Saturday, January 22, 2011

ചീഞ്ഞളിഞ്ഞ 'മെട്രോ'


ചെന്ന് കേറിക്കൊടുത്താല്‍ നിങ്ങള്‍ക്കും ഇത് സംഭവിക്കാം. സംഭവിച്ചു. ഒരാള്‍ക്ക് മാത്രമല്ല, പത്ത് മുന്നൂറ് പേര്‍ക്ക് ഒരുമിച്ച് സംഭവിച്ചു.  അതുകഴിഞ്ഞ് പുറത്തിറങ്ങി എങ്ങോട്ട് പോവുമെന്നറിയാതെ വായും പൊളിച്ച് നിന്നു. വായില്‍ തോന്നിയ സംസ്‌കൃതങ്ങള്‍ വിളിച്ചുപറയുന്ന ചിലര്‍. 

മലയാള സിനിമയെ കലാപരമായി സമീപിക്കുന്നതിനേക്കാള്‍ വ്യാവസായികപരമായി എങ്ങനെ സമീപിക്കാം എന്ന് കാണിച്ചുതന്ന ജനപ്രിയ നായകന്‍ നിര്‍മ്മിച്ച (അഭിനയിച്ചില്ല- അത്രേം ഭാഗ്യം) പുതിയ പടം- ദ മെട്രോ- കണ്ടിറങ്ങിയവരുടെ സ്ഥിതിയാണിത്. സി. ഐ.ഡി. മൂസ മുതല്‍ ഇങ്ങോട്ട് (കഥാവശേഷന്‍ വിടാം. പാവം ഒരവാര്‍ഡിന് വേണ്ടിയല്ലായിരുന്നോ?) വിജയകരമായി സിനിമയില്‍ നിന്നും എങ്ങനെ ലാഭമുണ്ടാക്കാം എന്ന് കാണിച്ചുതന്ന ആ മാജിക് 
ഇവിടെ ചീറ്റി. തലേല്‍ കൈവച്ച് പ്രാകിക്കൊണ്ട് തിയേറ്റര്‍ വിട്ടുപോകുന്നവരുടെ ശാപം കിട്ടാതിരിക്കണമെങ്കില്‍ ഇനി വല്ല പുണ്യപുരാതന പടം പിടിച്ച് അതിന്റെ ഫിലിംപെട്ടിയുമായി കാശിക്ക് പോകേണ്ടിവരും. 

വണ്‍വേ ടിക്കറ്റ് എന്ന പടം കൊണ്ട് മലയാളത്തിന് ഒരു ക്ലാസിക് സമ്മാനിച്ച ബിപിന്‍ പ്രഭാകറില്‍ നിന്നും വീണ്ടുമൊരു മുട്ടന്‍ ക്ലാസിക് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ പാവം പ്രേക്ഷകരുടെ തലേല്‍ എഴുതിയത് അനുഭവിച്ചല്ലേ പറ്റൂ. പല സിനിമകളിലും പതുമുഖങ്ങളുമായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപറ്റം അഭിനേതാക്കളുടെ തീവ്രമായ അഭിനയ മുഹൂര്‍ത്തത്തില്‍ ഇതള്‍ വിരിയുന്ന ആക്ഷന്‍ ത്രില്ലര്‍ കുടുംബ ഫ്രണ്ട്ഷിപ്പ് പ്രതികാര 
ഭീകര രക്ത രൂക്ഷിത .......... വാക്കുകള്‍ കിട്ടുന്നില്ലണ്ണാ.

പടം തുടങ്ങുമ്പോള്‍ തന്നെ ജനപ്രിയന്‍ വരുന്നു. പ്രേക്ഷകരോട് രണ്ട് വാക്ക് സംസാരിക്കുന്നു. ''ഇത് ഒരു സംഭവ കഥയല്ല, പക്ഷേ സംഭവിക്കാം. ഭയങ്കര കഥയാണ്. ആരും പേടിക്കരുത്. കരയരുത്. ഇടയ്ക്ക് മൂത്രം ഒഴിക്കണമെന്ന് തോന്നും. പൊയ്ക്കളയരുത്'' എന്നൊക്കെ. ''മൂന്ന് വ്യത്യസ്ഥങ്ങളായ കഥകള്‍. അത് മൂന്നും കൂടി ഒരു സ്ഥലത്ത് വച്ച് കൂടിച്ചേര്‍ന്ന് ശബരിമലയ്ക്ക് പോകുന്നു'' എന്നൊക്കെ കേട്ട് ആകാംക്ഷപര്‍വ്വം ഇരിക്കുന്ന നമുക്ക് പിന്നെക്കാണുന്ന കാഴ്ചകള്‍ ഒരു സ്വപ്നമായി മാത്രമേ കരുതാന്‍ കഴിയുള്ളൂ. 

