Sunday, April 24, 2011

സിറ്റി ഓഫ് ഗോഡ്: പുതുമ കൂടിപ്പോയി


മലയാള സിനിമയുടെ പരാജയകാരണം നല്ല കഥയില്ലായ്മയും അവതരണത്തിന് പുതുമയില്ലായ്മയുമാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഭൂരിപക്ഷ അഭിപ്രായം മാനിച്ച ലിജോ ജോസ് പല്ലിശ്ശേരി നല്ല കഥ എന്നുള്ള കാര്യം മാറ്റിവച്ച് പുതുമകള്‍ മാത്രം കുത്തി നിറച്ച് പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് തയ്യാറാക്കി- സിറ്റി ഓഫ് ഗോഡ്. പക്ഷേ, പുതുമകളുടെ ധാരിൡ്വം കൊണ്ട് ഒരു സിനിമ എങ്ങനെ ബോറാകും എന്നതിനുള്ള മികച്ച ഉദാഹരണമായിപ്പോയി ഈ ചിത്രം. 

ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ അധോലോക സംഘങ്ങള്‍ വളര്‍ന്നു വരുന്ന കഥപറഞ്ഞ സിറ്റി ഓഫ് ഗോഡില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രം എന്നാണ് ഈ സിനിമയെ പറ്റി മുമ്പ് വായിച്ചറിഞ്ഞത്. തന്റെ സഹോദരന്റെ മരണത്തിന് ശേഷം റോക്കറ്റ് എന്ന ബാലന്‍ കുട്ടിക്കാലത്തെ കൂട്ടുകാരുടെ അധോലോക സംഘാംഗങ്ങളായുള്ള വളര്‍ച്ചയും തകര്‍ച്ചയും തന്റെ വീക്ഷണത്തിലൂടെ നോക്കിക്കാണുന്ന കഥയാണ് 2002 ലെ പോര്‍ട്ടുഗീസ് ചിത്രമായ സിറ്റി ഓഫ് ഗോഡ് പറഞ്ഞത്. പക്ഷേ ഈ സിനിമയുമായി കഥാഖ്യാന രീതിയിലല്ലാതെ യാതൊരു ബന്ധവും നമ്മുടെ സിറ്റി ഓഫ് ഗോഡിനില്ല എന്നതാണ് സത്യം. 

കഥ പറയുന്ന രീതി അവലംബിച്ചിരിക്കുന്നത് പോര്‍ട്ടുഗീസ് സിറ്റി ഓഫ് ഗോഡിലേതാണെങ്കിലും ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മുമ്പ് നമ്മളിത് കണ്ടിട്ടുണ്ട്. ഒരു കഥാസന്ദര്‍ഭം വ്യത്യസ്ഥമായ ആളുകളുടെ കാഴ്ചപ്പാടില്‍ പറയുന്ന ആ രീതി ട്രാഫിക്കിലൂടെ വളരെ വിജയം നേടിയ ഒന്നാണ്. പക്ഷേ ഇവിടെ കാണുന്നത് അതിന്റെ അതിപ്രസരമാണ്. ഒരു ചെറിയ സംഭവത്തെ മൂന്ന് നാല് വ്യക്തികളുടെ കാഴ്ചപ്പാടിലൂടെ കാണുന്ന ഈ ചിത്രം, വെറും അരമണിക്കൂറു കൊണ്ട് പറയാവുന്ന കാര്യം വലിച്ചുനീട്ടി രണ്ടരമണിക്കൂറാക്കി മാറ്റി കാണികളെ ബേറാടിപ്പിക്കുകയാണ് ചെയ്യുന്നത്. 

സിനിമ തുടങ്ങി ആദ്യമൊക്കെ കഥാഖ്യാന രീതി പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ അധികമായാല്‍ അമൃതും വിഷം എന്ന തത്വം ഇവിടെയും പ്രാവര്‍ത്തികമാകുന്നു. ഒരു സീന്‍ തന്നെ ആവശ്യമില്ലാതെ മൂന്നും നാലും തവണ ആവര്‍ത്തിച്ചുകാണുന്ന ചുമതലയാണ് സിനിമ കാണാന്‍ കയുന്ന പ്രേക്ഷകന് വന്നുവീഴുന്നത്. ഈ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളില്‍ കാണുന്ന സ്ഥിരം വിഷയമായ കൊച്ചിയാണ് സിറ്റി ഓഫ് ഗോഡിന്റെ പ്രമേയം. 

ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന സ്വര്‍ണവേല്‍, പ്രിഥ്വിരാജിന്റ ജ്യോതിലാല്‍, റിമ കല്ലിങ്കലിന്റെ സൂര്യപ്രഭ, ശ്വേത മേനോന്റെ ലിജി പുന്നൂസ് എന്നിവര്‍ വത്യസ്ഥമായ രീതിയില്‍ സിനിമയിലെ ഓരോ സീനിലും പരസ്പരം ബന്ധപ്പെടുന്നു. ഇത അവസാനം വരെ തുടരുന്നു. നാഗര്‍കോവിലില്‍ നിന്നും വന്ന് കൊച്ചിയില്‍ നിര്‍മ്മാണ തൊഴിലാളിയായ സ്വര്‍ണ്ണവേല്‍ എന്ന തമിഴന്‍ യുവാവ് മരതക (പാര്‍വ്വതി മേനോന്‍) വുമായി പ്രണയത്തിലാണ്. പഴനി സ്വദേശിയായ മരതകത്തിന്റെ വിവാഹം നേരത്തെ കഴിഞ്ഞതും അതില്‍ കുഞ്ഞുമുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ കൊച്ചിയില്‍ വന്ന് തൊഴിലാളിയായി മാറുന്ന മരതകം സ്വര്‍ണ്ണവേലുമായി അടുക്കുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നാച്ചിയപ്പന്‍ എന്ന തിരുട്ടു ഗ്രാമത്തില്‍ നിന്നും വന്ന വ്യക്തിയുമായി മരതകത്തിന്റെ കല്ല്യാണം കഴിയുകയും എന്നാല്‍ ആദ്യ ദിവസം തന്നെ നാച്ചയപ്പന്‍ മപാലീസിന്റെ പിടിയിലാകുകയും ചെയ്യുന്നു. മരതകം രക്ഷപ്പെട്ട് സ്വര്‍ണ്ണവേലിന്റെ അടുക്കലെത്തുന്നു. അവര്‍ വിവാഹിതരാകുന്നു. ആ സമയം മരതകത്തിന്റെ ആദ്യ ഭര്‍ത്താവ് കൊച്ചിയിലെത്തി പോലീസ് സഹായത്തോടെ മരതകത്തെ കൊണ്ടു പോകാന്‍ ശ്രമം നടത്തുന്നു. എന്നാല്‍ സ്വര്‍ണ്ണവേല്‍ മരതകത്തെ രക്ഷപ്പെടുത്തി സ്വദേശമായ നാഗര്‍കോവലിലേക്ക് രക്ഷപ്പെടുന്നു. 

ജ്യോതിലാല്‍ (പ്രിഥ്വിരാജ്) സോണി എന്ന ബിസിനസ്‌കാരന്റ ഗുണ്ടയാണ്. സോണിക്ക് വേണ്ടി എന്തും ചെയ്യാന്‍ ജ്യോതിക്ക് മടിയില്ല. സോണി സൂര്യപ്രഭ എന്ന നടിയുമായി പണ്ട് ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ പ്രശസ്തയായ സിനിമാ നടിയാണ്. സൂര്യപ്രഭയെ വീണ്ടും സ്വന്തമാക്കണമെന്നുള്ള മോഹവുമായി സോണി സൂര്യപ്രഭയുടെ ഭര്‍ത്താവ് മദ്യപാനിയായ മെഹ്ബൂബുമായി കൂട്ട് കൂടുന്നു. ഇതിനിടയില്‍ സോണിക്ക് റിയല്‍ എസ്‌റ്റേറ്റ് വില്‍പ്പന സംബന്ധിച്ച് ഒരു പുന്നസിനെ ജ്യോതിലാല്‍ വഴി കൊല്ലേണ്ടി വരുന്നു. ഈ പുന്നൂസിന്റെ ഭാര്യയാണ് ലിജി (ശ്വേത മേനോന്‍). ലിജി പ്രതികാരത്തിനായി സോണിയെയും ജ്യോതിലാലിനെയും കൊല്ലുവാന്‍ ആളെ ഏര്‍പ്പാടാക്കുന്നു. ഒന്ന് രണ്ട് അവസരങ്ങളില്‍ അതില്‍ നിന്നെല്ലാം ജ്യോതി സോണിയെ രക്ഷിക്കുകയും ചെയ്യുന്നു. സോണിക്ക് സൂര്യപ്രഭയോടുള്ള ഭ്രാന്ത് മനസ്സിലാക്കിയ ജ്യോതി സോണിയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിന്നീട് സൂര്യപ്രഭയുടെ നിസഹായാവസ്ഥ മനസ്സിലാക്കിയ ജ്യോതി അവളെ സഹായിക്കുവാനായി ഒപ്പം കൂടുന്നു. 

