Wednesday, March 23, 2011

തമിഴ്‌നാട് രാജ്യമാകുന്നു!!!


ഈ തമിഴ്‌നാട് എന്നു പറയുന്നത് ഇന്ത്യയ്ക്കകത്തുള്ള ഒരു സംസ്ഥാനമാണെന്നും നമ്മൂടെ കൊച്ചു കേരളത്തിന്റെ ഒരു വലിയ അയല്‍ക്കാരനാണെന്നുമൊക്കെ ചെറിയ ക്ലാസ്സില്‍ പഠിച്ച പഴയ ഓര്‍മ്മകളും കൊണ്ട് നടക്കുകയായിരുന്നു ഇന്നലെവരെ. പക്ഷേ ഇപ്പോഴാണ് ശരിക്കും ഞട്ടിയത്.  

എന്റമ്മച്ചി... എന്താ ഈ തമിഴ്‌നാടിന്റെ സാമ്പത്തിക ശക്തി. നമ്മള്‍ വിചാരിച്ചതുപോലെയൊന്നുമല്ല കാര്യങ്ങളുടെ കിടപ്പ്. തമിഴ്‌നാട് അടക്കിഭരിക്കുന്ന തിരു. കലൈഞ്ജറുടെ പാര്‍ട്ടി തമിഴ് മക്കള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ കേട്ടില്ലേ? ഇത്രയും മഹത്തായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ ഈ തമിഴ്‌നാട് ഇന്ത്യ എന്ന അത്രയ്‌ക്കൊന്നും വികസിക്കാത്ത രാജ്യത്തിന്റെ വെറുമൊരു സംസ്ഥാനമാകാനുള്ളതല്ല. തമിഴ്‌നാടിനെ ഒരു രാജ്യമാക്കണം. വേണമെങ്കില്‍ ഇന്ത്യയെ ആ തിഴ്‌നാടിന്റെ ഒരു സംസ്ഥാനമാക്കാം. ഏറ്റവും കുറച്ച് അത്രയേ ഇന്ത്യ പ്രതീക്ഷിക്കാവൂ. 

ഇന്നത്തെ അവസ്ഥ വച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ എല്ലാ കാര്യങ്ങളും നോക്കി അന്തസ്സായി ഭരിക്കാനുള്ള സാമ്പത്തികം തമിഴ്‌നാടിനുണ്ട്. പിന്നെ എന്തുകൊണ്ട് ഈ പറഞ്ഞത് നടന്നുകൂട? തമിഴ്‌നാടിന്റെ ഖജനാവ് ഇത്രയും ധനാഢ്യമാണോ എന്ന് ചിന്തിച്ച് തലപകയ്ക്കണ്ട. കാശ് ഇരിക്കുന്നത് സര്‍ക്കാര്‍ ഖജനാവിലല്ല. തലൈവന്റെ വീട്ടിലാണ്. സാമ്പത്തികം മാത്രമേ ഉള്ളൂ. സ്രോതസ് ചോദിക്കരുത്. ചോദിച്ചാലും പ്രശ്‌നമില്ല. തലൈവന്റെ വീടിന്റെ പിറക് വശത്ത് നില്‍ക്കുന്ന മുരിക്ക് പോലത്തെ ഒരു മരം കാണിച്ചുതരും. ഈ മരത്തില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസത്തില്‍ ഇലകള്‍ക്ക് പകരം ഉണ്ടാകുന്നത് 500 ന്റേയും 1000 ന്റേയും നോട്ടുകളാണത്രേ (NB: ഫെബ്രുവരി മാസം കഴിഞ്ഞുപോയതിനാല്‍ ഇനി ആ മരത്തില്‍ സാദാ ഇലമാത്രമേ ഉണ്ടാകൂ. അതുകൊണ്ട് കാട്ടിത്തരാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും). 

നമ്മുടെ ഇവിടെ ഇലക്ഷന്‍ സമയത്ത് ഉണ്ടാകുന്ന വാഗ്ദാനങ്ങള്‍ കേട്ടാല്‍ ചിരിവരും. സമത്വഭരണം, മതേതര കേരളം, പീഡനരഹിത നാട്, രണ്ട് രൂപയ്ക്ക് അരി, പറ്റുമെങ്കില്‍ കുറച്ച് ആള്‍ക്കാര്‍ക്ക് തൊഴില്‍, കയ്യാമം, ജയില്‍.... ചിരിച്ച് ചിരിച്ച് മണ്ണകപ്പും. ഇവിടെയാണ് ഒരു രാജ്യമാകാന്‍ മനസ്സാല്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന തമിഴ്‌നാടും ഇത്തിരി വിവരം കൂടിപ്പോയി എന്ന് ചെറുതായി അഹങ്കരിച്ചുകൊണ്ടിരിക്കുന്ന കേരളവും തമ്മിലുള്ള വ്യത്യാസം. 

കഴിഞ്ഞ തവണ എല്ലാ വീട്ടിലും കളര്‍ ടെലിവിഷന്‍ കൊടുത്ത് വോട്ട് വാങ്ങിക്കൂട്ടി വിജയിച്ച തലൈവരുടെ ഇപ്പോഴത്തെ വാഗദാനം കേട്ടാല്‍ എഴുന്നേറ്റ് നടക്കാന്‍ വയ്യാത്തവന്‍ വണ്ടിയും പിടിച്ചുപോയി വോട്ടിടും. കൊടുക്കുന്നെങ്കില്‍ വാരിക്കൊടുക്കണം. അതാണ് കലൈഞ്ജര്‍ സ്്‌റ്റൈല്‍. 

