Friday, January 27, 2012

കാസനോവ


സാഹസികത കൈമുതലായുള്ള, കോമിക് ഹീറോ ബാറ്റ്മാന്റെ വകയില്‍ ഒടപ്പിറന്നോന്‍മാരായ മോഷ്ടാക്കളായ നാലു യുവാക്കളുടെയും അവരെ എന്തു വിലകൊടുത്തും കുടുക്കണമെന്ന് പറഞ്ഞു നടക്കുന്ന പ്രണയം മൂത്ത് ഭ്രാന്തായ കാസനോവ എന്നറിയപ്പെടുന്ന രാജകുമാരന്റെയും കണ്ണീരില്‍ കുതിര്‍ന്ന പ്രണയ ത്രില്ലറാണ് റോഷന്‍ ആന്‍ഡ്രൂസും ബോബി- സഞ്ജയും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും ചേരുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമെന്നു കരുതി തിയേറ്ററിലേക്ക് പോകുന്നവര്‍ക്ക് 'വീട്ടില്‍ പൊയ്‌ക്കോ... മേലാല്‍ ഈ പരിസരത്ത് കണ്ടുപോകരുത്' എന്ന ശക്തമായ താക്കീതാണ് ഈ ചിത്രം നല്‍കുന്നത്. 

ട്രാഫിക്കിനു ശേഷം ബോബി- സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രമെന്ന രീതിയിലും പല മോഹങ്ങളും ഉള്ളിലിട്ട് ലാലേട്ടന്റെ ഭയങ്കരമായ കത്തിക്കയറലും പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ അതിനുള്ളില്‍ തന്നെ എരിഞ്ഞടങ്ങി. 'ദുഭായ്' നഗരത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ റൊമാന്‍സ് ആക്ഷന്‍ ത്രില്ലര്‍ കാസനോവയുടെ വിധി ഏതാണ്ട് ഉറപ്പായി. ഹിറ്റ് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളായ റോബി- സഞ്ജയും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും കൂടി ചേരുമ്പോള്‍ ഭൂമികുലുക്കം അനുഭവപ്പെടുമെന്ന് കരുതയവര്‍ക്ക് കിട്ടിയത് വെറും ഉണ്ട. അല്ലാതെ എന്തു പറയാന്‍. 

നൂറ്റി ഇരപത്തിരണ്ട് പെണ്‍കുട്ടിളെ പ്രണയിച്ച, രണ്ടു നൂറ്റാണ്ടു മുമ്പ് ഇറ്റലിയില്‍ ജീവിച്ചിരുന്ന കാസനോവ എന്ന രാജകുമാരന്റെ രണ്ടാം ജന്മവുമായ ഒരു സെലിബ്രേറ്റി ബിസിനസ് മാനായിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലേക്കു വരുന്നത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന പെണ്‍കുട്ടികളെല്ലാം (ചില കന്യാസ്ത്രീകളൊഴിച്ച്) കാസനോവയുടെ പ്രണയിനികളാണ്. പക്ഷേ, പ്രണയിച്ച ആരെയും സ്വന്തമാക്കണമെന്ന അത്യാഗ്രഹമൊന്നും കാസനോവയ്ക്കില്ല. ജസ്റ്റ് എ ടൈം പാസ്... അത്രയേയുള്ളൂ. എന്നിരുന്നാലും കാസനോവയുടെ ഒരു നോട്ടത്തിനും സ്പര്‍ശനത്തിനും വേണ്ടി വിദേശ പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ ക്യൂ... നില്‍ക്കുന്ന കാഴ്ചകള്‍ ഇടയ്ക്കിടയ്ക്ക് റോഷന്‍ ആന്‍ഡ്രൂസ് പ്രേക്ഷകര്‍ക്ക് കാട്ടിതന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 

സിനിമ തുടങ്ങുന്നത് ദുബായിലെ ഒരു ചര്‍ച്ചില്‍ നടക്കുന്ന ഒരു വലിയ മോഷണത്തോടു കൂടിയാണ്. ചര്‍ച്ചില്‍ വച്ചിരുന്ന ഒരു രത്‌ന കിരീടം നാലു പയ്യന്‍മാര്‍ അടിച്ചോണ്ടു പോകുന്നു. ഈ പയ്യന്‍മാര്‍ ഇങ്ങനെയുള്ള മോഷണം നടത്തുന്നത് ആദ്യമായല്ല. നേരത്തെ സിംഗപ്പൂരിലും മറ്റും വിലപിടിപ്പുള്ള എന്തെക്കയോ സാധനങ്ങള്‍ ഇവന്‍മാര്‍ അടിച്ചെടുത്തിട്ടുണ്ട്. പള്ളിയിലെ കിരീടം മോഷ്ടിച്ചവരെ കണ്ടെത്താനെത്തുന്ന ഇന്റര്‍പോള്‍ ഓഫീസറാണ് റിയാസ് ഖാന്‍. ഈ സമയമാണ് നമ്മുടെ കാസനോവ ദുബായില്‍ ഒരു വിവാഹം കൂടാന്‍ എത്തുന്നത്. അവിടെവച്ച് ഈ വാര്‍ത്തയറിഞ്ഞ കാസനോവ പഴയ കുറേ ഓര്‍മ്മകളിലേക്ക് പോകുന്നു. എന്തു വിലകൊടുത്തും ലവന്‍മാരെ കുടുക്കണമെന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്നു. വിവാഹത്തിന് വമ്പന്‍ കക്ഷികള്‍ക്ക് ക്ഷണമുള്ളതിനാല്‍ അവിടെ എവര്‍ എത്തുകയും എന്നാല്‍ കവസാന നിമിഷം വിവാഹം മാറ്റിവയക്കുന്നതിനാല്‍ കാസനോവയുടെ കുടുക്കല്‍ പദ്ധതി ചീറ്റുകയും ചെയ്യുന്നു. 

