Saturday, June 11, 2011

ഒരു ബദ്രിനാഥും കുറേ വേദനിക്കുന്ന കോടീശ്വരന്‍മാരും

രണ്ടേമുക്കാല്‍ മണിക്കൂര്‍. എട്ട് ഗാനങ്ങള്‍, എട്ട് സ്റ്റണ്ട്, കഥയുടെ ഗതി മാറിപ്പോകാതിരിക്കാന്‍ അപ്പോഴപ്പോഴുള്ള കുറെ വെല്ലുവിളികള്‍ ഒടുവില്‍ പ്രേക്ഷകന്റെ ക്ഷമയേയും സാമാന്യ ബോധത്തേയും വെല്ലുവളിച്ചുകൊണ്ട് ഒരവസാനവും. ഇതാണ് ചരിത്രത്താളുകളില്‍ സുവര്‍ണ്ണ രേഖകളില്‍ എഴുതിച്ചേര്‍ക്കുവാനും പ്രേക്ഷകരെ മുള്‍മുനിയല്‍ നിര്‍ത്തുവാനും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നവകാശപ്പെട്ട ബദ്രിനാഥിന്റെ ചുരുക്കം. 

ഒരു സാധാരണ തെലുങ്ക് സിനിമ എന്നത് കുറെക്കാലം മുമ്പുവരെ പ്രേക്ഷകന്റെ മനസ്സിലുണ്ടായിരുന്ന ചിന്താഗതികള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു മൂന്നാംകിട സിനിമ എന്നല്ലാതെ ഇതിനപ്പറ്റി ഒന്നും പറയുവാനില്ല. അല്ലു അര്‍ജുന്‍ വിവാഹത്തിന് ശേഷം അഭിനയിക്കുന്ന ചിത്രമെന്ന പേരോടെ, പരസ്യത്തിന്റെ ധാരാളിത്തത്തോടെ ആന്ധ്രയിലെന്നപോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം റിലീസ് ചെയ്ത ഈ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് നിരാശ മാത്രമാണന്നും ഇതിനേക്കാള്‍ ഭേദം വിനയന്റെ റിസിയയോ ജനശതാബ്ദിക്ക് തലവയ്ക്കലോ ആണെന്ന് നിസംശംയം പറയാം. 

അല്ലു അര്‍ജുന്റെ അഭിനയ ജീവിതത്തില്‍ വന്ന ചെറിയൊരു ഇടവേളയെ നികത്താന്‍ അച്ഛന്‍ അല്ലു അരവിന്ദ് കണ്ടുപിടിച്ച മഹത്തായ ഐഡിയയായിരുന്നു എന്നു തോന്നുന്നു ബദ്‌രിനാഥ് എന്ന ചിത്രം. പക്ഷേ അച്ഛനും മകനും ഇപ്പോള്‍ കഷ്ടകാലമാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പക്ഷേ ആ കഷ്ടകാലം പ്രേക്ഷകരേയും ഒരു വിധത്തില്‍ ബാധിച്ചിരിക്കുകയാണ്. 'മൂന്നാംകിട തെലുങ്കു പടം' എന്ന ചൊല്ല് അന്വത്ഥമാക്കുന്ന രീതിയില്‍ വിനായക് കാര്യമായി സംവിധാനിച്ചിരിക്കുന്നു. ചിന്നി കൃഷ്ണ എന്ന കഥാകൃത്തിന്റെ സൃഷ്ടി തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഓളങ്ങള്‍ സൃഷ്ടിക്കും. കാണുന്നവന്റെ തലയ്ക്ക്. 

2009 ല്‍ ഇറങ്ങി ആന്ധ്രയില്‍ ആവേശമായി പടര്‍ന്ന് 2011 ഓടെ മൊഴിമാറി മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മഗധീര എന്ന ചിത്രത്തിന്റെ കെട്ടും മട്ടുമൊക്കെ പരീക്ഷിച്ചുനോക്കിയ സിനിമയാണിത്. സ്വന്തം അളിയനായ റാം ചരണ്‍ തേജ അഭിനയിച്ച് മെഗാഹിറ്റായ മഹാധീര എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ രസിപ്പിച്ച ചിത്രമാണ്. കഥയും നല്ല തിരക്കഥയും ടെക്‌നോളജിയുമൊക്കെ വേണ്ടപോലെ സംയോജിപ്പിച്ച് നിര്‍മ്മിച്ച ഈ ചിത്രം ധീര എന്ന പേരില്‍ മലയാളത്തില്‍ ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. അതിലെ കാലഭൈരവന്‍ എന്ന കഥാപാത്രമായി പകര്‍ന്നാടിയ റാം ചരണ്‍ തേജയുടെ പ്രകടനം കണ്ട്‌കൊതി മൂത്താണെന്ന് തോന്നുന്നു ഏകദേശം ആ രീതിയിലുള്ള ഒരു കഥാപാത്രമായ ബദ്രിയായി മാറാന്‍ അര്‍ജുനും ഒരു ശ്രമം നടത്തിയത്. വിയറ്റനാമില്‍ പോയി അതിനുവേണ്ടി വാള്‍പ്പയറ്റും കത്തിക്കുത്തുമൊക്കെ പഠിച്ചിട്ടും ഭൈരവന്റെ ഏഴയല്‍വക്കത്ത് വരുവാന്‍ പോലും ബദ്രിക്ക് സാധിച്ചിട്ടില്ല. 

