Saturday, March 19, 2011

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്: ട്വന്റി 20 മാന്തി എടുത്ത സിനിമ

പോക്കിരി രാജയിലൂടെ കഥയോ തിരക്കഥയോ ഒരു കോപ്പുമല്ല, വെറും സൂപ്പര്‍സ്റ്റാറിസമാണ് സിനിമ എന്ന് പറഞ്ഞുതന്ന മലയാളത്തിലെ റെഡിമെയ്ഡ് തിരക്കഥാകൃത്തുക്കള്‍ ഉദയകൃഷ്ണനും സിബിയും ആ ഒരു കാര്യം തന്നെ ആവര്‍ത്തിച്ച് സ്ഥാപിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. പ്രധാന കഥാപാത്രങ്ങള്‍ ക്രിസ്ത്യാനികളായതുകൊണ്ടാകാം ഈ പേര് കിട്ടിയത്. അതല്ലെങ്കില്‍ നായകന്‍ ക്രിസ്റ്റിയും ബ്രദേഴ്‌സും എന്ന അര്‍ത്ഥത്തിലുമാകാം. പോക്കിരിരാജയും കാര്യസ്ഥനുമൊക്കെ സഞ്ചരിക്കുന്ന പാത തന്നെയാണ് ഇതിനും ഒരുക്കിക്കൊടുത്തിരിക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന പേരില്‍ ഇറക്കിയാല്‍ പ്രേക്ഷകര്‍ എന്തും കാണും അതൊക്കെ സഹിക്കും എന്ന തോന്നലാണ് ഈ ചിത്രത്തിന്റെയും പിന്നില്‍. 


മലയാളത്തിലെ വ്യക്തിത്വമുള്ള സംവിധായകനായ ജോഷി, താനും ചെുറതായിട്ട് ഫാസിലിന്റെ വഴിയെ പോകാന്‍ തുടങ്ങുന്നു എന്ന സന്ദേശമാണ് ഈ ചിത്രം പ്രധാനമായും തരുന്നത്. രണ്ടുമണിക്കൂറിനുള്ളില്‍ തീര്‍ക്കേണ്ട സിനിമ വലിച്ചിഴച്ച് മൂന്ന് മണിക്കൂറോളമാക്കിയതില്‍ നഷ്ടം പ്രേക്ഷകന് മാത്രം. ആവശ്യമില്ലാതെ തിരുകിക്കയറ്റിയ കുറേ അനാവശ്യ കഥാപാത്രങ്ങള്‍. ആകെക്കൂടി ഒരു ഉദയകൃഷ്ണ സിബി കെ. തോമസ് ഫിലിം എന്ന് അടിവരയിട്ടുപറയാവുന്ന ചിത്രം (ഇവരുടെ പഴയ പടങ്ങള്‍ കണ്ടവര്‍ക്ക്)

ട്വന്റി 20 എന്ന സിനിമയില്‍ നിന്ന് മാന്തി എടുത്ത പലകാര്യങ്ങളും ക്രിസ്ത്യന്‍ പ്രദേഴ്‌സില്‍ കാണാന്‍ കഴിയും. ട്വന്റി 20 യിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ദേവരാജ് പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തിനെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സിലെ ക്രിസ്റ്റിയായി മാറും. ട്വന്റിയില്‍ ദേവരാജന് ഒരനുജന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇതില്‍ ഒരനുജനും രണ്ട് സഹോദരിമാരുമുണ്ട്. ബാക്കി സ്വഭാവമെല്ലാം ഒന്നുതന്നെ. അനുജനായി ദിലീപ് തന്നെ വേഷമിടുന്നു (പുള്ളിയും സ്വഭാവത്തിന്റെ കാര്യത്തില്‍ ട്വന്റി 20 തന്നെ). അതുപോലെ തന്നെ ട്വന്റിയിലെ പുന്നക്കാടന്‍ ഐ.പി.എസ് എന്ന സുരേഷ്‌ഗോപി കഥാപാത്രം ഇതില്‍ ജോസഫ് വടക്കനായി മാറുന്നു. വടക്കന്റെയും പുന്നക്കാടന്റെയും സ്വഭാവം അനുസരിച്ച് രണ്ടും ഒരു വയറ്റില്‍ നിന്നും വന്നപോലെ. പിന്നെ പുന്നക്കാടന് ഭാര്യയും കുട്ടിയുമുണ്ടെങ്കില്‍ വടക്കന് അതില്ല. പകരം ഇടയ്ക്ക് ഒരു കല്ല്യാണം കഴിപ്പിച്ച് കൊടുത്തുകൊണ്ട് വടക്കന്‍ ഇപ്പോഴും ഒരു യുവാവാണെന്ന് തെളിയിക്കുവാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട് (പ്രേക്ഷകന്റെ വിധി).

സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളും അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പറഞ്ഞുവരുമ്പോള്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കൊച്ചച്ചന്‍, മാമന്‍, അളിയന്‍, മച്ചമ്പി, അനിയന്റെ ഭാര്യയുടെ കാമുകന്റെ അച്ഛന്‍ തുടങ്ങിയ പോസ്റ്റുകളില്‍ വരും. ഒരു ഫാമിലി ത്രില്ലര്‍ എന്ന് പറഞ്ഞാണ് നമ്മള്‍ സിനിമ കാണാന്‍ പോകുന്നതെങ്കിലും അവസാനം അത് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആലോചിച്ചായിരിക്കും തിയേറ്റര്‍ വിടുന്നത്. 

നായകനായ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ക്രിസ്റ്റി വര്‍ഗ്ഗീസ് മാപ്പിള ഒരു അധോലോക ഡോണ്‍ ആണ്. എങ്ങനെ അങ്ങനെയായി എന്നത് പോയി സിനിമ കണ്ട് മനസ്സിലാക്കുക. അനുജന്‍ റോമില്‍ സെമിനാരി വിദ്യാര്‍ത്ഥിയും. അച്ഛന്‍ വര്‍ഗ്ഗീസ് മാപ്പിള (സായ്കുമാര്‍) മുന്‍ സൈനികോദ്യഗസ്ഥനാണ്. (ഈ കഥാപാത്രത്തെയാണെന്ന് തോന്നുന്നു തിലകന് കൊടുക്കാമെന്ന് പറഞ്ഞിരുന്നത്). മൂത്തമകനെ ഇയാള്‍ക്ക് കണ്ടുകൂട. കാരണം മകന്‍ ആരയൊക്കയോ കൊന്നു എന്നാണ് അച്ഛന്‍ വിശ്വസിച്ചിരിക്കുന്നത്. പക്ഷേ ക്രിസ്റ്റി പാവമാണ്. (ഇതൊക്കെയാണ് നമ്മുടെ കണ്ണ് നനയിപ്പിക്കുന്നത്). ചതിച്ചത് ക്രിസ്റ്റിയുടെ മരിച്ചുപോയ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) ഭര്‍ത്താവ് ജോര്‍ജ്ജ് (സുരേഷ് കൃഷ്ണ) ആണ്. പക്ഷേ സത്യം ക്രിസ്റ്റി പുറത്ത് പറഞ്ഞിട്ടില്ല. 

സിനിമയുടെ ആദ്യം ക്രിസ്റ്റിയുടെ കൊച്ചപ്പന്‍ തോമയെ (ജഗതി) വില്ലന്‍മാരായ അച്ഛനും (വിജയരാഘവന്‍) മക്കളും (ബിജുമേനോനും സംഘവും) സ്വത്ത് പ്രശ്‌നത്തില്‍ കൊല്ലുന്നു. അനുജന്‍ ജോജി റോമില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയുടെ മകളെ (കാവ്യ) കണ്ട് അനുരാഗ വിലോചനനായി അവളുടെ കൂടെ ലണ്ടനില്‍ വന്ന് ഒരു ഗാനരംഗത്തിലൂടെ അവളെ വളച്ചെടുക്കുന്നു. പക്ഷേ ഇത് മന്ത്രിയറിഞ്ഞ് മകളെ നാട്ടിലേക്ക് കൊണ്ടുവരുന്നു. ജോജിയെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ച് പാസ്‌പോര്‍ട്ടും കത്തിച്ചുകളയുന്നു. (നീയിനി എങ്ങനെ നാട്ടില്‍ വരുമെന്ന് കാണണം). കേരളത്തില്‍ വരുന്ന കാവ്യയെ ആേരാ തട്ടിക്കൊണ്ടു പോകുകയും ഒരു കോടിരൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നു. അപ്പോഴാണ് ബോംബേ പോലീസിന്റെ സഹായിയായ ക്രിസ്റ്റി ഈ കേസ് ഏറ്റെടുത്തുകൊണ്ട രംഗപ്രവേശം ചെയ്യുന്നത്. പുള്ളി വന്ന് അന്വേഷിക്കുമ്പോള്‍ അറിയുന്നു തട്ടിക്കൊണ്ട് പോയവന്‍ വേറയാരുമല്ല സഹോദരിയുടെ ഭര്‍ത്താവ് ജോര്‍ജ് ആണെന്ന്. പിന്നെ അടി വെടി തുടങ്ങിയ കലാപരിപാടികളോടെ കാവ്യയെ മോചിപ്പിക്കുന്നു. പക്ഷേ കുറച്ച് കഴിയുമ്പോള്‍ ജോര്‍ജ് വെടിയേറ്റ് മരിക്കുന്നു. ആ കുറ്റം സ്വാഭാവികമായി ക്രിസ്റ്റിയുടെ തലയില്‍ വീഴുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കാനാണ് സുരേഷ്‌ഗോപി വരുന്നത്. 

