Wednesday, May 4, 2011

ആരാണ് ഈ ഫാന്‍സുകാര്‍?

ആരാണ് ഫാന്‍സുകാര്‍? ഒരു കാലത്ത് തമിഴകത്തിന്റെ പ്രണയ- രോഷ സങ്കല്‍പ്പമായിരുന്ന അജിത് തന്റെ പിറന്നാളിന് സ്വന്തം ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടതോടു കൂടിയാണ് ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തി വരുന്നത്. അതിന് അജിത്തിനെ പ്രേരിപ്പിച്ച ഘടകം എന്തായാലും, ഇങ്ങനെയൊരു തീരുമാനം ധൈര്യപൂര്‍വ്വം എടുത്തതിനെ അഭിനന്ദിക്കാതിരിക്കാനാകില്ല. 

തലയ്ക്ക് ആളുതാമസം ഇല്ലതെ ചെയ്ത പ്രവര്‍ത്തി എന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിക്കുന്ന ഈ കാര്യം കേരളത്തിലായിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക. തന്റെ 50-ാമത് സിനിമ റിലീസ് ചെയ്യുവാന്‍ കാത്തിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയാണെന്ന് അജിത്തിന് തോന്നിയാലും നിര്‍മ്മാതാവിനു ഒരിക്കലും തോന്നില്ല എന്നത് സത്യം.  

പറഞ്ഞ് വന്നത്, മലയാളത്തിലെ ഏതെങ്കിലും തലമൂത്ത അണ്ണനമാരോ അല്ലെങ്കില്‍ മൂത്ത് വരുന്ന ചെറുക്കന്‍മാേരാ ആണ് ഈ കൃത്യം ചെയ്തതെങ്കില്‍ അത് അവര്‍ക്ക് ഗുണം ചെയ്യുമോ അതോ ദോഷമായി മാറുമോ എന്നുള്ളതാണ്.  

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നതുപോലെ ഇതിനും കാണും രണ്ടഭിപ്രായം. ഞങ്ങള്‍ ഫാന്‍സ് ഇല്ലെങ്കില്‍ മലയാള സിനിമ തന്നെ വറ്റിവരണ്ട് ഉണങ്ങി പണ്ടാരമടങ്ങുമായിരുന്നെന്നും ഞങ്ങളുള്ളതുകൊണ്ടാണ് അണ്ണന്‍ (ഇവരുടെ ആരാധനാ പാത്രം) ഇപ്പോള്‍ ഇത്രയും പ്രായമായിട്ടും ഇങ്ങനെ പയറുപോലെ നില്‍ക്കുന്നതെന്നും ഇവര്‍ പറഞ്ഞുകളയും. യയാതി പുത്രന്റെ കയ്യില്‍ നിന്നും യുവത്വം സ്വീകരിച്ചപോലെ താരത്തിന് യുവത്വം ദാനം ചെയ്യുവാന്‍ ഫാന്‍സ് കാത്തിരിക്കുകയാണ്. 

സിനിമാ റിലീസിന്റെ തലേദിവസം തിയേറ്ററിന്റെ മുന്നില്‍പോയി കുത്തിയിരിക്കാനും, താര രാജാക്കന്‍മാരുടെ കോപ്രായങ്ങള്‍ (അത് സ്വന്തം കുടുംബാംഗങ്ങളെ പോലും നാണിപ്പിക്കുന്നതാണെന്നുള്ളത് സത്യം) കണ്ട് ജയ് വിളിക്കുവാനുമല്ലാതെ ഇക്കൂട്ടര്‍ക്ക് നല്ല സിനിമയേത് മോശം സിനിമയേത് എന്ന് തിരിച്ചറിയുവാനുള്ള വിവേകബുദ്ധി ഇനിയും ഉദിച്ചിട്ടില്ല എന്നതാണ് പരമമായ സത്യം. 

അടുത്തവശം സിനിമയെ സ്‌നേഹിക്കുന്നവരാണ്. അവര്‍ ഏതെങ്കിലും താരത്തിന്റെ ആരാധകനായിരുന്നാലും ആ താരത്തിന്റെ തന്നെ ഫാന്‍സുകാരുടെ ശല്യം കാരണം തിയേറ്ററില്‍ പോയി സിനിമ കാണല്‍ മതിയാക്കിയ ആളായിരിക്കും. അവര്‍ ഇങ്ങനെയൊരു ശല്യമില്ലെങ്കില്‍ അഥവാ സമാധാനമായിട്ട് സിനിമ കാണാന്‍ കഴിയുമെങ്കില്‍ കുടുംബ സമേതം തിയേറ്ററില്‍ പോകാന്‍ തയ്യാറാണ്. പക്ഷേ അത് ഒരിക്കലും സാദ്ധ്യമാകാത്ത സ്വപ്‌നമാണ് എന്നുള്ളത് അയാള്‍ക്ക് തന്നെയറിയാം. 