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, വീട്ടമ്മമാര്‍ക്ക് ഗ്രൈന്റര്‍ അല്ലെങ്കില്‍ മിക്‌സി (ഉപയോഗിക്കാന്‍ ഏതാണോ എളുപ്പം അത്), മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബസില്‍ സൗജന്യയാത്രയും മാസം 750 രൂപയും (ഇവിടെ സര്‍ക്കാര്‍ ബസുകളില്‍ ആകെ സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നുപോലുമില്ല), ഓരോ കുടുംബത്തിനും 35 കിലോ അരി, ഗര്‍ഭിണികള്‍ക്ക് 10000 രൂപ സഹായധനം എന്നുവേണ്ട വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കും പൂച്ചയ്ക്കും വരെ കിട്ടി വാഗ്ദാനങ്ങള്‍.

ഇന്ത്യയിലെ വേറെ ഏത് സംസ്ഥാനമാണ്് ഇതുപോലുള്ള തിരഞ്ഞെടുപ്പ് പത്രിക ഇറക്കുന്നത്? ഏറ്റവും കുറച്ച് ആള്‍ക്കാര്‍ വസിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ അവിടെ ജീവിക്കുന്ന ആള്‍ക്കാര്‍ക്ക് ഒരു കമ്പിളിപ്പുതപ്പ് കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് നമ്മള്‍ ക്ടേടിട്ടുണ്ടോ? ചെയ്യുക മാത്രമല്ല. പറയുന്ന കാര്യം കൊടുക്കുകയും ചെയ്യും. നൂറ് ശതമാനം വിശ്വസിക്കാം. അപ്പോള്‍ ഇത്രയും നല്ല കാര്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനമായി കൊടുക്കുന്ന സര്‍ക്കാരിനെയല്ലേ നിങ്ങള്‍ 2ജി അഴിമതിയെന്നും പറഞ്ഞ് വെറുതേ ക്രൂശിക്കുന്നത്. 

ഇതെല്ലാം ചെയ്യുന്നത് 'മക്കള്‍ സ്‌നേഹം' കൊണ്ടാണെന്ന് മറ്റുള്ളവര്‍ക്കറിയില്ലല്ലോ...

5 comments:

 1. 2 ജിയിലൂടെ ഒറ്റയടിക്ക് രാജ മുക്കിയത് 3000 കോടിയിലധികമാണെന്നാ കേട്ടത്. അതിൽ നിന്നും നല്ലൊരു വിഹിതം കലൈഞ്ചർക്കും പാർട്ടിക്കും കിട്ടിയിട്ടുണ്ടാകും..അതുറപ്പാ..

  ആ‍രാന്റെ കാശെടുത്ത് ജനസേവനം ചെയ്യാൻ എനിക്കും പറ്റും..പിന്നാ കലൈഞ്ചർ.

  നല്ല കുറിപ്പ്, ആശംസകൽ

  ReplyDelete
 2. വാഗ്നാനമായാല്‍ ഇങ്ങനെ ബേണം! ഇവകിട്ടിയാല്‍ പിന്നെ അടുത്ത ഇലക്ഷന്‍ വരെ മിണ്ടിപ്പോകരുത്!

  ReplyDelete
 3. ലാവ ലിന്‍ മുന്നൂറ്റി അമ്പത്‌ കോടി ഇവിടെ കിട്ടിയില്ലേ പാം ഓയിലിനു പതിനാറു കോടി കിട്ടിയില്ലെ നമ്മള്‍ക്കെന്തെങ്കിലും തന്നോ എല്‍ഡീ എഫോ യൂ ഡീ എഫോ? അപ്പോള്‍ കലൈഞ്ഞറ്‍ അല്ലേ ഭേദം ശവപ്പെട്ടി കുംഭ കോണം വോട്ടിനു പകരം നോട്ട്‌ ബംഗാരു ലക്ഷ്മ്മണനു ഇല്ലാത്ത ഉപകരണത്തിനു കമ്മീഷന്‍ ഇവയും നമ്മള്‍ ലൈവ്‌ ആയി കണ്ടു എന്നിട്ട്‌ ടാക്സ്‌ കൂട്ടുന്നതല്ലാതെ കേന്ദ്രവും (ബീ ജേ പി ഭരിച്ചപ്പോഴും മാന്‍ മോഹന്‍ ഭരിച്ചപ്പോഴും) ഒന്നും തന്നില്ല തമിഴ്‌ നാടു തന്നെ രാജ്യം

  ReplyDelete
 4. കലൈഞ്ജറുമാത്രമല്ല.... പുരട്ചി തലൈവിയും വാരി എറിയുകയല്ലേ.... വല്ല തമിഴ്‌നാട്ടിലെങ്ങാനും ജീവിച്ചാല്‍ മതിയായിരുന്നു...

  ReplyDelete
 5. ശരിയാ തമിഴ് നാട്ടിലെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു

  ReplyDelete