Thursday, March 10, 2011

അനുസരണയുള്ള മരുമക്കള്‍

സ്വത്തും പണവും കണ്ട് മുറപ്പെണ്ണിന്റെ പുറകേ നടന്നത് ആറരക്കൊല്ലം. അതിനിടെ ഉണ്ടാക്കാവുന്ന കുഴപ്പമെല്ലാം ഒപ്പിച്ചു. അടിപിടി, പോലീസ് കേസ് എന്നുവേണ്ട എല്ലാം. സ്ത്രീധനം കണ്ട് പലരോടും കടവും വാങ്ങി. കല്യാണം ഒന്നു നടന്നു കിട്ടിയാല്‍ മതിയെന്നേയുള്ളൂ. നാട്ടുകാരെക്കൊണ്ടു പറയിച്ചതല്ലേ. എന്തും വരട്ടെയെന്നു കരുതി ഒടുവില്‍ അമ്മാവന്‍ വിവാഹത്തിനു സമ്മതം മൂളാനൊരുങ്ങി. അപ്പോഴാണ് ഇഷ്ടന്റെ മൊട. 'അമ്മാവനു നിര്‍ബന്ധമാണെങ്കില്‍ ഞാനവളെ കെട്ടാം'.....


പാര്‍ട്ടിയില്‍ നിന്നു പുറത്തായി കൂടുംകുടുക്കയുമെടുത്തു കുറേ നടന്നു. തിരിച്ചുതറവാട്ടിലെത്താന്‍ ആരുടെയൂം കാലുപിടിക്കാനും മനസ്സായിരുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡും ലോ കമാന്‍ഡുമൊക്കെ കനിഞ്ഞതുകൊണ്ട് അക്കാര്യം നടന്നു കിട്ടി. അപ്പോഴാണ് തെരഞ്ഞെടുപ്പ് പുകില്. സീറ്റ് എന്നൊക്കെ കേള്‍ക്കുന്നതേ വെറുപ്പാ. പിന്നെ എന്തുചെയ്യാം, ഒടുവില്‍ വളരെ കഷ്ടപ്പെട്ട് ഒരു തീരുമാനമെടുത്തു. പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ( ഏതായാലും രശേിനെപ്പോലെ ഹൈക്കമാന്‍ഡു പറഞ്ഞാലേ മത്സരിക്കൂ എന്നൊന്നും പറഞ്ഞില്ലല്ലോ, ആശ്വാസം.....)

വെട്ടിയും നിരത്തിയും മുന്നേറുന്ന പാര്‍ട്ടിയില്‍ ഇതുവരെ നമ്മുടെ മുഖ്യന്‍ പിടിച്ചുനിന്നത് ഏറെ പൊരുതിയാണ്. ഒറ്റയാനെപ്പോലെ ഇടയും. ഗതിയില്ലാതെ വന്നാല്‍ വായില്‍തോന്നുന്നതൊക്കെ വിളിച്ചുപറയും. പ്രതിരോധത്തിലായാല്‍ പിന്നെ വാക്കുകള്‍ വിഴുങ്ങും. അധികാരം കിട്ടിയാലുള്ള ഒരു പൊല്ലാപ്പേ... എന്നാലും ഇനിയും വലിയൊരു ത്യാഗത്തിനു തയ്യാറാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ( പക്ഷേ, പാര്‍ട്ടി നന്നായി നിര്‍ബന്ധിക്കണം)

വെട്ടാനും നിരത്താനുമൊന്നും ആരുമില്ലാത്ത ലീഗില്‍ എഴുത്തും വായനയുമുള്ളത് ഒരു നേതാവിന് അധികപ്പറ്റാണോ? ഐസ്‌ക്രീം തിന്നുന്നവര്‍ക്ക് കൂട്ടുനില്‍ക്കാത്തത്  തെറ്റാണോ? അതൊന്നും ഒരു കുറവല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് അങ്കത്തട്ടിലിറങ്ങാന്‍ ഒരുക്കമാണ്. പാര്‍ട്ടിക്കുവേണ്ടിയുള്ളതാണ് ഈ ജീവിതം. അതിന് ആരുമായും പടവെട്ടാം. ജീവനുള്ളടത്തോളം കാലം. ഒരു കണ്ടീഷനേ മുനീര്‍ ഇക്കയ്ക്ക് നിര്‍ബന്ധമുള്ളു. മത്സരിക്കാന്‍ പാര്‍ട്ടി പറയണം.


