Friday, October 7, 2011

ഇന്ത്യന്‍ റുപ്പി; ജീവനില്ലാത്ത നായകന്റെ സ്വാധീനം


രഞ്ജിത്ത് എന്ന സിനിമാക്കാരന്‍ എന്നും ഒരു ദുരൂഹതയാണ്. പെട്ടന്ന് ആര്‍ക്കും പിടികിട്ടാത്ത ഒരു കഥാപാത്രം. നീലകണ്ഠന്‍ എന്ന നാമം പുരുഷത്വത്തിന്റെ പ്രതീകമായി കേരളക്കരയ്ക്ക് സമ്മാനിച്ച്, ആക്ഷനും ഡയലോഗുകളും നിറഞ്ഞ ഒരു ലോകം തുറന്നുകൊടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച രഞ്ജിത്ത് സംവിധായക വേഷമണിഞ്ഞപ്പോഴും പുറത്തു വന്നത് തനത് ചിത്രങ്ങളായിരുന്നു. എന്നാല്‍ കയ്യൊപ്പെന്ന ചിത്രത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തിരക്കഥയും പാലേരി മാണിക്യവും പുതിയ തിരിച്ചറിവിന്റെ അടയാളങ്ങളായി മാറി. പ്രാഞ്ചിലേട്ടനെന്ന സാമൂഹിക വിമര്‍ശനത്തിലൂടെ സമൂഹത്തിന്റെ താഴേക്കിടയിലേക്ക് ഇറങ്ങിവന്ന രഞ്ജിത്ത് 'ഇന്ത്യന്‍ റുപ്പി'യിലൂടെ താന്‍ പോകുന്ന വഴി തനിക്കും മലയാള സനിമയ്ക്കും ശരിതന്നെയെന്നുള്ള ബോധം കൂടിയാണ് തെളിയിക്കുന്നത്.  

ഇന്ത്യറുപ്പിയില്‍ ഇതുവരെക്കണ്ട പ്രിഥ്വിരാജിനെയാകില്ല നിങ്ങള്‍ കാണുന്നത് എന്ന കാര്യം രഞ്ജിത്ത് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. പറയുന്നത് രഞ്ജിത്താണെന്നതിനാലും അഭിനയിക്കുന്നത് പ്രിഥ്വിയാണെന്നതിനാലും ആ വാക്കില്‍ വിശ്വസിച്ചായിരിക്കില്ല പ്രേക്ഷകര്‍ സിനിമകാണാനായി പോകുന്നത്. പക്ഷേ, ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ സിനിമയിലെ നായകന്‍ പ്രിഥ്വിരാജല്ല. മറിച്ച് ചിത്രത്തിന്റെ പേരു സൂചിപ്പിക്കുംപോലെ പണമാണ്. ജീവനില്ലാത്ത വസ്തുവായ ഇന്ത്യന്‍ പണം. ആ പണത്തിന്റെ സ്വാധീനമാണ് ഈ ചിത്രത്തിന്റെ കാതല്‍. നായകനൊത്ത പ്രാധാന്യത്തോടെയുള്ള വേഷം ചെയ്തിരിക്കുന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട് സിനിമയില്‍. അതും പ്രിഥ്വിയല്ല. മലയാളത്തിന്റെ അഭിനയകലയുടെ വിശ്വരൂപം സാക്ഷാല്‍ തിലകന്‍. 

കല്‍പ്പിച്ച വിലക്കുകള്‍ നഷ്ടപ്പെടുത്തിയത് ഒരു അഭിനേതാവിന്റെ സമയത്തെ മാത്രമല്ല, മലയാളത്തിന്റെ അഭിമാനമാകാവുന്ന കുറച്ച് കഥാപാത്രങ്ങളെയുമാണ് എന്ന് മനസ്സിലാക്കിത്തരുന്ന സിനിമയാണിത്. തിലകന്‍ എന്ന നടന് തുല്യം ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ തിലകന്‍ മാത്രമേയുള്ളൂ എന്ന് അടിവരയിട്ടു പറയുന്ന ചിത്രം. ഇനിയും ഇതുപോലുള്ള മാറ്റിനിര്‍ത്തലുകളും മറ്റും തുടര്‍ന്നാല്‍ നഷ്ടം സിനിമയ്ക്കും പ്രേക്ഷകനും മാത്രമായിരിക്കും എന്ന സത്യം ഇവിടെ തെളിഞ്ഞിരിക്കുന്നു- അല്ല തെളിയിച്ചിരിക്കുന്നു. 

