Wednesday, May 18, 2011

ഒരു വീട്ടില്‍ ഒരു വിമാനം...

വീടും കുടിയുമെല്ലാം വിറ്റുകളഞ്ഞിട്ട് ഒരു വിമാനം വാങ്ങിയാലെന്ത് എന്ന ആലോചനപോലും ഇവന്റെ തലയ്‌ക്കെന്തോ അസുഖമുണ്ട് എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന സാഹചര്യം സംജാതമാക്കിമാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ ബൈക്കും കാറും മാത്രം സ്വപ്‌നം കാണുന്ന സാധാരണക്കാരനായ മലയാളിയുടെ മുന്നില്‍ സ്വപ്‌നദേവതയും കൂടെ വേറെ രണ്ട്മൂന്ന് ചിയര്‍ ഗേള്‍സും കൂടി വന്ന് നൃത്തം ചെയ്തുതുടങ്ങിയിരിക്കുന്നു. ബൈക്കിനും കാറിനും പകരം വിമാനവുമായി ആകാശത്ത് കറങ്ങുന്ന ചെത്ത് പയ്യന്‍മാരെ ശംഖുംമുഖത്തും കോവളത്തുമൊക്കെ ഇനി കാണാവാന്‍ കഴിയും. ഒരു വീട്ടില്‍ ഒരു വിമാനം എന്ന പദ്ധതി നടപ്പിലാകാന്‍ പോകുന്നു. നമുക്കും ഇനി ധൈര്യമായി കൂട്ടുകാരനോട് പറയാം ''അളിയാ, ഞാന്‍ ഒരു വിമാനം ബുക്ക് ചെയിതിട്ടുണ്ട്. രണ്ടു ദിവസത്തിനകം കിട്ടും'' എന്ന്. 

യു.പി.എ. സര്‍ക്കാര്‍ വില നിയന്ത്രിക്കുവാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ സമരം നടത്തിയവരും ശരണം വിളിച്ചവരും ഇനി ഒരുമിച്ച് പ്ലെയിനോടിച്ച് കളിക്കും. യു.പി.എ സര്‍ക്കാരിന്റെ ആ ഒരു അവസരോചിത തീരുമാനമാണ് 'പറക്കുന്ന ഇന്ത്യയുടെ' പിറവിക്ക് പിന്നിലെന്ന് ചരിത്രം വാഴ്ത്തും. കഷ്ടപ്പെട്ട് കാത്തിരുന്ന് ലാദനെ തട്ടിയതാണ് 21-ാം നൂറ്റാണ്ടിലെ അദ്ഭുതം എന്നു വിളിച്ചു പറഞ്ഞുകൊണ്ടു നടക്കുന്ന ഒബാമ ഇനി ഇന്ത്യയുടെ ഈ നേട്ടത്തിനേക്കാള്‍ പ്രാധാന്യം നേടുവാന്‍ സ്വയം വെടിവച്ച് മരിക്കേണ്ടി വരും. 

ഇത സത്യം. ഇന്ത്യ എന്ന രാജ്യം കൊച്ചു കൊച്ചു വിമാനങ്ങളുടെ സ്വപ്‌ന ഭൂമിയാകാന്‍ പോകുന്നു. ഈ സാഹചര്യത്തിലേക്ക് വഴിവച്ച യു.പി.എ സര്‍ക്കാരിന്റെ എണ്ണ തീരുമാനം ഇനി ലോക പ്രശസ്തമാകുമെന്ന് തീര്‍ച്ച. ശനിയാഴ്ച പെട്രോളിന് അഞ്ചുരൂപ കൂട്ടിയപ്പോഴാണ് ഈ ഒരു സാഹചര്യം വന്നു ഭവിച്ചത്. നിലവില്‍ പെട്രോളിന്റെ വില 67 രൂപ. വിമാന ഇന്ധനത്തിന്റെ വില 62 രൂപ. അതും ചെറിയ വിമാനമാണെങ്കില്‍ എണ്ണയ്ക്ക് 50 രൂപ കൊടുത്താല്‍ മതി. 


ഈ ഒരു സാഹചര്യത്തിലാണ് ഒരു വീട്ടില്‍ ഒരു വിമാനം പദ്ധതി നടപ്പിലാകുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നത് ഗവണ്‍മെന്റോ ഏതെങ്കിലും സംഘടനയോ അല്ല. അത് സ്വന്തം ചെലവില്‍ ജനങ്ങള്‍ തന്നെ നടപ്പാക്കിക്കൊള്ളണം. 67 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി ബൈക്കിലൊഴിച്ച് നഗരത്തില്‍ കറങ്ങുന്നതിനേക്കാള്‍ ഭേദമല്ലേ 50 രൂപയ്ക്ക് വിമാന ഇന്ധനം വാങ്ങുന്നത്. ആദ്യം കുറച്ച് രൂപ വിമാനം വാങ്ങിക്കാന്‍ മുടക്കിയാലും പിന്നെ സമാധാനമുണ്ടല്ലോ എന്ന് ഇന്നത്തെ പൗരന്‍മാര്‍ ചിന്തിച്ചാല്‍ അവരെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല.

പെട്രോളിന്റെ ഈ 67 രൂപ അടുത്ത മാസം 72 ആകുമെന്നാണ് കേള്‍ക്കുന്നത്. പെട്രോളിനേക്കാളും ഒത്തിരി താഴെയാണ് ഇപ്പോഴത്തെ വിമാന ഇന്ധന നിരക്ക് എന്നതിനാലും, വിമാനം നമ്മുടെ കുടുംബത്തിന് പേരും പെരുമയും കൊണ്ടുത്തരുമെന്നതിനാലും തീര്‍ച്ചയായായും നമുക്കും 'ഒരു വീട്ടില്‍ ഒരു വിമാനം' എന്ന പദ്ധതിയെപ്പറ്റി ചിന്തിക്കാവാനുന്നതാണ്.

പാലിനേക്കാള്‍ വെള്ളത്തിന് വിലയുള്ള ഈ നാട്ടില്‍ ഇനിയും ഇതുപോലുള്ള നല്ല പദ്ധതികള്‍ നമുക്ക് പ്രതീക്ഷിക്കാം. ചുമ്മാതെ ജനോപകാര പ്രദമായി ഭരിക്കുന്നതല്ല യഥാര്‍ത്ഥ ഭരണം. ഇങ്ങനെ കുറേ ട്വിസ്റ്റുകളും കൂടി ഇടയ്ക്ക് വേണം. അല്ലെങ്കില്‍ തന്നെ പാവങ്ങളുടെ ഇന്ത്യ, പാവങ്ങളുടെ ഇന്ത്യ എന്ന് കേട്ടു മടുത്തു.

കുറിപ്പ്: വിമാനം വാങ്ങണമെന്നുണ്ട്. ലോണ്‍ ഏത് ബാങ്കിലാണാവോ കിട്ടുന്നതെന്നറിഞ്ഞാല്‍.....

1 comment:

  1. എഴുതി തള്ളുന്ന ലോൺ വേണോ.. അതൊ എഴുതി തള്ളാത്ത ലോൺ വേണൊ....

    ReplyDelete