Monday, May 9, 2011

സീനിയേഴ്‌സ്: തലവിധി മാറ്റാന്‍ കഴിയില്ല...


പറഞ്ഞിട്ട് കാര്യമില്ല. കഷ്ടകാലം കാറുംപിടിച്ചായിരിക്കും അപകടവും കൊണ്ടു വന്ന് തന്നിട്ട് പോകുന്നത്. പിന്നെ ഈ ബ്ലോഗര്‍മാര്‍ക്ക് ഒരു ഗുണമുണ്ട്. കിട്ടിയ സാധനം അതു നല്ലതായിരുന്നാലും ചീത്തയായിരുന്നാലും ഷെയര്‍ ചെയ്യാം. ബുലോകം അതിനു വേണ്ടി തുറന്ന് വച്ചിരിക്കുകയല്ലേ. 

കിട്ടിയത് വേറെ ഒന്നുമല്ല... പോക്കിരിരാജ കണ്ടിട്ടും പഠിക്കാതെ കൂട്ടുകാരന്റെ പുതിയ സിനിമ കാണാന്‍ ചെന്ന് കയറി. സീനിയേഴ്‌സ്. ''മര്യാദയ്ക്ക് ഇറങ്ങിപ്പോടാ നായിന്റെ....'' എന്ന് പറഞ്ഞ് തിയേറ്റില്‍ നിന്ന് ആരെങ്കിലും ഇറക്കിവിട്ടെങ്കില്‍ ഇത്രയും അനഭവിക്കണ്ടായിരുന്നു. കണ്ടുകഴിഞ്ഞപ്പോഴാണ് സിനിമയുടെ ആ ശക്തി മനസ്സിലായത്. വല്ലാത്ത ഒരു തലപെരുപ്പ്. എങ്ങനെ വീട്ടില്‍ എത്തി എന്ന് ചോദിക്കരുത്. എങ്ങിനയോ എത്തിപെട്ടു.

ഇപ്പോഴുള്ള പ്രവണത, സിനിമ ചെയ്യുവാന്‍ ആഗ്രഹമുള്ള സംവിധായകന്‍മാര്‍ (നമ്മുടെ വൈശാഖിനെപോലുള്ളവര്‍) ആദ്യം ചെയ്യേണ്ടത് തിരക്കഥാ കൃത്തുക്കളെ കാണുക എന്നുള്ളതാണ്. (ഇതിലും മള്‍ട്ടി സ്റ്റാറിസമാണ്. ഇരട്ടകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്). അവിടെ ചെന്ന് കാര്യം പറയുമ്പോള്‍ അവര്‍ ചോദിക്കും ''സാധനം സിംഗിളാണോ അതോ മള്‍ട്ടിയാണോ?''. അതായത് ഒരു നായകനുള്ളതു വേണോ അതോ അഞ്ചാറ് നായകന്‍മാരുള്ള കഥയാണോ വേണ്ടത് എന്നാണ്. ആവശ്യം അറിയിക്കുമ്പോള്‍ റെഡിമെയ്ഡ് ചെയ്തു വച്ചിരിക്കുന്ന ഒരു ത്രെഡ് എടുക്കുന്നു. അതില്‍ ഇനി ആരൊക്കെ അഭിനയിക്കണം എന്നായിരിക്കും അടുത്ത ചോദ്യം. ഒരോ നടന്‍മാര്‍ക്കും അവര്‍ക്കുവേണ്ട കഥാപാത്രങ്ങള്‍ ചേര്‍ക്കുന്നു. (ആരെയെങ്കിലും വിട്ടുപോയി എന്ന് ഇടയ്ക്ക് എപ്പോഴെങ്കിലും തോന്നിയാല്‍ കഥാകൃത്തുക്കളോട് കാര്യം പറഞ്ഞാല്‍ മതി. അപ്പോള്‍ ആ ടൈപ്പ് ഒരു കഥാപാത്രത്തെ തിരികിക്കയറ്റിത്തരും).

