Friday, October 28, 2011

വേലായുധം; വീണ്ടും അതിഥി ദേവോ ഭവഃ



പരുത്തിവീരനിലൂടെ തുടങ്ങി തമിഴ്‌നാടാകെ വീശിയടിച്ച് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് തമിഴിലെ സൂപ്പര്‍താരങ്ങളെ തെല്ലും ബാധിച്ചിട്ടില്ലഎന്നുറപ്പാണ്. അതിനുള്ള തെളിവാണ് വിജയ് നായകനായ വേലായുധം എന്ന സിനിമ. വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനീകാന്തും വിജയകാന്തും സത്യരാജുമൊക്കെ അഭിനയിച്ച് കയ്യടിനേടിയ തനി തമിഴ് നായക കഥാപാത്രങ്ങള്‍ ഇപ്പോഴും വിജയ് പോലുള്ള താരങ്ങള്‍ കൊണ്ടാടുമ്പോള്‍ അതു കാണാനും കയ്യടിക്കുവാനും ബൗദ്ധിക പ്രേക്ഷകര്‍ എന്നുപറഞ്ഞ് വിളിച്ചു കൂവുന്ന മലയാളികള്‍ മുന്‍പന്തിയിലുണ്ട് എന്നത് കാലത്തിന്റെ കളിയായി മാത്രമേ കാണാന്‍ കഴിയൂ. കത്തിക്കുത്തും പോര്‍വിളികളുമൊക്കെയായി ഈ സിനിമകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും കോടികള്‍ വാരിക്കൊണ്ടു പോകുന്നതിന്റെ കാരണം മലയാള സിനിമയുടെ തകര്‍ച്ചയാണോ അതോ മലയാള പ്രേക്ഷകരുടെ തരംതാഴലാണോ എന്നു നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. 

പരാജയത്തില്‍ തുടര്‍ന്നു വരികയും കഴിഞ്ഞ ഒരു ചിത്രത്തിലൂടെ കരയേറുകയും ചെയ്ത വിജയ് എന്ന നടനെ സംബന്ധിച്ച് ഇനിയുള്ള ചിത്രങ്ങളുടെ വിജയം അനിവാര്യമായ ഒരു സമയമാണിത്. 'സുറ' എന്ന ചിത്രം വിതരണത്തിനെടുത്തതുവഴി തിയേറ്ററുകാര്‍ക്കുണ്ടായ കോടികളുടെ നഷ്ടം വിജയ് തന്നെ തീര്‍ക്കണമെന്നും മറ്റുമുള്ള വാര്‍ത്തകളും ഇടയ്ക്കു കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ വിജയുടെ തുടക്കക്കാലത്ത് പ്രേക്ഷകര്‍ കണ്ടു വിജയിപ്പിച്ചുകൊടുത്ത പൂവേ ഉനക്കാക, തുള്ളാത മനവും... തുടങ്ങിയ ചിത്രങ്ങളില്‍ കാണുന്ന ലാളിത്യം അദ്ദേഹത്തില്‍ കുറച്ചു നാളായി കാണാനില്ല എന്നതു സത്യമായ കാര്യമാണ്. കാവലന്‍ മാത്രമാണ് അതിനൊരു അപവാദം. പക്ഷേ വേലായുധത്തിലൂടെ വീണ്ടും കൈവിട്ടുപോകുന്ന അവസ്ഥയാണ്. 