കഥാപാത്രങ്ങള്‍ക്കോ, കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ ചെയ്യുവാനുള്ള ധര്‍മ്മത്തിനോ ഈ പടത്തില്‍ പ്രസക്തിയില്ല. ഓരോരുത്തരും അന്യോന്യം സംസാരിക്കുന്നതു കേട്ടാല്‍ ഇവനയൊക്കെ പിടിച്ചു റോഡില്‍ കിടത്തി തീവണ്ടി കയറ്റിക്കൊല്ലാന്‍ തോന്നും. 

ഗള്‍ഫില്‍ നിന്നും വന്ന യുവാവുമൊത്ത് ടൂറിന് പോകുന്ന സുഹൃത്തുക്കള്‍ (ക്ഷമിക്കണം ഇവരുടെയൊന്നും സിനിമയിലെ പേര് ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല), കൊച്ചി നഗരത്തെ കിടുകിടാകിടാന്ന് വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഗുണ്ട പരുത്തിക്കാടന്‍ ഷാജിയും അനിയന്‍ ഫ്രെഡിയും പിന്നെ അവരുടെ ശിങ്കിടി ഒരപ്പൂപ്പനും. 'ഇവനേക്ക ഇന്ന് ഞാന്‍ ഒണ്ടല്ല്' എന്നും പറഞ്ഞോണ്ട് നടക്കുന്ന നോര്‍ത്ത് സി.ഐ ജോസഫ് അലക്‌സ്. അങ്ങേര വായിലിരിക്കണ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട സിറ്റിപോലീസ് കമ്മീഷണര്‍. കൊച്ചി ഇന്‍ഫോസിസിലെ ജീവനക്കാരി ഭാവന അഭിനയിക്കുന്ന കഥാപാത്രം. ഏഴ് തലമുറയ്ക്ക് വില്ലനായ എറണാകുളം എം. പി, പടം തുടങ്ങുമ്പോള്‍തന്നെ ഷാജി പുലിയാണ് എന്ന് കാണിക്കാന്‍ വേണ്ടി ഓടി വെട്ടുകൊണ്ട് മരിക്കുന്ന യുവ നേതാവ്, ജഗതിയുടെ അച്ചായന്‍- കഥാപാത്രങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ആവശ്യം പോലെയും ആവശ്യത്തിലധികവുമുണ്ട്. 

പരുത്തിക്കാടനെ കുരുക്കാന്‍ സി.ഐ. ജോസഫ് അലക്‌സ് ഒരു വലിയ കുരുക്കുമായി കാത്തിരിക്കുന്നു. അതേ സമയം ടൂറിന് പോകുന്ന യുവാക്കള്‍ രാത്രി ഫ്രെഡിയുമായി ഏറ്റുമുട്ടുന്നു. അതിനെതുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഈ പടം സഞ്ചരിക്കുന്നത്. പക്ഷേ സഞ്ചരിച്ച് സഞ്ചരിച്ച് അവസാനം പ്രേക്ഷകന്റെ നെഞ്ചിലാണ് എത്തിനില്‍ക്കുന്നതെന്ന് മാത്രം. തിരക്കഥ എന്നു പറയുന്ന ആ സാധനത്തിന്റെ ഗുണം കുറച്ച് പോലും ഒരു സ്ഥലത്തും അനുഭവപ്പെടുന്നില്ല. സംഭാഷണങ്ങള്‍ വെറും പൈങ്കിളി. സിനിമയിലുടനീളം ''നമ്മളിനി എന്തു ചെയ്യും?'' എന്ന ചോദ്യം കേട്ട് മടുത്തു. നായികയുണ്ട്. പക്ഷേ പുള്ളിക്കാരത്തിക്ക് പറ്റിയ നായകനില്ല. ജഗതിയുടെ വേഷം എന്തിന് വേണ്ടിയുള്ളതാണെന്ന് പോലും മനസ്സിലാകുന്നില്ല. സുപ്രീംസ്റ്റാര്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പക്ഷേ സ്‌ക്രീനില്‍ ഒറ്റയ്ക്കായിപ്പോയി. സുരേഷ്‌കൃഷ്ണയുടെ പരുത്തിക്കാടന്‍ ഷാജി തീര്‍ച്ചയായും കൊച്ചയിലെ ഗുണ്ടകള്‍ക്ക് ഒരു പാഠമാകും. അവരിത് കണ്ടാല്‍ നാളെ അക്രമം മതിയാക്കി സന്യസിക്കാന്‍ പോകും. 