ഇങ്ങനെയുണ്ടാകുന്ന സിനിമകള്‍ക്ക് റിസ്‌ക്ക് ഇല്ല എന്നതാണ് ഏറ്റവും വലിയ ഗുണം. തലപുകയ്ക്കണ്ട, പണ്ടാരാണ്ട് പറഞ്ഞതുപോലെ സൃഷ്ടിയുടെ വേദന അനുഭവിക്കണ്ട, നടനോ, സംവിധായകനോ പറയുന്നപോലെ കഥാപാത്രങ്ങളെ എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് വയ്ക്കാം... ഇതെല്ലാം ഇങ്ങനെയുള്ള റെഡിമെയ്ഡ് സിനിമകളുടെ ഗുണമാണ്. അനുഭവിക്കുന്നതു മുഴുവന്‍ പാവപ്പെട്ട നിര്‍മ്മാതാവും. ആ ഒരു ഗണത്തില്‍ മലയാളത്തില്‍ പിറന്ന ഒടുവിലത്തെ സിനിമയാണ് സീനിയേഴ്‌സ്. പറയുമ്പോള്‍ ഒരു സൈക്കോ സസ്‌പെന്‍സ് ത്രില്ലര്‍ എന്നൊക്കെ പെരുപ്പിച്ച് പറയാം. പക്ഷേ ഒരു കോപ്പുമില്ല എന്നതാണ് പരമമായ സത്യം. 

കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ നടന്ന ഒരു കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്ന പപ്പു എന്ന പത്മനാഭന്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അന്നത്തെ മൂന്ന് കൂട്ടുകാരുമായി അതേ കോളേജില്‍ പി.ജിക്ക് ചേര്‍ന്ന് പഠിക്കുവാന്‍ വരുന്നു. ഈ വരവിന് ഒരു വലിയ ഉദ്ദേശ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടി, അതായത് പപ്പനാവന്റെ കാമുകി ഇന്ദുവിന്റെ (പത്മപ്രിയ) സഹോദരി ലക്ഷ്മിെയ കൊന്നത് പപ്പനാവനല്ല. അതാരാണെന്ന് പപ്പുവിന് അറിയണം. ഇത് കാരണം അന്ന് പിണങ്ങിയ ഇന്ദുവിനെ സത്യം അറിയിക്കണം (അവര്‍ ഇപ്പോള്‍ ടീച്ചറായി കോളേജിലുണ്ട്). പക്ഷേ ഈ വരവിന്റെ ഉദ്ദേശ്യം ഇതാണെന്ന് പപ്പുവിനും പിന്നെ ഉണ്ണിത്താന്‍ സാറിനും (സിദ്ദിഖ്) മാത്രമേ അറിയാവൂ. ഇതാണ് മൂലകഥ. 

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബതതിലെ ദാമ്പത്യ പ്രശ്‌നങ്ങള്‍ കാട്ടിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഭാര്യ തന്നെയും കുട്ടിയെയും ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ പോയതിനാല്‍ ഭര്‍ത്താവ് വയലിന്‍ മീട്ടി മീട്ടി ചങ്ക് പൊട്ടി മരിക്കുന്നൂ. ഈ കഥ ഇത്രയും കാണിച്ച് നിര്‍ത്തുന്നു. അതുകഴിഞ്ഞ് 15 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മാഹാരാജാസ് കോളേജിലെ കോളേജ് ഡേ ഫംഗ്ഷനാണ് കാണിക്കുന്നത്. ആ കോളേജിലെ കിടിലങ്ങളാണ് പത്മനാഭന്‍ (ജയറാം), ഫിലിപ്പ് ഇടിക്കുള (ബിജു മേനോന്‍), റഷീദ് മുന്ന (മനോജ് കെ. ജയന്‍), റെക്‌സ്(കുഞ്ചാക്കോ ബോബന്‍) എന്നിവര്‍. അവര്‍ ഒരു നാടകം അവതരിപ്പിക്കുന്നു. അതിലെ നായികയായി വേഷമിടുന്നത് ലക്ഷ്മി (മീരാ നന്ദന്‍)യാണ്. നാടകം കഴിഞ്ഞ് കുറച്ചുകഴിയുമ്പോള്‍ ലക്ഷ്മി കൊല്ലപ്പെടുന്നു. ഈ കുറ്റം നാലുപേരുടേയും പേരില്‍ വരുമ്പോള്‍ ബാക്കിയുള്ളവരെ രക്ഷിക്കുവാനായി എന്നും വേദനകള്‍ മാത്രം ഏറ്റെടുക്കുവാന്‍ ബാദ്ധ്യസ്ഥനാണയ ജയറാം കുറ്റം ഏറ്റെടുത്ത് ജയിലില്‍ പോകുന്നു. ശേഷം 14 വര്‍ഷങ്ങള്‍ക്ക് ശേഷം മുകളില്‍ പറഞ്ഞ ലക്ഷ്യത്തിനായി പപ്പുവും കൂട്ടരും കോളേജിലേക്ക് വരുന്നു. 

