സി.എമ്മായി..... പക്ഷെ നമ്മുടെ കൈ, കാല്‍ വായ തുടങ്ങി എല്ലാം അവര്‍ പൂട്ടിക്കളഞ്ഞു. കസേര മാത്രം, കാറില്‍ കയറി ഇങ്ങനെ നടക്കാം.

അതിനിടെ ജെ.സി.ബി. എന്ന സാധനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി. അവിടെ നമ്മള്‍ വെട്ടിക്കയറിയങ്കെിലും ഇവിടെ അവര്‍ വെട്ടിക്കളഞ്ഞു. ഗുലാനെ ഇറക്കിയെങ്കിലും ഒടുവില്‍ പൂച്ചകളെയും കൂട്ടി മലയിറങ്ങേണ്ടി വന്നു. എന്തുചെയ്യാം... നമ്മുടെ വിധി. അവിടെ നിന്നിങ്ങനെ ഒന്നുമല്ലാതെ ഒരു നാലുവര്‍ഷം. ഒടുവില്‍ ഭാഗ്യം... നാളെ നാളെ. ഭാഗ്യക്കുറിയില്‍ ഒരു പരീക്ഷണം നടത്താനൊരുങ്ങുന്നു.


കാലം ബാക്കിയില്ല. എതിരാളി ചില്ലറക്കാരനല്ല. ഇവിടെ നിന്ന് ഗവേഷണം നടത്തി സി.ഐ.എയെ വരെ വിറപ്പിച്ച ഒരു ഭയങ്കരനുമായിട്ടാണ്. സംവാദത്തിനു ആളെ വിളിച്ചു തോറ്റുകൊടുക്കുന്നാളാണ്. നമ്മുടെ സതീശന്‍ മേനോനുമുന്നില്‍ ചുമ്മാ തോറ്റുകൊടുത്ത കക്ഷിയാണ്. പാവം പയ്യന്‍ ജയിക്കട്ട് എന്നു പറഞ്ഞ്. പിന്നെ ഒപ്പം അത്ഭുതക്കുട്ടിക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ഘടാഘടിയന്‍ തീപ്പൊരി നേതാവും എതിര്‍ വശത്ത്. നമ്മള്‍ പിന്നോട്ടില്ല. മൂന്ന് മാസമെങ്കില്‍ മൂന്ന് മാസം. ആ വീര്യം വിപ്ലവവീര്യം. നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ അതാണ്.

ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല. അവസാനം കച്ചിത്തുരുമ്പുപോലെ വീണുകിട്ടിയത് ഐസ്‌ക്രീമാണ്. അതിലെങ്കിലും പിടിച്ചൊന്നു കയറണം. പക്ഷേ എത്രത്തോളം വിജയിക്കുമെന്നറിയില്ല. കാരണം നമ്മുടെ കൂടെനിന്ന് ശശിയായവരും അക്കൂട്ടത്തിലുണ്ടെന്നാണ് കേള്‍വി.

പക്ഷെ കറണ്ടില്‍ പിടിച്ച് കൈപൊള്ളിയ നമ്മുടെ സഖാവ് എല്ലാം കാണുന്നു, കേള്‍ക്കുന്നു. ഇനി കണ്ടറിയണം അവസാന വേലിചാട്ടമെങ്കിലും വിജയിക്കുമോ എന്ന്. ഇല്ലെങ്കില്‍ നമ്മള്‍ വീണ്ടും ഒളിവില്‍ പോകും. പഴയ വയലാറിലേക്ക്. വിശ്രമജീവിതം...ബോറടിക്കുമ്പോള്‍ പാതിക്ക് ഉപേക്ഷിച്ച ബട്ടന്‍സ് പിടിപ്പിക്കല്‍ പരിശീലിക്കാം. സ്വസ്ഥം...പിന്നെ എല്ലാം ചേര്‍ത്ത് പുസ്തകം വല്ലോം എഴുതുകയുമാകാം. എന്റെ വേലിചാട്ട പരീക്ഷണങ്ങള്‍ എന്നാകാം തലക്കെട്ട്.

1 comment: