Tuesday, March 8, 2011

വോട്ടിംഗ്ഫലം മുന്‍കൂട്ടിയറായാം!!!!


വേള്‍ഡ് കപ്പ് ആരു നേടും? ഇടതിന് കേരളത്തില്‍ എത്ര സീറ്റു കിട്ടും? പിള്ളയുടെ ഭാവി എന്താകുമെന്നൊക്കെ ചിന്തിച്ച് ആരും ഇനി ഉറക്കമിളക്കേണ്ട. അത്തരക്കാരെ സഹായിക്കാന്‍ ഒരു ഹെല്‍പ്പ് ലൈന്‍ തുടങ്ങിയിരിക്കയാണ് ഇവിടൊരാള്‍.

കുഞ്ഞാലിക്കുട്ടിയുടെ കൈയിലിരുന്ന് ബോംബ് പൊട്ടുമോ? തങ്ങള്‍ക്കെതിരെയുണ്ടെന്നു പറയപ്പെടുന്ന സിഡിയില്‍ വല്ലതുമുണ്ടോ എന്നൊക്കെയറിയാന്‍ ഇനി പ്രയാസമേയില്ല.

ആളെ അഞ്ചായി വെട്ടിക്കീറിമുറിച്ചിട്ട് അഞ്ചു നിമിഷത്തിനുള്ളില്‍ ജീവിപ്പിക്കുന്ന വിദ്യയൊക്കെ ഏതു സാധാ മാന്ത്രികനും പറ്റും. പിടിച്ചുനില്‍ക്കണമെങ്കില്‍ പുത്തന്‍ നമ്പറുകള്‍ ഇറക്കണം. എന്നാലേ കൈയില്‍ നാലു ചുള കിട്ടൂ. (പക്ഷേ അതിനും ജാതകദോഷം മാറണമല്ലോ.)

പേരും പ്രശസ്തിയുമില്ലെങ്കില്‍ പിന്നെ ആരു തിരിഞ്ഞുനോക്കാനാണ്. പൊടിക്കൈ കൊണ്ടായില്ല. കടുംകൈ തന്നെ വേണ്ടിവരും. അത്തരത്തിലൊന്നിന് പണ്ട് ഇറങ്ങിത്തിരിച്ചതാ. ഒരു താരം വെണ്ണീറാകുന്ന ഫയര്‍ എസ്‌കേപ്പ്. ജയിച്ചാലും തോറ്റാലും ഫേമസാവും. ജാതകദോഷമെന്നല്ലാതെ എന്തു പറയാനാണ്. കുറെ എരണംകെട്ട  ഫാന്‍സുകാര്‍ വന്ന് അതില്ലാതാക്കി. 

കണ്ണും കാതുമൊക്കെ തകര്‍ക്കുന്ന വിദ്യ നമ്മുടെ സ്‌പെഷല്‍ നമ്പറായിരുന്നു.  തലസ്ഥാനത്ത് മേയറുടെ ചെവി പൊട്ടിച്ചു നമ്മള്‍ അത് തെളിയിച്ചതാ. ഒക്കെ ഒരു കണ്‍കെട്ടായിരുന്നു. പിന്നെയാണറിഞ്ഞത്. കണ്‍കെട്ടല്ല, മേയറുടെ കാതുപൊട്ടലാണു നടന്നത്. പക്ഷേ എന്തോ ഒരു ജാലവിദ്യ  നടന്നു. മേയര്‍ കേസ് കൊടുത്തില്ല.

ഒടുവിലാണു വിജയാ, നമ്മള്‍ പ്രവചന ജാലവിദ്യ പുറത്തെടുത്തത്. പോള്‍ നീരാളിക്കു നന്ദി!  ആ വിദ്യ ഏതായാലും ഫലിച്ചു. ആറ് മെട്രോ നഗരങ്ങളില്‍ പിറ്റേന്ന് പുറത്തിറങ്ങുന്ന പത്രങ്ങളുടെ തലക്കെട്ടുകള്‍ വെള്ളക്കടലാസില്‍ എഴുതി. ദൃക്‌സാക്ഷികള്‍ അതില്‍ ഒപ്പിട്ട് ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചു. പെട്ടികളുടെ താക്കോലും കൊണ്ടാണ് ദൃക്‌സാക്ഷികള്‍ പോയത്. പിറ്റേന്ന് പെട്ടിപൊട്ടിച്ചപ്പോള്‍ എന്തുണ്ടായി? എല്ലാ തലക്കെട്ടുകളും ശരിയായിരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നുവേണ്ട മനോരമയുടെയും മാതൃഭൂമിയുടെയും വരെ തലക്കെട്ടുകള്‍ വരെ വള്ളിപുള്ളി വിടാതെ കിറുകൃത്യം. 

ഇത്രയൊക്കെ പ്രവചിക്കാമെങ്കില്‍ പിന്നെ തങ്ങളുടെ രാഷ്ട്രീയ ഭാവി എന്തെന്നറിയാന്‍   നേതാക്കള്‍ സമീപിക്കില്ലേ. കെ.എസ്.യുക്കാരും യൂത്തന്‍മാരുമൊക്കെ വയസ്സന്മാരെ ചീത്തവിളിക്കാന്‍ ഇറങ്ങുംമുമ്പ് നമ്മളെ കാണാന്‍ വരും. പട്ടികയില്‍ പേരുണ്ടോയെന്നു നോക്കിയിട്ടു മതിയല്ലോ അങ്കംവെട്ട്. ഏതായാലും പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ എത്രയെന്നു മുന്‍കൂട്ടി അറിയാന്‍ പാര്‍ട്ടിക്കാരെങ്കിലും എത്താതിരിക്കില്ല എന്നു വിചാരിച്ചതാണ്. അപ്പോഴാണ് വീണ്ടും കഷ്ടകാലം, ജാതകദോഷം. - എക്‌സിറ്റ് പോളുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്! കുട്ടിച്ചാത്തന്മാരേ ഇവരോടു ക്ഷമിക്കണേ.....

No comments:

Post a Comment