Monday, January 9, 2012

ദുഃഖപുത്രി


വിപ്ലവപാര്‍ട്ടിയുടെ കൂടെനിന്ന്, വീര്യം മുഴുവന്‍ ആവാഹിച്ച് കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെ 'നിയമസഭാ തെരഞ്ഞെടുപ്പല്ലേ..ഇപ്പ ശരിയാക്കിത്തരാ'മെന്നു പറഞ്ഞ് 'സന്തോഷ'ത്തോടെ ഖദറന്‍മാരുടെ കൂടാരം കേറിയപ്പോള്‍ പ്രതീക്ഷകള്‍ കുന്നോളമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉമ്മച്ചനും കൂട്ടരും തട്ടിമുട്ടിജയിച്ചപ്പോള്‍ ഇപ്പോള്‍ വരും പദവിയും കാറുമെന്നുപറഞ്ഞ് പടിപ്പുരയിലേക്ക് നോക്കി കാത്തിരുന്നു. കാലമേറെ കഴിഞ്ഞു. ഇപ്പ ശിയാക്കി തരാമെന്നു പറഞ്ഞ ഉമ്മച്ചന്‍ പലതവണ ഡല്‍ഹിക്കു പോയി. എന്നിട്ടും നമ്മുടെ കൊച്ചിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായില്ല. കാത്തിരുന്ന് കാത്തിരുന്ന് തളര്‍ന്ന കൊച്ച് എല്ലാം മതിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഐ മീന്‍ രാഷ്ട്രീയം.

പറഞ്ഞു വരുന്നത് നമ്മുടെ (പഴയ) ഇടിമുഴക്കം സിന്ധു ജോയിയെപ്പറ്റി. പേരില്‍ സന്തോഷം ആവശ്യത്തിനുണ്ടെങ്കിലും ദുഃഖപുത്രി എന്നറിയപ്പെടാനായിരുന്നു കൊച്ചിന്റെ വിധി. എസ്.എഫ്.ഐ എന്ന ഒരു കാപാലിക സംഘടന അറിഞ്ഞുകൂടാത്ത പ്രായത്തില്‍ പിടിച്ച് നേതാവാക്കി  ചെയ്യരുതാത്ത സമരങ്ങളൊക്കെ ചെയ്യിച്ചു. അതിനിടയ്ക്ക് ആരെക്കയോ ചേര്‍ന്ന് സംഘടനയുടെ സെക്രട്ടറിയോ പ്രസിഡന്റോ ആക്കിയെന്നു തോന്നുന്നു. ശരിക്ക് ഓര്‍മ്മയില്ല. കാലങ്ങള്‍ക്ക് ശേഷം പുതുപ്പള്ളിയില്‍ മത്സരിക്കുകയും ചെയ്യേണ്ടി വന്നു.

പരിശുദ്ധാത്മാവിനെയാണേ കൊച്ച് അറിഞ്ഞിരുന്നില്ല ഉമ്മച്ചനെതിരെയാണ് മത്സരമെന്ന്. വേട്ടെണ്ണി റിസള്‍ട്ട് വന്നപ്പോഴാണ് മനസ്സിലായത് എതിരാളി ഉമ്മച്ചനാണെന്ന്.അന്നു അരുതിയതാ ആ കാലുപിടിച്ച് മാപ്പു പറഞ്ഞ് പൊട്ടിക്കരയണമെന്ന്. അതിനുള്ള അവസരം തേടി അഞ്ചു വര്‍ഷത്തോളം നടന്നു. ഒടുവില്‍ സമയം കിട്ടിയത് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ്.

പിറക്കാതെ പോയ മകളെ കണ്‍മുമ്പില്‍ കണ്ട ആ പിതാവിന്റെ നെഞ്ച് പിടച്ച പിടയല്‍. തിരിച്ചും. ദത്ത് ഉടമ്പടിയും ഇണ്ടാസുകളുമൊക്കെ ശരിയാക്കി അന്നുതന്നെ ഉമ്മച്ചന്‍ മകളെ ഏറ്റെടുത്തു. വരുന്നത് തെരഞ്ഞെടുപ്പല്ലേ.... ദത്തുപുത്രിക്ക് ഉമ്മച്ചന്റെ വകയും സഹപ്രവര്‍ത്തകരുടെ വകയും സമ്മാനപ്പെരുമഴയായിരുന്നു. പക്ഷേ എല്ലാം വാഗ്ദാനങ്ങളായി മാത്രം. കേരളത്തിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഴുവന്‍ പ്രചരണ ജോലിയും കൊച്ച് ഒറ്റയ്‌ക്കേറ്റെടുത്തു. ഇതിനിടയില്‍ തലസ്ഥാനത്ത് ഒരു വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത് ഒരു മുട്ട വീണുപൊട്ടിയതു കാരണം രണ്ടു ദിവസം ആശുപത്രിയിലുമായി. അന്നു ഒരു കാര്യം കൂടി മനസ്സിലായി. സൈനേഡിനേക്കാള്‍ പവറാണ് മുട്ടയ്‌ക്കെന്ന്.

