Friday, May 6, 2011

മാണിക്ക്യക്കല്ല്: വീണ്ടും ഒരു നല്ലചിത്രം


ഒരു നല്ല സിനിമ മറ്റു സിനിമകളില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഉത്തരം വളരെ ലഘുവായി പറഞ്ഞാല്‍ പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നതും കണ്ടിറങ്ങുമ്പോള്‍ സന്തോഷം തരുന്നതുമായ ചിത്രങ്ങളെയാണ് നാം ഇന്നത്തെ സാഹചര്യത്തില്‍ നല്ല സിനിമകള്‍ എന്നു പറയുന്നതെന്നാണ് എന്റെ അഭിപ്രായം. അതല്ലാതെ ഒരു സിനിമയെ പൊളിച്ച് അതിന്റെ ഓരോഭാഗങ്ങളും പരിശോധിച്ചാല്‍ തെറ്റുകുറ്റങ്ങള്‍ മാത്രമേ കണ്ടെത്തുവാന്‍ കഴിയൂ. ഇന്നത്തെ കാലത്ത് അതിന് പ്രസക്തിയുണ്ടോ എന്ന് നമ്മള്‍ ആദ്യം മനസ്സിലാക്കണം. തിരിക്കുപിടിച്ച ജീവിതത്തില്‍ മലയാളികളെ ചെറുതായി സന്തോഷിപ്പിക്കുവാനും എന്തെങ്കിലുമൊക്കെ ചിന്തിപ്പിക്കുവാനും ശ്രമിച്ച് വിജയിക്കുന്ന ചിത്രങ്ങളെ നമുക്ക് നല്ല സിനിമകളുടെ കൂട്ടത്തില്‍ പെടുത്താം. 

അങ്ങനെയൊരു ചിത്രമായാണ് 'മാണിക്ക്യകല്ലി'നെ കാണാന്‍ കഴിയുന്നത്. കഥപറയുമ്പോള്‍ എന്ന ചിത്രമെടുത്ത മോഹന്‍ സംവിധാനം ചെയ്ത ചിത്രമായതുകൊണ്ടും പ്രിഥ്വിരാജിന്റെ വിവിാഹശേഷം റിലീസ് ചെയ്യുന്ന ചിത്രമായതുകൊണ്ടും പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രമാണിത്. കഥപറയുമ്പോള്‍ എന്ന ചിത്രം സ്വന്തം ഭാര്യാസഹോദരന്റെ പേര് വച്ച് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണെന്നൊരു ആരോപണമുണ്ടായിരുന്നു. അതിലെത്ര സത്യമുണ്ടെന്നറിയില്ല. പക്ഷേ മാണിക്ക്യകല്ല് കാണുന്നവര്‍ക്ക് മോഹന്റെ സംവിധാനം ചെയ്യുവാനുള്ള കഴിവിനെപ്പറ്റി ബോദ്ധ്യമുണ്ടാകും. 

പ്രത്യക്ഷ സാഹചര്യത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോചനീയാവസ്ഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. വര്‍ഷങ്ങള്‍ക്കു മുമ്പിറങ്ങിയ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തില്‍ കാണുന്നതില്‍ നിന്നും നേരെ വിപരീതമായ ഒരന്തരീക്ഷം. പ്രൈവറ്റ് സ്‌കൂളുകള്‍ ഇല്ലാതിരുന്ന കാരാളമില്ലാതിരുന്ന (ഉണ്ടെങ്കില്‍ തന്നെ അത് പണക്കാര്‍ക്ക് വേണ്ടിയുള്ളവ) ഒരു കാലഘട്ടത്തിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ കഥയാണ് ആ ചിത്രം പറഞ്ഞെതെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു ബാദ്ധ്യതയായി മാറുന്ന സമൂഹത്തിന്റെ കഥയാണ് മാണിക്ക്യക്കല്ല് പറയുന്നത്. 

