Monday, March 7, 2011

ഉലകം ചുറ്റും വാലിബന്‍പൂത്തിരി തറവാട്ടിലെ ആണൊരുത്തന്‍ വലിയ സംഭവമായിരുന്നു. അങ്കം വെട്ടി നാടുഭരിക്കേണ്ടവനെന്ന പാണപ്പാട്ട് കേട്ട് വളര്‍ന്നതിനാല്‍ മീശ നരച്ച പ്രായത്തിലാണ് അമുല്‍ ബേബിക്ക് ഗോദയിലിറങ്ങാന്‍ തോന്നിയത്. ഡൈയടിക്കുന്നതിനേക്കാള്‍ എളുപ്പം മീശ വടിക്കുന്നതാണെന്ന് ആരോ പറഞ്ഞു. പിന്നെ ഒട്ടുംതാമസിച്ചില്ല. കൊട്ടാരവാസം അവസാനിപ്പിച്ച് നാട് കാണാനിറങ്ങി. 'കുടില്‍' എന്നാല്‍ തിന്നാനുള്ളതെന്നാണ് അദ്യം കരുതിയത്. പിന്നെയാണ് മനസിലായത് ശതകോടി മാമന്‍മാരുടെ നാട്ടില്‍ ഒരുപറ്റം മനുഷ്യര്‍

വസിക്കുന്ന സ്ഥലമാണെന്ന്. അങ്ങനെ കലാവതിയുടെ കുടിലിലെത്തി സുഖവിവരം തിരക്കി. കഷ്ടപ്പാട് കേട്ട് തലകറങ്ങിയപ്പോള്‍ പിന്നെ കുടില്‍ കയറാന്‍ തോന്നിയില്ല. ബോംബെയില്‍ പോയി ട്രെയിനില്‍ കയറി. ഇങ്ങു കോയിക്കോട്ട് വന്നു പരിപ്പ്‌വട തിന്നു. രാവിലെ സൈക്കിള്‍ ചവിട്ടും ജിമ്മിലും പോകും. ഈ കസര്‍ത്തൊക്കെ വേണമെന്നു വച്ചിട്ടല്ല. പ്രായമാകാതെ നോക്കുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ്.


നൂറുകോടി ജനസംഖ്യയുള്ള ഈ മഹാരാജ്യത്തിനു സോണിയാജിയുടെ സംഭാവന രണ്ടു മക്കള്‍ മാത്രമാണെന്നു നമ്മുടെ പഴയ പുലി താക്കറെജി പണ്ടൊന്നു പറഞ്ഞിരുന്നു. അതു പരമാര്‍ഥം . എന്നാല്‍ നമ്മുടെ ആ സംഭാവനയിലെ ആണ്‍തരി വലിയ ഏതാണ്ട് സംഭവമാണെന്നൊക്കെയായിരുന്നു ഇവിടുത്തെ നമ്മുടെ ഖദര്‍ സാറമ്മാരുടെ പറച്ചില്‍.

ഒന്നാതേ വിവരമില്ലാത്തവരുടെ നാടാണ്. ജീന്‍സിട്ട്, മീശയെടുത്ത് യുവത്വം സംരക്ഷിക്കാനൊന്നും അറിയില്ല. അതുകൊണ്ട് ബീഹാറില്‍ പോയി അല്‍പം മാജിക് കാണിച്ചു. പണ്ട് യു.പി.യില്‍ കാണിച്ചതും ഈ മാജിക് ആയിരുന്നൂവത്രേ. ചുള്ളന്‍ ചെക്കനിറങ്ങിയാല്‍ എല്ലാം കൊണ്ടുപോരുമെന്നാണ് പറഞ്ഞുപരത്തിയത്.

എന്തുപറയാന്‍, പത്തുപൈസായ്ക്കു വിവരമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ കൊടുത്ത സമ്മാനം ഇത്തിരി കടുപ്പമായിപ്പോയി. ബീഹാര്‍ ഇപ്പം പിടിക്കും എന്നൊക്കെ പറഞ്ഞ് എന്തൊരാരവമായിരുന്നു. കറക്കാനറിയാത്ത കറവക്കാരനു പശുവിന്റെ ചവിട്ടു കിട്ടിയതുപോലെ ആയിപ്പോയി ഫലം വന്നപ്പോള്‍. വോട്ട് ബാങ്ക് തകര്‍ന്ന് കാര്യമായ പരുക്കേറ്റതോടെ പൈതലാനെ കാണാനുമില്ല. അമ്മയും മോനും അലഞ്ഞുതിരിഞ്ഞതു വെറുതേ, വോട്ടു മുഴുവന്‍ നിതീഷ് കൊണ്ടുപോയി. അതും ഒറ്റയ്ക്ക് അങ്ങു ചുമ്മിമാറ്റി. തരികിടപ്പരിപാടിക്ക് ഡോക്ടറ്റേ് എടുത്ത ഒരാളുടെ സ്വന്തം നാടായിരുന്നു അത്. അതും പത്തു പതിനഞ്ച് വര്‍ഷം. റാന്തല്‍ കെട്ടതുകൊണ്ട് പുള്ളി ഇപ്പം തൊഴുത്തിനു പുറത്തുപോലും ഇറങ്ങാറില്ല. കൂരിരിട്ടിലായിപ്പോയി പാവം. അവിടാ നമ്മുടെ പയ്യന്‍ ഇപ്പം ശരിയാക്കിത്തരം, ഇപ്പം ശരിയാക്കിത്തരാം എന്നു പറഞ്ഞ് ഇറങ്ങിയത്.

ഇന്നുവരെ പാര്‍ലമെന്റില്‍ നാലുവാക്ക് നന്നായി പറയാന്‍ അറിയാത്ത കൊച്ചനേ ചുമ്മാ വലിയ ആളാക്കി. അതും പറഞ്ഞ് പറഞ്ഞ്. ചെക്കനും അതുകേട്ടൊന്നു ഞെളിഞ്ഞു. ചുമ്മാ എല്ലിനിടയില്‍ ചപ്പാത്തി കേറി കുത്തിയപ്പോള്‍. കതിരേല്‍ വളം വച്ചിട്ടുകാര്യം വല്ലതുമുണ്ടോ. പത്തുമുപ്പത് വര്‍ഷം ഈ രാജ്യം എന്താണെന്ന് കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. പിന്നെ ആകെ ഞങ്ങള്‍ അഭിമാനിക്കുന്നത് പാരമ്പര്യത്തിലാണത്രേ. ഭാരതവര്‍ഷത്തിന്റെ പാരമ്പര്യം നോക്കുമ്പോള്‍ പിന്തുടര്‍ച്ച അമ്മ വഴിയാണ്. നമുക്ക് അത്രേയൊക്കെ മതി കൂടുതലാ.

എന്തായാലും നമ്മള്‍ തോറ്റുപിന്‍മാറില്ല. നമ്മുടെ ടീമിനെ വീണ്ടും ഇറക്കും. തോല്‍വിക്ക് കാരണം കണ്ടെത്താന്‍ പുറത്തുനിന്നൊരു ഏജന്‍സിയെ നിയോഗിക്കും. നമ്മളോടാ കളി. ഒന്നുമല്ലേലും ജീവിക്കണ്ടേ...

No comments:

Post a Comment