Tuesday, April 26, 2011

മെയ് 1ന് എന്റോസള്‍ഫാന്‍ അനുകൂല ഉപവാസം!!!


ഇന്ത്യ എന്ന മഹാ നാടിനെ ഒരു പരിധിവരെ ഏഴിയന്‍, മൂഞ്ഞ തുടങ്ങിയ മാംസഭോജികളായ ക്ഷുദ്രജീവികളില്‍ നിന്നും മാത്രം രക്ഷിച്ചുകൊണ്ടിരിക്കുന്ന എന്റോസള്‍ഫാനെ ഒരു ആവശ്യവുമില്ലാതെ അഥവാ ആവശ്യമുണ്ടെങ്കില്‍ തന്നെ എന്തെക്കയോ ഗൂഡ ആവശ്യത്തിന് വേണ്ടി മാത്രം നിരോധിക്കാന്‍ മുറവിളി കൂട്ടുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ മെയ് 1 തൊഴിലാളി ദിനത്തില്‍ സെക്രട്ടറിയേറ്റിന്റെ നടയില്‍ അല്ലെങ്കില്‍ വേണ്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ ഞാന്‍ ഉപവാസം അനുഷ്ഠിക്കും. സമയമുണ്ടെങ്കില്‍ പ്രാര്‍ത്ഥനയും നടത്തും. (പാളയം രക്തസാക്ഷി മണ്ഡപത്തിലോട്ട് ഈ ആവശ്യത്തിനെന്ന് പോലീസ് കയറ്റി വിടാത്തതിനാല്‍ പിന്നെ സൗകര്യമുള്ള സ്ഥലം മെഡിക്കല്‍ കോളേജിന്റെ മുന്നിലാണ്. എന്തുകൊണ്ടും)

ഉപവാസത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാപേരേയും ക്ഷണിക്കുമെങ്കിലും ഇതിനോട് അനുകൂല നിലപാടുള്ള കോണ്‍ഗ്രസ്‌കാര്‍ക്കായിരിക്കും മുന്‍ഗണന. രാവിലെ 11 മണിക്ക് ഒരു ഗ്ലാസ് എന്റോസള്‍ഫാന്‍ സര്‍ബത്ത് കഴിച്ചുകൊണ്ട് ഞാന്‍തന്നെ ധര്‍ണ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് (ശരീരത്തിന് അനക്കമുണ്ടെങ്കില്‍) എന്റോസള്‍ഫാന്‍ ചേര്‍ത്ത ലഡു കഴിച്ച് ഉപവാസം അവസാനിക്കുവാനാണ് നിലവിലെ തീരുമാനം. 

എന്റോസള്‍ഫാന്‍ പരിസ്ഥിതി വിരുദ്ധമാണ് എന്ന് പറഞ്ഞു നടക്കുന്നവര്‍ക്കും സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി എന്റോസള്‍ഫാനെ എതിര്‍ക്കുന്നവര്‍ക്കും ഈ ഉപവാസം വഴി തക്ക മറുപടി കൊടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. വിദേശ നാടുകളിലെ കൊച്ചു കുട്ടികള്‍ക്ക് പോലും കളിത്തോഴനായ ഒരു പാവം എന്റോസള്‍ഫാനെ ക്രൂരതയുടെ പേര് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ഒരു ആഴ്ച നീളുന്ന കര്‍മ്മപരിപാടിയാണ് ഞാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. 

മെയ് 1 ന് ഉപവാസത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ 7-ാം തീയതി വരെ നീണ്ടു നില്‍ക്കും. രണ്ടാം തീയതി എന്റോ സള്‍ഫാന്‍ അനുകൂല മുദ്രാവാക്യമെഴുത്ത് മത്സരങ്ങള്‍ കനകക്കുന്നില്‍ നടക്കും. മൂന്നാം തീയതി എന്റോസള്‍ഫാന്‍ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ പ്രദര്‍ശനവും നാലാം തീയതി 'കാസര്‍ഗോഡ് കേരളത്തിലല്ല' എന്ന വിഷയത്തെക്കുറിച്ചുള്ള ഉപന്യാസവും നടക്കും. 5 ന് ഫ്യൂരിഡാന്‍ കഴിച്ചിട്ടും മരിക്കാത്ത കുന്നുകുഴി പപ്പനോടൊപ്പം ഒരുദിവസം എന്ന പരിപാടിയില്‍ ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുക്കും. പരിപാടിയില്‍ വച്ച് എന്റോസള്‍ഫാനൂം ഫ്യൂരിഡാനും തമ്മിലുള്ള ബന്ധത്തെപറ്റിയും അവ എങ്ങനെ സമൂഹത്തെ നിലനിര്‍ത്തുന്നു എന്നതിനെപ്പറ്റിയും പാപ്പന്‍ കുട്ടികളോട് വിശദീകരിക്കും. 

6 ന് കവിയരങ്ങും നാടകവും നടക്കും. കവിയരങ്ങില്‍ ആത്മഹത്യ ചെയ്ത പ്രശസ്ത കവിയായ ഏഴിമല സോമന്റെ 'എന്റോസള്‍ഫാന്‍ ഇല്ലാത്ത ലോകം' എന്ന അവസാന കവിത ആലപിക്കും. എന്റോസള്‍ഫാന്‍ നിരോധിക്കുമോ എന്ന് ഭയന്ന് ആത്മഹത്യ ചെയ്ത ഏഴിമല സോമന് കവിയരങ്ങ് ആദരാഞ്‌ലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് തിരുവനന്തപുരം പാറമാടന്‍ തിയേറ്റേഴ്‌സിന്റെ 'ഉപ്പില്ലാത്ത എന്റോസള്‍ഫാന്‍' എന്ന നാടകം അവതരിപ്പിക്കും.

എന്റോസള്‍ഫാന്‍ ബാധിച്ചുവെന്ന് പറയുന്ന വെറും പത്ത് മുന്നൂറ് പേര്‍ക്ക് വേണ്ടി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉപവാസം നടത്തിയ സര്‍ക്കാരിനെതിരേ 7 ന് എന്റോസള്‍ഫാന്‍ ബാധിക്കാത്ത 3000 (പൂജ്യം ഇനിയും കൂടാം) ആളുകള്‍ പങ്കെടുക്കുന്ന പ്രകടനം നടക്കും. തുടര്‍ന്ന് ശംഖുമുഖം കടല്‍തീരത്ത് വച്ച് പൊതുയോഗം ഏതെങ്കിലും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും (എന്ന് പ്രതീക്ഷിക്കുന്നു). യോഗത്തില്‍ വച്ച് ട്രയിനുകളിലും എയര്‍ബസുകളിലും ഇനി എന്റോസള്‍ഫാന്‍ ചേര്‍ന്ന പാനിയം നിര്‍ബന്ധമാക്കണമെന്ന 1 ലക്ഷം പേരുടെ ഒപ്പോടുകൂടിയ നിവേദനം മന്ത്രിക്ക് കൈമാറും. തുടര്‍ന്ന് ഗാനമേളയോടുകൂടി പരിപാടിക്ക് തിരശ്ശീലവീഴും. 

പരിപാടി വന്‍ വിജയമാകും എന്നറിയാം. എന്നാലും പരിപാടി കഴിയുമ്പോള്‍ വരാതിരുന്നത് കുറവായല്ലോ എന്ന് ആര്‍ക്കും തോന്നരുത്. വന്ന് ഒന്ന് തല കാണിച്ചിട്ട് പോകാന്‍ നോക്കണം. ഒരു നാടിനെത്തന്നെ രക്ഷിക്കുവാനുള്ള യജ്ഞമാണ്. എല്ലാപേരും വന്ന് ഒന്നു സഹകരിക്കണം. 

കുറിപ്പ്: എന്റോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് മറുപടി നല്‍കുവാന്‍ സമര പന്തലിനോട് ചേര്‍ന്ന് ഒരു ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്. എന്റോസള്‍ഫാന്‍ മൂലം വിഷമം അനുഭവിക്കാത്ത ആള്‍ക്കാരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശ്യം. അതിനുവേണ്ടി ഉപവാസത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഓരോ 4x6 ഫോട്ടോകള്‍ കൂടി കൊണ്ടു വരേണ്ടതാണ്. 

3 comments: