സൂപ്പര്‍താരങ്ങളും യുവതുര്‍ക്കി നിരയും സൂപ്പര്‍സംവിധായകരും ഒത്തുപിടിച്ചിട്ടും രക്ഷപ്പെടാത്ത മലയാള സിനിമ ഇനി 'ഒന്നേന്ന് ഉണ്ടാക്കും'. ഷെഡിലൊതുങ്ങിയ സംവിധായകരും ഒതുങ്ങാറായ താരങ്ങളും സൂപ്പര്‍താരമാകാന്‍ കൊതിക്കുന്നവരുമാണ് ഈ ശ്രമത്തിനുപിന്നില്‍. ഇതോടെ കഥാ ദാരിദ്രത്തില്‍ മുക്കിളിയിട്ട് മുക്രിയിടുന്ന മലയാള സിനിമയുടെ സഞ്ചാരം ഇനി ഒരു വഴിയാകും. പഴയകാലത്ത് വന്‍ഹിറ്റായ ചിത്രങ്ങളുടെ റീമേക്കും രണ്ടാംഭാഗവുമൊക്കെ ഒരുക്കിയാണ് മലയാളസിനിമയില്‍ 'സ്വയം രക്ഷപ്പെടുത്തല്‍' കര്‍മ്മം അരങ്ങേറുന്നത്.
ലോഹിതദാസിന്റെ വേര്‍പാടോടെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളുടെ അവസാന കണ്ണിയും അറ്റു. പഴയകാല പ്രതാപത്തിന്റെ പച്ചയില്‍ നില്‍ക്കുന്ന സംവിധായകര്‍ക്ക് സൂപ്പര്‍താരങ്ങളുടെ ഡേറ്റും കിട്ടാതായി. അറ്റകൈയ്ക്ക് ഈ സംവിധായക പുലികള്‍ യുവതാരങ്ങളെ വച്ച് പുറത്തിറക്കിയ ഒരു ചിത്രവും പച്ചതൊട്ടതുമില്ല ( മിന്നാമിന്നിക്കൂട്ടം, വെള്ളത്തൂവല്‍, അപൂര്‍വരാഗം).
സൂപ്പര്‍താരങ്ങളാകട്ടെ യുവ സംവിധായകര്‍ക്ക് ഡേറ്റുനല്‍കി പിടിച്ചുനില്‍ക്കാന്‍ താത്പര്യം കാട്ടി. ഓര്‍ക്കാപ്പുറത്ത് സൂപ്പറുകളുടെ സിനിമയെടുത്ത പലര്‍ക്കും ചുവട് പിഴച്ചു. ആദ്യ ചിത്രങ്ങള്‍ വന്‍ഹിറ്റായില്ലെങ്കിലും ഒരുവിധം നല്ലപേരു കിട്ടിയ യുവ സംവിധായകര്‍ തട്ടിക്കൂട്ടിയ സൂപ്പര്‍താര ചിത്രങ്ങള്‍ അത്യാവശ്യത്തിന് പേരുദോഷമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ (പരുന്ത്, ശിക്കാര്‍).
താരരാജാക്കന്‍മാരെ വാഴ്ത്തിക്കൊണ്ട് ഇറങ്ങിയ ചില ചിത്രങ്ങള്‍ രക്ഷപ്പെട്ടെന്ന് അവകാശപ്പെടുന്നെങ്കിലും യുവ സംവിധായകരുടെ നെറ്റിയില്‍ കാക്കത്തൂവലായി മാറി (പോക്കിരി രാജ, പാപ്പി അപ്പച്ചാ). യുവസംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നില്ലെന്ന പേരുദോഷം മാറ്റാനിറങ്ങിയ താരങ്ങള്‍ക്കും അക്കിടി പറ്റി (ബിഗ് ബി, മായാബസാര്‍, സാഗര്‍ ഏലിയാസ് ജാക്കി,അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്...).
എല്ലാം കൊണ്ടും മലയാള പ്രേക്ഷര്‍ക്ക് മതിയായെന്ന തിരിച്ചറിവാണ് ഇനി ഒന്നേന്ന് ഉണ്ടാക്കാനുള്ള ശ്രമത്തിന് പിന്നില്‍. നല്ല തിരക്കഥകള്‍ കിട്ടാതെ സൂപ്പറാകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതാരങ്ങളും റീമേക്കൊരുക്കാന്‍ തുനിയുന്നത്.
ചാനലുകളുടെ വരവോടെ പഴയകാല ഹിറ്റ് ചിത്രങ്ങളും തമാശാ രംഗങ്ങളും വീണ്ടും പ്രേക്ഷകശ്രദ്ധയിലെത്തുന്നതാണ് സൂപ്പര്‍താരങ്ങളടക്കം പഴയ പുലികള്‍ക്ക് ഇപ്പോഴും തുണയാകുന്നത്. ഇതുതന്നെയാണ് പഴയകുപ്പിയും വീഞ്ഞും തപ്പിയെടുക്കാന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുന്നതും.
ആദ്യഘട്ടമെന്ന നിലക്ക് പുറത്തിറങ്ങിയ നീലത്താമര, ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ രണ്ടും മൂന്നും ഭാഗമായ ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, എന്നിവയും കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എഗെന്‍ കാസര്‍ഗോഡ് കാദര്‍ഭായിക്കും ചീത്തപ്പേരില്‍ കുറഞ്ഞൊന്നും നേടാനായില്ല.
അണിയറയില്‍ ഒരുങ്ങുന്നതും പറഞ്ഞുകേള്‍ക്കുന്നതുമായ റീമേക്കും രണ്ടാം ഭാഗങ്ങളുമടക്കം ഒരു ഡസനിലധികം മലയാളപടങ്ങള്‍ പ്രേക്ഷകര്‍ക്ക് കനത്ത നിരാശ സമ്മാനിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മലയാള സിനിമാക്കാരുടെ നിരാശക്കും ഒരു അറുതിയുണ്ടാകില്ല.
No comments:
Post a Comment