Thursday, March 17, 2011

മമ്മൂട്ടി ഇനി വിഷമിക്കും!!!


സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപി പോലീസ് വേഷത്തില്‍ വന്ന് വഴിയില്‍ കാണുന്ന ആരെയെങ്കിലും പിടിച്ച് വെറുതേ രണ്ടെണ്ണം പൊട്ടിച്ചാല്‍, തെറ്റ് അവന്റെ ഭാഗത്തല്ലെങ്കിലും സുരേഷ്‌ഗോപിയോടൊപ്പമേ ജനങ്ങള്‍ നില്‍ക്കൂ. കാരണം പോലീസ് വേഷവും സുരേഷ്‌ഗോപിയും തമ്മിലുള്ള കെമിസ്ട്രി അത്രത്തോളമുണ്ട്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും അതൊക്കെതന്നെയാണ്. ഒടുവില്‍ ഒരിക്കല്‍ കൂടി ആ പഴയ ഷിറ്റിനെ സ്‌ക്രീനില്‍ ഒന്നു കണ്ണുനിറച്ച് കണ്ടുകളയാമെന്ന മോഹം വെറുമൊരു മോഹമായി മാത്രം അവശേഷിക്കുമെന്ന തിരിച്ചറിവിലാണ് പ്രേക്ഷകര്‍. 

തലച്ചോറിനെ ഒരു ഇംഗ്ലീഷ് ഡിക്ഷണറിയായി മാറ്റി കൂടെ കൊണ്ട് നടക്കുന്ന രഞ്ജിപ്പണിക്കരും ബോംബും തോക്കും വെട്ടുകത്തിയും മന്ത്രവാദവുമൊക്കെ തലയണക്കടിയില്‍ വച്ച് കിടന്നുറങ്ങുകയും ചെയ്യുന്ന ഷാജികൈലാസും ചേര്‍ന്ന്, പണ്ട് കേരള രാഷ്ട്രീയ സാമൂഹികാവസ്ഥകളെ വലിച്ചുകീറി ഉപ്പിലിട്ടതിന്റെ ബാക്കിയുള്ളതുമായി പ്രേക്ഷകരെ കാണാന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇക്കാലമത്രയും. പണ്ടത്തെ കമ്മീഷണറും കിംഗും ഒന്നിക്കുന്ന ആ സുദിനത്തിന് വേണ്ടി കാത്തിരുന്നവര്‍ നിര്‍ഭാഗ്യവാന്‍മാരാകുന്നു. എന്തെന്നാല്‍ ആ പ്രോജക്ട് വഴിയില്‍ ഉപേക്ഷിക്കുകയാണ്. കാരണം സുരേഷ്‌ഗോപിയും മമ്മൂട്ടിയുമായുള്ള ശീതസമരം ഇടയ്‌ക്കെപ്പോളോ ഹോട്ടായി മാറി. ഒരു വിധത്തിലും രണ്ടെിനേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് പദ്ധതി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് രഞ്ജിക്കും ഷാജിക്കും തോന്നിക്കാണും. 

എന്തായാലും മമ്മൂട്ടി ഇനി വിഷമിക്കും. പടം ഇല്ലാതെ വീട്ടിലിരുന്നാലും അഭിമാനം വിറ്റുതിന്നാന്‍ നമ്മളെ കിട്ടില്ല എന്ന നിലപാടിലാണ് സുരേഷ്‌ഗോപി. എം.ടിയുടെ കുങ്കനെ പുറംകാലുകൊണ്ട് ചവിട്ടിക്കളഞ്ഞതിനപ്പുറമൊന്നുമില്ലല്ലോ ഈ കമ്മീഷണര്‍. ഇനി ആരാധകര്‍ക്ക് കമ്മീഷണര്‍ തന്നെ കാണണമെന്നുണ്ടെങ്കില്‍ പഴയ കമ്മീഷണറുടെയോ ഭരത്ചന്ദ്രന്റെയോ ഡി.വി.ഡി കിട്ടും. അതെടുത്തുവച്ച് കണ്ടാല്‍ മതി. പ്രേക്ഷകര്‍ അതൊക്കെ എടുത്ത് വച്ച് കാണാം. അല്ലെങ്കില്‍ വല്ല തട്ടുപൊളിപ്പന്‍ തമിഴ്‌സിനിമയിലെ പോലീസ് വേഷങ്ങളെ കണ്ട് സായൂജ്യമടയാം. പക്ഷേ താങ്കളോ? അല്ല ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനത്തിലാണെങ്കില്‍ പ്രേക്ഷകര്‍ക്ക് ഒന്നും പറയുവാനില്ല.

രണ്ടു താരങ്ങളും ഇത്രത്തോളം ഉടക്കാന്‍ എന്താണ് കാരണം എന്നു ചോദിച്ചാല്‍ കൃത്യമായി ഉത്തരം ആരുടെ കയ്യിലും ഇല്ല. സുരേഷ് ഗോപി അത് പറഞ്ഞിട്ടുമില്ല. മമ്മൂട്ടി ഇതിനേപ്പറ്റി വായ് തുറന്നിട്ടു കൂടിയില്ല. പക്ഷേ ഒരു കാര്യത്തില്‍ മമ്മൂട്ടിയെ സമ്മതിക്കണം. ഇത്രയും നാളുകള്‍ക്കിടയില്‍ ഞാനും സുരേഷ്‌ഗോപിയും തമ്മില്‍ പ്രശ്‌നമാണെന്ന് മമ്മൂട്ടി ആരോടും പറഞ്ഞതായി കേട്ടിട്ടില്ല. പക്ഷേ സുരേഷ്‌ഗോപി, എവിടെ ചാന്‍സ് കിട്ടുമോ അവിടെ മമ്മൂട്ടിക്ക് ഒരു കൊട്ട് കൊടുത്തിരിക്കും. 

