Wednesday, March 16, 2011

കഴുത്തില്‍ കുരുക്ക് വീഴുന്നു


അമ്മാവന്റെ മോളുടെ കല്ല്യാണമാണെങ്കില്‍ അതും പ്രായത്തിനിളയതാണെങ്കില്‍ ഇത്തിരി വിഷമമൊക്കെ തോന്നും. അല്ലാതെ ആരു കല്ല്യാണം കഴിച്ചാലും നമ്മള്‍ക്കൊരു ചുക്കുമില്ല. ഒരു ദിവസം എത്രയോ ആള്‍ക്കാര്‍ കല്ല്യാണം കഴിക്കുന്നു. അതിനു നമ്മള്‍ക്കെന്താ എന്നൊക്കെ പറയാന്‍ വരട്ടെ. ദിലീപിന്റെ ആരാധകരെ കോരിത്തരിപ്പിക്കുന്ന (മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ആരാധകരെ ഇത്തിരിപ്പൂരം കോരിത്തരിപ്പിക്കുന്ന) ആ വാര്‍ത്ത ഇതാ സത്യമാകാന്‍ പോകുന്നു എന്ന് ഒരു ഇംഗ്ലീഷ് വെബ് സൈറ്റ് പുറത്തുവിട്ടിരിക്കുന്നു. 

ദിലീപ് ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ ''വീട്ടില്‍ നിന്നും രാവിലെ ഇഡ്ഡലിക്ക് പകരം രണ്ട് കിലോ അഹങ്കാരം ഉരുട്ടിതിന്നുകൊണ്ട് ലൊക്കേഷനില്‍ വരുന്ന'' മലയാളത്തിന്റെ സ്വന്തം പ്രിഥ്വിരാജ് കല്ല്യാണം കഴിക്കുന്നു. കല്ല്യാണം കഴിച്ചവന്‍മാരൊക്കെ മൂക്കിട്ട് 'ഇപ്ര, ഇമ്ര, ഇപ്രാപ്ര' എന്നൊക്കെ വരച്ചു നടക്കുന്ന ഈ 'സിനിമാ യുഗ'ത്തില്‍ ഒരുത്തനും കൂടി ഉടനെ തന്നെ സംശയവും അടിപിടിയുമായി പ്രാന്തെടുത്ത് നടക്കുമല്ലോ എന്ന് ആലോചിക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു കുളിര്! അല്ലെങ്കിലും സിനിമാ ഫീല്‍ഡില്‍ ബാച്ചിലേഴ്‌സിനൊക്കെ മുടിഞ്ഞ വിലയാന്നേ. എന്തായാലും അതൊന്നു തീര്‍ന്നു കിട്ടുമല്ലോ. 

മുംബൈയിലെ ഒരു ഇംഗ്ലീഷ് ചാനലിലെ ന്യൂസ് ജേര്‍ണലിസ്റ്റാണ് പെണ്ണ് എന്നാണ് അറിഞ്ഞത്. ലൗ ആയിരുന്നു പോലും. ഇപ്പോള്‍ ആലയില്‍ മൂര്‍ച്ച വരുത്തിക്കൊണ്ടിരിക്കുന്ന ഉറുമി പുറത്തെടുത്താല്‍ ഉടന്‍തന്നെ കല്ല്യാണം കാണുമെന്നും അറിയുന്നു. ഓസ്‌ട്രേലിയയില്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മലയാള സിനിമയുടെ തകര്‍ച്ചയില്‍ മനം നൊന്ത് ജോലി വേണ്ട സിനിമ മതി എന്ന് പറഞ്ഞ് രണ്ടും കല്‍പ്പിച്ചിറങ്ങിയിട്ട് വര്‍ഷം ഏഴെട്ടായി. അന്നു മുതല്‍ മലയാള സിനിമ രക്ഷപ്പെട്ടു. താന്‍ വന്നതിന് ശേഷമിറങ്ങിയ മിക്ക പടങ്ങളും (പ്രത്യേകിച്ച് തന്റെ പടങ്ങള്‍) നൂറില്‍ കൂടുതല്‍ ദിവസം തിയേറ്ററില്‍ കളിച്ചത് തന്നെ അതിന് തെളിവ്. 

സിനിമയില്‍ എന്നു വന്നോ അന്നുമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് നവ്യയുമായി പ്രേമത്തിലാണ് കാവ്യയുമായി പ്രേമത്തിലാണ് എന്നൊക്കെ. മീരയുമായി കല്ല്യാണം കഴിഞ്ഞു എന്നു വരെ ഏതോ വിവരദോഷികള്‍ (പിന്നീടാണറിഞ്ഞത്, മീരയുടെ അച്ഛനായിരുന്നു എന്ന്) പറഞ്ഞുണ്ടാക്കി. കുറച്ചുകാലം തമിഴിലൊക്കെ പോയി കറങ്ങിത്തിരിഞ്ഞ് വന്നപ്പോള്‍ വീണ്ടും കേള്‍ക്കുന്നു സംവൃതയുമായി എന്തോ ഉണ്ടെന്ന് (ദോഷം പറഞ്ഞൂടല്ലോ.... തമിഴന്‍മാര്‍ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും കറുത്തവന്‍മാര്‍ക്ക് വെളുത്തവന്‍മാരോട് അസൂയയാ). പിന്നെ കേട്ടു, മംമ്തയുമായി മല്ലികയമ്മ കല്ല്യാണക്കാര്യം സംസാരിച്ചു എന്ന്. അതായത് ഇനി മലയാള സിനിമാ ഫീല്‍ഡില്‍ കൂട്ടിപ്പറയാന്‍ പെണ്ണില്ലാത്ത സ്ഥിതിയായി.  