കുറച്ച് വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ കുട്ടികളും തോല്‍ക്കുന്ന ഒരു സ്‌കൂളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോടൊ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരോടൊ ഈ സ്‌കൂളില്‍ യാതൊരു ബന്ധവുമില്ല. അദ്ധ്യപാകരെല്ലാം ഒരു സൈഡ് ബിസിനസ്സായി വരുന്നതോ അല്ലെങ്കില്‍ മാസം ശമ്പളം വാങ്ങുവാന്‍ വരുന്നതോ ആകുന്നു. പ്രധാന അദ്ധ്യാപകന്‍ (നെടുമുടി വേണു) ഒരു വളം ഡിപ്പോ നടത്തുന്നതുകൊണ്ട് ഗോഡൗണായി ഈ സ്‌കൂളിലെ മുറികളാണ് ഉപയോഗിക്കുന്നത്. 

മറ്റൊരദ്ധ്യാപകനായ കോട്ടയം നസീര്‍ നല്ലൊരു റിയല്‍ എസ്‌റ്റേറ്റ്കാരനും 'ആരോഗ്യ ജട്ടി'കളുടെ വതരണക്കാരനുമാണ്. സ്‌കൂളിലെ അദ്ധ്യാപനം നടത്താതെ സംഘടനയ്്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന എസ്.കെ (അനില്‍ മുരളി), ഉറങ്ങാനും കഴിക്കുവാനും മാത്രം സ്‌കൂളില്‍ വരുന്ന അനൂപ് ചന്ദ്രന്റെ മുസ്ലീം കഥാപാത്രം, മുത്തുമണി അവതരിപ്പിക്കുന്ന ടീച്ചര്‍, അചഛന്‍ മരിച്ച ഒഴിവിലേക്ക് സ്‌കൂളില്‍ ടീച്ചറായി വന്ന ചാന്ദിനി (സംവൃത സുനില്‍. പുള്ളിക്കാരത്തിക്ക് കോഴിവളര്‍ത്തലും യോഗയുമൊക്കെയാണ് പ്രധാനം) എന്നിവരാണ് മറ്റുള്ള അദ്ധ്യാപകര്‍. ഇവര്‍ക്കെല്ലാം സ്‌കൂളില്‍ വരിക എന്നല്ലാതെ കുട്ടികളെ പഠിപ്പിക്കുക എന്ന ജോലിയോട് ഒട്ടും താല്‍പ്പര്യമില്ല. 

സ്‌കൂളിലെ പ്യൂണായ തമ്പുരാന് (സലീം കുമാര്‍) സ്‌കൂള്‍ നല്ല രീതിയില്‍ നടന്നുപോകണമെന്ന ഉദ്ദേശ്യമുണ്ട്. പക്ഷേ അദ്ധ്യാപകരുടെ നിസഹകരണ മനോഭാവം അതിനനുവദിക്കുന്നില്ല. നാട്ടുകാരാരും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാത്തതിനാല്‍ ഇപ്പോള്‍ പത്താം ക്ലാസ്സില്‍ മാത്രമേ കുട്ടികളുള്ളൂ. സ്‌കൂള്‍ േനരെയായി കാണാന്‍ നാട്ടുകാര്‍ക്കും ആഗ്രഹമുണ്ട്. 

ഇങ്ങനെയൊരു സ്‌കൂളിലേക്ക് ചില പ്രത്യേക ലക്ഷ്യത്തോടെ വിനയചന്ദ്രന്‍ (പ്രിഥ്വിരാജ്) എന്ന യുവാവ് അദ്ധ്യാപകനായി വരുന്നതാണ് മാണിക്ക്യക്കല്ലിന്റെ ഇതിവൃത്തം. വിനയചന്ദ്രന്റെ വരവിന് ശേഷം സ്‌കൂളിലുണ്ടാകുന്ന മാറ്റവും കുട്ടികളിലുണ്ടാകുന്ന മാറ്റവും ആ സ്‌കൂളിനെ പുതിയൊരു യുഗത്തിലേക്ക് നയിക്കുന്നു. 