കാലങ്ങളായി തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന ഹിന്ദു ക്ഷേത്ര ആക്രമണങ്ങളാണ് ബദ്രിനാഥിന് ആധാരം. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ആക്രമണങ്ങളെ ചെറുക്കുന്നതിനും ഇപ്പോള്‍ നിലവിലുള്ള പ്രധാനപ്പെട്ട 108 ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയും ക്ഷേത്ര സംരക്ഷണ സമിതി ഒരു സേന രൂപികരിക്കുവാന്‍ തീരുമാനിക്കുന്നു. ഇതിനായി തയ്യാറുള്ള ബാലന്‍മാരെ വിദ്യകള്‍ പഠിപ്പിക്കുന്നതിനായി കൈലാസത്തിലെ തക്ഷശില വിദ്യാലയത്തിലെ ഗുരുവായ ഭീക്ഷ്മ നാരായണനെ (പ്രകാശ്‌രാജ്) സമീപിക്കുന്നു. അദ്ദേഹം ആ ചുമതലയേറ്റെടുക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ ഏറ്റവും സമര്‍ത്ഥനായ കുട്ടിയായ ബദ്രിയെ അദ്ദേഹം േനതാവായി തിരഞ്ഞെടുക്കുന്നു. അവര്‍ യുവാക്കളായി മാറുമ്പോള്‍ ഓരോ ക്ഷേത്രങ്ങളുടെ ചുമതല അവരെ ഏല്‍പ്പിക്കയും ചെയ്യുന്നു. ബദ്രിക്ക് കിട്ടുന്നത് ബദ്രിനാഥ് ക്ഷേത്രത്തിന്റെ ചുമതലയാണ്. 

ബദ്‌രിനാഥ് ക്ഷേത്രത്തിന്റെ ചുമതലയുമായി കഴിഞ്ഞുകൂടുന്ന ബദ്രിയുടെ അടുത്തേക്ക് അവന്റെ ക്ഷമയെ പരീക്ഷിക്കുവാന്‍ (കൂട്ടത്തില്‍ പ്രേക്ഷകരുടേയും) തമന്നയുടെ അളകനന്ദ എത്തുന്നു. ഈ അളകനന്ദ എന്നു പറയുന്ന കോടീശ്വരിയായ ജീവി (മനുഷ്യജീവി എന്നു പറയുന്നതിനേക്കാള്‍ വെറും ജീവി എന്നു പറയുന്നതാണ് കുറച്ചു കൂടി ശരി. കാരണം മനുഷ്യകുലത്തില്‍ പിറന്ന യാതൊരു ഗുണവും അതില്‍ നിന്നുമുണ്ടാകുന്നില്ല എന്നതു തന്നെ) ബദ്രിയെ ആദ്യം തെറ്റിദ്ധരിച്ച് വെറുക്കുകയും പിന്നെ ഗാഢമായി പ്രണയിക്കുകയുമൊക്കെ ചെയ്യുന്നു. പക്ഷേ അളകനന്ദ ഒരു വേദനിക്കുന്ന കോടീശ്വരിയാണെന്നുള്ള വിവരം പിന്നീടാണ് നായകന്‍ മനസ്സിലാക്കുന്നത്. 

അളകനന്ദയ്ക്ക് ഒരു അപ്പച്ചിയുണ്ട് (അച്ഛന്റെ സഹോദരി). ഈ സിനിമയിലെ ഏറ്റവും അസഹനീയമായ കഥാപാത്രം അതാണ്. ഇവരുടെ ഭര്‍ത്താവ് സര്‍ക്കാര്‍ 98 കൊലപാതകങ്ങള്‍ പൂര്‍ത്തിയാക്കി 99-ാമത്തേതിന് വേണ്ടി ദാഹിച്ചു നടക്കുന്ന അധോലോക നേതാവാണ്. ഇവരും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വേദനിക്കുന്ന കോടീശ്വരന്‍മാര്‍ തന്നെ. 99-ാമത്തേതാകാന്‍ അളകനന്ദയുടെ മുത്തച്ഛനാണ് ഭാഗ്യം കിട്ടുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമുണ്ടായ ഒരു പുത്രനാണ് ബദ്രിയുടെ യഥാര്‍ത്ഥ ശത്രു. 

