Saturday, May 14, 2011

മഹാരാജാ ടാക്കീസ്: വിസ്മയിപ്പിച്ച ചിത്രം


തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷായതിനാല്‍ ബ്ലോഗര്‍മാര്‍ക്ക് എഴുതാനും ചര്‍ച്ചചെയ്യുവാനും വിഷയങ്ങള്‍ക്ക് ഇനി കുറച്ചുനാള്‍ എങ്ങും പോകണ്ട. മറ്റെല്ലാം മാറ്റിവച്ച് എല്ലാവരും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലേക്ക് കടന്നെങ്കിലും സിനിമ പ്രതിസന്ധി പിടിച്ചു നിര്‍ത്താന്‍ ഇടയ്‌ക്കൊക്കെ തിയേറ്ററില്‍ വരുന്ന മലയാള ക്ലാസിക്കുകളെ നാം മറന്നുകൂട. അങ്ങനെയുള്ള ഒരു മികച്ച ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിച്ച അവതരണത്തോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മഹാരാജാ ടാക്കീസ്. 

ഒരു സാധാ കോണ്‍ഗ്രസുകാരന്റെ വിധിയായിപോയി എനിക്കും. നെയ്മീന്‍ മോഹിച്ചിട്ട് കയ്യില്‍ കിട്ടിയതോ ഉണക്കമീനിന്റെ വാലെന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍. തൊണ്ണൂറും നൂറും സീറ്റൊക്കെ ഈസിയായി പിടിക്കും എന്നു പറഞ്ഞുകൊണ്ടിരുന്നവര്‍ അവസാനം 72-ല്‍ എത്തി നില്‍ക്കുമ്പോഴുള്ള ആ ഒരു നീറ്റല്‍ ഈ പടംകണ്ടിറങ്ങുന്നവര്‍ക്കുമുണ്ടാകും. സീനിയേഴ്‌സില്‍ എല്ലാം കൂടിപ്പോയതിന്റെ പ്രശ്‌നമാണ് സ്‌ക്രീനില്‍ കണ്ടതെങ്കില്‍ ഒരു സിനിമയ്ക്കാവശ്യമുള്ളതൊന്നും ഇല്ലാത്ത ഒരു ചാപിള്ളയേയാണ് മഹാരാജാ ടാക്കീസില്‍ നമുക്ക് കാണാനാകുക. 

മലയാളം അംഗീകരിച്ച അഭിനേതാക്കളായ ഊര്‍വശി, മുകേഷ് എന്നിവരാണ് ഇതില്‍ നായികാ നായക സ്ഥാനത്ത് നില്‍ക്കുന്നവര്‍. ഊര്‍വശിയൊക്കെ ഒത്തിരി സിനിമകളില്‍ അഭിനയിച്ചവരാണ്. പക്ഷേ അതിനൊത്ത പക്വത അവര്‍ കാണിച്ചിരുന്നെങ്കില്‍ ഭാവിയില്‍ ഓര്‍ക്കുമ്പോള്‍ ഒരപശകുനമായി മാത്രം ഈ ചിത്രത്തെ അവര്‍ക്ക് കാണേണ്ടി വരുമായിരുന്നില്ല. മുമ്പ് സിനിമാ മാഗസിനിലൊക്കെ വന്നപോലെ നായികാ പ്രാധാന്യമുള്ള സിനിമ എന്നു കരുതി തന്നെയാണ് പലരും ഈ പടം കാണാന്‍ കയറുന്നത്. പക്ഷേ തിരിച്ചിറങ്ങുന്നത് വഞ്ചിക്കപ്പെട്ടു എന്ന തോന്നലോടെയായിരിക്കും. എല്ലാ അര്‍ത്ഥത്തിലും. 

ദേവീദാസന്‍ എന്ന വ്യക്തിയോട് (സംവിധായകന്‍) നമ്മള്‍ മലയാളികള്‍ എന്ത് ക്രൂരതയാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. ഇദ്ദേഹത്തെപ്പറ്റി മുമ്പ കേട്ടിട്ടുമില്ല. പിന്നെ ഒരു കാര്യം ഉറപ്പാണ്. ഇദ്ദേഹം കുറേയേറെ നല്ല മലയാള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നുമുള്ള നല്ല സീനുകളെ സ്വന്തം ചിത്രമായ മഹാരാജാ ടാക്കീസില്‍ പകര്‍ത്തവയ്ക്കുവാനും പുള്ളിക്കാരന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ എല്ലാം വികലവും വിഫലവുമായിപ്പോയെന്നുമാത്രം. 