തെങ്കാശിപ്പട്ടണം എന്ന മലയാള ചിത്രത്തിന്റെ റീമേക്കോടു കൂടി (ഹനുമാന്‍ ജംഗ്്ഷന്‍- ഇത് ഈ ഇടക്കാലത്ത് സിങ്കക്കോട്ടൈ എന്ന പേരില്‍ തമിഴില്‍ ഡബ്ബ് ചെയ്തിറക്കിയിട്ടുണ്ട്) തെലുങ്കില്‍ സിനിമാ ജീവിതം ആരംഭിച്ച എം.രാജ കൂടുതലും ചെയ്തത് ഫാമിലി-ലൗ സ്‌റ്റോറികളാണ്. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ചിത്രമാണ് വേലായുധത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. സ്വന്തം സഹോദരനായ ജയം രവിയായിരുന്നു മിക്ക ചിത്രങ്ങളിലും നായകനും. ജയം രവിക്ക് തമിഴില്‍ പേരുണ്ടാക്കിക്കൊടുത്ത ചിത്രങ്ങളായ എം കുമരന്‍..., സന്തോഷ് സുബ്രഹ്മണ്യം... തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയില്‍ വളരെ നല്ല പ്രകടനമായിരുന്നു രാജ കാഴ്ചവച്ചിരുന്നത്. മലയാള സിനിമകളില്‍ കാണുന്ന പോലെ സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടിയാല്‍ സ്വന്തം കഴിവ് മറക്കുന്ന രോഗം ഈ ചിത്രത്തിലൂടെ രാജയേയും പിടികൂടിയെന്ന് തോന്നുന്നു. 

'വേലായുധം' ആരംഭിക്കുന്നത് അങ്ങ് പാക്കിസ്ഥാനില്‍ നിന്നാണ്. തമിഴ്‌നാട്ടിലെ ആഭ്യന്തര മന്ത്രിയെ ഭീകരര്‍ കടത്തിക്കൊണ്ടു പോകുകയും അവിടെ വച്ച് അവിടെയുള്ള ഭീകരനേക്കാള്‍ വലിയ ഭീകരനാണ് ഈ മന്ത്രിയെന്ന് അവര്‍ക്ക് മനസ്സിലാകുകയും, ശേഷം അവര്‍ കൂട്ടുകാരായി ഇന്ത്യയെ പ്രത്യേകിച്ച് തമിഴ്‌നാടിനെ തകര്‍ക്കുവാനുള്ള കരാറില്‍ ഒപ്പുവച്ചു തിരിച്ചു വരികയും ചെയ്യുന്നിടത്താണ് കഥയുടെ ാരംഭം. തിരിച്ചുവന്ന ആഭ്യന്തര മന്ത്രി ചില ഗുണ്ടകളുടെയും ഭീകരന്‍മാരുടെയും സഹായത്തോടെ ഒരു ബസില്‍ ബോംബുവച്ച് ആള്‍ക്കാരെ കൊന്നു തുടങ്ങുന്നു. അപ്പോള്‍ സ്വാഭാവികമായും മനസ്സില്‍ നിറയുന്ന ചോദ്യം ഭീകരര്‍ എന്തിന് തമിഴ്‌നാടിനെ ഉന്നം വയ്ക്കുന്നു എന്നുള്ളതാണ്. തമിഴ്‌നാട്  ആഭ്യന്തര മന്ത്രിയെ പുല്ലുപോലെ കോപ്ടറില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തിക്കൊണ്ട് പോയിട്ടും ആരുമറിഞ്ഞില്ല എന്നു പറയുന്നതിലും അസ്വഭാവികത ഏറെയുണ്ടെങ്കിലും വിജയുടെ പ്രവേശനം കാത്തിരിക്കുന്നതിനാല്‍ ആരും ഒന്നും മിണ്ടുന്നില്ല. 