ഇത്തിരി താമസിച്ചാലും സത്യം പുറത്ത് വന്നല്ലോ. ഇനിയെങ്കിലും കുറേയെണ്ണത്തിന് സമാധാനമുണ്ടാകട്ടെ. ജേര്‍ണലിസ്‌റ്റെങ്കില്‍ ജേര്‍ണലിസ്റ്റ്. ഇനി അവിടവിടെ ഒളിച്ചിരുന്ന് 'സംവൃതയ്ക്ക് സുഖം തന്നേ... മംമ്തയ്ക്ക് സുഖം തന്നേ' എന്നൊന്നും ആരും ചോദിക്കില്ലല്ലോ. 

എന്തരായാലും ഒരു രണ്ട് മൂന്ന് പൊളപ്പന്‍ ആശംസകള്‍- 'ഉറുമി'യുടെ കാര്യത്തില്‍. അത് സ്വന്തം കഴുത്തില്‍ ചുറ്റാന്‍ പോകുന്നതായാലും പ്രേക്ഷകന്റെ കഴുത്തില്‍ ചുറ്റാന്‍ പോകുന്നതായാലും. രണ്ടായാലും കണ്ട്രാദുഃഖം കാണാതിരുന്നാല്‍ മതിയേ....

കുറിപ്പ്: തിരുവനന്തപുരത്ത് കേള്‍ക്കപ്പെട്ടിരുന്ന കഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ഒരു സിനിമാ മാഗസിന്‍ ഓഫീസിലേക്ക് ന്യൂസ് എഡിറ്റര്‍ക്ക് ഒരു കോള്‍ വന്നു. ''സാര്‍ പ്രിഥ്വിരാജും നവ്യാനായരും തമ്മില്‍ കല്ല്യാണം കഴിക്കാന്‍ പോകുന്നു എന്നു കേട്ടു. ശരിയാണോ?''. 

എനിക്കറിയില്ല എന്ന് പറഞ്ഞ് എഡിറ്റര്‍ ഫോണ്‍ വച്ചു. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ഒരു കോള്‍. ''ഈ പ്രിഥ്വിരാജും കാവ്യാമാധവനും തമ്മില്‍ കല്ല്യാണം കഴിക്കാന്‍ പോകുന്നെന്നു കേട്ടു. ശരിയാണോ?''. ''എനിക്കറിയില്ല'' എന്ന് പറഞ്ഞ് എഡിറ്റര്‍ അവിടേയും ഫോണ്‍ വച്ചു. പക്ഷേ അപ്പോഴൊരു സംശയം. അന്ന് വളിച്ച അതേ ശബ്ദമല്ലേ ഇന്നും വിളിച്ചത്. 

വീണ്ടും കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു കോള്‍. എഡിറ്റര്‍ എടുത്തു. ''സാര്‍ ഈ മീരാ ജാസ്മിനും....''

സൗണ്ട് മനസ്സിലായതു കൊണ്ടാണെന്നു തോന്നുന്നു. എഡിറ്റര്‍ പറഞ്ഞു ''പ്രിഥ്വിരാജും തമ്മില്‍ കല്ല്യാണം കഴിഞ്ഞന്നല്ലേ. ശരിയാണ്'' 

ഊംംം...... ഊംംം.... ഊംംംം (ഫോണ്‍ കട്ടായി)

1 comment:

 1. കല്യാണം കഴിഞ്ഞാലും പ്രേമം സ്കാന്‍ഡല്‍ ഒക്കെ ഉണ്ടാകാമല്ലോ രതീഷേ?
  എന്നല്ല അതാണിപ്പോള്‍ ഫാഷന്‍, കല്യാണം കഴിയുമ്പോള്‍ ആണൂ ശഷ്കം ശുഷ്കം എന്നു മനസ്സിലാകുന്നത്‌,

  പണ്ടൂ നിണ്റ്റെ കണ്ണിനു എന്തു തിളക്കാം എന്നു പറയുന്ന ആണിനോടു ഒരു കൊല്ലം കഴിഞ്ഞ്‌ പെണ്ണു ചോദിക്കും ചേട്ടാ എണ്റ്റെ കണ്ണില്‍ എന്തണു അപ്പോള്‍ റെഡിമേഡ്‌ ഉത്തരം നിണ്റ്റെ കണ്ണില്‍ പീള

  വിവാഹം കഴിയുന്നതോടെ ഗ്രൌണ്ട്‌ നിറഞ്ഞു ഓടിക്കളിച്ച പക്ഷെ ഗോള്‍ അടിക്കാന്‍ വശമില്ലാതിരുന്ന ആണ്‍ എങ്ങിനെ മിനിമം എഫര്‍ട്ടില്‍ ഗോള്‍ അടിക്കാം എന്നു പഠിക്കുന്നു , പിന്നെ ആണു യഥാര്‍ഥത്തില്‍ അവന്‍ ഒരു പ്ളെയര്‍ ആകുന്നത്‌,

  നമുക്ക്‌ ദിലീപ്‌ കാവ്യ പോലെ അപ്പോഴും വായിച്ചു രസിക്കാന്‍ കഥകള്‍ ഉണ്ടാവും എന്നു പ്റതീക്ഷിക്കാം.

  ReplyDelete