കേരളത്തില്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ താരങ്ങള്‍ തന്നെ പിരിച്ചുവിടുകയോ ചെയ്താല്‍ തിയേറ്ററില്‍ സിനിമ കാണുവാന്‍ പ്രേക്ഷകര്‍ കയറുകയും, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തിലെ സമാധാന അന്തരീക്ഷം കൈവരുകയും ചെയ്യും. 

മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും വാത്സല്യവും അമരവും, മോഹന്‍ലാലിന്റെ ചിത്രവും കിലുക്കവും കിരീടവും... അങ്ങനെ ഒരുപാട് നല്ല ചിത്രങ്ങള്‍ ഓടിയത് ഫാന്‍സിന്റെയൊന്നും പിന്‍ബലത്തോടയല്ല എന്ന് അന്നത്തെ നടന്‍മാരും ഇന്നത്തെ താരരാജാക്കന്‍മാരുമായവര്‍ മനസ്സിലാക്കണം. ഫാന്‍സുകാര്‍ക്ക് വേണ്ടിയാണ് സിനിമ പിടിക്കുന്നതെങ്കില്‍ ഷൂട്ട് ചെയ്ത് ഡി.വി.ഡിയിലാക്കി ഫാന്‍സ് അസോസിയേഷന്‍ വഴി അവരുടെ വീട്ടില്‍ എത്തിച്ചാല്‍ മതി. അവരവിടെയിരുന്ന് കണ്ടോളും. 

തിയേറ്ററില്‍ നിന്നും പ്രേക്ഷകര്‍ അകലുന്നതിന്റെ കാരണം കണ്ടുപിടിക്കാന്‍ നടക്കുന്ന നടന്‍മാരും സംവിധായകന്‍മാരുമൊക്കെ തിയേറ്ററില്‍ പോയി ഫാന്‍സുകാരുടെ ശല്യത്തിനിരയാകുന്ന പ്രേക്ഷകരെ ഒന്നു കാണണം. 


കുറിപ്പ്: ഒരു നിരൂപണത്തിനു പോലും പ്രാപ്തമല്ലാത്ത, സിനിമ കണ്ടതിന് ശേഷം പേരുച്ചരിച്ചാല്‍ തന്നെ തെറിയാണെന്നു തോന്നിപ്പിക്കുന്ന ഒരു സിനിമ കണ്ടു. നിരൂപണം ചെയ്യാന്‍ ത്രാണിയില്ലാത്തതുകൊണ്ടും അതിനുള്ള ഭാഷ വശമില്ലാത്തതുകൊണ്ടും ആ പ്രവര്‍ത്തിക്ക് മുതിരുന്നില്ല. പ്രേക്ഷകര്‍ സദയം ക്ഷമിക്കുക. 

മുന്നറിയിപ്പ്: ദയവ് ചെയ്ത് 'ലക്കി ജോക്കേഴ്‌സ്' ആരും പോയി കണ്ടു കളയരുത്. 

6 comments:

  1. എന്തായാലും കണ്ണൂരാന്റെ ഫാന്‍സുകാര്‍ മാന്യന്മ്മാരാ.

    ReplyDelete
  2. നേരത്തെ മറ്റെവിടെയോ പറഞ്ഞ അഭിപ്രായം തന്നെ ഇവിടെയും പറയട്ടെ.

    സിനിമ ഒരു വ്യവസായം ആണ്, ലാഭം മാത്രമാണ് അതില്‍ പ്രധാനം, അതിനു ഫാന്‍സ്‌ എന്ന മണ്ടന്മാര്‍ കാരണം എങ്കില്‍ അവരെ ഒപ്പം നിര്‍ത്തേണ്ടത് അവരുടെ അവശ്യം ആണ്.

    ReplyDelete
  3. അതെ.ഇവരെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ നിര്‍മ്മാതാക്കളുടെ "പാന്റ്സ്" ഈ ഫാന്‍സ്‌ ഊരിക്കും.

    ReplyDelete
  4. മൊട്ടേ, രഘുനാഥാ...് ഫാന്‍സ് കാരണം ഇവിടെ ഒരു സിനിമയും വിജയിച്ചിട്ടില്ല. ഫാന്‍സ് ഇല്ലാഞ്ഞിട്ട് ഒരു സിനിമയും പരാജയപ്പെട്ടിട്ടുമില്ല. ട്രാഫിക് തന്നെ അതിനുദാഹരണം. തിയേറ്ററിനുള്ളില്‍ ആളുകയാറാത്തതിന്റെ പ്രധാന കാരണം ഈ ഫാന്‍സ് ആണ്. ഇവന്‍മാര്‍ ഇല്ലാ എന്നും പറഞ്ഞുകൊണ്ട് ഭൂമി ഇടിഞ്ഞൊന്നും താഴത്തില്ല.

    താരങ്ങള്‍ തന്നെ ഇവരെയൊക്കെ നിലയ്ക്ക് നിര്‍ത്തേണ്ട കാലം കഴിഞ്ഞു....

    ReplyDelete