Friday, January 14, 2011

മലയാള സിനിമയിലെ കഥയില്ലാത്ത ആട്ടങ്ങള്‍

മലയാളി പ്രേക്ഷകന് ആസ്വാദന നിലവാരം കൂടുതലാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന് അവനെതന്നെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം? വച്ചുകൊടുക്കുന്ന ചോറ് നന്നാവാത്തതിന് ഉണ്ണുന്നവനെപറഞ്ഞിട്ട് കാര്യമില്ലല്ലോ. 

മലയാള സിനിമ ക്ഷയിച്ചുകൊണ്ടിരിക്കുന്നു, ഇന്‍ഡസ്ട്രി തകര്‍ച്ചയിലാണ്, മൊത്തത്തില്‍ പ്രതിസന്ധിയാണ് എന്നൊക്കെ പറഞ്ഞിട്ട് ഈ ഇറങ്ങുന്ന സിനിമകള്‍ക്ക് ഒരു കുറവും കാണാനില്ല. അഭിനയിക്കുന്ന നടന്‍മാരാരും ബാക്കി സിനിമാ പ്രവര്‍ത്തകരും ആരും പട്ടിണികിടക്കുന്നുമില്ല. പിന്നെ എവിടെയാണ് പ്രശ്‌നം?

പ്രശ്‌നം എങ്ങുമല്ല- പ്രേക്ഷകര്‍ കുറയുന്നു. അതാണ് പ്രശ്‌നം. ''ഞങ്ങള്‍ക്ക് മനസ്സില്ല. നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ പടച്ച് വിട്ടിട്ട് അത് ഞങ്ങള്‍ കാണണം എന്നു പറഞ്ഞാല്‍ അങ്ങ് പള്ളീല്‍ പോയി പറഞ്ഞാല്‍മതി'' എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ എങ്ങനെ കുറ്റം പറയും? മുടക്കുന്നത് 40 രൂപയാണെങ്കിലും അത് വഴി പോകുന്നത് ഒരു ദിവസമാണണ്ണാ. അല്ലെങ്കിലും 40 രൂപ ചുമ്മാകിട്ടോ? അത് കൊടുത്താല്‍ ഒരു കിലോ അരിയും കൂട്ടത്തില്‍ ചെറിയ എന്തെങ്കിലൂം പച്ചക്കറിയും വാങ്ങിക്കാം. ഒരു ദിവസം അതുപയോഗിച്ച് കഴിയാം. 

ഒരു പടം വിജയിപ്പിക്കുന്നത് സാധാരണ പ്രേക്ഷകനാണെന്നുള്ള ധാരണ എന്ന് സനിമാപ്രവര്‍ത്തകരുടെ മനസ്സില്‍ നിന്നുപോയോ അന്നു തുടങ്ങിയതാണ് ഈ പറയുന്ന അപചയം. മറ്റൊരിടത്തുമില്ലാത്ത തരത്തില്‍ ഒരു പ്രതിസന്ധി രൂപപ്പെടുവാന്‍ ഇവിടെ വഴിവച്ചത് എന്തൊക്കെയാണ്? ഇന്ത്യന്‍ സിനിമയില്‍ തന്നെ അഭിനയത്തിന്റെ മര്‍മ്മമറിഞ്ഞ പലരും ഇവിടുത്തുകാരാണെന്നുള്ള സത്യം നിലനിക്കേതന്നെയാണ്് ഈ ഒരു സാഹചര്യം മലയാളത്തില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. 

തമിഴില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു എന്ന് അവകാശപ്പെടുന്ന പരുത്തിവീരനും അതിനെതുടര്‍ന്നിറങ്ങിയ സുബ്രഹ്മണ്യപുരവും പിന്നാലെയിറങ്ങിയ ഒരു ഡസനോളം പടങ്ങളും പറഞ്ഞത് പച്ചയായ ഗ്രാമീണകഥകളാണ്. പക്ഷെ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാന്തരം ഗ്രാമീണ ചിത്രങ്ങള്‍ തമിഴില്‍ ഇറങ്ങിയിട്ടുണ്ട് എന്ന കാര്യം ആരും ഓര്‍ക്കാത്തതെന്ത്? ഗ്രാമീണനായകന്‍ എന്നു പേരെടുത്ത രാമരാജന്‍ എന്ന നടന്റെ ചിത്രങ്ങള്‍ അന്നു ഇത്രവലിയ വിജയമൊന്നും ആയിട്ടില്ല. പക്ഷെ ഇതിനേക്കാള്‍ ശക്തമായ വിഷയം അവ കൈകാര്യം ചെയ്തിട്ടുണ്ട്. 

