Friday, February 18, 2011

പിള്ളചരിതം ഇനി ആട്ടക്കഥ

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പന്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും ഏറ്റവും തലയെടുപ്പുളള നായര്‍ ആണെന്ന കാര്യത്തില്‍ സംശയമില്ലാതെ പറയാന്‍ ഒരുപേരുണ്ടായിരുന്നു. കൊട്ടാരക്കരയുടെ സ്വന്തം രാമന്‍ പിള്ള ബാലകൃഷ്ണ പിള്ള എന്ന കേരള രാഷ്ട്രീയത്തിലെ മാടമ്പിപ്പിള്ള.

കണക്കില്ലാത്ത സ്വത്തുണ്ടായിരുന്ന അച്ഛന്റെ മകന്‍. ഒപ്പം കേരളം കണ്ട കാലം തൊട്ട് രാഷ്ട്രീയ ഭൂമികയിലെ തിളങ്ങുന്ന മുഖം. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ്. ഗണേശന്റെ അച്ഛന്‍ അങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍. കൊട്ടാരക്കരത്തമ്പുരാനാണ് കഥകളി എന്നകലാരൂപം ഉണ്ടാക്കിയതെന്നു കേഴ്‌വി. അങ്ങനെ പറഞ്ഞാല്‍ പിള്ളചരിതം ഒരു ആട്ടക്കഥയ്ക്കുള്ളതുണ്ടെന്നത് പരമസത്യം.

ഒടുവില്‍ കേരളത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ജയിലില്‍ പോകുന്ന മന്ത്രിയെന്ന വിശേഷണവും. പാവം പിള്ളേച്ചന്‍ അച്ചുമാന്റെ കരാളഹസ്തങ്ങളില്‍പ്പെട്ട് അഴിയും പിഴയും ഉറപ്പായിക്കഴിഞ്ഞു. പഞ്ചാബ് മോഡല്‍ പ്രസംഗം, കൂറുമാറ്റം അയോഗ്യത പിള്ളേച്ചന്‍ ഇതൊന്നും പുത്തരിയല്ലെങ്കിലും ശിക്ഷ ഒരിക്കലും താങ്ങാന്‍ പറ്റില്ല.

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കഴിഞ്ഞതൊക്കെ ആത്മകഥയില്‍ എഴുതിയ ഊറ്റം കൊള്ളാമെങ്കിലും അഴിമതിക്കേസിലെ ശിക്ഷ അതും ഈ 76-ാം വയസില്‍ ഓരോ വിധി. തന്റെ അന്ത്യം ജയിലില്‍ വച്ചാകുമെന്ന പതംപറച്ചിലും ബാക്കി. എന്തു റിവ്യൂ പെറ്റീഷന്‍ ഒന്നും രക്ഷയില്ല.

ഇടമലയാര്‍ എന്നുകേട്ട് അച്ചുമ്മാന്‍ പിന്നാലെ കൂടിയിട്ട് കാലം കുറേയായി. അതിനിടെ ചെറിയൊരു ജയില്‍വാസവും ശിക്ഷയും പിന്നീട് ഹൈക്കോടതിയുടെ അനുകൂല വിധി. പിന്നിപ്പോ വീണ്ടും സുപ്രീം കോടതിയുടെ വക അഴിയും.

സിറ്റിംഗ് ഒന്നിന് ലക്ഷങ്ങള്‍ വച്ച് നല്‍കിയാണ് പിള്ളേച്ചന്‍ കേസ് നടത്തിയത്. അതിനു വിറ്റുതള്ളിയതുമുഴുവന്‍ കുടുംബസ്വത്തും. പാവം കേരളീയര്‍ പിള്ളേച്ചന്റെ ത്യാഗം കണ്ട് നമസ്‌കരിച്ചുപോകും. അച്ചുമ്മാന് എവിടുന്നാ ഇതിനുകാശെന്ന് പിള്ള ചോദിച്ചതിന് ഇതുവരെ മറുപടി കിട്ടിയിട്ടുമില്ല.

പിള്ളയുടെ പതനം ആദ്യം പിടികിട്ടിയത് കൊട്ടാരക്കരക്കാര്‍ക്ക് തന്നെയാണ്്. അതുകൊണ്ടാണല്ലോ കഴിഞ്ഞതവണ അവിടെ തോല്‍പ്പിച്ചത്. അതിനുംമുമ്പ് മന്ത്രിയായി മകന്‍ തോല്‍പ്പിച്ചു. അവിടുന്നു തുടങ്ങിയതാണു നമ്മുടെ വീഴ്ചകളുടെ തുടക്കം. പിന്നെ ഒത്തുതീര്‍പ്പ്. നമ്മള്‍ക്ക് പെരുന്തച്ചന്‍ കോംപ്ലക്‌സ് ഉണ്ടെന്ന് ഒക്കെ അന്നു നാട്ടുകാര്‍ പറഞ്ഞു. പക്ഷെ പിള്ളയ്ക്ക് അതു പ്രശ്‌നമല്ല. കൊടിവച്ച കാറും ആ നിലവിളി ശബ്ദവും എന്നും നമുക്ക് ഹരമാണ്. അതോടൊപ്പം കമ്യൂണിസ്റ്റ് വിരുദ്ധതയും.

കമ്യൂണിസത്തെപ്പറ്റി പഠിക്കാന്‍ ചൈനയില്‍ വരെ പോയിട്ടുള്ള ആളാണ് പിള്ള. വായിച്ചുതള്ളിയ പുസ്തകങ്ങള്‍ക്ക് കണക്കില്ല. പഴയ പ്രതാപം നിലനിര്‍ത്താന്‍ ഇന്നും ഉണ്ട് ഒന്നല്ല മൂന്ന് ആനകള്‍. ആ പിള്ളയെയാണ് സുപ്രീം കോടതിയില്‍ അച്ചുമ്മാന്‍ പൂട്ടിയത്.

സാക്ഷാല്‍ കരുണാകരനും പിന്നെ മാണിക്കും നടക്കാത്ത കാര്യമാണ് അച്ചുമ്മാന്‍ നടത്തിയെടുത്തത്. അച്ചൂന്റെ വൈര്യനിര്യാതന ബുദ്ധിയാണ് ഇതിനു പിന്നിലെന്നാണ് പിള്ളയുടെ വാദം. തന്റെ കാലത്തിനുശേഷം ഇവിടെ ഒരുതുള്ളി വെള്ളക്കറണ്ട് ഉണ്ടാക്കിയിടുണ്ടോ, ആനവണ്ടിക്കോര്‍പ്പറേഷന്‍ ലാഭത്തിലായിട്ടുണ്ടോ...? പിള്ളയുടെ ചോദ്യങ്ങള്‍ ബാക്കി.

ഇനി തെരഞ്ഞെടുപ്പും ഇല്ല. മല്‍സരവും ഇല്ല. മാണിയുടെ ഒക്കെ ഒരു ഗ്രാഫ് ഇങ്ങനെ വളരുമ്പോള്‍ നമ്മുടെ ഒരു ഭാവി. പിന്നെ ഒരാശ്വാസം മകനാണ്. അച്ഛന്റെ മോന്‍ തന്നെ,. മിടുമിടുക്കന്‍. അതാണൊരാശ്വാസം പിന്നെ എല്ലാം കൊട്ടാരക്കര ഗണപതിയില്‍ സമര്‍പ്പിച്ച് ഒരു തേങ്ങയടിച്ച് കാത്തിരിക്കാം...

No comments:

Post a Comment