Tuesday, January 11, 2011

സര്‍ക്കുലര്‍ 1/2011

സര്‍ക്കുലര്‍ 1/2011      
(എല്ലാ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ക്ക്)

ഈ മാസം 7 ന് കൂടിയ എ.കെ.കെ.എ അന്താരാഷ്ട്ര കമ്മിറ്റിയില്‍ തീരുമാനിച്ച കാര്യങ്ങള്‍:

ഈ വരുന്ന 22-ാം തീയതി ഞാന്‍ നയിക്കുന്ന കേരളം വികസിപ്പിക്കല്‍ യാത്ര ആരംഭിക്കുന്ന വിവരം എല്ലാപേരും അറിഞ്ഞുകാണുമല്ലോ? ഓള്‍ കേരള കീടം ഫെഡറേഷന്റെ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറിയായ എനിക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ പ്രവര്‍ത്തകരെ നേരില്‍ കാണുവാനുള്ള അവസരം ചിലപ്പോള്‍ കിട്ടിയെന്ന് വരില്ല. ആയതിനാല്‍ എല്ലാ പ്രവര്‍ത്തകരും ഇതൊരു അറിയിപ്പായി കരുതണം. 

തമിഴ്‌നാട് മുഖ്യമന്ത്രിയുമായി മുല്ലപ്പെരിയാര്‍ ഡാമിലെ അണക്കെട്ടിനെപറ്റിയുള്ള ചര്‍ച്ച കഴിഞ്ഞ് ഇന്നലെ ഞാന്‍ തിരിച്ചെത്തിയതേ ഉള്ളൂ. ഇത്രയും നാള്‍ രണ്ടു സംസ്ഥാനങ്ങളെയും പ്രാന്തെടുപ്പിച്ച പ്രശ്‌നത്തിന് ഞാനൊരു പരിഹാരം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. തമിഴ്‌നാട് കേരളത്തില്‍ നിന്നും വെള്ളം കൊണ്ടു പോകുന്നതിനല്ലേ പ്രശ്‌നമുള്ളൂ? ഇനി അവര്‍ തമിഴ്‌നാട്ടില്‍ നിന്നു തന്നെ വെള്ളമെടുത്തോട്ടെ. അതായത് പെരിയാര്‍ ഇനി മുതല്‍ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് ഒഴുകുന്നതിനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തുകഴിഞ്ഞു. അറബിക്കടലില്‍ പതിക്കുന്നത് ബംഗാള്‍ ഉള്‍ക്കടലിലായാലും പ്രശ്‌നമൊന്നുമില്ലല്ലോ. രണ്ടും കടല് തന്നെയല്ലേ?

ഇത്ര രമ്യമായി പ്രശ്‌നം പരിഹരിച്ച നമുക്ക് ഒരു നല്ല ഓഫര്‍ തമിഴ്‌നാട്ടില്‍ നിന്നും കിട്ടിയിട്ടുണ്ട്. നമ്മുടെ പാര്‍ട്ടിയുമായി ഡി.എം.കെ തമിഴ്‌നാട്ടില്‍ ലയിക്കാമെന്ന് ഏറ്റിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ നമുക്ക് തമിഴ്‌നാട്ടില്‍ ഒരു മന്ത്രിയെ കൊടുക്കേണ്ടിവരും. കേരളം നേരെയാക്കുവാനുള്ളതിനാലും യാത്ര 22 ന് ആരംഭിക്കേണ്ടതിനാലും എനിക്കു പറ്റില്ല. ആയതിനാല്‍ മന്ത്രിയായി നമ്മുടെ അനുഭാവിയും നമ്മുടെ പാര്‍ട്ടിക്ക് വേണ്ടി എന്റെ വീട്ടില്‍ എന്നും പാല് ഫ്രീയായി കൊടുക്കുന്നവനുമായ ജനാര്‍ദ്ധനന്‍ അണ്ണന്റെ മോന്‍ സുരേഷിനെ (അവനെ കണ്ടാല്‍ ഒരു ചെറിയ തമിഴന്‍ ലുക്കൊക്കെയുണ്ട്) ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സീസണായതുകൊണ്ട് അവന്‍ ശബരിമലയില്‍ കരിമ്പിന്‍ ജ്യൂസ് വിറ്റുകൊണ്ടിരിക്കുകയാണ്. തിരിച്ചുവന്നയുടന്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതായിരിക്കും. 

നമ്മുടെ പ്രവര്‍ത്തകരുടെ അച്ചടക്കം നാള്‍ക്കുനാള്‍ താഴേക്കാണ്. കഴിഞ്ഞ ദിവസം രാത്രി നമ്മൂടെ ഒരു ആക്ടീവ് പ്രവര്‍ത്തകനായ വെട്ടുളി സതീഷ് ചന്തയില്‍ പച്ചക്കറി വില്‍ക്കുന്ന പൂത്തിരി അംബുജാക്ഷിയുടെ വീട്ടില്‍ കയറിയെന്ന് അറിയാന്‍ കഴിഞ്ഞു. സുരേഷിനോട് ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ 'രാമായണ മാസം അടുത്തു വരികയാണെന്നും അതുകൊണ്ട് നമ്മുടെ പാര്‍ട്ടിയില്‍ പുതിയ അംഗത്വം എടുപ്പിക്കുവാന്‍ കയറിയതാണെന്നു'മുള്ള മറുപടിയാണ് കിട്ടിയത്. രാമായണ മാസവും അംഗത്വവും തമ്മിലുള്ള ബന്ധം എനിക്ക് ഇതുവരെ പിടികിട്ടിയില്ലെങ്കിലും അംബുജാക്ഷി നിലവില്‍ നമ്മുടെ മെമ്പറാണെന്നുള്ള കാര്യം സതീഷ് മറന്നുപോയെന്നു തോന്നുന്നു. മാത്രമല്ല, കേറിയതല്ല പ്രശ്‌നം- ഇപ്പോള്‍ അവര്‍ വെട്ടുളിയുടെ കുടെ കേറിയവരില്‍ ഞാനുമുണ്ടെന്നാണ് പറയുന്നത്. ഒരു ജനറല്‍ സെക്രട്ടറി ഒരു അനുഭാവിക്ക് അംഗത്വം ഒരിക്കലും നേരിട്ട് കൊടുക്കില്ല. അത് ജില്ലാ പ്രസിഡന്റ് വഴിയേ കൊടുക്കുകയുള്ളു എന്ന കാര്യം അംബുജാക്ഷിക്ക് അറിയില്ല എന്ന് തോന്നുന്നു. അംബുജാക്ഷിയോട് അടുത്തമാസം 14 ന് കളിയിക്കാവിളയില്‍ നടക്കുന്ന സ്റ്റഡി ക്ലാസില്‍ പങ്കെടുക്കുവാന്‍ പറയണം. 

നാലുമാസത്തിനകം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നമുക്ക് സ്വതന്ത്രമായ ഒരു നിലപാടാണ് ആവശ്യമെന്ന് കഴിഞ്ഞ രാജ്യന്തര കമ്മിറ്റി കൂടി തീരുമാനിച്ചിരുന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ? അങ്ങനെ വരുമ്പോള്‍ 140 മണ്ഡലങ്ങളിലും നാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതുണ്ട്. അതത് ജില്ലാ ഭാരവാഹികള്‍ അടിയന്തിരമായി അതത് പ്രദേശങ്ങളിലെ സബ് ജയിലുകള്‍ സന്ദര്‍ശിക്കേണ്ടതാണ്. നമ്മുടെ പ്രവര്‍ത്തകരില്‍ ആരെങ്കിലും അകത്തുണ്ടെങ്കില്‍ (അകത്തേ കാണൂ) എത്രയും പെട്ടന്ന് അവരെ ജാമ്യത്തിലെടുത്ത് അവരവരുടെ മണ്ഡലത്തില്‍ പ്രവര്‍ത്തനനിരതരാക്കേണ്ടതാണ്. അവരായിരിക്കും അവിടുത്തെ സ്ഥാനാര്‍ത്ഥികള്‍.

50 ശതമാനം വനിതാ സംവരണമാകയാല്‍ അത്രയും സ്ത്രീകളെ ഭാരവാഹികള്‍ തന്നെ കണ്ടുപിടിക്കണം. പാറക്കടവ് മണ്ഡലത്തിലെ കോണ്‍ക്രീറ്റ് മേശിരി പുരുഷോത്തമനെ ചെന്ന് കണ്ടാല്‍ മൂന്ന് പേരെ അവിടുന്ന് തരും. അവരെ നമുക്ക് വനിതാസംവരണമുള്ള മൂന്ന് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാം. പക്ഷെ പകരം കൈയാളുമാരായി മൂന്ന് പേരെ നമ്മള്‍ വിട്ടുകൊടുക്കണം. അതിനുള്ള ഏര്‍പ്പാട് ചെയ്തിട്ടേ സ്ഥാനാര്‍ത്ഥികളെ പുരുഷോത്തമന്റെ കയ്യില്‍ നിന്നും വാങ്ങാവൂ. അല്ലെങ്കില്‍ പണി മുടങ്ങും. അടങ്കല് പണിയാണ്. മുടങ്ങാന്‍ ഇടയാകരുത്. 

22-ാം തീയതി രാവിലെ ഒരു മുന്നൂറ് ആള്‍ക്കാരേയും കൂട്ടി വരണം. എല്ലാവര്‍ക്കും വഴിയില്‍ നിര്‍ത്തി ചായ വാങ്ങികൊടുക്കണം. രാവിലെ 9 മണിക്കുതന്നെ എത്തണമെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട്.

ഒപ്പ്
എ.കെ.കെ.എ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി


No comments:

Post a Comment