സിനിമാ തിയേറ്റര്‍ നടത്തുന്ന നാലു സഹോദരിമാരുടെ കഥന കഥയാണ് ദേവീ ദാസന്‍ ഈ ചിത്രത്തിലൂടെ വിവരിച്ച് തരുന്നത്. തിയേറ്ററിനോട് ചേര്‍ന്നാണ് ഇവരുടെ വീടും സ്ഥിതിചെയ്യുന്നത്. ഇതില്‍ മൂത്ത സഹോദരിയായി ഊര്‍വശി അഭിനയിക്കുന്നു. താഴെയുള്ള മൂന്നെണ്ണത്തില്‍ സ്വഭാവികമായും കണ്ടുവരുന്നതുപോലെ ഒന്ന് ഊമയാണ്. തിയേറ്ററിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ഈ നാലുപേരും ചേര്‍ന്നാണ് സഹായത്തിനായി അയല്‍വക്കത്തുള്ള ഐഡമ്മ (സീമ ജി. നായര്‍) എന്ന സ്ത്രീയുമുണ്ട്. തിയേറ്ററിലെ പ്രൊജക്ടര്‍ ഓപ്പറേറ്ററായി ജാഫര്‍ ഇടുക്കി അഭിനയിക്കുന്നു. 

നമ്മുടെ നാട്ടിലെങ്ങും കണ്ടുവരുന്ന സി ക്ലാസ്സ് തിയേറ്റര്‍ പോലയല്ല ഈ തിയേറ്റര്‍. ഇവിടെ എന്നും സിനിമ കാണാന്‍ ആള്‍ക്കാരുടെ ബഹളമാണ്. ഈ തിയേറ്റര്‍ സ്വന്തമാക്കി അവിടെ ഒരു എ.സി. തിയേറ്റര്‍ പണിയണം എന്നു ആഗ്രഹിച്ചു നടക്കുന്നയാളാണ് പപ്പന്‍. (വിജയരാഘവന്‍- മുര്‍ഖന്‍കുന്നെന്നോ മൂര്‍ഖന്‍ചേരിയെന്നോ എന്തോ പേരിനുമുന്നില്‍ പറയുന്നുണ്ട്). പക്ഷേ വിമലയ്ക്ക് അത് വില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഈ പ്ലാന്‍ ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കുന്നു. 

ഈ പാപ്പച്ചന്‍ വിമലയേയും സഹോദരിമാരേയും അവിടുന്ന് ഒഴിപ്പിക്കാന്‍ വേണ്ടി ദിവസവും കുറേ സാമൂഹ്യ വിരുദ്ധന്‍മാരെ തിയേറ്ററിനുള്ളില്‍ കടത്തി പ്രശ്‌നമുമുണ്ടാക്കുന്ന ഒരു പതിവ് ഉണ്ട്. അത്രയ്ക്ക് സഹിച്ചാണ് വിമല തിയേറ്റര്‍ നടത്തിക്കൊണ്ട് പോകുന്നതെന്ന് പ്രേക്ഷകരായ നാം മനസ്സിലാക്കണം. അതിനിടയില്‍ മുകേഷിന്റെ കഥാപാത്രമായ പഞ്ചായത്ത് സെക്രട്ടറി വേണു സ്ഥലം മാറിവരുന്നു. ഈ വേണുവും വിമലയും തമ്മില്‍ എന്തോ ബന്ധമുണ്ട്. അത് പണ്ട് അവര്‍ തമ്മില്‍ പ്രേമത്തിലായിരുന്നോ അതോ കല്ല്യാണം കഴിച്ചിരുന്നോ എന്നൊന്നും സംവിധായകന്‍ വ്യക്തമാക്കുന്നില്ല. ക്ലൈമാക്‌സ് സീനുകള്‍ വച്ച് നോക്കുകയാണെങ്കില്‍ കല്ല്യാണം കഴിച്ചിരുന്നില്ല എന്ന് മനസ്സിലാകും. 

ഇതിനിടയ്ക്ക് കുടുംബസമേതം സിനിമ കാണാന്‍ വന്ന പഞ്ചായത്ത് പ്രസിഡന്റും വിമലയും തമ്മില്‍ തിയേറ്ററില്‍ വച്ച് വാക്കേറ്റമുണ്ടാകുന്നു. (ലോകത്ത് ഈ തിയേറ്റര്‍ മാത്രമേയുള്ളൂ എന്ന രീതിയിലാണ് ഈ പ്രസിഡന്റിന്റ പെരുമാറ്റം). ഇതിന്റെ അനന്തരഫലമായി പാപ്പച്ചന്റെ സമ്മര്‍ദ്ദം മൂലം കള്ളക്കേസില്‍ വിമലയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാല്‍ വേണുവിന്റെ ഇടപെടല്‍ മൂലം വിമല രക്ഷപ്പെടുന്നു. 

അങ്ങനെ പോകുന്ന കഥ എന്തെക്കയോ കാട്ടിക്കൂട്ടിയാണ് അവസാനിക്കുന്നത്. ഇടയ്ക്ക് അടുത്ത വീട്ടിലെ അമ്മാവന്‍ (പടന്നയില്‍) കാലൊടിഞ്ഞ് കിടക്കുമ്പോള്‍ നോക്കാനായി ബന്ധത്തിലുള്ള ഒരു പയ്യന്‍ വരുന്നു. (ഇയാള്‍ ആരെന്ന് അറിയില്ല). ഈ പയ്യനും വിമലയുടെ ഊമയായ ഇളയ സഹോദരിയും തമ്മില്‍ സ്‌നേഹത്തിലാകുന്നു. അതുപോലെ രണ്ടാമത്തവള്‍ വേറൊരു യുവാവിനെ (രമേഷ് പിഷാരടി) പ്രേമിക്കുന്നു. ഇതെല്ലാം സഹിച്ച് കടിച്ച് പിടിച്ച് ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവസാനം ഒരു സ്വരൂപം വന്ന് ചാടുന്നു. പാപ്പച്ചന്റെ അനുജന്‍ സിബിമോന്‍. വരുന്നത് അമേരിക്കയില്‍ നിന്നാശണന്നാണ് പറയുന്നത്. കണ്ടാല്‍ അറിയാം പത്ത് പൈസയുടെ വിവരം ഇല്ലന്ന്. ഇവനൊക്കെ ആരടാ അമേരിക്കന്‍ വിസ കൊടുത്തതെന്ന് പ്രേക്ഷകര്‍ േചാദിച്ചുപോകുന്ന അഭിനയം. 

തെറ്റുകുറ്റങ്ങള്‍ ചൂണ്ടാക്കാണിക്കുക എന്നുള്ളതാ് സിനിമാ നിരൂപണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പക്ഷേ ഈ സിനിമയില്‍ ശരി വല്ലയിടത്തുമുണ്ടോ എന്ന് തിരയുന്ന ജോലിയിലാണ് പ്രേക്ഷകര്‍. മുകേഷിന് ഇപ്പോഴും ഇതിന്റെ വ്യക്തമായ കഥ മനസ്സിലായോ എന്ന് സംശയമുണ്ട്. ഊവര്‍ശി, സുകുമാരി തുടങ്ങിയവരാക്കെ ഒത്തിരി സിനിമകളില്‍ അഭിനയിച്ചു എന്ന് പറയുന്നതില്‍ കാര്യമില്ല. ഇങ്ങനെയുള്ള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ മിനിമം തിരക്കഥയെങ്കിലും ഒന്ന് വായിച്ചുനോക്കണം. സിനിമയുടെ ഇടയ്ക്ക് സിനിമാ വിതരണക്കാരന്‍ എന്നു പറയുന്ന ഒരാള്‍ വരുന്നുണ്ട്. വരുന്നു അതുപോലെ പോകുന്നു. അതല്ലാതെ അയാളുടെ ഈ രംഗപ്രവേശം സിനിമയുടെ കഥയ്ക്ക് ഒന്നും സമ്മാനിക്കുന്നില്ല. അതുപോലെ വിമല സഹോദരിമാരെ പുറത്ത് ഒരു ജോലിക്കും വിടുന്നില്ല. കാരണം അവര്‍ അവിടെയെങ്ങും സുരക്ഷിതരല്ലായെന്നതു തന്നെ. അങ്ങനെയുള്ള വിമല തിയേറ്ററില്‍ ടിക്കറ്റ് കൊടുക്കുവാനും ടിക്കറ്റ് നോക്കി ആള്‍ക്കാരെ കയറ്റി വിടുവാനുമെല്ലാം സ്വന്തം സഹോദരിമാരെയാണ് ചുമതലപ്പെടുത്തുന്നത്. ടിക്കറ്റ് വാങ്ങുവാന്‍ വരുന്ന ആഭാസന്‍മാര്‍ എന്ന ഓമനപ്പേരുള്ളവര്‍ ഇവരുടെ കയ്യില്‍ കയറിപ്പിടിക്കുന്നത് ഇടയ്ക്ക് കാണിക്കുന്നുമുണ്ട്. ഇതിന്റെയൊന്നും അര്‍ത്ഥങ്ങള്‍ തല്‍ക്കാലം എനിക്ക് പിടികിട്ടിയിട്ടില്ല. 

ചുരുക്കത്തില്‍ ഈ സിനിമ കൊണ്ട് അഭിനയിച്ചവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പേരുദോഷമല്ലാതെ മറ്റൊന്നും ഈ ചിത്രം മൂലം കിട്ടില്ല. സാങ്കേതിക കാരണങ്ങളിലേക്ക് കടക്കുന്നില്ല. കാരണം നമ്മുടെ കയ്യില്‍ ഒരു ബ്ലോഗല്ലേയുള്ളൂ. എഴുതിയാല്‍ ഇതില്‍ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ആകില്ല. 

ഇതുപോലുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ ഓടുമ്പോള്‍ സീനിയേഴ്‌സ് പോലുള്ള ചിത്രങ്ങള്‍ വിജയിക്കുന്നതില്‍ ആര്‍ക്കും ഒരത്ഭുതവും വേണ്ട. തമ്മില്‍ ഭേദം തൊമ്മന്‍ എന്നണാല്ലോ പ്രമാണം.

സിനിമ കണ്ടവര്‍ ഇതൊന്നു കണ്ടു നോക്കുക.


NB: സിനിമ കണ്ടതിനു ശേഷം ഇതു കാണുന്നതായിരിക്കും നല്ലത്.


No comments:

Post a Comment