Saturday, September 3, 2011

ഞങ്ങളും ഈ നാട്ടുകാര്‍ തന്നെ...


ആള്‍ കേരള ജനവിരുദ്ധ പ്രവര്‍ത്തക പ്രസിഡന്റും തട്ടിപ്പ് യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗവും 2009 ലെ പീഡനപുഷ്പിതന്‍ അവാര്‍ഡ് ജേതാവുമായ കൊട്ടുവടി സുനി എന്ന ഞാന്‍ ജനപ്രതിനിധികളെ അറിയിക്കുന്ന തുറന്ന കത്ത്. 

ഇവിടെ കാണുന്ന കാര്യം വാര്‍ത്തയിലൂടെയാണ് ഞാനറിഞ്ഞത്. പ്രസ്തുത വസ്തുതയെ ആധാരമാക്കി ഒന്നു രണ്ട് കാര്യങ്ങള്‍ ഞാന്‍ ഇവിടെ സൂചിപ്പിക്കുകയാണ്.
2010 മെയ് 12ന് കോഴിക്കോട് ബസ് സ്റ്റാന്റില്‍ മംഗലപുരത്തേക്ക് പോകുവാന്‍ നിന്ന സുരേന്ദ്രന്‍ എന്ന വ്യക്തിയെ കമ്പിപ്പാരയില്‍ തലയ്ക്കടിച്ച് കയ്യിലുണ്ടായിരുന്ന 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പിശാച് രമണന്‍, വെട്ടുകത്തി ബിനു എന്നീ രണ്ട് യുവാക്കള്‍ ഇപ്പോള്‍ മൂന്ന് കൊല്ലം ശിക്ഷയേറ്റുവാങ്ങി കണ്ണൂര്‍ ജയിലിലാണ്. ഏഴ് കൊലപാതകങ്ങള്‍, രണ്ട് ഡസനോളം കൊലപാതക ശ്രമങ്ങള്‍, ഒമ്പതോളം ബലാത്സംഗങ്ങള്‍ എന്നിവയില്‍ ഈ യുവാക്കള്‍ പ്രതിയാണെങ്കിലും ഇവരുടെ പ്രധാന വിഹാരരംഗം കാശ്തട്ടിപ്പ് മേഖലയായതുകൊണ്ടാണ് ഇത്തരുണത്തില്‍ ഞാന്‍ പ്രതികരിക്കുന്നത്. 

മുകളിലെ വാര്‍ത്തയില്‍ കാണുന്ന നമ്മുടെ പ്രിയപ്പെട്ട നേതാവ് ഇതുപോലുള്ള തട്ടിപ്പ് കേസില്‍ ശിക്ഷയനുഭവിക്കുന്നത് ഞങ്ങളെ പോലെ തന്നെ നിങ്ങള്‍ക്കും അറിയാവുന്നതാണല്ലോ. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ച് കിടക്കുന്ന രമണനും ബിനുവും ചെയ്തതും ഇതുപോലുള്ള ഒരു കുറ്റമല്ലേ? അദ്ദേഹം നിയമാനുസരണമാണ് അത് നടത്തിയതെങ്കില്‍ നമ്മുടെ പിള്ളേര്‍ കുറച്ച് പാടുപെട്ട് ഒരു കമ്പിപ്പാരയുടെ സഹായത്തോെട നടത്തി എന്നൊരു വ്യത്യാസം മാത്രമേ ഇവിടെ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ.

ഇദ്ദേഹത്തിന് ഒരു വര്‍ഷത്തെ ശിക്ഷയ്ക്കിടയ്ക്ക് ആറു മാസത്തോളം പരോള്‍ അനുവദിച്ചതായി അറിയുവാനും കഴിഞ്ഞു. എന്നാല്‍ എന്റെ പിള്ളേര്‍ക്ക്  മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്കിടയ്ക്ക് ഒരു ദിവസം പോലും പരോള്‍ അനുവദിച്ചിട്ടില്ല. എല്ലാ പൗരന്‍മാരേയും ഒരേ കണ്ണില്‍ കാണണമെന്ന് നിയമം പഠിപ്പിക്കുന്ന സ്ഥിതിക്ക് എന്റെ പിള്ളേരോട് എന്തിനീ വിവേചനം കാണിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ലോകത്തെങ്ങുമില്ലാത്ത ഏതോ ഒരു അസുഖത്തിന്റെ പേരില്‍ ഫൈവ്‌സ്റ്റാര്‍ സൗകര്യത്തോടു കൂടിയാണ് ഇദ്ദേഹം കിടക്കുന്നതെന്ന് വായിച്ചു. എന്റെ ബിനു മൂത്രത്തില്‍ കല്ല് കാരണം രണ്ടു ദിവസം മൂത്രം ഒഴിക്കാനാകാതെ ജയിലിനുള്ളില്‍ കിടന്ന് പിടച്ചപ്പോള്‍ ഒരു പോലീസുകാരന്‍ പോലും തിരിഞ്ഞു നോക്കിയില്ല. അവന്‍ ഫൈവ്‌സ്റ്റാര്‍ സൗകര്യമൊന്നും ആവശ്യപ്പെട്ടില്ല. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി കല്ല് നീക്കംചെയ്യണമെന്നേ പറഞ്ഞുള്ളൂ. അതിന് പോലും തയ്യാറാകാത്ത നിയമം അേത  തെറ്റു ചെയ്ത വേരൊരാള്‍ക്കുവേണ്ടി എന്തിനാണ് മാറ്റിഎഴുതുന്നത്. 

അഥവാ നിയമം പരിഷ്‌കരിക്കുകയാണെങ്കില്‍ ഞങ്ങളെ േപാലുള്ള പാവങ്ങള്‍ക്കും വല്ല തട്ടിപ്പും നടത്തി ജീവിക്കാന്‍ തകുന്ന തരത്തില്‍ മാറ്റിയെഴുതണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. കുറ്റം എന്തായാലും കുറ്റമാണെന്നിരിക്കേ എന്റെ പിള്ളേരും ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹന്‍ തന്നെയാണ്. പണ്ട് ഈ തൊഴിലിന് ഒരു മാന്യതയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ നമുക്കൊക്കെ ധൈര്യമായി. കൂട്ടിന് വലിയ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ അന്തസ്സും ആഭിജാത്യവുമൊക്കെ താെന വന്നുകൊള്ളുമെന്നാണല്ലോ. 

കുറിപ്പ്: നമ്മുടെ പിള്ളേര്‍ക്ക് എത്രയും വേഗം പഞ്ചനക്ഷത്ര സൗകര്യമുള്ള ഒരു മുറി (അത് ആശുപത്രിയോ, ഹോട്ടലോ, കള്ളുഷാപ്പോ എന്തായാലും കുഴപ്പമില്ല) ഒരുക്കിക്കൊടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. കാശിന്റെ കാര്യത്തില്‍ പേടിക്കേണ്ട. ചെലവെല്ലാം അവര്‍ തന്നെ നോക്കിക്കോളും. കൊല്ലം അഷ്ടമുടിക്കായലിന്റെ ഒരു ഭാഗം കാഴ്ച കാണാന്‍ വന്ന ഒരു നോര്‍വേക്കാരന് വിറ്റ തുകയായ 2.5 കോടി രൂപ അവരുടെ അക്കൗണ്ടില്‍ ബാങ്കില്‍ കിടപ്പുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ ജയില്‍ വകുപ്പിന് യാതൊരു പേടിയും വേണ്ട.

2 comments:

  1. Super.
    Pity of Kerala government for giving such relaxations to a court convicted, corrupted leader.

    ReplyDelete