ഇതിനിടയ്ക്ക് ഫ്രീലാന്‍സ് ജേര്‍ണലിസം ചെയ്യുന്ന പെണ്‍കുട്ടിയും (ജനീല) രണ്ടു കൂട്ടുകാരും (ആണ്‍കുട്ടികള്‍) പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോയി പലകാര്യങ്ങള്‍ക്കുമുപയോഗിക്കുന്ന ഒരു ടീമിന്റെ ഉറവിടം കണ്ടെത്തുന്നു. റിപ്പോര്‍ട്ട് ശേഖരിക്കുവാനായി അവിടെയെത്തുന്ന അവരില്‍ ആണ്‍കുട്ടികളെ രണ്ടുപേരേയും ഗുണ്ടകള്‍ കൊലപ്പെടുത്തുന്നു. പരിക്കേറ്റ ജനീലിയ മരിച്ചു എന്ന വിശ്വാസത്തില്‍ തിരിച്ചുപോകുന്ന ഗുണ്ടകള്‍ സഞ്ചരിച്ചിരുന്ന വാഹനം തകര്‍ന്ന് കൊല്ലപ്പെടുന്നു. ഇതുകണ്ട് ജനീലിയ ഇവരെ കൊലപ്പെടുത്തിയത് വേലായുധ (മുരുകന്‍) മാണെന്നും ഇവര്‍ മറ്റു സ്ഥലങ്ങളില്‍ വച്ചിരിക്കുന്ന ബോംബിന്റെ വിവരങ്ങളും എഴുതി ഗുണ്ടകളുടെ ശവശരീരത്തില്‍ വയ്ക്കുന്നു. അതിനുശേഷം ആശുപത്രിയില്‍ പോയി അഡ്മിറ്റാകുന്നു. (അങ്ങനെ തോന്നുന്നു. പക്ഷേ അത് സംവിധായകന്‍ പറയുന്നില്ല)

പിന്നെയാണ് നായകന്‍ വരുന്നത്. നായകന്‍ വേലായുധം (വിജയ്) സഹോദരിയുടെ (ശരണ്യ മോഹന്‍) വിവാഹത്തിന് ചിട്ടി നടത്തി കിട്ടാനുള്ള കാശിനായി നാടു സഹിതം ചെന്നൈയിലേക്കു പോകുന്നു. കൂടെ വേലായുധത്തിന്റെ മുറപ്പെണ്ണുമുണ്ട് (ഹന്‍സിക). ഇതിനിടയില്‍ ചെന്നൈയില്‍ വേലായുധമെന്ന പേര്‍ പ്രശസ്തമായിക്കഴിഞ്ഞിരുന്നു. ചെന്നൈയില്‍ വച്ച് ട്രയിനിലെ പോക്കറ്റടിക്കാരുമായി ഏറ്റുമുട്ടുന്ന വേലായുധം റെയില്‍വേ സ്‌റ്റേഷനില്‍ വച്ചിരിക്കുന്ന ബോംബ് പൊട്ടുന്നതിനു മുമ്പ് മാറ്റുന്നു. ജനങ്ങള്‍ അതും ഗുണ്ടകളെ കൊന്ന വേലായുധം ചെയ്തതാണെന്ന് വിശ്വസിക്കുന്നു. ഒന്നുരണ്ടു സമാന സംഭവങ്ങള്‍ ഇടയ്ക്കുണ്ടാകുകയും പാവം ഈ വേലായുധം രക്ഷകനായ വേലായുധമായി പരിണമിക്കുകയും ചെയ്യുന്നതിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 

മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിഏയ 'അര്‍ജുനന്‍ സാക്ഷി' എന്ന ചിത്രത്തിന്റെ കഥയുമായി വേലായുധം സാദൃശ്യം പുലര്‍ത്തുന്നുണ്ട്. കൂടെ അന്യന്‍, ഫോര്‍ ദി പിപ്പിള്‍ തുടങ്ങിയ ചിത്രങ്ങളിലെ ചില രംഗങ്ങളും കടന്നു വരുന്നുമുണ്ട്. കോമഡി ചെയ്യുവാന്‍ തനിക്കുള്ള കഴിവ് ഈ ചിത്രത്തിലൂടെ വിജയ് ഒന്നും കൂടി തെളിയിച്ചിരിക്കുന്നു. പല ഭാഗങ്ങളിലും അസാധാരണമായ അഭിനയം കൊണ്ട് ജനീലിയ ബോറടിപ്പിക്കുന്നു. ഹന്‍സികയെ മേനി പ്രദര്‍ശനത്തിനു വേണ്ടി മാത്രം ഉള്‍പ്പെടുത്തിയതാണെന്നു തോന്നുന്നു. സന്താനവും മറ്റു കോമഡി നടന്‍മാരുമുള്ളതുകൊണ്ട് പടത്തിന്റെ ആദ്യപകുതി ബോറടിയില്ലാതെ കണ്ടിരിക്കാമെന്നേയുള്ളൂ. 