പ്രഭുവിന്റെ ചിന്നതമ്പി, വിജയശാന്തിന്റെ ചിന്നകൗണ്ടര്‍ എന്നിവയൊക്കെ ആ ഒരു ഗണത്തിലുള്ള വിജയകരമായ ചിത്രങ്ങളാണ്. പിന്നെ എന്തുകൊണ്ട് അവയ്‌ക്കൊന്നും കിട്ടാത്ത പരിഗണന ഈ പടങ്ങള്‍ക്ക് കിട്ടി? 

തിമിഴര്‍ ഗ്രാമീണത മറന്നുതുടങ്ങിയിരിക്കുന്നു. നഗര ജീവിതത്തില്‍ ചുറ്റിത്തിരിയുന്ന മനുഷ്യര്‍ക്ക് ഗ്രാമജീവിതം ഒരു അത്ഭുതമായി മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇറങ്ങുന്ന സനിമകളും ഒരു അ്തഭുതമായി മാറും. അതാണ് നാം പരുത്തിവീരനിലൂടെയും മറ്റും കണ്ടത്. 

ആ ഒരു അവസ്ഥ മലയാള സനിമയ്ക്ക് വേറൊരു തരത്തിലാണ് ഭവിച്ചിരിക്കുന്നത്. പച്ചയായി പറഞ്ഞാല്‍ കഥാദാരിദ്ര്യം. മലയാള ജീവിതത്തിനോട് അടുത്തു നില്‍ക്കുന്ന കഥകളല്ല സിനിമയായി എത്തുന്നത്. ഇവിടെ താരങ്ങളല്ല, എന്റെ കഥ എന്തു ത്യാഗം സഹിച്ചായാലും സിനിമയായി കണ്ടാല്‍മതി എന്നു പറഞ്ഞു നടക്കുന്ന കഥാകൃത്തുക്കളും എങ്ങനെയെങ്കിലും സൂപ്പര്‍താരങ്ങളുടെ ഡേറ്റ് കിട്ടിയാല്‍മതി എന്നു പറഞ്ഞു നടക്കുന്ന സംവിധാകന്‍മാരുമാണ് ഇവിടെ കുറ്റക്കാര്‍. നടന്‍മാര്‍ തൊഴിലാളികളാണ്. നിര്‍മ്മാതാവ് പൈസമുടക്കാനുണ്ടെങ്കില്‍ അവര്‍ക്ക് അഭിനയിക്കാം. സൂപ്പര്‍ സ്റ്റാറകളെ കുറ്റം പറയുന്നവര്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കുക. ഒരു പടവും അവരുടെ കുറ്റംകൊണ്ട് പരാജയപ്പെടുന്നില്ല. പടത്തിന് നല്ല കഥയുണ്ടെങ്കില്‍ ആളുകേറും. അത് 120 വയസ്സായവന്‍ അഭിനയിച്ചാലും ശരിതന്നെ. അമിതാഭ്ബച്ചന്‍ ദേശിയ അവാര്‍ഡ് കഴിഞ്ഞതവണയും വാങ്ങി. പുള്ളിക്ക് വയസ്സ് 25 അല്ല.

ലോഹിതദാസിന്റെ ശക്തമായ സാമൂഹിക- കുടുംബ തിരക്കഥകള്‍ക്കൊപ്പം കലൂര്‍ ടെന്നീസ് പോലുള്ളവരുടെ സമാന്തര കോമഡിപ്പടങ്ങളും ഇവിടെ ഓടിയിട്ടുണ്ട്. അന്ന് ആ രണ്ടാം നിര സിനിമകളെ 'ഇതെന്ത് പടം' എന്ന് പറഞ്ഞ് നമ്മള്‍ പന്തള്ളിയിട്ടുണ്ട്. അത് ആരുടേയും കുഴപ്പമല്ല. കിരീടവും അമരവും സവിധവുമൊക്കെ കാണുമ്പോള്‍ നാം ചോദിച്ചുപോകുന്ന ചോദ്യം തന്നെയാണിത്. എന്നാല്‍ ആ രണ്ടാം നിരപ്പടങ്ങള്‍ ഒരുപക്ഷേ ഇന്നാണ് ഇറങ്ങിയിരുന്നതെങ്കില്‍ വലിയ വലിയ വിജയങ്ങളായി മാറിയേനേ. ഇതാണ് കഥാദാരിദ്ര്യം അഥവാ ഇപ്പോഴത്തേതിനേക്കാള്‍ കൊള്ളാമായിരുന്നു പണ്ടത്തേത് എന്ന തോന്നല്‍. 