ആ നാട്ടിലെ പ്രധാന കള്ളവാറ്റുകാരനായ കരിങ്കല്‍ക്കുഴി കരുണാകരന്‍ (ജഗതി) സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ചാണ്  ചാരയം കടത്തുന്നത്. ഇതിനെ അയാള്‍ കരുവാക്കുന്നത് മനു എന്ന കുട്ടിയെയാണ്. സ്‌കൂളില്‍ വരുന്നില്ല എന്നു പറഞ്ഞു നടക്കുന്ന മനുവിനെ വിനയചന്ദ്രന്‍ സ്‌കൂളില്‍ കൊണ്ടു വരുന്നതോടെ കരിങ്കല്‍ക്കുഴി വിനയചന്ദ്രന്റ ശരതുവായി മാറുന്നു. കരിങ്കല്‍ക്കുഴിയുടെ മകളും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ആ നാട്ടിലെ നാട്ടുകാരും ക്ലബ്ബിലെ അംഗങ്ങളുമൊക്കെ മറ്റു കഥാപാത്രങ്ങളായി ചിത്രത്തില്‍ വരുന്നുണ്ട്. 

കഥാപാത്ര സൃഷ്ടിയും സിനിമയുടെ ചില രംഗങ്ങളും 'കഥപറയുമ്പോള്‍' എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ ചിത്രത്തിന്റെ സ്വാധീനം മോഹനില്‍ നിന്നം വിട്ടുമാറിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണത്. പ്രത്യേകിച്ചും ക്ലൈമാക്‌സ് സീനില്‍ കാണുന്ന ഫംഗ്ഷന്‍. വളരെക്കാലത്തിന് ശേഷം പ്രിഥ്വിയുടെ മസിലുവിട്ടുള്ള (എങ്കിലും ചെറുതായുണ്ട്. അതു ക്ഷമിച്ചുകളായാം) അഭിനയം ഈ ചിത്രത്തിലൂടെ കാണാന്‍ കഴിഞ്ഞു. 

കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം എങ്ങനെയാകണം എന്നും എങ്ങിനെ ആയിക്കൂടാ എന്നും ഈ ചിത്രം പറയുന്നുണ്ട്. പ്രായത്തിന്റെ ആവേശവും പരിമിതികളും മനസ്സിലാക്കി വിദ്യാര്‍ത്ഥികളെ നല്ല വഴിക്ക് നയിക്കുകയാണ് ഒരു യഥാര്‍ത്ഥ അദ്ധ്യാപകന്റെ കടമ എന്ന സന്ദേശം ഈ ചിത്രം തരുന്നു. 

വിദ്യാഭ്യാസത്തില്‍ പാര്‍ട്ടിയുടെ ഇടപെടലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കുട്ടികളുടെ മനസ്സിലുള്ള കാഴ്ചപ്പാടും ഈ ചിത്രം ചര്‍ച്ചചെയ്യുന്നു. കുട്ടികള്‍ കുറവുള്ള സര്‍ക്കാര്‍ സ്‌കൂളിനോട് പറയുന്നതൊന്നും ്രപവര്‍ത്തനമൊന്നുമായ മന്ത്രിമാരുടെ പെരുമാറ്റവും ഡി.ഇ.ഒ മുതലായവരുടെ വികലമായ വിദ്യാഭ്യാസ നീരീക്ഷണവും ഈ ചിത്രം കാട്ടിത്തരുന്നു. 

അഭിനേതാക്കള്‍ അവരുടെ ജോലി ചെയ്തിട്ടുണ്ട്. നെടുമുടിയും കെ.പി.എ.സി. ലളിതയും മികച്ചു നില്‍ക്കുകയും െചയ്യുന്നുണ്ട്. സംവൃതയും സുരേഷ് കൃഷ്ണയും, സായ്കുമാറും, ജഗദീഷും ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ള നടന്‍മാരും സിനിമയ്ക്ക് വേണ്ടപ്പെട്ടവരായി മാറുന്നു. 

