Saturday, January 21, 2012

സ്പാനിഷ് മസാല; ലാല്‍ജോസേ... നീയും...


ഈ അടുത്ത കാലത്ത് കണ്ട സിനിമകളില്‍ ഏറ്റവും ദുര്‍ബലമായ ക്ലൈമാക്‌സ് ഏത് എന്ന് ചോദിച്ചാല്‍ ഇനി സംശയലേശമന്യേ ഉത്തരം പറയാം- അത് സ്പാനിഷ് മസാലയുടേതാണെന്ന്. സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ മൂല്യമുള്ള സംവിധായകന്‍ ലാല്‍ ജോസ്. തിരക്കഥയെഴുതിയിരിക്കുന്നത് ഹിറ്റു സിനിമകള്‍ മാത്രം തന്നുകൊണ്ടിരിക്കുന്ന ബെന്നി പി. നായരമ്പലം. അഭിനയിച്ചിരിക്കുന്നത് ദിലീപ്, കുഞ്ചാക്കോ, ബിജു മേനോന്‍, ഓസ്‌ട്രേലിയന്‍ നടി ഡാനിയേല ഫെസേരി എന്നിവരും.
പറഞ്ഞുവരുമ്പോള്‍ ലാല്‍ജോസിന്റെ സിനിമകളെ ഇഷ്ടപ്പെടാത്തവരായി മലയാളത്തില്‍ ആരും കാണില്ല. ഏതൊരു ചിത്രം എടുത്തുനോക്കിയാലും ഒന്നുമില്ലെങ്കിലും കുറച്ച് കാഴ്ചാ സുഖമെങ്കിലും കാണുന്നവര്‍ക്ക് കിട്ടമെന്നുറപ്പാണ്. ആ ഒരു പ്രതീക്ഷയോടു കൂടി സ്പാനിഷ് മസാല കാണുവാന്‍ പോകുന്നവര്‍ക്ക് അതു നിറവേറ്റാം എന്നതുമാത്രമാണ് ആശ്വാസം. ചിത്രത്തിന്റെ ആദ്യപകുതി ബുദ്ധിക്ക് നിരക്കുന്നതല്ലെങ്കിലും ഒരു എന്റര്‍ടെയിനറായി അനുഭവപ്പെടുന്നെങ്കിലും ബാക്കി പകുതി- ആരുടെ കുറ്റമാണെന്നറിയില്ല- കൊണ്ടു കളഞ്ഞു എന്നുതന്നെ പറയാം.
ഇംഗ്ലീഷിനോട് താല്‍പര്യമില്ലാതെ മലയാളം മാത്രം പഠിച്ച  ചാര്‍ലി (ദിലീപ്) നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റാണ്. കലാനികേതന്‍ എന്ന ട്രൂപ്പുവഴി ഒരിക്കല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ പരിപാടി അവതരിപ്പിക്കുവാന്‍ വന്ന ചാര്‍ലി പ്രോഗ്രാം മാനേജരുടെ ഒത്താശയോടെ അവിടെ നിന്നും മുങ്ങുന്നു. സ്‌പെയിനില്‍ ഒരു ജോലി കണ്ടെത്തി നാട്ടിലെ കടങ്ങള്‍ തീര്‍ക്കുകയാണ് ലക്ഷ്യം. പക്ഷേ, യാത്രയ്ക്കിടയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ സായിപ്പിന്റെ അഡ്രസ് കയ്യില്‍ നിന്നും നഷ്ടപ്പെടുന്നു. എങ്ങോട്ട പോകണമെന്നറിയാതെ അലഞ്ഞുതിരിഞ്ഞ ചാര്‍ലി ഒടുവില്‍ ഒരു മലയാളിയുടെ ഹോട്ടലില്‍ എത്തിച്ചേരുന്നു. ചാര്‍ലിയുടെഅവസ്ഥയില്‍ മനസ്സലിഞ്ഞ അയാള്‍ ചാര്‍ലിയെ ഹോട്ടലിലെ ഷെഫ് ആയി നിയമിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ സ്‌പെയിന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന സായിപ്പിന്റെ (പേര് ഓര്‍മ്മയില്ല) കൊട്ടാരത്തിലേക്ക് ചാര്‍ലി ഷെഫ് ആയി എത്തുന്നതോടെയാണ് കഥ ഒഴുക്കിലേക്ക് നീങ്ങുന്നത്. സായിപ്പിന്റെ മകള്‍ കാമില (ഡാനിയേല ഫെസേരി) അമ്മ മരിച്ചതിന് ശേഷം തന്നെ വളര്‍ത്തിയ ആയമ്മ (വിനയപ്രസാദ്)യുടെ സാന്നിദ്ധ്യത്താല്‍ മലയാളം പഠിച്ചിട്ടുണ്ട്. കുറച്ചു കാലം മുമ്പ് ഈ ആയമ്മയുടെ മകന്‍ (കുഞ്ചാക്കോ ബോബന്‍) സ്‌പെയിനില്‍ എത്തിയപ്പോള്‍ കരോലിന്‍ അവനുമായി പ്രണയത്തിലായി. പക്ഷേ ഇതറിഞ്ഞ സായിപ്പ് തന്റെ ദക്ഷിണാഫ്രിക്കയിലെ തോട്ടങ്ങള്‍ നോക്കുവാന്‍ കുഞ്ചാക്കോയെ അങ്ങോട്ടേക്ക് പറഞ്ഞു വിടുന്നു. അവിടെ വച്ച് ഒരു ആക്‌സിഡന്റില്‍ അവന്‍ മരിക്കുന്നു. കരോലിന്‍ അച്ഛനുമായി വഴക്കിട്ട് ഓടിവരുന്നവഴി കോണിപ്പടിയില്‍ നിന്നും കാല്‍തെറ്റി താഴെ വീണ് കാഴ്ചയും പോകുന്നു. ഈ അവസ്ഥയിലാണ് ചാര്‍ലിയുടെ അവിടേക്കുള്ള വരവ്.
സായിപ്പിന്റെ മാനേജരായ മേനോനാണ് (ബിജു മേനോന്‍) കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുന്നത്. പിന്നെ അവിടെയുള്ളത് വേലക്കാരന്‍ പപ്പനും (നെല്‍സന്‍) പപ്പന്റെ സ്‌പെയിന്‍കാരി ഭാര്യയുമാണ്. ആ സംഭവത്തിനു ശേഷം കരോലിന്‍ അച്ഛനുമായി സംസാരിച്ചിട്ടില്ല. ആ കാര്യത്തില്‍ സായിപ്പിന് വളരെ വിഷമവുമുണ്ട്. വന്ന് കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ കൊട്ടാരത്തിലുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റിയ ചാര്‍ലി മിമിക്രിയിലൂടെ സായിപ്പും മകളും തമ്മിലുള്ള പിണക്കം മാറ്റാന്‍ മുന്‍കൈയെടുക്കുന്നു. മകളുടെ കണ്ണിലെ കാഴ്ച പതിയെ പതിയെ തരികെ വരുന്നതും ആ അച്ഛനെ സന്തോഷിപ്പിക്കുന്നു. തന്റെ മകളോട് അതിയായ സസ്‌നേഹം കാണിക്കുന്ന ചാര്‍ലിക്ക് കാമിലയെ കല്ല്യാണം കഴിച്ചുകൊടുക്കുവാന്‍ സായിപ്പ് തീരുമാനിക്കുന്നു. അതിനുവേണ്ടി അമ്മയെ കൊണ്ടുവരാന്‍ നാട്ടിലേക്ക് പോയ ചാര്‍ലി തിരികെ വരുമ്പോള്‍ കാണുന്ന കാഴ്ച........
മലയാള സിനിമ ഉണ്ടായ കാലം മുതല്‍ കാണുന്ന കാള്ചയാണ് ഒന്നുമില്ലാത്ത നായകന് സ്വന്തം മകളുടെ നന്മയെ കരുതി അവളെ കെട്ടിച്ചു കൊടുക്കുന്ന അ്ചഛന്‍മാരെ. പക്ഷേ ഇവിടെ അതിത്തിരി കടന്നു പോയി. നായകന്‍ സായിപ്പിന്റെ വീട്ടില്‍ പാചകത്തിനു വന്നയാള്‍. സായിപ്പ് മുന്‍ വിദേശകാര്യ സെക്രട്ടറി. ഈ നായകനോട് നായിക എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടു കൂടിയില്ല. അങ്ങനെയുള്ള അവസരത്തില്‍ സ്വന്തം മകളെ കെട്ടിച്ചു കൊടുക്കുന്ന സായിപ്പിന്റെ നടപടി സായിപ്പിന് ദഹിക്കുമെങ്കിലും മലയാളികളായ നമ്മള്‍ പ്രേക്ഷകര്‍ക്ക് ദഹിക്കുമോ എന്ന കാര്യം സംശയമാണ്.
സിനിമ ഒരു പരിധി കഴിയുമ്പോള്‍ സംവിധായകന്റെ പിടിവിട്ട് തോന്നിയതുപോലെ പോകുന്ന കാഴ്ചയും കാണാന്‍ കഴിയും. ഇടവേളയ്ക്കുശേഷം പ്രേക്ഷകര്‍ മനസ്സില്‍ വിചാരിക്കുന്നത് മാനത്തു കാണുന്ന സിനിമയാണ് സ്പാനിഷ് മസാല. ഇനി കഥ അങ്ങനെ പോകും, ലവനാണ് വില്ലന്‍, അവസാനം ഇങ്ങനെയെ നടക്കൂ... എന്നിങ്ങനെ പ്രേക്ഷകന് എന്ത് തോന്നുന്നുവോ അതിനനുസരിച്ച് സിനിമ സഞ്ചരിക്കുന്നു. പണ്ടേ ദുര്‍ബല.... പിന്നെ ഗര്‍ഭിണിയും എന്നു പറഞ്ഞതുപോലെയുള്ള ക്ലൈമാക്‌സ്. അതു കണ്ടാല്‍ ഇതിനു വേണ്ടിയായിരുന്നോ ഇത്രയും കിടന്ന് ചുറ്റിയത്... ആദ്യമേ അതങ്ങു പറഞ്ഞാല്‍ പോരെ എന്നു തോന്നും.
വേലക്കാരന്‍ പപ്പനായി അവതരിച്ചിരിക്കുന്ന നെല്‍സന്‍ (വൊഡാഫോണ്‍ കോമഡി വി.ഐ.പി ടീം മെമ്പര്‍) കുറച്ചു പുതിയ നമ്പരുകളുമായി സുരാജിന്റെ സ്ഥാനത്തേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് ഈ സിനിമയില്‍ എടുത്തു പറയേണ്ട കാര്യം. സുരാജ് സിനിമയിലില്ലാത്തതും എടുത്തു പറയാവുന്ന കാര്യമാണ്. മാഡ്രിഡ് നഗരത്തില്‍ വഴിവക്കിലിരുന്ന് നേരം വെളുപ്പിക്കുന്ന ഒരു വ്യക്തിയെ ഈ സിനിമയില്‍ മാത്രമേ കാണാന്‍ സാധിക്കൂ. അതുപോലെ ഗ്രൂപ്പ് വിസയില്‍ പരിപാടി അവതരിപ്പിക്കാന്‍ വന്നശേഷം ഒരാളെ അവിടെ വിട്ട് വിമാനം കയറുന്നവരേയും ഇതില്‍ കാണാം. ചുരുക്കത്തില്‍ ലാല്‍ ജോസ് പറയാന്‍ ശ്രമിച്ചത് സ്‌പെയിന്‍ ഒരു കൊച്ചു കേരളമാണെന്ന കാര്യമാണ്.