അതുകഴിഞ്ഞ് സത്യം കണ്ടു പിടിക്കുന്നതുവരെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെയാണ് പ്രേക്ഷകര്‍ സിനിമ എന്ന കാറ്റഗറിയില്‍ പെടുത്തിയ സീനിയേഴ്‌സ്. അപ്പോഴും ഒരു സംശയം മാത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. ഈ കൊലപാതകം ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കുവാന്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സാഹചര്യങ്ങള്‍ പുനഃസൃഷ്ടിക്കുന്നതിലെ ഔചിത്യത എന്താണെന്നുള്ളത്. 

മാത്രമല്ല, സിനിമ ഒരു പരിധി എത്തുമ്പോള്‍ തന്നെ അതിന്റെ ഇനിയുള്ള കഥ ഊഹിക്കാവുന്ന ഒരു സഹായം കൂടി തിരക്കഥാകൃത്തുക്കള്‍ ചെയ്തു വച്ചിട്ടുണ്ട്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല കാര്യങ്ങളും സിനിമയിലങ്ങോളമിങ്ങോളം വാരി വിതറുവാന്‍ തിരക്കഥാകൃത്തുക്കളും സംവിധായകനുമൊക്കെ മത്സരിക്കുകയാണെന്ന് തോന്നും. വ്യത്യസ്ഥമെന്ന് പറയാന്‍ ബിജുമേനോനും മനോജ് കെ. ജയനും മാത്രമേയുള്ളൂ. 


തറക്കോമഡികളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചിട്ടുണ്ട് സിനിമയില്‍. അതിനുവേണ്ടി സുരാജിനെ കെട്ടഴിച്ച് വിട്ടിരിക്കുകയാണെന്ന് തോന്നും. മനോജ് കെ. ജയന്റെയു ബിജുമേനോന്റെയും കോമഡികളാണ് ഒരു വിധമെങ്കിലും സഹിക്കാവുന്നത്. ഇതില്‍ മനോജ് കെ. ജയന്‍ കഌസ്‌മേറ്റിലെ പയസ്സിന്റെ (ഇന്ദ്രജിത്ത്) ഒരു ചെറിയ കോപ്പിയായി അനുഭവപ്പെടുന്നുണ്ട്. ഇനിയും ഈ രീതിയിലുള്ള രണ്ട് തിരക്കഥകള്‍ കൂടി വേണമെന്നു പറഞ്ഞാല്‍ ഈ ഇതില്‍ നിന്നും തിരക്കഥാ കൃത്തുക്കള്‍ അതും സൃഷ്ടിച്ച് തരും.

ജയറാമിനെ നാം എന്നു മുതല്‍ കണ്ടു തുടങ്ങിയോ ഇന്നുവരെ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ സിനിമ കാണുമ്പാഴും മനസ്സിലാകും. നായകര്‍ തിരക്കഥ വായിച്ചിട്ടല്ലേ അഭിനയിക്കുവാന്‍ ചെല്ലുന്നത്? അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും വരില്ലായിരുന്നു. സംഗീതവും ഗാനങ്ങളുമൊക്കെ ഒരുവിധം എങ്ങനെയൊക്കയോ മുന്നോട്ട് പോകുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പശ്ചാത്തല സംഗീതം കൂട്ടിയും കുറച്ചും ഉപയോഗിച്ചിട്ടുണ്ട്. 

ആഘോഷ സിനിമകളുടെ കുറവ് മൂലം ജീവിതം ആഘോഷമാക്കാന്‍ കഴിയാതെ നടക്കുന്നവര്‍ക്ക് ഈ സിനിമ കാണാം. അങ്ങനെയുള്ളവര്‍ക്ക് വേണ്ട ചേരുവകളൊക്കെ ഇതിലുണ്ട്. അങ്ങനെ കണ്ട് കണ്ട് ഈ സിനിമ വിജയിക്കുമെന്നുള്ളതാണ് തിയേറ്ററിനുള്ളിലെ തിരക്ക് സൂചിപ്പിക്കുന്നത്. നല്ല സിനിമകള്‍ വിജയിക്കുന്നല്ലെന്നും നല്ല കഥകള്‍ ഇറങ്ങുന്നില്ലെന്നും പറയുന്നവരായിരിക്കും കുടുംബസമേതം ഈ ചിത്രം കാണാന്‍ പോകുന്നത് എന്നതാണ് ഏറ്റവും വിചിത്രം. 

1 comment:

  1. നന്ദി,ഇനി കാണണ്ടാലൊ

    ReplyDelete