Saturday, February 19, 2011

മലയാള സിനിമയില്‍ ബാലവേല!

മലയാള സിനിമയില്‍ ബാലവേല ശക്‌തമാകുന്നു. 2006 മുതലാണ്‌ ബാലചൂഷണം മലയാള സിനിമയില്‍ അരങ്ങേറിയത്‌. അന്നുമുതല്‍ എടുത്താല്‍ പൊങ്ങാത്ത ഭാരമാണ്‌ ഈ നടന്‌ ഏറ്റെടുക്കേണ്ടി വന്നത്‌. പതിനേഴോളം മലയാളപടങ്ങളിലാണ്‌ മലയാളത്തിന്റെ മരുമകനായി അറിയപ്പെടുന്ന `ബാല'യെക്കൊണ്ട്‌ ഇത്തരത്തില്‍ പണിയെടുപ്പിച്ചത്‌.

2006 ലെ `കളഭം' മുതല്‍ ഇനിയും റിലീസാകാത്ത മുസാഫിറും ഉടന്‍ റിലീസാകുന്ന `കയം' , `സഹസ്രം' വരെയാണ്‌ ഈ `ബാല'ന്‍ പരാതി കൂടാതെ അഭിനയിച്ചത്‌. പതിനെട്ടോളം ചിത്രങ്ങളില്‍ അതിഭീകരമായി അഭിനയിച്ചു. അതിഭീകരമായി തന്നെ എല്ലാം പതിനെട്ടുനിലയില്‍ പൊട്ടി. (രക്ഷപ്പെട്ടെന്ന്‌ പറയപ്പെടുന്നത്‌ `പുതിയ മുഖം' മാത്രം). എന്നിട്ടും ഈ ബാലക്കു മാത്രം വേലക്കൊരു കുറവും വന്നില്ല.

പൊട്ടുന്ന പടങ്ങളിലെല്ലാം മുഖം കാട്ടാനുള്ള ഭാഗ്യം സിദ്ധിച്ച നടനെന്ന നിലയ്‌ക്ക്‌ ചങ്കില്‍ കൈവച്ച്‌ പറഞ്ഞാല്‍ മലയാളസിനിമയിലെ ചാവേറാണ്‌ ഈ ബാല. കണ്ടവന്റെ ആട്ടും തുപ്പും കൊള്ളുന്ന വേഷങ്ങള്‍ കിട്ടിയിട്ടുമില്ല. കിട്ടിയതൊക്കെയും ഗുണ്ട, തീവ്രവാദി, പൊട്ടന്‍, പോലീസ്‌, കമാന്‍ഡോം, അസിസ്‌റ്റന്റ്‌ മന്ത്രവാദി എന്നിങ്ങനെ കണ്ടവന്റെ മേക്കിട്ടുകേറുന്ന കഥാപാത്രങ്ങള്‍. ഇതെല്ലാം ഒരു ബാലന്റെ `വേല'കള്‍ ആണല്ലോ എന്ന മലയാളിയുടെ സഹതാപമാണ്‌ ഇന്നും ബാലക്ക്‌ തുണ. അല്ലെങ്കില്‍ തന്നെ നമ്മുടെ വിനുമോഹന്‌ വരെ കണ്ണടയും കോട്ടുമിട്ട്‌ തോക്കും പിടിച്ച്‌ ഓടുന്ന വേഷം കിട്ടുന്ന സ്‌ഥിതിക്ക്‌ ബാലയും ജീവിച്ച്‌ പോട്ടെന്നേ. ആരെങ്കിലുമൊക്കെ എന്നെങ്കിലുമൊക്കെ നന്നാകുമായിരിക്കും. പക്ഷേ...മലയാളസിനിമയുടെ കാര്യത്തില്‍ മാത്രം അങ്ങനെ പ്രതീക്ഷിക്കേണ്ട. പിന്നെ ഈ യുവതാരങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടതുമില്ല. എല്ലാ പൊട്ടിപ്പൊളിഞ്ഞ സിനിമയും ബ്ലോക്ക്‌ ബ്ലസ്‌റ്റര്‍ ആയി കാണിക്കുന്ന ചാനലുകള്‍ മലയാളത്തിലുള്ളപ്പോള്‍ പേടിക്കേവേണ്ട. ഇത്തരം ബാല വേലകള്‍ നമ്മുക്ക്‌ അങ്ങനെ ആസ്വദിച്ചാല്‍ മതിയല്ലോ (താത്‌പര്യമുണ്ടെങ്കില്‍ മതി. ആരേം നിര്‍ബന്ധിക്കുന്നില്ല കേട്ടോ). 

ഒരു പടം പൊട്ടിയാല്‍ തന്നെ ഔട്ടാകുന്ന സിനിമാ ലോകത്ത്‌ ബാല ഇന്നും സജീവം. കാണാനാളില്ലാതെ മൈതാനത്ത്‌ ഒറ്റയ്‌ക്ക്‌ കസറത്ത്‌ കാണിക്കുന്ന പാവം `ജനപ്രിയ'ന്‌ കൂടി ഇതിന്റെ രഹസ്യം പറഞ്ഞുകൊടുക്കണം. മലയാളി പാട്ടുകാരി അമൃതാ സുരേഷിനെ വിവാഹം കഴിച്ച ബാലയുടെ `വേല' ഇനിയും തുടരട്ടെ. പടങ്ങള്‍ക്ക്‌ ഇനിപ്പറയുന്നവയുടെ വിധിയാകാതിരുന്നാല്‍ മാത്രം.

ബാലയുടെ (പൊളിഞ്ഞ) മലയാളചിത്രങ്ങള്‍

കളഭം(2006)
ബിഗ്‌ ബി (2007)
ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ (2007, ഗസ്‌റ്റ്‌)
സൗണ്ട്‌ ഓഫ്‌ ബൂട്ട്‌ (2007)
എസ്‌.എം.എസ്‌. (2008)
ആയുധം(2008)
ചെമ്പട (2008)
വേനല്‍ മരം (2009)
സാഗര്‍ ഏലിയാസ്‌ ജാക്കി (2009, ഗസ്‌റ്റ്‌)
പുതിയ മുഖം (2009)
ബ്ലാക്ക്‌ സ്‌റ്റാലിയണ്‍ (2009)
പത്താമദ്ധ്യായം (2009)
ദ്രോണ (2010)
റിങ്ങ്‌ടോണ്‍ (2010)
അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്‌ (2010)
മുസാഫിര്‍ (2010)
അവന്‍(2010)
കയം (2010)
സഹസ്രം (2010)
ചാവേര്‍പ്പട (2010, പേടിക്കല്ലേ..ഉടന്‍ വരും ടിവിയില്‍)

1 comment:

  1. ബാല വേല നിർത്തേണ്ട കാലമായി

    ReplyDelete