Monday, March 14, 2011

വിഎസ്. കോണ്‍ഗ്രസില്‍!!!


'വി.എസ്.'  ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. ജനപക്ഷത്തു നിന്ന്  പാര്‍ട്ടി നിലപാടിലെ പൊരുത്തക്കേടുകള്‍ തുറന്നു കാട്ടി, നിരന്തരം കലഹിക്കുന്ന വി.എസ്. ഇനി കോണ്‍ഗ്രസിലും. പാര്‍ട്ടിക്കതീതനായി വി.എസ്. വളര്‍ന്നപ്പോഴും പിടിച്ചുനിര്‍ത്തിയ ജനപിന്തുണയും ധൈര്യവും കോണ്‍ഗ്രസ്സിലേക്കും ബാധിച്ചിരിക്കുന്നു.

ഇന്ദിരാഭവനിലെ മുന്നില്‍ റോഡ് സൈഡില്‍ പോലും പേപ്പറും വിരിച്ചിരുന്ന് സീറ്റിനു വേണ്ടി തെണ്ടുന്ന ജന'സേവകര്‍'ക്കിടയില്‍ നിന്നും സ്ഥാനാര്‍ത്ഥിത്വം പോലും തനിക്കുവേണ്ടന്നുള്ള ആ സ്വരം വത്യസ്ഥതയോടെ, ഉച്ചത്തില്‍ മുഴങ്ങുന്നു. നേരിനുവേണ്ടി അത് ആരായാലും എതിര്‍ത്ത് പറയുവാനുള്ള ധൈര്യം കേരള രാഷ്ട്രീയത്തില്‍ വി.എസിനു മാത്രമല്ല ഇനി, ഒരു വി.എം. സുധീരനുമുണ്ടെന്ന് കാലം പറഞ്ഞുതുടങ്ങിയിരിക്കുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ നൂറുകണക്കിന് ജീവന്‍ അപഹരിച്ച മാരക കീടനാശിനിയെ വെള്ളപൂശാന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് തന്നെ രംഗത്തിറങ്ങിയപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ 'വി.എസ.് മോഡല്‍' ബദല്‍ സ്വരം മുമ്പേ മുഴങ്ങിയത്. എന്‍ഡോസള്‍ഫാനെന്ന  കീടനാശിനി ഉപയോഗിക്കുന്നത് ജനിതകവൈകല്യത്തിനും മരണത്തിനും കാരണമാകുന്നൂവെന്നതിന് തെളിവില്ലെന്നും കാസര്‍ഗോട്ടെ ദുരന്തത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും പറഞ്ഞ കെ.വി.തോമസ് നാവ് വായിലിടും മുന്നേ, വി.എം.സുധീരന്‍ മന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു. സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും സുധീരന്‍ ശബ്ദമുയര്‍ത്തി.

രഹസ്യമായി മാത്രം പാര പണിഞ്ഞ് പാരമ്പര്യമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും അണികളെയും സുധീരന്റെ പരസ്യമായ ഈ നിലപാട് അമ്പരപ്പിച്ചു. പിറ്റേന്നു തന്നെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും ചെന്നിത്തലയും സുധീരന്റെ വാദം പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്നും ഒരു പഠനം കൂടി നടത്തുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞ് കെ.വി. തോമസിനെ ന്യായീകരിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കാലഹരണപ്പെട്ട വി.എസിനെപ്പോലെ സുധീരന്‍ പൊതുവേദികളില്‍ എന്‍ഡോസള്‍ഫാനെതിരെ രംഗത്തെത്തി. മാധ്യമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തക്കാഴ്ചകള്‍ നിറഞ്ഞതോടെ ജനവികാരം എന്‍ഡോസള്‍ഫാന്‍ അനുകൂലികള്‍ക്കെതിരാണെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇതോടെ വെട്ടിലായി. 

വി.എം. സുധീരന്‍ ഒരുപടികൂടി മുന്നോട്ട് കടന്ന്, എന്‍ഡോസള്‍ഫാന്റെ ഉപയോഗവും ഉല്‍പ്പാദനവും വില്‍പ്പനയും രാജ്യത്തു നിരോധിക്കണമെന്നാവശ്യപ്പെട്ട്  പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തയച്ചു. 