നല്ല ചിത്രങ്ങളെപ്പറ്റി മാത്രം സംസാരിക്കുകയും മോശം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്ന പ്രിഥ്വിരാജാണ് ഈ ചിത്രത്തിന്റെ നന്മ എന്നുതന്നെ പറയണ്ടിവരും. വാസ്തവത്തിനുശേഷം ഇത്രയും ഇണങ്ങുന്ന ഒരു കഥാപാത്രം ചെയ്തതിന് പ്രിഥ്വിക്ക് തീര്‍ച്ചയായും അഭിമാനിക്കാം. കണ്ട താന്തോന്നിക്കും ഗുണ്ടകള്‍ക്കും പിറകേപോകാതെ ഇങ്ങനെ കാമ്പുള്ള ചത്രങ്ങള്‍ തിരഞ്ഞെടുത്തഭിനയിച്ചാല്‍ മലയാള സിനിമയുടെ ഒഴിച്ചുനിര്‍ത്താനാകാത്ത ഒരു ഘടകമായി പ്രിഥ്വിമാറും എന്നതിന് യാതൊരു സംശയവും വേണ്ട. 

പണം- അത് പോകുന്ന വഴിയും അതിനിടയില്‍ വന്നു പോകുന്ന ജീവിതങ്ങളും അയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജീവിതബന്ധങ്ങളുടെ കെട്ടുറപ്പുകള്‍ വരെ ഏച്ചുകെട്ടലായി മാറ്റപ്പെടുന്ന പണത്തിന്റെ സഞ്ചാരം ചില നിമിഷങ്ങളില്‍ നമ്മെ അമ്പരപ്പിക്കുന്നു... ചിലപ്പോള്‍ ഭയപ്പെടുത്തുന്നു. കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്ന പണം പോലെ ചില ജീവിതങ്ങള്‍ ആര്‍ക്കും വേണ്ടാതെ മാറുന്നതു കാണുമ്പോള്‍ അസാമാന്യ പാത്രസൃഷ്ടികള്‍ എന്നു പറഞ്ഞ് നമ്മള്‍ രഞ്ജിത്തിനെ നമിച്ചുപോകും. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പ്രിഥ്വിരാജിനെ രഞ്ജിത്ത് പിടിച്ചെഴുന്നേല്‍പ്പിച്ചിരിക്കുന്നു. എന്നിരുന്നാലും തിലകനും ജഗതിയും മാമുകോയയുമൊക്കെ അഭിനയത്തിന്റെ കാര്യത്തില്‍ പ്രിഥ്വിക്ക് മുന്നേ സഞ്ചരിച്ചു എന്നുതന്നെ പറയേണ്ടിവരും. 

പത്താംക്ലാസ് തോറ്റശേഷം റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞ ജെ.പി. അഥവാ ജയപ്രകാശ് എന്ന കഥാപാത്രത്തേയാണ് പ്രിഥ്വി അവതരിപ്പിക്കുന്നത്. അമ്മയും ഒരു സഹോദരിയുമടങ്ങിയ കുടുംബം. അമ്മ മകളുടെ കല്ല്യാണത്തിന് കരുതിവച്ചിരുന്ന പണം മുഴുവന്‍ റിയല്‍ എസ്‌റ്റേറ്റില്‍ മുടക്കി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ് ജയപ്രകാശ്. സി.എച്ച് എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഹമീദാണ്  (ടിനിടോം) ജെ.പി.യുടെ ഉറ്റ ചങ്ങാതി. എന്നാല്‍ കോഴിക്കോട്ടെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ടീമായ രാജന്റെയും (മാമുകോയ) ജോയിയുടെയും (ബിജു പപ്പന്‍) കീഴില്‍ ചുണ്ടുകാരെപ്പോലെയാണ് ഇവര്‍ വര്‍ത്തിക്കുന്നത്. കച്ചവടത്തില്‍ എന്തെങ്കിലും കിട്ടിയാലായി എന്നതാണ് അവസ്ഥ. ഈ അവസരത്തിലാണ് അച്യുതമേനോന്‍ (തിലകന്‍) എന്ന വയോവൃദ്ധന്‍ തന്റെ പ്രോപ്പെര്‍ട്ടി വില്‍ക്കണം എന്നുപറഞ്ഞ് ഇവരെ കാണാന്‍ എത്തുന്നത്. അതിനു മുന്നിട്ടിറങ്ങുന്ന ഇവര്‍ക്ക് പണമെന്ന നായക കഥാപാത്രത്തിന്റെ കയ്യിലെ പാവകളായി മാറാനായിരുന്നു വിധി. (ചിത്രം കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ സ്വാധീനിക്കുമെന്നതിനാല്‍ മുന്നോട്ടുള്ള കഥ പറയുന്നില്ല)

