Tuesday, January 18, 2011

പത്താംക്ലാസ് കഴിഞ്ഞാല്‍ സിവില്‍ സര്‍വ്വീസ്

പച്ചാളം ഭാസിയുടെ അടുത്ത് അഭിനയം പഠിക്കാന്‍ വിട്ടാലും സ്ഥായിയായി നമ്മുടെ മുഖത്തെ ഭാവം പുച്ഛമാണ്. എല്ലാത്തിനോടും പുച്ഛം. ഞാന്‍ കഴിഞ്ഞേ മറ്റെല്ലാരും ഒള്ളൂ. ആരെയും ഗൗനിക്കില്ല, എനിക്കിഷ്ടമുള്ളതാണ് ഞാന്‍ ചെയ്യുന്നത്. തിരുവന്തോരംകാരനാണ്. സൈനിക് സ്‌കൂള്‍ പ്രോഡക്ട് ആയിരുന്നതിനാല്‍ കണിശക്കാരനായി.( മമ്മൂക്കയുടെ അതേ സ്വഭാവം എന്നൊക്കെ ആരൊക്കെയോ പറയുന്നു. ബെര്‍തെ നമ്മക്ക് പേരുദോഷമുണ്ടാക്കാന്‍)  അച്ഛന്‍ പുലിയായിരുന്നു. അമ്മയും പുള്ളിപ്പുലി. ചേട്ടനും ചേട്ടത്തിയും കലാരംഗത്ത്. മൊത്തം കലാകുടുംബം.

ലോകോത്തര സിനിമകളാണ് നമ്മുക്ക് വേണ്ടത്. സൂപ്പര്‍സ്റ്റാര്‍ പദവിയൊന്നും പരിഗണിക്കപ്പെടാതെ പച്ചയായ കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമകള്‍. നമ്മള്‍ അഭിനയിക്കുന്ന സിനിമയും അങ്ങനെ തന്നെ. (ശോക്‌ലേറ്റ്, താന്താന്നി, പോക്കിറി രായ, ലള്ളിപാപ്പ്, നല്ല മൊകം, ത്രില്ല്/സര്‍ക്കാര്‍ വക സോപ്പല്ല). അങ്ങനെ നമ്മളായിട്ട് മലയാളസിനിമക്ക് പലതും സംഭാവന ചെയ്യും.

തെന്നിന്ത്യ മുഴുവന്‍ കാല്‍ക്കീഴിലാണ്. സാക്ഷാല്‍ സ്‌റ്റെയില്‍ മന്നല്‍ രജനീകാന്ത് വരെ അഭിനന്ദിച്ചു. പക്ഷെ ഇവിട.. നമ്മളെ അംഗീകരിക്കാന്‍ നമ്മള് മാത്രേയുള്ളൂ.

ഒരിക്കല്‍ രാജുമോന്റച്ഛന്‍ ചോദിച്ചു.. 'ആരുണ്ടടാ ഇവിടെ നാട്യശാസ്ത്രം പഠിച്ചിട്ടുള്ളത്. ഭരതമുനിയുടെ ആ ശാസ്ത്രം പഠിച്ചിട്ടാണ് ഞാന്‍ ഈ പണിക്കിറങ്ങിയത്' - നമ്മളെങ്ങാന്‍ ഇതൊക്കെ പറഞ്ഞാല്‍ ദേ..വരും ലാലേട്ടന്റെ സ്‌റ്റെയില്‍, അതേ സ്വരം. അങ്ങേര് ഏതോ സിനിമയില്‍ പറഞ്ഞ ഡയലോഗ്. അപ്പന്‍ ആനപ്പുറത്ത് കേറിയതിന്റെ തഴമ്പ് നമ്മക്കും കിട്ടി. കാണിച്ച് തരാന്‍ പറ്റാത്തിടത്തായതിനാല്‍ കാണിച്ചു തരൂലെന്നേയുള്ളൂ.

പക്ഷേ...അച്ഛന്റെ മോനാണെന്ന് തെളിയിക്കാതെ പറ്റില്ലല്ലോ. അതുകൊണ്ട് മാത്രമാണ് നമ്മളിങ്ങനെ ചില പ്രസ്താവന നടത്തി സാന്നിധ്യം അറിയിക്കുന്നത്. ചില സ്റ്റാറുകള്‍ എല്ലാ പരസ്യത്തിലും കേറി തലകാണിച്ച്, 'നമ്മളിവിടുണ്ടേ' എന്ന് ബോധ്യപ്പെടുന്ന മാതിരി പബ്‌ളിക് റിലേസന്‍സ്.