കാണ്ഡഹാര്‍ എന്ന സിനിമയില്‍ കമാന്റോ ഓപ്പറേഷനിടയില്‍ വിമാനം നിയന്ത്രിച്ച് താഴെയിറക്കിയ മോഹന്‍ലാലിന്റെ ചെയ്തികള്‍ അന്ന് വിമര്‍ശനം ഒരുപാടേറ്റു വാങ്ങിയതാണ്. ആ ഒരു സീനില്ലായിരുന്നെങ്കില്‍ ആ സിനിമ ഇത്രയും പരാജയമാകുമായിരുന്നില്ല എന്നു കരുതുന്നവരും ഏറെയുണ്ട്. അതിനേക്കാള്‍ ഭീകരമെന്ന് പറയാവുന്ന, ഏതോ ഒരു ആണവ നിലയത്തിലേക്ക് ഹൈസ്പീഡില്‍ പോകുന്ന ട്രയിന്‍ നായകന്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു. പക്ഷേ അത് മലയാളത്തിലെ നടന്‍മാര്‍ കാണിച്ചാല്‍ മാത്രമേ പ്രശ്‌നമുള്ളു എന്ന് ചിത്രം കണ്ടപ്പോഴാണ് മനസ്സിലായത്. സിനിമ വിജയമാകും എന്ന് ജനക്കൂട്ടം സൂചിപ്പിക്കുന്നു. പക്ഷേ, ഈ ഒരു സിനിമ കേരളത്തില്‍ വിജയമാകുന്നതിന്റെ ഉപയോഗം ഇതിന്റെ നിര്‍മ്മാതാക്കള്‍ക്കല്ലാതെ മലയാള സിനിമയ്ക്ക് യാതൊരു ഉപയോഗവും ചെയ്യുന്നില്ല എന്നതാണ് സത്യം. 

ഇതിനേക്കാള്‍ ഒത്തിരി നിലവാരത്തിലുള്ള സിനിമകള്‍ മലയാളത്തിലിറങ്ങിയാലും മൂന്നാം ദിവസം മൂക്കുംകുത്തി വീഴുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പക്ഷേ തമിഴ് സിനിമകള്‍, അത് മുന്‍വിധിയോടെ കാണാന്‍ ചെല്ലുന്നതുകൊണ്ടാണെന്നു തോന്നുന്നു കൈയടി ഒത്തിരി നേടുന്നുമുണ്ട്. ഏതൊരു മലയാളം സിനിമയിലും ദഹിക്കാത്ത എന്തെങ്കിലുമൊരു കാര്യമുണ്ടെങ്കില്‍ ഞാനുള്‍പ്പെടുന്ന പ്രേക്ഷകര്‍ നിര്‍ദ്ദാക്ഷണ്യം ആ ചിത്രത്തെ കൈയൊഴിയുന്നു. പക്ഷേ തമിഴ്‌സിനിമയിലും ഹിന്ദി സിനിമയിലും എന്തു കാണിച്ചാലും അതു തൊണ്ട തുറന്ന് വിഴുങ്ങുകയും ചെയ്യുന്നു. ഈ ഒരു സ്വഭാവ സവിശേഷതയുടെ കാരണമാണ് മനസ്സിലാകാത്തത്. 'അതിഥി ദേവോ ഭവഃ'- മിക്കവാറും അതുതന്നെയാകും കാരണം.


കുറിപ്പ്: വിജയ് ജയലളിതയോടുള്ള വിധേയത്വം വേലായുധത്തില്‍ കാണിച്ചിട്ടുണ്ട്- ഒരു കുറവുമില്ലാതെ...


1 comment: