Saturday, January 15, 2011

മലയാള സിനിമയില്‍ ശാപയോഗം

കൂടെനില്‍ക്കുന്നവന്‍ തള്ളക്ക് വിളിക്കുക.സ്വാഭാവികം, സഹിക്കാം.  വഴിയേപോകുന്നവന്റെ കണ്ണില്‍പെട്ടാല്‍ തന്തക്ക് വിളി കേള്‍ക്കുക. വെറുതെ പറഞ്ഞതല്ലേ, പോട്ടേന്നു വയ്ക്കാം. എന്തിന് സ്വന്തം തന്ത തന്നെ തന്തക്കു പറയുക. അതിത്തിരി കടുപ്പം തന്നെയാണേ...  ഇതിന് വസുന്ധരാക്ഷീ ശാപയോഗമെന്ന് പേര്‍.

ജാതകവശാല്‍ അത്യപൂര്‍വ്വം പേര്‍ക്കേ ജീവിതത്തില്‍ ഇത്തരമൊരു ദുര്‍വിധി വരൂ. പറഞ്ഞുവരുന്നത് നമ്മടെ വിനയമുള്ളവനെക്കുറിച്ച് തന്നെ. ഏതു വിനയമുള്ളവന്‍ എന്ന് ആരും ചോദിക്കുമെന്ന് തോന്നുന്നില്ല. ങ്ഹാ...അത് തന്നെ...നമ്മുടെ സംവിധായക കുറസോവ. അതായത് മലയാളത്തില്‍ പറഞ്ഞാല്‍ കൂറപടങ്ങളെടുക്കുന്നയാള്‍ എന്ന് അര്‍ത്ഥം. അങ്ങനെയേ പറയൂ. ഒപ്പം നിക്കുന്നവരും ശത്രുക്കളും. കാരണം അതാണ് ഈ വസുന്ധരാക്ഷീ അമ്മ യോഗം. (പുള്ളിക്കാരനായതുകൊണ്ടാണ് 'അമ്മ'യെക്കൂടി ബോണസായി കിട്ടിയത്.)

വിനയത്തോടെ പറഞ്ഞാല്‍ മലയാള സിനിമയില്‍ യുവതാരങ്ങളെയും നവപ്രതിഭകളെയും വാറ്റിയെടുക്കുന്ന റിക്രൂട്ട്‌മെന്റ് ഏജസിയാണ് ഇദ്ദേഹത്തിന്റെ ഒരോ സിനിമയും.

ഇന്ന് സ്‌ക്രീനില്‍ വിളങ്ങുന്ന പലര്‍ക്കും മുണ്ടില്ലാതിരുന്ന സമയത്ത് തോര്‍ത്തും തോര്‍ത്തില്ലാതിരുന്ന സമയത്ത് പാന്റ്‌സും തയ്പ്പിച്ച് നല്‍കിയ ദയാലുവായ മനുഷ്യന്‍. ജാതക ദോഷമെന്നേ പറയേണ്ടൂ. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മലയാള സിനിമയിലെ 'അമ്മ'യും എന്തിന് വീട്ടിലിരുന്ന് പറഞ്ഞാല്‍ നമ്മുടെ സ്വന്തം അമ്മ പോലും ഇത് സമ്മതിച്ച് തന്നൂവെന്ന് വരില്ല. ഇനി സാക്ഷാല്‍  സംവിധായക കുറസോവയോട് തന്നെ നമ്മളിത് അരുളിചെയ്താല്‍ പുള്ളിക്കാരനും സമ്മതിച്ചുതരില്ല. അതെന്ത് എന്നുചോദിച്ചാല്‍..അങ്ങനെയാണ്.  ഇതാണ് സാക്ഷാല്‍ വസുന്ധരാക്ഷീ അമ്മ യോഗത്തിന്റെ കളി.

ചിലരോടുള്ള കലിപ്പ് കൊണ്ട്  ചില മാക്രിപ്പിള്ളാരെ ചായം തേപ്പിച്ച് സ്‌ക്രീനിലെത്തിക്കും. അതോടെ ആ പിള്ളാരെല്ലാം കരകയറും. പിന്നെ 'വിനയ'മെന്ന്  കേട്ടാല്‍ തന്നെ മോത്ത് കാക്ക തൂറിയ ഭാവം, കണ്ടാല്‍ കണ്ണില്‍ പൊടിവീണപോലെ തിരുമും.

ആയകാലത്ത് നായകവേഷങ്ങള്‍ നല്‍കി വളര്‍ത്തിയ ഒരു മിമിക്രി പയ്യന്‍ തൊട്ട് ആദ്യകാലം തൊട്ട് ഉടക്കിയ സൂപ്പര്‍താരമടങ്ങുന്ന മലയാളസിനിമ ലോകം തന്നെ മുഖ്യശത്രു. നമ്മള്‍ നന്നാകില്ല. അതുകൊണ്ട് നമ്മള സിനിമയും നന്നാകില്ല. പക്ഷേ നമ്മളുടെ സിനിമയുള്ള ചിലരെങ്കിലും നന്നാകും. അതും നമ്മളെ തെറിപറഞ്ഞ് നടന്നാ മാത്രം. ഇല്ലേല്‍ തിലകനെ പോലെയാകും. സ്വന്തം പട്ടിയെ വിളിച്ചാല്‍ പോലും വരില്ല.

