Thursday, January 20, 2011

നീതിന്യായ അഴിമതി പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റല്ല!

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ജഡ്ജിമാരും ബന്ധുക്കളും അനുയായികളും അനധികൃത സ്വത്തുസമ്പാദിക്കുന്നത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസെന്നാണ് പറയുന്നത്. നാഴികയ്ക്കുനാല്‍പ്പത് വട്ടം ചാനല്‍ ഈ അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. ജുഡീഷ്യറിയിലെ വന്‍ അഴിമതിയെക്കുറിച്ച് പത്രമാധ്യമങ്ങള്‍ അടക്കം (മാധ്യമപ്പുലികള്‍ ഒഴികെ) ശക്തമായി രംഗത്തെത്തിയിട്ടും ദിവസങ്ങളേ ആയുള്ളൂ. എന്നാല്‍ മലയാളത്തില്‍ ചാനലുകള്‍ വരുന്നതിനും മുമ്പേ ഇക്കാര്യം വെളിപ്പെടുത്തിയയാള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. 1988 ല്‍ തന്നെ ഇക്കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടും ആരും മുഖവിലക്കെടുത്തിരുന്നില്ല. പിന്നെങ്ങനെ ഏഷ്യനെറ്റിന് അതില്‍ അവകാശവാദം ഉന്നയിക്കാനാകും?

ചാനലില്‍ അഴിമതി വിവാദം കത്തിപ്പടരുന്നതിനിടയിലും ചിലപ്പോഴൊക്കെ ഈ ആരോപണം അദ്ദേഹം ഉന്നയിക്കാറുണ്ട്. എന്നാല്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഇത് അവഗണിക്കുകയായിരുന്നു. മാത്രമല്ല ഒറ്റ ചാനല്‍ ചര്‍ച്ചകളിലും ഇദ്ദേഹത്തെ പങ്കെടുപ്പിച്ചതുമില്ല. അദ്ദേഹത്തിന്റെ ആരോപണം പതിവ് ചാനല്‍ തമാശകളില്‍ പെടുത്തി അവഗണിച്ചതിന് പിന്നിലും വന്‍ ഗൂഡാലോചനയുണ്ടെന്ന സംശയവും ഇതോടെ ബലപ്പെട്ടു.

മരുമകന്റെ അനധികൃത സ്വത്തുസമ്പാദന വാര്‍ത്തകളാണ് മുന്‍ ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്. ഇതോടെ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ബാലകൃഷ്ണനെതിരെ രംഗത്തുവന്നു. ജസ്റ്റിസ് കൃഷ്ണയ്യര്‍ക്കുപോലും കാര്യം മനസിലാക്കാന്‍ ഇത്രയും കാലമെടുത്തെങ്കില്‍ 1989 ല്‍ തന്നെ തന്റെ നിലപാട് പേരെടുത്ത് ഉറക്കെ വിളിച്ചുപറയാന്‍ തയ്യാറായ ഇദ്ദേഹത്തിന് ധീരതക്കുള്ള അവാര്‍ഡ് കൊടുക്കണം. ആളാരെന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ട.

ആ സ്വരം ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഒന്നുചെവിയോര്‍ത്താല്‍ മാത്രം മതി. ആ വിളി എവിടെയോ കേള്‍ക്കുന്നില്ലേ...മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ നിന്നും പുറപ്പെട്ട്, ഉന്തിയ പല്ലില്‍ തട്ടി അല്‍പം വീങ്ങിപ്പോയ ശബ്ദം 'എടാ...ബാലേഷ്ണാ...കൊച്ചുകള്ളാ'...

(ആളെപ്പിടി കിട്ടാത്തവര്‍ 1989 ല്‍ റിലീസായ സിദ്ദിഖ് ലാല്‍ ടീമിന്റെ 'റാം ജി റാവു സ്പീക്കിംഗ്'  ഒരു തവണ കൂടി കാണാന്‍ അപേക്ഷ).

No comments:

Post a Comment