ഒരു അച്ഛന്റെ രണ്ടു മക്കളില്‍ ഒരാള്‍ കൊട്ടാരത്തിലും മറ്റൊരാള്‍ തെരുവിലും അന്തിയുറങ്ങുന്നതിന്റെ വൈചിത്ര്യവും അതിനിടയില്‍ നിസഹായനായി നില്‍ക്കുന്ന അച്ഛന്റെ ചിത്രവും പ്രേക്ഷകനെ ചിന്തിപ്പിക്കുമെന്നതിന് സംശയം വേണ്ട. അവിടെയും ഒരു മീഡിയേറ്ററുടെ റോളില്‍ പണം വരുന്നു. എവിടെയും നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രതിഭാസമായി പണം ഈ ലോകത്ത് മാറിക്കഴിഞ്ഞു എന്ന് സംവിധായകന്‍ അടിവരയിട്ടുപറയുന്നു. കൂട്ടത്തില്‍ അമേരിക്കന്‍ മലയാളികളോടുള്ള രഞ്ജിത്തിന്റെ പുഛവും മറച്ചു വയ്ക്കുന്നില്ല. 

ഒരു കഥാപാത്രം പോലും സ്‌ക്രീനില്‍ വെറുതേ വന്നു പോകുന്നില്ല. ഗുണ്ടയായി വിലസിയിരുന്ന ബിജുപപ്പന്‍ വരെ തികഞ്ഞ ഒരു നടനെപോലെ സ്‌ക്രീനില്‍ വന്നുപോകുമ്പോള്‍ രഞ്ജിത്തെന്ന സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മൂല്യം നമ്മള്‍ തിരിച്ചറിയുന്നു. അച്യൂതമേനോന് കിട്ടുന്ന കയ്യയടി, തിലകനല്ല അച്യൂതമേനോന് തന്നെയാണെന്നും ചിത്രം കാണുന്നവര്‍ക്കറിയാം. പ്രത്യേകിച്ച് ആ ഒരു പാത്രസൃഷ്ടിയിലൂടെയും രഞ്ജിത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നു. പ്രിഥ്വിരാജിനെ തിരിച്ചുതന്ന, തിലകനെകാണിച്ച് പ്രേക്ഷകരെ അമ്പരപ്പെടുത്തിയ, നല്ലൊരു ചിത്രം മലയാളത്തിന് സമ്മാനിച്ച രഞ്ജിത് തന്നെയാണ് യഥാര്‍ത്ഥ താരം. 

കുറിപ്പ്: ഇനിയും റോക്ക് ആന്‍ഡ് റോളും പ്രജാപതിയുമൊക്കെയായി രഞ്ചിത്തും താന്തോന്നി, തല്ലിപ്പൊളി തുടങ്ങിയവയുമായി പ്രിഥ്വിയും ഫീല്‍ഡില്‍ ഇറങ്ങില്ലെന്ന് വിശ്വസിക്കുന്നു. 

9 comments:

  1. കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്

    ReplyDelete
  2. ഉം...

    കാണണം, പടം!

    ReplyDelete
  3. സിറ്റി ഓഫ് ഗോഡ്, വീട്ടിലേക്കുള്ള വഴി, മാണിക്യക്കല്ല്, അന്‍വര്‍ ഒക്കെ പൃഥ്വിയുടെ തല്ലിപ്പൊളി സിനിമകളായിട്ടാണോ നിങ്ങള്‍ കണക്കാക്കുന്നത്? ആണെങ്കില്‍ എന്തുകൊണ്ട്?

    ReplyDelete
  4. baghyam pareekshikkano?

    ReplyDelete
  5. പടം അസാമാന്യ ബോറടി ആണ് പ്ര്ധ്വി യു ടെ കുഴപ്പമല്ല കഥ ഇതില്‍ ഒന്നും ഇല്ല

    തെറ്റായ വഴിയുലൂടെ പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അബദ്ധം എന്ന് ഒറ്റ അറിയില് പറഞ്ഞാല പോരെ അതിനു ഈ പെടാപ്പാട് പെടാണോ?