കുറവുകളും ഈ ചിത്രത്തില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്. ക്‌ളൈമാക്‌സില്‍ എന്തെക്കയോ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് വളരെ തണുത്ത ഒരു അനുഭവമാണുണ്ടാകുന്നത്. നായകന്‍ ആരാണെന്നോ തന്റെ ലക്ഷ്യം എന്തായിരുന്നു എന്നോ പ്രേക്ഷകര്‍ക്കും ചിലയാള്‍ക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അനുഭവപ്പെടുന്നില്ല. (ചിലപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നു സംവിധായകന് തോന്നിയതാകും). എന്നിരുന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിക്കുന്നില്ല എന്നൊരു ഗുണമുണ്ട്. 

സിനിമയെ മൊത്തത്തില്‍ എടുത്ത് ഇഴകീറി പരിശോധിക്കാനൊന്നും ഞാന്‍ ശ്രമിക്കുന്നില്ല. അരക്ഷിതാവസ്ഥയില്‍ മുഴുകിക്കിടക്കുന്ന മലയാള സിനിമയ്ക്ക് ഇങ്ങനെയുള്ള ചിത്രങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് പറിന്നുവീഴുന്നത് വലിയൊരു ഭാഗ്യമായി മാത്രമേ കരുതാനാവൂ എന്നതുകൊണ്ടും കണ്ടു കഴിയുമ്പോള്‍ നല്ലൊരു ചിത്രം കണ്ടു എന്ന പ്രതീതി ഈ ചിത്രം തരുന്നതുകൊണ്ടും ഒരു മികച്ച സിനിമയാണിത് എന്ന കാര്യത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. 

കുറിപ്പ്: അറിയാതെ സംഭവിച്ചുപോയ അത്ഭുതമല്ല കഥപറയുമ്പോള്‍ എന്ന് നിരൂപിക്കാന്‍ മോഹനായി. പക്ഷേ, സഹോദരീഭര്‍ത്താവിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തിയതുകൊണ്ട് ഈ സിനിമയിലും ശ്രീനിയുടെ കൈ പതിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. 

5 comments:

 1. ശ്രീനിയുടെ കൈ പതിഞ്ഞാലും ഇല്ലെങ്കിലും സിനിമ നന്നായെങ്കില്‍ നല്ലത്. പ്രേക്ഷന് ഒരു നല്ല സിനിമ കാണാന്‍ പറ്റുന്നുണ്ട് എങ്കില്‍ അത് നാലോ അഞ്ചോ സംവിധായകര്‍ കൂടി എടുത്താലും പ്രശ്നമില്ല.

  ReplyDelete
 2. രസച്ചരട് നഷ്ടപെട്ട തിരക്കഥ .... അത് നന്നായി പ്രകടമായി .... സ്വാഭാവികത നഷ്ട്ടപെട്ടു ഇടയ്ക്കിടയ്ക്ക് ഡോകുമെന്ററി യായി പോകുന്നുണ്ട് ... ( കഥ പറയുമ്പോള്‍ ഇല്‍ തിരക്കഥയുടെ ശക്തി കാണാന്‍ കഴിയുന്നുണ്ട് )

  ReplyDelete
 3. അപ്പോ ശരി.

  കണ്ടുകളയാം!

  ReplyDelete
 4. കുറെ കാലത്തിനു ശേഷം ഒരു നല്ല കുടുംബ ചിത്രം കണ്ടു

  ReplyDelete
 5. പ്രിഥ്വി യുടെ ഒരു സാധാരണക്കാരനായുള്ള അഭിനയം കാണണമെന്ന് കുറേയായി ആഗ്രഹിയ്ക്കുന്നു. കുറേ നാളായി 'യങ്ങ് സൂപ്പര്‍ സ്റ്റാര്‍' ആയി മാത്രമേ കാണാറുള്ളൂ. (മടുത്തിരിയ്ക്കുകയായിരുന്നു).

  ഇത് പറ്റിയാല്‍ കാണണം

  ReplyDelete