കുടുംബസമേതം സിനിമ കാണാന്‍ വരുന്നവരെ വള്ളിനിക്കര്‍ ഇട്ട അടികാണിക്കുന്ന സംവിധായകര്‍ ഈ ശുഷ്‌കാന്തി നല്ല കഥ തെരഞ്ഞെടുക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ മലയാള സിനിമയുടെ തലേലെഴുത്ത് തന്നെ മാറിപ്പോയേനേ. മുണ്ടഴിക്കലും മുണ്ടുപൊക്കലും മലയാളത്തിന്റെ മാത്രം ശാപങ്ങളാണ്. വരുന്ന പുതിയ തലമുറയില്‍പെട്ട സംവിധായകരും ആരീതി തന്നെ പിന്‍തുടരുമ്പോള്‍ വീണ്ടും സിനിമ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. 

പഴയ സംവിധായകന്‍മാരുടെ കാര്യം പറയുകയാണെങ്കില്‍ ജോഷി ഒഴിച്ച് മറ്റാര്‍ക്കും വ്യക്തിത്വം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. സത്യന്‍ അന്തിക്കാട് സ്വന്തമായി തിരക്കഥ എഴുതിയ പടങ്ങളില്‍ ആ കുറവ് കാണാനുമുണ്ട്. ലോഹിതദാസും ശ്രീനിവാസനും സത്യനെ തഴഞ്ഞതിന് വലിയ വിലകൊടുക്കേണ്ടി വന്നിരിക്കുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ കഴിഞ്ഞാല്‍ സത്യന്‍ താഴേക്ക് വരുകയായിരുന്നു. 

ലോഹിതദാസിന്റെ നഷ്ടം തന്നെയാണ് സിബിമലയിലിനെയും വീട്ടിലിരുത്തിയത്. ഫാസിലിനേയും ഐ.വി. ശശിയേയും കേള്‍ക്കാന്‍ പോലുമില്ല. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. കഥയാണ് താരം. ഇനി ഏതു കൊമ്പുകെട്ടിയ സംവിധായകന്‍മാരായാലും നല്ല കഥയില്ലെങ്കില്‍ പടം സ്വാഹ...

മണിരത്‌നത്തിന്റെ രാവണന്‍ മൂക്കുംകുത്തി വീണ സ്ഥിതിക്ക് നമ്മുടെ രാമരാവണന്റെയൊക്കെ കാര്യം പറയണ്ടല്ലോ. തസ്‌കരലഹള, ഏപ്രില്‍ ഫൂള്‍, എഗെയ്ന്‍ കാസര്‍കോഡ് കാദര്‍ഭായ് ഇവയൊക്കെ എന്താണെന്നു കൂടി ഇതെടുത്തവര്‍ വിചിന്തനം ചെയ്യണം. ആള്‍ക്കാരെ ഇങ്ങനെ കൊല്ലരുത്. ഇത് പാപമാണ്. ഈ കാശ്‌കൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ അന്നദാനം നടത്തണം. അല്ലെങ്കില്‍ വീടില്ലാത്തവര്‍ക്ക് വീടു വച്ച് കൊടുക്കണം. കുറച്ച് ആള്‍ക്കാരുടെ അനുഗ്രഹമെങ്കിലും ഉണ്ടാകും.

സിനിമ വിജയിക്കാത്തതിന് താരങ്ങളെ കുറ്റം പറഞ്ഞ് നടക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്. നല്ല കഥയും അതിനൊത്ത തിരക്കഥയും സംവിധാനവും അഭിനയവുമുണ്ടെങ്കില്‍ ആളുകേറിയിരിക്കും. അല്ലാതെ വീണ്ടും കഥയില്ലാത്ത ആട്ടങ്ങളാണെങ്കില്‍ പഴയ പടങ്ങളുടെ ഡി.വി.ഡിക്ക് ഡിമാന്റ് കൂടും. 'ട്രാഫിക്കാ'ണ സത്യം. 

(ഇതെല്ലാം ഞാന്‍ സത്യമാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളാണ്. അല്ലാതെ ആരേയും മനഃപുര്‍വ്വം മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയല്ല)

No comments:

Post a Comment