കാര്യങ്ങള്‍ ഇത്രത്തോളമായിട്ടും നഷ്ടം സുരേഷ്‌ഗോപിക്ക് തന്നെ. കിംഗ് ആന്‍ഡ് കമ്മീഷണര്‍ നടന്നില്ലെങ്കില്‍ കിംഗിന്റെ മാത്രം രണ്ടാം ഭാഗം എടുക്കുമെന്ന് ഷാജികൈലാസ് പറഞ്ഞുകഴിഞ്ഞു. ഇനിയുള്ള കാലം കഥയൊന്നുമില്ലാതെ പണ്ട് ഏതാണ്ടൊക്കെ ഭാഗ്യം കൊണ്ട് വിജയിച്ച കുറേ ചിത്രങ്ങളുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ കൊണ്ട് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന സമയമാണ്. വ്യക്തിത്വമുള്ള ഒരു കഥാപാത്രം പോലും ഇനി പുതുതായി ജനിക്കുമെന്ന് പ്രതീക്ഷിക്കണ്ട. അതുകൊണ്ട് വല്ല ഭരത്ചന്ദ്രനായോ ചാക്കോച്ചിയായോ കയ്യില്‍ കിട്ടുന്ന പടങ്ങളില്‍ അഭിനയിച്ച് കാലം കഴിക്കുന്നതല്ലേ ബുദ്ധി? 

കുറിപ്പ്: മമ്മൂട്ടിയും സുരേഷ്‌ഗോപിയും തമ്മിലുള്ള ഉടക്ക് പപ്പയുടെ സ്വന്തം അപ്പുസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തുടങ്ങിയതായിട്ടാണ് പറയൂപ്പടുന്നത്. സുരേഷ്‌ഗോപിയുടെ മകള്‍ക്ക് സുഖമില്ലെന്ന് അറിയിച്ചുകൊണ്ട് മദ്രാസിലെ ഷൂട്ടിംഗ് സ്ഥലത്ത് ഫോണ്‍വന്നു. താന്‍ തിരുവനന്തപുരത്തേക്ക് പോകുകയാണെന്നും അതുകൊണ്ട് തന്റെ കാറില്‍ സുരേഷ്‌ഗോപിയെ ഡ്രോപ് ചെയ്യാമെന്നും പറഞ്ഞ് ഫ്‌ളൈറ്റില്‍ ടിക്കറ്റ് ബുക്കുചെയ്യുവാന്‍ പോയ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ മമ്മൂട്ടി തടഞ്ഞു. ശേഷം രണ്ടുപേരുംകൂടി കാറില്‍ യാത്ര തിരിച്ചു.

നല്ല റോഡും രാത്രി സമയവും ആയതിനാല്‍ കാറിന് വേഗത പോരെന്ന് മമ്മൂട്ടിക്ക് തോന്നി. അമിത വേഗത കണ്ട് സഹികെട്ട സുരേഷ്‌ഗോപി മമ്മൂട്ടിയെ വേഗത കുറച്ച് പോകാന്‍ ഉപദേശിച്ചു പോലും. ദേഷ്യം വന്ന മമ്മൂട്ടി സുരേഷ്‌ഗോപിയെ ആ പാതിരാത്രി കോയമ്പത്തൂരിനടുത്തുള്ള ഏതോ സ്ഥലത്ത് ചവിട്ടിയിറക്കിയിട്ട് പോയെന്നും ഒടുവില്‍ ഏതോ തമിഴന്റെ ലോറി കൈകാണിച്ചാണ് സുരേഷ്‌ഗോപി നാട്ടിലെത്തിയതെന്നുമാണ് പറയപ്പെടുന്നത്. കഷ്ടം തന്നെയല്ലേ?

(ഒരു പക്ഷേ സത്യമാണെങ്കില്‍ ഇതിനെ ഒരു ഐതീഹ്യമായി കണക്കാക്കി സുരേഷ്‌ഗോപിയുടെ പേരില്‍ ഒരു ക്ഷേത്രം കെട്ടേണ്ട കാലം കഴിഞ്ഞു)

4 comments:

 1. സുരേഷ്‌ ഗോപി ക്റിസ്ത്യന്‍ ബ്റദേറ്‍സില്‍ കലക്കി എന്നറിയുന്നു പിണക്കം വടക്കന്‍ വീരഗാഥയില്‍ തുടങ്ങിയതല്ലേ?

  ReplyDelete
 2. കൃത്യമായി അറിയില്ല സുശീലേട്ടാ... ഇത് പറഞ്ഞുകേട്ട സംഭമാണ്.

  ReplyDelete
 3. ഏതായാലും കൊള്ളാം

  ReplyDelete
 4. ജനങ്ങള്‍ മമ്മൂട്ടിക്ക് ഒപ്പമാണെന്ന് താങ്കള്‍ക്ക് മനസിലായില്ല അല്ലെ

  ReplyDelete