ഇതിനിടയ്ക്ക് വല്ല മടലോ കമ്പിപ്പാരയോ കിട്ടിയാല്‍ തല്ലിക്കൊല്ലണമെന്ന് തോന്നുന്ന ഒരു കഥാപാത്രമുണ്ട്. സുരാജ് അവതരിപ്പിക്കുന്ന വേലക്കാരന്‍. അല്ല... ഇവനൊന്നും വേറെ ഒരു പണിയുമില്ലേ? ബാക്കി മുഴുവന്‍ നമ്മള്‍ ഇരുന്ന് കണ്ടുകൊള്ളണം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല കാര്യങ്ങളും കാണാം. ഇടയ്ക്ക് ബോബെയിലെ മറ്റൊരു അധോലോകം എന്ന പേരില്‍ ശരത്കുമാര്‍ വരുന്നുണ്ട്. മോഹന്‍ലാലിന്റെ കാമുകിയായി (വേണമായിരുന്നോ എന്നു തോന്നിപ്പോകും) ലക്ഷ്മി ശര്‍മ്മ വരുന്നുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത കുറേ സംഭവങ്ങളും നടക്കുന്നുണ്ട്. ഇവയെല്ലാംകൂടി കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ എന്തോ ഒരു സാധനം മുഴച്ചു നില്‍ക്കുന്നതായിട്ട് തോന്നും. അത് തിരക്കഥയാണെന്ന് മനസ്സിലാക്കാം. 

പണ്ട് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഓടിയിരുന്ന തട്ടുപൊളിപ്പന്‍ തമിഴ്പടങ്ങളെ ലജ്ജിപ്പിക്കുന്ന അവതരണമാണ് ഈ സിനിമയുടെ തിരക്കഥയിലൂടെ തിരക്കഥാകൃത്തുക്കള്‍ പടച്ചുവിട്ടിരിക്കുന്നത്. അതിനൊത്ത ഒരു സംവിധാനവും. പ്രേമമൊക്കെ ആവശ്യമില്ലെങ്കിലും വാരി വിതറിയിരിക്കുകയാണ്, ഒരു നാണവുമില്ലാതെ. സൂപ്പര്‍താരങ്ങളുടെ ഡേറ്റ് കിട്ടയാല്‍ എന്തും എഴുതി സിനിമയാക്കാം എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. ജോഷി എന്ന സംവിധയകന്റെ കഴിവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയാണ് ഈ സിനിമയ്ക്ക്. 

മോഹന്‍ലാലും സുരേഷ്‌ഗോപിയും ബിജുമേനോനും സായ്കുമാറുമൊക്കെ എടുത്ത് നില്‍ക്കുന്നുണ്ടെങ്കിലും ഒരു സംതൃപ്തിയും ഈ ചിത്രം തരുന്നില്ല. കാര്യസ്ഥനും പോക്കിരി രാജയും കാണാത്തവര്‍ക്ക് ഈ സിനിമ ഒരു പാഠമാണ്. ഉദയനും സിബിയും ഇനിയും ആള്‍ക്കാരെ പറ്റിക്കാന്‍ വന്നാല്‍ നിന്നുകൊടുക്കരുത് എന്ന പാഠം.

5 comments:

  1. എല്ലാ പച്ചക്കറികളും വാരിയിട്റ്റ് വേവാത്ത സാമ്പാര്‍ ഉണ്ടാകിയാല്‍ അആര്കും ദാഹനക്കെദ് വരും
    ഇവരൊക്കെ ഫാഷന്‍ പരെട് പോലെ സ്റാര്‍ ഷോ കളില്‍ വരുന്നുണ്ടല്ലോ. പിന്നെ അതിനു ഒരു സിനിമ പടക്കേണ്ട കാര്യമുണ്ടോ
    ട്വന്റി ട്വന്റി ഒരു പുതുമ എന്ന നിലയില്‍ സ്വീകാര്യമായിരുന്നു
    എന്ന് വച്ച് ഇത് തന്നെ ഒരു തഞ്ചാമാകിയാലോ. പാവം പ്രേക്ഷകന് മനം പിരട്ടല്‍ വരും

    ReplyDelete
  2. എട്ടു നിലയില്‍ പൊട്ടും എന്ന് ഉറപ്പായി അല്ലെ....ഹഹഹഹ

    ReplyDelete
  3. valare,,mikacha,,cinemayanu.....super film,,,,,,,,,,,

    ReplyDelete
  4. super,,film,,,,,,,,,,,,,,,,,,,lalettan,,super,,,,,,,,,

    ReplyDelete