വെളുക്കെച്ചിരിച്ച്  ജനങ്ങളുടെ കണ്ണിലുണ്ണിയാകുന്ന അണ്ണന്‍മാരുടെ നീണ്ടനിരയുള്ളപ്പോള്‍ സുധീരന്‍ ജനകീയനാകുന്നത് എങ്ങനെ സഹിക്കും? ഒറ്റരാത്രി കൊണ്ട് എന്‍ഡോസള്‍ഫാന്‍ അനുകൂലികളെല്ലാം നിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉറക്കെ വിളിച്ചുകൂവുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. 

അധികാരത്തിന് വേണ്ടി പത്ത് വര്‍ഷം എം.പി. എന്ന രണ്ടക്ഷരത്തില്‍ കടിച്ചുതൂങ്ങിക്കിടന്നിട്ട് അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ വളര്‍ത്തിയ പാര്‍ട്ടിയെ പോലും ഒറ്റുകൊടുത്തുകൊണ്ട് എതിര്‍പാളയത്തില്‍ ചേക്കേറിയ വെറും 'കുട്ടി'കള്‍ സുധീരനെപ്പറ്റി പറഞ്ഞപ്പോള്‍ ഇളകിയ ജനവികാരമുണ്ടല്ലോ, അത് കോണ്‍ഗ്രസ്സില്‍ സുധീരന്റെ മാത്രം സ്വന്തമാണ്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി നിലപാട് ജനവികാരം എതിരാവുമെന്നു കണ്ട് മാറ്റിയതുപോലെ, എന്‍ഡോസള്‍ഫാന് അനുകൂലമായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആദ്യനിലപാട് മാറ്റിയെടുക്കാന്‍ വി.എം.സുധീരനും കഴിഞ്ഞു. ഏറ്റവും ഒടുവില്‍ സാക്ഷാല്‍ കെ.വി. തോമസും നാവിനു പറ്റിയ പിഴയെന്ന് കുമ്പസരിച്ച് തലയൂരി. 

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും, ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സരിക്കും, അമ്മയുടെ ആങ്ങള (അമ്മാവന്‍) പറഞ്ഞാല്‍ മത്സരിക്കുമെന്നു വിളിച്ചുകൂവുന്നവര്‍ 'ജനങ്ങള്‍ പറഞ്ഞാല്‍ മത്സരിക്കു'മെന്ന് പറയാന്‍ പഠിക്കണം. കണ്ടും കേട്ടുമിരിക്കുന്ന ജനങ്ങള്‍ സുധീരനെ പോലുള്ളവരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന കാര്യത്തില്‍ ഈ പറയുന്നവര്‍ക്കുതന്നെ സംശയം കാണുകയില്ല. അതുകൊണ്ടാണല്ലോ സുധീരന്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞപ്പോഴും ഈ പറയുന്ന ഒരു നേതാക്കളും അതിനെപ്പറ്റി ഒരക്ഷരം മിണ്ടാത്തത്. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വി.എസ്. യുഗം അവസാനിക്കാറായെങ്കിലും  ഉടായിപ്പുകളുടെ കൂടാരത്തിലാണെങ്കിലും മറ്റൊരു ജനപക്ഷനേതാവിന്റെ സ്വരം കേള്‍ക്കാനായെന്നതില്‍ മലയാളിക്ക് ആശ്വാസിക്കാം.

3 comments:

  1. :) കെ.പി.സി.സി. പ്രസിഡന്റ് കസേര ഒഴിഞ്ഞ് കിടക്കുന്നത് കാണാനുള്ള ദീര്‍ഘദൃഷ്ടി സുധീരനുണ്ട് എന്ന് തെളിഞ്ഞു... ആ കസേരയിലേയ്ക്ക് കൂളായി കയറാമെന്നിരിക്കേ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ പഴയ പോലെ തട്ട് കിട്ടുമെന്ന് ഉറപ്പുള്ളപ്പോള്‍ എന്തിന് ഒരു റിസ്ക് എടുക്കണം!

    ReplyDelete
  2. സുധീരനെ നമ്മളെത്ര കണ്ടതാ. ഇതൊക്കെ ഒരടവല്ലേ. അവസാനം എല്ലാവരുടേയും സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്ന് വരുത്തിത്തീര്‍ത്ത് കക്ഷി രംഗത്തുണ്ടാകും.

    ReplyDelete
  3. soniya G nirbandichaaaaal

    ReplyDelete