പക്ഷേ കരളലയിക്കുന്ന ആ അഭിനയം തിര്വന്തരത്തിന്റെ സ്വന്തമായ സുരാജിന്റെ വകയാണ്. സുരാജിന്റെ അപ്പഴപ്പോഴുള്ള എന്റെ ഭാര്യ, എന്റെ മക്കള്‍, അവരുടെ കളിപ്പാട്ടം എന്ന ഡയലോഗ് കേട്ടാല്‍ ആരായാലും രണ്ടുതുള്ളി കണ്ണുനീര്‍ ഒഴുക്കിയിട്ടേ തിയേറ്റര്‍ വിട്ടിറങ്ങൂ. ഇനി അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ക്ലൈമാക്‌സ് എത്താറാകുമ്പോള്‍ മറ്റൊരു അഭിനയ മുഹൂര്‍ത്തം സുരാജ് കാഴ്ച വയ്ക്കുന്നുണ്ട്. അതില്‍ ആരായാലും വീണിരിക്കും. 

പക്ഷേ എന്തൊക്കെപ്പറഞ്ഞാലും ഈ സിനിമ ഒരു വലിയ സത്യം നമുക്ക് കാണിച്ചുതരുന്നുണ്ട്. കൊച്ചിയില്‍  കുറ്റകൃത്യങ്ങള്‍ പെരുകുന്നത് ആള്‍ക്കാര്‍ നേരത്തേ ഉറങ്ങുന്നതുകൊണ്ടാണ്. ഇത്രയുംനാള്‍ അത് കൊച്ചീക്കാര്‍ക്ക് പോലും അറിയില്ലായിരുന്നു. ഇപ്പോള്‍ അത് മനസ്സിലായി. ഇനിയെല്ലാവരും ഉണര്‍ന്നിരിന്നോളും. അല്ലെങ്കില്‍ ചിലപ്പോള്‍ ഈ സിനിമയെപ്പറ്റിതന്നെ സ്വപ്നം വല്ലതും കണ്ടാലോ?

ഈ സിനിമയെ പറ്റി അഞ്ചു ചോദ്യങ്ങള്‍

ചോദ്യം 1: ഈ സിനിമയിലെ ഇഷ്ടപ്പെട്ട കഥാപാത്രം?

ഉത്തരം: സിനിമയുടെ ആരംഭത്തില്‍ ഏഷ്യനെറ്റിലെ എഫ്.ഐ.ആര്‍ എന്ന പരിപാടി കാണിക്കുന്നുണ്ട്. അത് അവതരിപ്പിക്കുന്നയാള്‍ (സത്യമായും)

ചോദ്യം 2: ഈ സിനിമയിലെ ഇഷ്ടപ്പെട്ട സീന്‍?

ഉത്തരം: മരിച്ചുകിടക്കുന്ന ഒരു കഥാപാത്രത്തിന്റെ വയര്‍ അനങ്ങുന്ന സീന്‍

ചോദ്യം 3: ഇഷ്ടപ്പെട്ട സംഭാഷണം?

ഉത്തരം: ''നമ്മളിനി എന്തുചെയ്യും?''

ചോദ്യം 4: സിനിമ തരുന്ന ഗണപാഠം?

ഉത്തരം: ഉറങ്ങരുത്. ഉറങ്ങിയാല്‍ പോയി.

ചോദ്യം 5: ഈ സിനിമതരുന്ന അനുഭവം?

ഉത്തരം: ഞാനിനി വല്ലതുമൊക്കെ പറഞ്ഞിട്ട് വേണം തെറി എഴുതി എന്നും പറഞ്ഞ് സൈബര്‍ സെല്ലുകാര്‍ വീട്ടില്‍ കയറി നെരങ്ങാന്‍. വേണ്ടണ്ണാ... നമ്മളെ വിട്ടുകള. 6 comments:

 1. nanayirikkunnu..Ratheesh njan kandilla iniyum kananm......