 മറ്റാരും നമ്മളെക്കുറിച്ച് ഒരു വാക്കും പറയാത്തതുകൊണ്ട് സ്വയം അപവാദം സഹിച്ചും ഇതൊക്കെ വെളിപ്പെടുത്തുന്നൂവെന്ന് മാത്രം. ആഷിന്റെ കൂടെ അഭിനയിച്ചിട്ട് ആഷ് പോലും അറിഞ്ഞില്ലത്രേ. സിനിമ കാണുന്നവര്‍ക്ക് നമ്മട കഷ്ടപ്പാടൊന്നും അറിയണ്ടല്ലോ. എല്ലാം പൊട്ടിച്ച് കയ്യീത്തരും. ആദ്യനാളുകളില്‍ തിരക്കുണ്ടെങ്കിലും പിന്നെ ആളെക്കിട്ടില്ല. കാരണം നമ്മള്‍ തിരക്കാറുമില്ല. സമയം വേണ്ടേ. (ആഷിന്റെ ആദ്യ നായകനായ ഒരു കക്ഷിയുണ്ടിവിടെ. ആ പടം പൊട്ടിച്ച് കയ്യീക്കൊടുത്തു. പിന്നെയാണ് അതേ സംവിധായകന്റെ രാവണ്‍).

ആദ്യം എട്ടാം ക്ലാസ് ജയിക്കണം, പിന്നെ ഒമ്പത്, പിന്നെ പത്ത്. പ്ലസ് ടു. ഇവിടെ കേരളത്തില്‍ അങ്ങനെയാണത്രേ. സത്യത്തില്‍ ആസ്‌ത്രേലിയായില്‍ ഇങ്ങനൊന്നുമല്ല. കുറച്ച് കാലം നമ്മളവിടാരുന്നു. (അറിഞ്ഞൂടാത്തവര്‍ക്ക് വേണ്ടി പറഞ്ഞൂവെന്ന് മാത്രം. എന്റൊരു കാര്യം, ഇവിടന്ന് കടുമാങ്ങാ അച്ചാറ് കൊണ്ട് പോകുന്നതും സിമ്മിംഗ്പൂളില്‍ കുളിക്കുന്നതുമെല്ലാം ആദ്യകാലത്തെ ഇന്റര്‍വ്യൂയില്‍ തന്നെ വെളിപ്പെടുത്തിയിരുന്നല്ലോ )

അതുകൊണ്ടാണ് കങ്കാരുക്കളുടെ നാട്ടില്‍നിന്ന് നേരേ ഇങ്ങ് വന്നപ്പം, പത്താംക്ലാസ് കഴിഞ്ഞ് നേരിട്ട് സിവില്‍ സര്‍വീസിനു പോയത്.

മംഗലശേരി നീലകണ്ഠനും, ജഗന്നാഥനും, ഇന്ദുചൂഢനും പഠിക്കണമെന്നുണ്ടായിരുന്നു. ആദ്യഘട്ടത്തിലേ തോറ്റതുകൊണ്ട് പഠിത്തം നിര്‍ത്തി, പഠിപ്പിക്കാനിറങ്ങി. നമ്മുടെ അറിവുകള്‍ പ്രേക്ഷകര്‍ക്കും മലയാളസിനിമയ്ക്കും ഉപയോഗപ്പെടട്ടെന്നു കരുതിയെന്ന് മാത്രം. ഉടനേ ഒരു പടം സംവിധാനിക്കുന്നുമുണ്ട്. ജാഗ്രതൈ.

പണ്ട് നമ്മുടെ ആലുവാക്കാരാന്‍ പയ്യനും ഈ സൂക്കേടുണ്ടായിരുന്നു. നല്ല മരുന്നു കിട്ടിയപ്പോള്‍ ആ അസുഖം മാറി. ഇപ്പോള്‍ പുള്ളി കാര്യസ്ഥന്‍ വരെയാകും അതിനുമേല്‍പ്പോട്ടില്ല. അത്രേത്തില്‍ നിര്‍ത്തും. അതിനാണ് വകതിരിവ് എന്നു പറയുന്നത്. ആടുതോമായോട് ജഡ്ജിയദ്ദേഹം പറയുന്നതു കേട്ടിട്ടില്ലേ 'വകതിരിവ് പഠിച്ചേച്ചു വാ'.... എന്ന്. അതുതന്നെ.

1 comment:

  1. അമ്മ വഴി കിട്ടിയ പാരമ്പര്യമാണു സര്‍വ്വ പുഛം , അഛനു അല്‍പ്പം ഗമ ഉണ്ടായിരുന്നെങ്കിലും അതിനു അനുസരിച്ചു തലയെടുപ്പും വിവരവും അഭിനയ ശേഷിയും ഉണ്ടായിരുന്നു , എന്നാലും നല്ല റോള്‍ കിട്ടിയാല്‍ പയ്യന്‍ കുറെക്കൂടി രക്ഷപെടും എന്നു തോന്നുന്നു, മലയാള സിനിമയിലെ ശ്രീശാന്താണു പയ്യന്‍. ഉറുമി നോക്കാം എങ്ങിനെ ഉണ്ടെന്നു സ്വന്തം പടമല്ലേ

    ReplyDelete