ഈ കഥകളെല്ലാം കൂടി പരസ്പരം ബന്ധപ്പെടുത്തിയ സീനുകളിലൂടെ പ്രേക്ഷകര്‍ കാണുന്നതാണ് ഈ സിനിമ. ഒരു കാര്യം വ്യക്തമാണ്. പുതുമ എന്ന ഒരു സംഭവത്തിനു വേണ്ടി ശ്രമിച്ചിട്ടുള്ള സിനിമയാണിത്്. പക്ഷേ അതിനെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ കാണിക്കുവാന്‍ സംവിധായകനായില്ല. നായകന്‍ എന്ന ഒരു മികച്ച സിനിമ (എന്റെ അഭിപ്രായത്തില്‍) സംവിധാനം ചെയ്ത ആളായിരുന്നിട്ട് കൂടി കൈവിട്ട് പോകുന്ന പല സന്ദര്‍ഭങ്ങളും സിനിമയില്‍ വ്യക്തമാകുന്നുണ്ട്. 
ഇന്ദ്രജിത്ത് ഒരു പക്കാ തമിഴനായി മാറി എന്നതാണ് ഈ സിനിമയുടെ എടുത്തുപറയത്തക്ക പ്രത്യേകത. പ്രിഥ്വിരാജിന് ജന്മനായുള്ള പുച്ഛം ഈ സിനിമയിലും നിഴലിക്കുന്നുണ്ട്. അഭിനയത്തിന് ഒട്ടും പ്രാധാന്യമില്ലാത്തതിനാല്‍ ആരുടേയും അഭിനയം എടുത്തു പറയേണ്ടതില്ല. എന്നാലും ജഗദീഷിന്റെ സി.ഐ. വേഷം സഹിക്കുക എന്നത് കുറച്ച് കടുപ്പം തന്നെയാണ്. 

വേറൊന്നുമല്ല, ചില സീനുകള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടാതെ ശ്രദ്ധിച്ചെടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ട്രാഫിക്കിനേക്കാളും വലിയ വിജയമായി മാറുമായിരുന്നു. സൂപ്പര്‍ സ്റ്റാറുകളുടെ കോമാളി വേഷങ്ങളും സുരാജ്, സലീംകുമാര്‍ എന്നിവരുടെ കോമഡിയുമില്ലാത്തത് ഈ സിനിമയ്ക്ക് കുറവായി പലര്‍ക്കും തോന്നാം. പക്ഷേ അതാണ് ഈ സിനിമയുടെ പ്രധാന ആശ്വാസം. പുതുമയോടെ ഒരു കാര്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാന്‍ ധൈര്യം കാണിച്ച സംവിധായകനെയും നിര്‍മ്മാരാവിനെയും തീര്‍ച്ചയായും അഭിനന്ദിച്ചേ കഴിയൂ. ഇവരുടെ അടുത്ത സിനിമ ഒരുപക്ഷേ മലയാളികള്‍ കാത്തിരുന്ന സിനിമയാകാം.  

കുറിപ്പ്: മലയാള സിനിമ എന്നു പറഞ്ഞാല്‍ കൊമേഴ്‌സ്യല്‍, ആര്‍ട്ട് എന്നീ രണ്ടു തട്ടിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മതാന്നുന്നു. കൊമേഴ്‌സ്യല്‍ എന്നു പറഞ്ഞാല്‍ ബിഗ് ബഡ്ജറ്റില്‍ സൂപ്പര്‍സ്റ്റാറുകളുടെ ആട്ടവും പാട്ടും കൂത്തും മിക്‌സ് ചെയ്ത് എടുത്തത്. ആര്‍ട്ട് എന്ന് പറഞ്ഞാല്‍ ലോ ബഡ്ജറ്റില്‍ അടൂര്‍ ഗോപാലകൃഷ്ണനും ടി.വി. ചന്ദ്രനും സംവിധാനിക്കുന്നതും. ഇടയ്ക്കുള്ളതൊന്നും സിനിമയല്ല എന്ന് വിദഗ്ദമതം. 

ഈ ഒരു അവസ്ഥ മാറും എന്ന പ്രതീക്ഷ ഒരോ സിനിമ ഇറങ്ങുമ്പോഴും മാറിക്കൊണ്ടിരിക്കുന്നു. 

2 comments:

  1. In Cidade De Deus Rocket becomes a photographer, not gangster. His brother and some childhood friends becomes gangsters.

    ReplyDelete
  2. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു ഹരി... ചൂണ്ടിക്കാണിച്ചതിന് നന്ദി

    ReplyDelete