  ReplyDelete
 2. കലക്കന്‍ പ്രതികരണം....എനിക്ക്‌ 50 രൂപ ലാഭമുണ്ടാക്കി തന്നതിന്‌ നന്ദി സഹോദരാ

  ReplyDelete
 3. വൺവേ ടിക്കറ്റ്, കാക്കി മുതലായ വിമർശനം പോലും അർഹിക്കാത്ത ബിപിൻ പ്രഭാകറിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്. എന്നാലും, നിർമ്മാണം ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയതുകൊണ്ട് കണ്ടിരിക്കാനാവുന്ന പടമായിരിക്കും എന്ന് വിചാരിച്ച് നാളെ കാണാനിരിക്കുകയായിരുന്നു. നന്ദി, മറ്റൊരു ദുഖ:ഞായറാഴ്ച്ചയിൽ നിന്ന് എന്നെ രക്ഷിച്ചതിന്. താങ്കളുടെ രചനാശൈലി ഇഷ്ടപ്പെട്ടു. സിനിമയെ പറ്റിയുള്ള അഞ്ചു ചോദ്യങ്ങൾ ഏറെ ചിരിപ്പിച്ചു

  ReplyDelete
 4. ഞാന്‍ ഈ സിനിമ കണ്ടില്ല. പക്ഷേ ഒരു കാര്യം ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ മടിക്കുന്നവരാണ് മലയാളികള്‍. പുതുമഖ സംവിധാകരേയും നടന്‍മാരേയും മലയാളികള്‍ പുച്ഛത്തോടെ മാത്രമേ കാണുന്നുള്ളൂ. ഈ ചിത്രത്തെപ്പറ്റി വളരെ മോശമായ രീതിയില്‍ എഴുതിയിരിക്കുന്ന നിങ്ങള്‍ അതില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി എന്തുകൊണ്ട് ആലോചിച്ചില്ല. പുതിയ ആള്‍ക്കാരെ നമ്മള്‍ പ്രോത്സാഹിപ്പിക്കാതെ അവരെ കളിയാക്കിക്കൊണ്ടിരുന്നാല്‍ അത് ഈ പടത്തിന്റെ വിജയത്തിനെ ബാധിക്കില്ലേ. ഇത് നമ്മള്‍ ആ കലാകാരന്‍മാരോട് ചെയ്യുന്ന ക്രൂരതയാണ് രതീഷേ. എന്തൊക്കെയായാലും ഈ സിനിമയെപ്പറ്റി നല്ല ഒരഭിപ്രായമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.

  ReplyDelete
 5. Ha Ha ...
  enthina cinema kanunnath ithu vayichal thanne aavashyathinu vinodam kittunnundu..

  Best wishes

  ReplyDelete
 6. എന്റെ പൊന്നു സുനിലേട്ടാ ഞാന്‍ പറഞ്ഞത് എനിക്ക് ആ പടം കണ്ടപ്പോള്‍ അനുഭവിച്ച കാര്യങ്ങളാണ്. അല്ലാതെ ആരേയും മനഃപുര്‍വ്വം വേദനിപ്പിക്കുവാനോ ഭാവി തകര്‍ക്കുവാനോ വേണ്ടിയായിരുന്നില്ല. സാധാരണ ഒരു പ്രേക്ഷകന്‍ പടം കാണുന്നതു പോലെ തന്നയാണ് ഞാനും ആ പടത്തിനെ സമീപിച്ചത്. വിനോദം ലക്ഷ്യമാക്കി മാത്രമല്ലേ നമ്മള്‍ ഇതുപോലുള്ള പടം കാണുവാന്‍ പോകുന്നത്. അല്ലാതെ സമാധിയാകാനോ നിര്‍വ്വാണമടയാനോ അല്ലല്ലോ. നിങ്ങള്‍ ആ പടം കണ്ടില്ല എന്നു പറഞ്ഞു. പോയി ആദ്യം പടം ഒന്ന് കണ്ടുനോക്ക്. പിന്നെ താങ്കള്‍ പറഞ്ഞതുപോലെ പുതുമുഖ സംവിധാകനൊന്നുമല്ല ഇത് ചെയ്തത്. ഇദ്ദേഹം വേറെ പടങ്ങളും ചെയ്തിട്ടുണ്ട്. പിന്നെ അഭിേനതാക്കളെ ആരേയും കുറ്റം പറഞ്ഞിട്ടില്ല. കഴിവില്ലാത്ത ഒരു അഭിനേതാവും ഇതിനകത്തില്ല. അഭിനേതാവ് മോശമാക്കിയിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ കുറ്റം മാത്രമാണ്. ഏപ്രില്‍ഫുളും തസ്‌കര ലഹളയുമൊക്കെ നിങ്ങള്‍ക്ക് മഹത്തായ സൃഷ്ടികളാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇതിനെയും ആ കൂട്ടത്തില്‍ പെടുത്തിക്കൊള്ളു. എന്നിട്ട് സന്തോഷത്തോടെ പോയി കാണൂ.
  കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും. (കണ്ട ശേഷം തീര്‍ച്ചയായും ഇവിടൊരു കമന്റിടണം.)

  ReplyDelete