എല്ലാം കഴിഞ്ഞ് ഒന്നോ രണ്ടോ സീറ്റിന്റെ പിന്‍ബലത്തില്‍ ഉമ്മച്ചനും പാര്‍ട്ടിയും ജയിച്ചപ്പോള്‍ കൊച്ചിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. പക്ഷേ സംഭവം കഴിഞ്ഞിട്ട്  വര്‍ഷം ഒന്നായെങ്കിലും ദത്തുപുത്രിയെ കാണാന്‍ ഉമ്മച്ചന്‍ ഇതുവരയ്ക്കുമെത്തിയിട്ടില്ലന്നാണ് അറിവ്. ഉമ്മച്ചനെ വളര്‍ത്തച്ഛനായി അംഗീകരിച്ചതിന്റെ പേരില്‍ രമേശങ്കിളും കൂട്ടരും പണിതന്നതാണെന്ന് അടുക്കളയിലിരുന്ന് ആരോ പറയുന്നതും കേട്ടു. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി.ഭാരവാഹി, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം എന്നിവയൊക്കെ തരാമെന്ന് ഉമ്മച്ചന്റെ കൂടെയുള്ള അങ്കിളുമാര്‍ കൊച്ചിനെ സ്വപ്‌നം കാണിച്ചിരുന്നു. പക്ഷേ അണ്ടിയോടടുത്തപ്പോള്‍ മാങ്ങയ്ക്ക് വീണ്ടും പുളിതന്നെ.

എല്ലാം മതിയാക്കി... ഇനിയൊന്നിനുമില്ലെന്ന നിലപാടിലാണത്രേ കൊച്ചിപ്പോള്‍. 'കാറു കിട്ടുന്ന പദവി'യൊരണ്ണം ദാ വരുന്നു എന്നു പറഞ്ഞു നടന്ന കൊച്ചിപ്പോള്‍ കാറെന്നും പദവിയെന്നുമൊക്കെ കേട്ടാല്‍ കലിതുള്ളുകയാണിപ്പോള്‍. പലരും ശനിയും ചൊവ്വയുമടങ്ങിയ ദോഷങ്ങള്‍ സ്വന്തം തലയിലിരുന്ന് ഉണ്ടന്‍പൊരി വില്‍ക്കുന്ന ആ തെരഞ്ഞെടുപ്പ് സമയത്തുപറഞ്ഞിരുന്നു പോവല്ലേ കൊച്ചേ പോവല്ലേന്ന്..... നിനച്ചിരിക്കാളെത കിട്ടിയ ബിരിയാണി തിന്ന് എല്ലിന്റിടയില്‍ കയറിയപ്പോഴുള്ള സുഖം തെളപ്പായിമാറിയപ്പോള്‍ ഇറങ്ങി പുറപ്പെട്ടു. ഒട്ടും നിനച്ചില്ല ഈ വിധമാകുമെന്ന്. ഇപ്പോള്‍ അച്ഛനുമില്ല ഒടപ്പെറന്നോരുമില്ല. അച്ഛന് ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ദത്തു പുതുക്കിയാല്‍ മതിയല്ലോ. അല്ലെങ്കില്‍ പുതിയൊരു പുത്രി....

പണ്ടായിരുന്നെങ്കില്‍ ഒന്നിമില്ലെങ്കിലും പയറും കഞ്ഞിയുമെങ്കിലും കിട്ടുമായിരുന്നു. അതുമില്ലെങ്കില്‍ കട്ടന്‍ചായയും പരിച്ചുവടയും. എന്തായിരുന്നാലും എല്ലാ ദിവസവും കിട്ടുമെന്നുറപ്പുണ്ടായിരുന്നു. ഇവര്‍... രണ്ടു ദിവസം ബിരിയാണി തന്നിട്ട് മൂന്നിന്റെന്നുമുതല്‍ പട്ടിണിക്കിടുന്നവരാണെന്നു നേരത്തെയറിഞ്ഞിരുന്നെങ്കില്‍.... പോയ ബുദ്ധി ആന പിടിച്ചാല്‍ തിരികെ കിട്ടുമോ?

No comments:

Post a Comment