മാത്തച്ചന്റെ (ശങ്കര്‍) നേതൃത്വത്തിലുള്ള സഹ്യാ ചാനലിന്റെ പ്രണയത്തെക്കുറിച്ചുള്ള പരിപാടി റേറ്റിങ്ങില്‍ താഴെയാണ്. ഈ പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഉദ്യമം കാസനോവ ഏറ്റെടുക്കുന്നു. പയ്യന്‍മാരായ നാല്‍വര്‍ സംഘത്തില്‍ നിന്നും രണ്ടുപേരെ കാസനോവ അവരറിയാതെ ഇതില്‍ ഇരകളാക്കുന്നു. രണ്ടു പെണ്‍കുട്ടികളെക്കൊണ്ട് ഈ രണ്ടുപേരെ പ്രണയിപ്പിക്കുന്നു. എന്തു മറിമായമാണെന്നറിഞ്ഞില്ല പിറ്റേന്നു മുതല്‍ പരിപാടി സൂപ്പര്‍ ഹിറ്റ്. ഇതിനിടയില്‍ നാല്‍വര്‍ സംഘം നടത്തുന്ന ഒരു മോഷണശ്രമം കാസനോവ തകര്‍ക്കുകയും മോഷണമുതല്‍ അയാള്‍തന്നെ അടിച്ചോണ്ടു പോകുകയും ചെയ്യുന്നു. 

ഇങ്ങനെ പുരോഗമിക്കുന്ന സിനിമയ്ക്കിടയിലാണ്, എന്തുകൊണ്ട് കാസനോവ ഈ നാലുപേരെ പിടിക്കാന്‍ നടക്കുന്നു എന്ന ചോദ്യത്തിനുത്തരം പ്രേക്ഷകരോടു പറയുന്നത്- ഫഌഷ്ബാക്കിലൂടെ. കണ്ടുകൊണ്ടിരിക്കുന്നവന്റെ കണ്ണും മറ്റും നിറഞ്ഞു തുളുമ്പും ആ അവസരത്തില്‍. തന്നെ പ്രണയത്തിന്റെ പേരില്‍ വേദനിപ്പിച്ചവരെ പ്രണയിപ്പിച്ച് അതിന്റെ വേദനയറിയിപ്പിച്ച് തകര്‍ക്കുക എന്ന വിചിത്രമായ ശിക്ഷാനടപടി നടപ്പിലാക്കുന്ന കാസനോവയോട് ആരാധന കൂടിവരുന്നത് ഈ സമയത്താണ്. (കൂടി കൂടി അത് ഭ്രാന്തമായ അവസ്ഥയിലേക്ക് മാറിപ്പോകാതിരിക്കാന്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുക). ഒടുവില്‍ പ്രണയത്തിന്റെ രാജകുമാരന്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നതോടെ സിനിമയ്ക്കും പ്രേക്ഷകന്റെ നെഞ്ചിലെ തീയ്ക്കും വിരാമമാകുന്നു. 

സാധാണ മുനുഷ്യര്‍ക്ക് മനസ്സിലാകുന്ന കഥയോ അതിനുപറ്റിയ അവതരണമോ ഈ ചിത്രത്തിനുണ്ടെന്ന് തോന്നുന്നില്ല. ദുബായ് നഗരത്തിലെ നിയമവ്യവസ്ഥയെ വെറും തുണമാക്കിക്കൊണ്ടുള്ള മോഷണങ്ങള്‍ നടക്കുമ്പോള്‍ 'ഇത്രയേയുള്ളോ ദുഭായ് പോലീസ്' എന്ന തെറ്റിദ്ധാരണകൂടി ഈ ചിത്രം പേക്ഷകന് സമ്മാനിക്കും. മനോഹരമായ ദൃശ്യങ്ങള്‍ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നതും അതിനൊത്ത എഡിറ്റിംഗും മാത്രമേ കാസനോവ എന്ന ഈ ബ്രഹ്മാണഡ ചിത്രത്തില്‍ എടുത്തുപറയാന്‍ പറ്റുന്നുള്ളു എന്നത് കുറച്ച് ഖേദകരമാണ്. 

ഗാനചിത്രീകരണങ്ങള്‍ക്ക് ഒരു അതിര്‍വരമ്പും റോഷന്‍ ആന്‍ഡ്രൂസ് നിശ്ചയിച്ചിട്ടില്ലെന്ന് തോന്നുന്നു. സാഹസികരംഗങ്ങള്‍ക്ക് ഹോളിവുഡില്‍ നിന്നുമൊക്കെ ആരെയോ കൊണ്ടു വന്നിട്ട് അതിന്റെ ലക്ഷണമൊന്നുമില്ല. പിന്നെ ആകെയുള്ളത് 'ദുബായും ബുര്‍ജ് ഖലീഫ'യും മാത്രം. ജഗതി, ലക്ഷ്മിറായ്, റോമ, സഞ്ജനി തുടങ്ങിയ അഭിനേതാക്കളും കാസനോവയിലഭിനയിക്കുന്നു. ആര്‍ക്കും പ്രത്യേകതകളും മറ്റുമില്ലാത്തതിനാല്‍ എടുത്തുപറയേണ്ട ആവശ്യമില്ല. കണ്ടു അനുഭവിക്കേണ്ട കാര്യം കണ്ടുതന്നെ അനുഭവിക്കണം. 

കുറിപ്പ്: രാജകുമാരനായ പഴയ കാസനോവയെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും വൃത്തികെട്ടവനായി തോന്നുന്നത് ഈ ചിത്രം കണ്ടതിനു ശേഷമാണ്. 

No comments:

Post a Comment