Friday, July 15, 2011

വിഭുകഥകള്‍.... 1

ഒരിടത്തരം കര്‍ഷക കുടുംബത്തിലെ രണ്ടുമക്കളില്‍ മൂത്തവന്‍. പേര് വിപിന്‍. വീട്ടുകാരും നാട്ടുകാരും ചുരുക്കി വിഭു.. വിഭു എന്ന് വിളിക്കും. ഇളയത് ഒരു പെണ്‍കുട്ടി. 

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമാണ്. കഥാനായകന് ഇപ്പോള്‍ വയസ്സ് ഇരുപത്തഞ്ചായിക്കാണും. അന്ന് പത്താം ക്ലാസ് തോറ്റ് പ്രൈവറ്റായി പഠിച്ചുകൊണ്ടിരിക്കുന്ന കാലം...
ആ വീട്ടിലെ ബാക്കി മൂന്നു പേരെക്കൂടി ചേര്‍ത്തുവച്ചാലുള്ള തടി നമ്മുടെ പയ്യനുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു സ്വാഭാവികമായുള്ള മടിയും അതിനോടനുബന്ധിച്ചുള്ള എല്ലാ അസ്‌കിതകളും കൂടെയുണ്ട്. 

ഒന്നുരണ്ട് പശുക്കളും കുറച്ച് റബ്ബറുമാണ് കുടുംബത്തിന്റ ഉപജീവന മാര്‍ഗ്ഗമെങ്കിലും അതിന്റെ അഹങ്കാരം ഒട്ടുമില്ലാതെ വിഭു അടിച്ചുപൊളിച്ചു നടക്കുന്നു. പ്രധാന വിനോദം സിനിമ കാണല്‍. ബൈക്ക് വാങ്ങണമെന്നുള്ളതാണ് ആകെയുള്ള ഒരു സ്വപ്നം. പക്ഷേ പിതാവ് അതിന് സമ്മതിക്കുന്നില്ല. കാരണം പയ്യന് പതിനെട്ട് തികഞ്ഞില്ല. 

തെളിയിച്ച വഴിയില്‍ കൂടി വിഭുവിനെ നടത്താന്‍ കഴിയാത്ത ആ കുടുംബം പോയ വഴി തെളിയിച്ചുകൊണ്ടിരിക്കുന്നകാലം. 

ഓണം കഴിഞ്ഞ് ആഘോഷങ്ങളൊക്കെ ഒതുങ്ങി ക്ഷീണം മാറ്റാന്‍ വിഭു ഇറയത്ത് ഒരു പായ വിരിച്ച് ചെറുതായി മയങ്ങുന്ന ഒരുച്ചസമയം. അച്ഛന്‍ എന്നു പറയുന്ന വ്യക്തി വീടിനു മുന്നില്‍ കെട്ടിയിരിക്കുന്ന പശുക്കള്‍ക്ക് എവിടയോ പോയി ചെത്തിക്കൊണ്ട് വന്ന പുല്ല് തീറ്റിക്കുന്നു. 

അപരിചിതരായ രണ്ടുപേര്‍ ഗേറ്റു കടന്നവന്ന് അദ്ദേഹത്തിന് മുന്നില്‍ നിന്നു. അതില്‍ കണ്ണാടിവച്ചയാള്‍ ചോദിച്ചു ''വിപിന്റെ വീടല്ലേ?''

തറയില്‍ വച്ചിരിക്കുന്ന ടേബിള്‍ ഫാനിന്റെ കാറ്റേറ്റ് 'മനുഷ്യര്‍ക്കല്ലേ വിഷമങ്ങളും ദുഃഖങ്ങളും, ഞാന്‍ ദൈവപുത്രനല്ലേ... എനിക്കെന്ത് ദുഃഖം' എന്ന മട്ടില്‍ മയങ്ങുന്ന വിഭുവിനെ നോക്കി വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്ന ആ പാവം പറഞ്ഞു. ''അതേ.. ആരാ മനസ്സിലായില്ല''

''വിപിനറിയാം.... വിളിച്ചാല്‍ മതി'' വന്നതിലൊരാള്‍ പറഞ്ഞു. 

രണ്ടാം ലോക മഹായുദ്ധസമയത്ത് ജപ്പാന്‍കാര്‍ അനുഭവിച്ച മാനസിക പ്രയാസം മുഖത്ത് ആവാഹിച്ച് അച്ഛന്‍ മയങ്ങുന്ന വിഭുവിനെ വിളിച്ചു. ''എടാ വിഭു.. നിന്നെക്കാണാന്‍ രണ്ടുപേര്‍ വന്നിരിക്കുന്നു''

വിഭുവിന് അച്ഛനോട് അപാരമായ വിധേയത്വമുള്ളതിനാലും അവന്‍ േലാകത്ത് ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തി താനാണെന്ന് ആ പാവത്തിന് വ്യക്തമായി അറിയാമായിരുന്നതിനാലും ചോദ്യത്തിന് ശേഷം ''മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കില്ലേ കിളവാ'' എന്ന അലര്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹം കാത്തുനിന്നു. 

പക്ഷേ, ദൈവം പല സമയങ്ങളില്‍ പലരീതിയില്‍ സഹായിക്കാറുണ്ടെന്ന് അദ്ദേഹത്തിന് അന്നാണ് മനസ്സിലായത്. ഞട്ടിയുണര്‍ന്ന വിഭു (പതിവില്ലാതെ) ചോദിച്ചു ''ആരാ?''