ഇനി പാര്‍ട്ടിയും പാര്‍ട്ടിക്കാരുമാരും ഒന്നും പറയുന്നില്ലെങ്കിലോ? വല്യ നോതാവായിട്ടൊന്നും ഒരു കാര്യവുമില്ല. മുഖ്യമന്ത്രിപദം സ്വപ്നം കണ്ടു നടന്നിട്ടെന്താവാന്‍.... കുഞ്ഞൂഞ്ഞിനോട് പലരും പല കാര്യങ്ങളും തിരക്കുന്നുണ്ട്. എന്നാലും ചെറിയൊരു ദുഃഖം. മത്സരിക്കുന്നതിനെപ്പറ്റി ഒരു വാക്ക്. ഒരൊറ്റ വാക്ക് ആരും ഇന്നുവരെ ചോദിച്ചിട്ടില്ല. അയ്യോ, കഷ്ടം!

പ്രായവും പക്വതയുമുള്ളവര്‍ അധികമില്ലാത്ത പാര്‍ട്ടിയാണെങ്കില്‍ നേതാവ് കുഴയുമെന്നത് മൂന്നരതരം. അയ്യോ അമ്മേ പോകല്ലേ, അയ്യോ അമ്മേ പോകല്ലേ എന്നും വിളിച്ച് അണികള്‍ കരഞ്ഞു നടക്കുമ്പോള്‍ അതു കാണാതിരിക്കാന്‍ നേതാവിനു പറ്റുമോ?  ഗൗരിയുടെ മനസ്സ് അത്രയക്ക്  കല്ലൊന്നുമല്ല. 

അച്ഛന്‍ വിമാന മന്ത്രിയെന്നുകരുതി മകള്‍ പൈലറ്റാകണമെന്ന്  വാശിപിടിച്ചാലോ?... ഇനി പാര്‍ട്ടിക്കാര്‍ അടിച്ചു പല്ലു പറിച്ചാലും വേണ്ടില്ല. മനസ്സിലുള്ള ആഗ്രഹം അടക്കാന്‍ ലക്ഷ്മിക്കായില്ല. പാര്‍ട്ടിക്കാര്‍ സമ്മതിച്ചാല്‍ അമ്മ മത്സരിച്ച കടുത്തുരുത്തിയില്‍ ഏതു കൊലക്കൊമ്പനോടു മത്സരിക്കാനും ഒരുക്കമാണ്. അച്ഛന്‍ എതിര്‍ക്കില്ലെന്നാണു വിശ്വാസം. പട്ടാഭിഷേകം നടക്കുമോ എന്തോ? 

ലക്ഷ്മി മാത്രമല്ല. അച്ഛന്‍ പിന്നിലുണ്ടെങ്കില്‍ എന്തിനും തയ്യാറായി നില്‍ക്കുന്നവര്‍  വേറെയുമുണ്ട്. കൊട്ടാരക്കരയില്‍ പോലും. പക്ഷേ മത്സരിക്കാന്‍ അച്ഛന്‍ പറയണം. പാവം പത്മജ! ഇത്തവണ പതിവു പല്ലവി ആവര്‍ത്തിക്കാന്‍ അവര്‍ക്കു മാത്രം കഴിയില്ല. 'അച്ഛന്‍ പറഞ്ഞാല്‍ മത്സരിക്കും!'

No comments:

Post a Comment