പാട്ടുകളും സ്റ്റണ്ടുകളും 1:1 അനുപാതത്തിലാണ് ചേര്‍ത്തിരിക്കുന്നത്. അളകനന്ദയുടെ പ്രേമം അറിയാതെ നിഷ്‌കളങ്കനായി നടക്കുന്ന ബദ്രിയെയും ആ ബദ്രിയെ വറുതെ തെറ്റിദ്ധരിക്കുന്ന ഗുരുവിനെയും ഇവര്‍ക്കെല്ലാം ഇടയില്‍ ഒരു 'അപ്പച്ചി' എന്ന വിളിക്കു വേണ്ടി മാത്രം അളകനന്ദയെ സ്വന്തമാക്കുവാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ കുടുംബത്തേയും വിനായക് തിരശ്ശീലയില്‍ മനോഹരമായി വരച്ചു വച്ചിരിക്കുന്നു. മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍. പാട്ടുകള്‍ ഏതെന്ന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. ചെവി തുളയ്ക്കുന്ന കുറേ അലര്‍ച്ചയും ചൂളം വിളികളുമല്ലാതെ. 

ധീരയില്‍ ഷേര്‍ഖാന്റ നൂറ് പടയാളികളുമായി കാലഭൈരവന്‍ നടത്തുന്ന പോരാട്ടം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്്. അതേ രീതിയില്‍ അമര്‍നാഥ് ക്ഷേത്രം കൈവശപ്പെടുത്തിയ തീവ്രവാദികളെ കീഴ്‌പ്പെടുത്തുവാന്‍ ബദ്രിയും ഒരു പോരാട്ടം നടത്തുന്നുണ്ട്. അലു അര്‍ജുന്റെ എത്ര വലിയ ഫാന്‍ ആണെങ്കിലും അറിയാതെ എഴുന്നേറ്റ് നിന്ന് കൂകിപ്പോകും. പിന്നെയുള്ള ഒരു പ്രധാന പ്രത്യേകത മെയിന്‍ വില്ലന്‍മാര്‍ക്ക് ഈ സിനിമയുടെ അവസാനം മരണമില്ലായെന്നുള്ളതാണ്. അതിനുവേണ്ടി മാത്രം ആയിരക്കണക്കിന് സഹവില്ലന്‍മാര്‍ മുന്നോട്ട് വരുന്നുണ്ട്. 

മൊത്തത്തില്‍ ഇന്നത്തെ തലമുറയില്‍ പെട്ട മലയാളീയുവാക്കള്‍ക്കുള്ള സമ്മാനമാണ് ഈ ചിത്രം. 1 കോടി രൂപ റിക്കാര്‍ഡ് തുകയ്ക്കാണ് ഖാദര്‍ ഹസ്സന്‍ ഈ ചിത്രത്തിന്റെ മലയാള പതിപ്പ് വാങ്ങിയത്. ഇത്രയും വലിയൊരു പണി തരമെന്ന് അലുവിന്റെ കടുത്ത ആരാധകനായ ഖാദര്‍ ഹസ്സന്‍ പോലും കരുതിക്കാണില്ല. തലുങ്കില്‍ വന്‍ പരാജയമായ അലുവിന്റെ വരന്‍ പോലും ഇവിടെ ഒരുവിധം രക്ഷപ്പെട്ട് പോയതാണ്. പക്ഷേ ഇത്രയും വലിയ തുകയ്ക്കുള്ള ചിത്രമായതുകൊണ്ട് ആ ഒരു കാരുണ്യം ഇതിനു കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. 

കുറിപ്പ്: ഗാനരംഗങ്ങളുടെ മൊത്തത്തിലുള്ള തുകയെടുക്കുമ്പോള്‍ 'എ' സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് കൊടുക്കേണ്ടിയിരുന്നത്. 

2 comments:

  1. വായിച്ചു. അത്ര ഭീകരമാണോ സംഭവം ?

    ReplyDelete
  2. Inganathe role cheyyan allu arjune thanne select cheythathu enthu kondu. Daivame ente padam flop akane. Flop ayal ganapathiku 100 thenga udachekame ennu nercha eduthitano allu Aravind ee arjune vachu padam pidikunnathu. Ithil ninnenkilum ariyatha pillakku choriyumbol ariyum ennu manasilakki kanum allu aravind. Pinne arjunu valla pennungalde pirake nadakanum, anavashyamayi thalakuthi mariyanum kollam. Hero enna padavi orikalum kodukaruthe ini enkilum.......

    ReplyDelete