    ആദ്യ നാല് റീല്‍ ആള്‍ക്കാര്‍ മുഷിഞ്ഞു കോട്ടുവ ഇടും

    ഒരു പാടു എല്ലാവരും ഒരുമിച്ചു കൂവി വിളിച്ചു അത്ര ഉണ്ട ത്തിന്റെ സംഗീതാവും ആലാപനം (യേശുദാസ് തന്നെ എന്ന് തോന്നുന്നു )

    ബീ ജീ എം അതിനെക്കാള്‍ ബോര്

    തിലകന്‍ ഉള്ളത് കൊണ്ട് ആദ്യ പകുതി ഒന്ന് സഹിക്കാന്‍ പറ്റി പിനെയും കഥ എങ്ങോട്ടോ കാടു കയറുന്നു

    പ്രജ പതി മമ്മൂട്ടിക്ക് എന്തായിരുന്നോ ചന്ദ്രോത്സവം മോഹന്‍ ലാലിന് ഇതായിരുന്നോ അതാണു ഈ പടം പ്ര്ത്വിക്ക്

    രഞ്ജിത്തിന്റെ സ്ഥിരം കുറ്റി കള്ക്കെല്ലാം വെറുതെ റോള്‍ ഉണ്ടാക്കി കൊടുത്തു സ്ഥിരം സ്വന്തം കുറ്റി രേവതി ഉള്‍പ്പടെ

    ReplyDelete
  6. രഞ്ജിത്ത് ഈ പടം എന്തിനെടുത്തു എന്നാണ് എന്റെ ചോദ്യം , ഇതില്‍ എന്താ കഥ? കഥ എന്ന്‍ വച്ചാല്‍ പെട്ടെന്ന് പണം ഉണ്ടാക്കാന്‍ പോയാല്‍ ഒരു പാട് ആപത്തു വരും അത് വേണ്ട ഇത്രയല്ലേ ഉള്ളു അതിനു ഇങ്ങിനെ ഒന്‍പതു റീല്‍ വലിച്ചു നീട്ടണോ?

    തിലകന്‍ കത്തുന്നത് വരെ പ്രേക്ഷകര്‍ തിയേടറില്‍ ഇരുന്നു ഞെളി പിരി കൊള്ളുകയായിരുന്നു തിലകന്‍ ഇല്ലെങ്കില്‍ പ്ര്ത്ഹ്വിക്കു സൂപ്പര്‍ പണി കിട്ടിയേനെ സെകണ്ട് ഹാഫില്‍ ജഗതിയും പിറക്കാതെ പോയ മോനെ സഹായിച്ചു എന്നാലും പടം അതീവ ബോര്‍ എന്നെ പറയാന്‍ പറ്റു

    എങ്ങോട്ടെന്നില്ലാതെ നീങ്ങുന്ന ഒരു പടം പല സീനും വെറുതെ കുത്തി കയറ്റിയ പോലെ റീമ കല്ലിങ്ങല്‍ വെറുതെ അവിടെ ഇവിടെ നടക്കുന്നതല്ലാതെ അതിനു നല്ല ഒരു ദയലോഗ് എങ്കിലും ഉണ്ടോ? റീമക്കും പ്ര്ധ്വിക്കും സ്ഥിരം ഒരു ഭാവം ഉണ്ട് ഇതെക്കെ എന്തോന്നെട എന്നാ ഒരു ഭാവം അത് ഇതിലും ഉണ്ട് അത്ര തന്നെ, മേക്കപ്പില്ലത്തപോലെ പുരികം ത്രെഡിംഗ് കാരണം സീന്‍ കണ്ടിന്യൂവിടി ഇല്ല ഇതിപ്പോള്‍ സീരിയലില്‍ പോലും പ്രശ്നമാണ് പോട്ടെ ഇനി പറഞ്ഞാല്‍ ഇത് പ്ര്ധ്വിക്ക് ഒരു തിരിച്ചറിയല്‍ ആണ് അതായത് മമ്മൂട്ടി ആകാനും മോഹന്‍ ലാല്‍ ആകാനും ബഹു ദൂരം സഞ്ചരിക്കേണ്ടതുണ്ട് കോമഡി ചെയ്യാന്‍ നോക്കിയിട്തെല്ലാം പാളി ഇവിടം സ്വര്‍ഗമാണ് എന്ന പടം പോലെ ഒരു ഡ്രാഗ് മൂവി

    ReplyDelete
  7. susheelan....

    may be yu shud watch the mvie once again..then yu mite realise what the story is....

    ividam swargamanu was agud mvie btw

    ReplyDelete
  8. പ്രിഥ്വിരാജിന്‍റെ നെഗറ്റീവ് ഇമേജ് വ്യക്തമാക്കുന്ന കമന്‍റുകള്‍... പടം നല്ലതായിരിക്കാം പക്ഷേ... വായില്‍ കിടക്കുന്ന നാക്ക് മോശമായാലുള്ള പ്രശ്നം. നല്ല റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലും അതിനനുസരിച്ച് കൊട്ടകയില്‍ ആളില്ല. ക്രിട്ടിക്സ് മാത്രം കയറി പടം വിജയിപ്പിക്കാന്‍ പറ്റില്ലല്ലോ...

    ReplyDelete