''എനിക്കറിയില്ല... നിന്നെക്കാണാന്‍ വന്നതാ'' 

പുറത്തു നില്‍ക്കുന്നവരെ സൂക്ഷിച്ചു നോക്കിയിട്ടും വിഭുവിന് ആളെ മനസ്സിലായില്ല. പായ കാലുകൊണ്ട് മടക്കിയിട്ട് വിഭു മുറ്റത്തേക്കിറങ്ങി അച്ഛന്റെയടുക്കലേക്ക് ചെന്നു. ''ആരാണെന്ന് എനിക്ക് മനസ്സിലായില്ലച്ഛാ...''

ഇവന്‍ ജനിച്ചതിന് ശേഷം അല്ല അറിവ് വച്ചതിന് ശേഷം ആദ്യമായി അച്ഛാന്നുള്ള വിളി കേട്ടതിന്റെ ചാരിതാര്‍ത്ഥ്യം ആ മുഖത്ത് പ്രതിഫലിച്ചു. ആ വിളിയുടെ കാരണം ഈ വന്നു നില്‍ക്കുന്നവരാണല്ലോ എന്ന നന്ദിയും എന്നാല്‍ നില്‍ക്കുന്നവര്‍ അപരിചിതരാണല്ലോയെന്ന ബോധവും തുടര്‍ന്നും ആ മുഖത്ത് മാറിമാറി വന്നുകൊണ്ടിരുന്നു. 

''ഞങ്ങള്‍ക്ക് സത്യമായിട്ടും മനസ്സിലായില്ല കേട്ടോ'' ഇനിയും തങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്താതിരുന്നാല്‍ ആ പാവം കര്‍ഷകന്‍ ചിലപ്പോള്‍ ഹൃദയം നുറുങ്ങി മരിക്കുമെന്ന് തോന്നിയ അപരിചിതരില്‍ കണ്ണാടിവച്ചയാള്‍ വിഭുവിന് നേരെ തിരിഞ്ഞ് ചോദിച്ചു ''നിനക്കെന്നെ ഒട്ടും മനസ്സിലായില്ലേ?''

''ഇല്ല'' തികച്ചും സത്യസന്ധമായ മറുപടി.

ചോദിച്ച വ്യക്തി ദയനീയതയോടെ മറ്റയാളെ നോക്കി. അതുകഴിഞ്ഞ് രണ്ടുപേരും കൂടി ഒരുമിച്ച് തിരിഞ്ഞ് വിഭുവിന്റെ അച്ഛനെ നോക്കി. കണ്ണാടി വച്ചയാളെ ചൂണ്ടി മറ്റയാള്‍ പറഞ്ഞു. '' വിപിന്‍ പഠിക്കുന്ന ട്യൂട്ടോറിയല്‍ കോളേജിന്റെ പ്രിന്‍സിപ്പാളാണ് ഇദ്ദേഹം. ഞാനവിടുത്തെ ഇംഗ്ലീഷ് സാറും''

ബാധകയറിയവനെപോലെ കണ്ണും തുറിച്ച് അവരെ തന്നെ നോക്കി നില്‍ക്കുന്ന വിഭുവിനെ ഒന്നു തിരിഞ്ഞു നോക്കി അയാള്‍ തുടര്‍ന്നു. ''അഡ്മിഷന്‍ എടുത്തതിന് ശേഷം രണ്ടാഴ്ച മാത്രമേ വിപിന്‍ ക്ലാസില്‍ വന്നിട്ടുള്ളു. അതും നല്ല ദിവസം നോക്കി. അതുകഴിഞ്ഞ് മാസം മൂന്നായി... അഡ്മിഷന് വന്നപ്പോള്‍ തന്ന നമ്പരില്‍ വിളിച്ചപ്പോള്‍ അങ്ങനെയൊരു നമ്പര്‍ നിലവിലില്ലെന്നാണ് പറയുന്നത്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് അന്വേഷിച്ചിറങ്ങിയതാ...''

വഴിയില്‍ കിടന്ന അമിട്ടെടുത്ത് ആപ്പിളാണെന്നും പറഞ്ഞ് കടിച്ച കുരങ്ങന്റെ അവസ്ഥയില്‍ നില്‍ക്കുന്ന പ്രിന്‍സിപ്പാളിനേയും, ദൈവമേ എന്നെയങ്ങ് എടുത്തോളണേ എന്ന നിലയില്‍ നില്‍ക്കുന്ന സ്വന്തം മകനെയും നോക്കി ആ പിതാവ് നിന്നു. അപ്പോള്‍ ആ മനസ്സ് മകന്‍ വാങ്ങിക്കൊണ്ട് പോയ കഴിഞ്ഞ മൂന്നുമാസത്തെ ഫീസും ഓണാഘോഷത്തിനുള്ള തുകയും 'ഇമ്പോസിഷന്‍' ഫൈനുമൊക്കെ കണക്കു കൂട്ടിയെടുക്കുകയായിരുന്നു. 

(വിഭുകഥകള്‍ ഇനിയും തുടരും....)

1 comment:

  1. റ്റിന്‍റുമോനും വിഭൂവും തമ്മില്‍ ഒരു മല്‍സരമുണ്ടാകുമെന്നും അത് കാണാന്‍ നല്ല രസമായിരിക്കുമെന്നും ആര് ജയിക്കും ആര് തോല്ക്കും എന്ന ആകാംക്ഷ മുറ്റിയ നിരവധി ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും കരുതാമോ?
    എന്നു ഒരു ടിന്‍റുമോന്‍ ആരാധകന്‍..

    ReplyDelete