നായകനാക്കാന്‍ കൊള്ളൂലെന്ന് എല്ലാരും പറഞ്ഞവനെ പിടിച്ച് കണ്ണുപൊട്ടനാക്കി സിനിമയെടുത്തു. ഒപ്പം അഭിനയിക്കൂലെന്ന് പറഞ്ഞ 'അമ്മേട നായ'രോട് അന്നുതൊട്ട് ഉടക്കി. സിനിമ ഹിറ്റായതോടെ വാശിക്ക് കരുമാടിക്കുട്ടനെ പിന്നേം നായകനാക്കി. പതിയെപ്പതിയെ മണിയനാശാനും രക്ഷപ്പെടണമെന്ന മോഹം കലശലായി. ആശാന്റെ നെഞ്ചത്ത് ഒരുപടി പച്ചമണ്ണ് പോലും വാരി ഇടാന്‍ നിന്നില്ല. ഇപ്പം സിനിമക്ക് വിളിച്ചാല്‍ അഭിനയം നിര്‍ത്തിയെന്ന് അരെക്കൊണ്ടെങ്കിലും പറയിക്കും. അല്ലേല്‍ വയറിനു നല്ല സുഖമില്ലെന്ന് കാച്ചും.

ഇതേ പ്രതികരണം തന്നെ പലരും ഏറ്റുപാടി. ഉമപ്പെണ്ണിന്റെ ചെക്കന്‍ നമ്മളെ അറിയില്ല. ഒപ്പം ആദ്യ വില്ലന്‍വേഷം കിട്ടിയ ഇന്ദ്രപ്പനും ഇടക്ക് സ്വപ്നം കണ്ടുനടന്നപ്പോള്‍ പിടിച്ച് പോലിസ് യൂണിഫോം ഇടുവിച്ച അനിയന്‍ മുത്തുപ്പട്ടരും ഇന്ന് കാര്‍ക്കിച്ച് തുപ്പില്ലന്നേ ഉള്ളൂ. പക്ഷേ അതുപോലെ കാണിക്കും. പിന്നെ നമ്മള് നില്‍ക്കില്ല.

നമ്മളെ കൊണ്ട് കഴിയുന്നതുപോലെ നമ്മള്‍ ചെയ്യും. ഇടയ്ക്ക് ഒരുത്തന് ഒരു ഗിന്നസ് റിക്കോര്‍ഡും ഒപ്പിച്ചുകൊടുത്തു. അതിനുപെട്ട പാട് നമ്മള്‍ക്കേ അറിയൂ. കേരളത്തില് എന്തിന് ഇന്ത്യയില്‍ തന്നെ ഒരിക്കലും ഓടാന്‍ സാദ്ധ്യതയില്ലാത്ത ഒരു കഥയുണ്ടാക്കി, നിര്‍മ്മാതാവിന്റെയും പ്രേക്ഷകരുടെയും വായില്‍ ഇരുന്ന മുഴുവനും കേട്ട് പയ്യനെ സ്റ്റാറും ഗിന്നസ് റിക്കോര്‍ഡുകാരനുമാക്കി. അതിനു ശേഷം റിക്കോര്‍ഡുകാരന്റെ പടം ടി.വിയില്‍ വരുമ്പോഴല്ലാതെ ഒന്ന് നേരിട്ടു കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഈയിടെ ഒരു യക്ഷിപ്പെണ്ണിനെ കൊണ്ട് വന്നു. ഒടുവില്‍ 'യക്ഷി' കാരണം ഒപ്പം നിന്ന നിര്‍മ്മാതാവും ചുമ്മാ തെറിവിളിച്ചു. യക്ഷിയെന്ന് കേട്ടാല്‍ എല്ലാരും പേടിക്കുമെന്നാണ് കരുതിയത്. സിനിമയില്‍ എല്ലാരും ഗന്ധര്‍വ്വന്‍മാരായതിനാല്‍ യക്ഷിപ്പെണ്ണിനെ ആരും പേടിച്ചില്ല. തളക്കാനും ശ്രമില്ല.

നമ്മള് കഷ്ടപ്പെട്ട് കൊണ്ട് വന്നതിനാല്‍ പുതിയ പടത്തിലും അവളെത്തന്നെ നായികയാക്കി. ഇനി മലയാളം തെരിഞ്ഞ് തുടങ്ങുന്നതോടെ യക്ഷിയും ആശാന്റെ നെഞ്ചത്ത് ആണിയടിക്കും. വസുന്ധരാക്ഷീ ശാപയോഗമുള്ളത് കൊണ്ട് ഇപ്പഴേ ആണി നെഞ്ചത്ത് വച്ചോണ്ടാണ് നടക്കുന്നത് തന്നെ. പിന്നെ പേടിക്കേണ്ട.

1 comment:

  1. നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

    ReplyDelete