നിഷ്‌കളങ്കസ്‌നേഹവും മറ്റും കണ്ടുവളര്‍ന്ന മലയാളികള്‍ക്ക് ഈ ചിത്രം പുതിയൊരു വെല്ലുവിളി ഉയര്‍ത്തുന്നു. സബ്‌സ്റ്റിറ്റിയൂട്ട് കാമുകന്‍മാര്‍ മലയാള സിനിമയ്ക്ക് അന്യമായിരുന്നുവെങ്കില്‍ ആ കുറവ് ഈ ചിത്രം തീര്‍ത്തുതരും. ഒരാള്‍ പോയാല്‍ വേറൊരാള്‍, അയാള്‍ പോയാല്‍ വീണ്ടും പഴയ വ്യക്തി... ഇങ്ങനെ മാറിയും തിരിഞ്ഞുമുള്ള പ്രണയം എന്താണെന്നും ചിത്രം കാട്ടുന്നു. സ്‌പെയിന്‍കാരുടെ ബഹുകാമുകത്വവും പാവം മലയാളിയുടെ പോയതിനെക്കുറിച്ചോര്‍ത്തുള്ള മനോവിഷമവും എന്നൊക്കെ ഇതിനെ വേണമെങ്കില്‍ പറയാം. കഥയ്ക്കും കലയ്ക്കും വൈവിധ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന ലാല്‍ ജോസിന്റെ സമ്പാദ്യവും ഇംഗ്ലീഷ് സിനിമയും മറ്റുള്ളവരുടെ കഥകളും കൊണ്ട് ഒരു കാലത്ത് മലയാള സിനിമയെ പിടിച്ചുനിര്‍ത്തിയ ശ്രീനിവാസന്റെ ഇപ്പോഴത്തെ ആവനാഴി പോലെ ശൂന്യമായതാണോ എന്നു സംശയമുണ്ട്.
1. ഒരു വീട്ടില്‍ ജോലിക്കു വരുന്ന ചെറുപ്പക്കാരനോട് ആ വീടിനേയും വീട്ടുകാരേയും പറ്റി വിവരിക്കുമ്പോള്‍ കണ്ണു കാണാത്ത ഒരു പെണ്‍കുട്ടിയുടെ കാര്യം പ്രത്യേകം സൂചിപ്പിക്കും. പക്ഷേ ഇവിടെ ചാര്‍ലി കാമിലയ്ക്ക് കാഴ്ചയില്ലെന്ന സത്യം ആരും പറയാതെ നേരിട്ടാണ് മനസ്സിലാക്കുന്നത്. തൊട്ടുമുമ്പ് കാമിലയെകുറിച്ച് വിവരിച്ച വേലക്കാരന്‍ പപ്പന്‍ ഇതിനെപ്പറ്റി പറയുന്നില്ല. 'പപ്പന്‍ ചെയ്ത ക്രൂരത' എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
2. ദക്ഷിണാഫ്രിക്കയില്‍ മരണമടഞ്ഞ കുഞ്ചാക്കോയുടെ മൃതശരീരവും മറ്റും സ്വന്തം അമ്മയ്ക്കുപോലും വേണ്ട എന്ന കാര്യവും സ്‌പെയിനില്‍ മാത്രം നടക്കുന്ന കാര്യമായി പരിഗണിക്കണം.
3. എവിടുന്നോ വന്ന് പാചക്കകാരനായി കൊട്ടാരത്തില്‍ താമസമാക്കിയ ചാര്‍ലിക്ക് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കാന്‍ സമ്മതിച്ച ആ സായിപ്പിനെ, അതും മുന്‍ വിദേശകാര്യ സെക്രട്ടറിയെ- സമ്മതിക്കണം.
ഇനിയുള്ള സാധനങ്ങള്‍ തോണ്ടിയെടുത്താല്‍ സിനിമ കാണാനിരിക്കുന്നവരുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ വിടുന്നു. എറിഞ്ഞ പന്ത് നായ് എടുത്തിട്ട് വരുമ്പോലെ മനുഷ്യനെ കൊണ്ട് എടുപ്പിക്കുന്ന കാഴ്ചകള്‍ മുമ്പ് എവിടെയൊക്കയോ കണ്ടതായി ഓര്‍ക്കുന്നു. പോട്ടെ...ഒന്നു രണ്ടു തവണ കൂടിയാകാം....
സ്‌പെയിനില്‍ ടീമായി ടൂറുപോയപ്പോള്‍ എടുത്ത ചിത്രം എന്ന് ആരെങ്കിലും പറഞ്ഞാലും ഒരിക്കലും തള്ളാനാകില്ല. രസികന്റെയും മുല്ലയുടേയുമൊക്കെ കൂട്ടത്തില്‍ ഒന്നും. സിനിമ കണ്ടിറങ്ങിയപ്പോള്‍ ആരോ ഒരാള്‍ വിളിച്ചുപറയുന്ന കേട്ടു... 'ലാല്‍ജോസേ.... നീയും....'

No comments:

Post a Comment