Thursday, January 27, 2011

തമ്മില്‍ ഭേദം ചിരുത്തൈ


തമ്മില്‍ ഭേദം തൊമ്മന്‍ (തമിഴന്‍). രവിതേജയും അനുഷ്‌കയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് വന്‍വിജയമായ വിക്രമാര്‍കുഡു എന്ന തെലുങ്ക് സിനിമയുടെ റീമേക്കായ ചിരുത്തയെപറ്റി ഇങ്ങനെയേ പറയാന്‍ കഴിയൂ. അതായത് ഈ സീസണില്‍ ഇറങ്ങിയ എല്ലാ മലയാള പടത്തിനേക്കാളും (ട്രാഫിക് ഒഴികെ)ഭേദം ഈ തമിഴ്പടം തന്നെ എന്നതിന് രണ്ടുപക്ഷമില്ല. 

മലയാളിയുടെ ആസ്വാദന നിലവാരത്തെ പതുക്കെ പതുക്കെ മാറ്റിയെടുത്ത് നോട്ട്‌കെട്ടുകളാക്കി തമിഴന്‍മാര്‍ താമരശ്ശേരി ചുരം കടക്കുമ്പോള്‍ ഇവിടെ ജനപ്രിയ സിനിമാപ്രവര്‍ത്തകര്‍ (എന്നവശകാശപ്പെടുന്നവര്‍) കണ്ണ് തള്ളി പുതിയ കുപ്പികളില്‍ പഴയ വീഞ്ഞ് മത്സരിച്ച് നിറച്ചുകൊണ്ടിരിക്കുന്നു. മെട്രോയെന്നോ ആറ്റംബോംബെന്നൊക്കെ പറഞ്ഞ് പുതിയ ഓരോന്ന് തോന്നിയതുപോലെ പടച്ച് വിടുമ്പോള്‍ ജനം മലയാളി മലയാളപടത്തെ ഉപേക്ഷിക്കുന്നെന്ന് പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ?

നിലവാരമില്ലാത്ത കുറേ കൂതറകള്‍ ജനങ്ങളെ കാണിച്ചിട്ട് അതിന് ആളില്ലായെന്ന് മനസ്സിലാകുമ്പോള്‍ തിരുവനന്തപുരത്തോ എറണാകുളത്തോ പത്രസമ്മേളനം വിളിച്ച് കൂട്ടായി കുറേ മഹാപ്രതിഭകളേയും പങ്കെടുപ്പിച്ച് സംവിധായകന്‍ പറയും  ' പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തിന് എന്തോ വലിയ തകരാറുപറ്റി.' തകരാറുപറ്റിയത് പ്രേക്ഷകനല്ല. ഈപറയുന്നവരുടെ തലയ്ക്കകത്താണ്. കാണേണ്ടത് നല്ല ഏതെങ്കിലും സൈക്ക്യാര്‍ട്ടിസ്റ്റിനേയും. 

 നല്ല മലയാള പടങ്ങളിറങ്ങിയ 80-90 കാലഘട്ടങ്ങളില്‍ തമിഴില്‍ രജനികാന്ത്, കമലഹാസന്‍, മണിരത്‌നം, ഷങ്കര്‍ തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ പടങ്ങളെ മാത്രമേ നാം സ്‌നേഹിച്ചിരുന്നുള്ളു. അതും നല്ലത് മാത്രം. പക്ഷേ മലയാള പടങ്ങള്‍ നിലവാരം താഴേക്കാക്കിയപ്പോള്‍ മൂന്നാംകിട തമിഴ്, തെലുങ്ക് ഡബ്ബിംഗ് സിനിമകള്‍ ഇവിടെ നിന്ന് പണം വാരിക്കോണ്ട് പോകാന്‍തുടങ്ങി. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിന് പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? 

ഒരു മികച്ച പടമെന്ന് ഒരിക്കലും 'ചിരുത്തൈ'യെ പറയാന്‍ കഴിയില്ല. കാരണം മലയാളികളെ സംബന്ധിച്ച് ഒരിക്കലും ദഹിക്കുന്ന വിഷയമല്ല ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും നല്ല ഒരു എന്റര്‍ടെയിന്‍മെന്റ് ഈ പടം തരുന്നുണ്ട്. മടുപ്പിക്കാതെ ഒരു സീനില്‍ നിന്ന് മറ്റൊരു സീനിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാന്‍ കഴിയുന്നതാണ് ഈ പടത്തിന്റെ വിജയം. 

അസിസ്റ്റന്റ് കമ്മീഷണറായ രത്‌നവേല്‍ പണ്ഡ്യന്റെയും പോക്കറ്റടിക്കാരനായ റോക്കറ്റ് രാജയുടെയും രൂപസാദൃശ്യത്തിന്റെയും കഥയാണ് ചിരുത്തൈ. ഈ രണ്ടു വേഷവും കാര്‍ത്തിയാണ് കൈകാര്യം ചെയ്യുന്നത്. പോക്കറ്റടിയും ചില്ലറ തട്ടിപ്പുമായി നടക്കുന്ന റോക്കറ്റ് രാജയ്ക്ക് ഇടയ്ക്ക് ഒരു കുഞ്ഞിനെകിട്ടുന്നു. ആ കുഞ്ഞ് രാജയെ അച്ഛാ എന്നാണ് വിളിക്കുന്നത്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം കുഞ്ഞിനെ കൂടെ കൂട്ടുന്ന രാജയെ ഒരു ദിവസം കുറച്ച് ആളുകള്‍ ആക്രമിക്കുന്നു. താന്‍ ആക്രമിക്കപ്പെടുന്നത് എന്തിനാണെന്ന് അറിയാതെ രക്ഷപ്പെടുവാന്‍ ഓടുന്ന രാജ അപ്രതീക്ഷിതമായി കുഞ്ഞിന്റെ അച്ഛനെ കണ്ടുമുട്ടുന്നു. കുഞ്ഞിന്റെ അച്ഛനായ രത്‌നവേല്‍ പാണ്ഡ്യനും അദ്ദേഹത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതയും അനുബന്ധ സംഭവങ്ങളുമാണ് ചലച്ചിത്രത്തിന്റെ പ്രമേയം.

കച്ചവട തമിഴ്‌സിനിമകളുടെ സ്ഥിരം പാറ്റേണില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ പറയത്തക്ക അഭിനയ മുഹൂര്‍ത്തങ്ങളോ സംവിധായകന്റെ കയ്യൊപ്പുപതിഞ്ഞു എന്നവകാശപ്പെടാവുന്ന സീനുകളോ ഒന്നും തന്നെയില്ല. പക്ഷേ എടുത്തുപറയത്തക്ക ഒരു കാര്യം കാര്‍ത്തിയുടെ കഥാപാത്രാവിഷ്‌കാരമാണ്. രണ്ടു റോളും കാര്‍ത്തി കഴിയുംവിധം ഭംഗിയായി ചെയ്തിരിക്കുന്നു. റോക്കറ്റ് രാജ എന്ന കഥാപാത്രം കോമഡിയുടെ മികവില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കാരണം കാര്‍ത്തി തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരുത്തിവീരന്റെ അനുകരണമായിരുന്നു. ജീവിതത്തെ അലസമായ രീതിയില്‍ നോക്കി കാണുന്ന യുവത്വമായി മാത്രമാണ് നാം കാര്‍ത്തിയെ കണ്ടിട്ടുള്ളത്. പക്ഷേ ചിരുത്തയില്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ രണ്ടു കഥാപാത്രങ്ങളായി മാറി കാര്‍ത്തി ആക്ഷനും കോമഡിയും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു. 

പണ്ടത്തെ മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടുപോലെ കാര്‍ത്തിയും കൂടെ സന്താനവും പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുകയാണ്. നായികയായി വരുന്ന തമന്ന ഗ്ലാമറിന് ഒരു കുറവും വരുത്തുന്നില്ല. ഒരു കച്ചവട സിനിമ കാണുവാന്‍ പോകുന്ന ലാഘവത്തോടെ സിനിമയെ സമീപിക്കുകയാണെങ്കില്‍ ബോറടിക്കാതെ കണ്ടുകൊണ്ടിരിക്കാം. പക്ഷേ കാഴ്ചാ സുഖമല്ലാതെ കണ്ടുകഴിഞ്ഞ് മനസ്സില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന ഒരു കാര്യവും ഈ സിനിമ നമുക്ക് തരുന്നില്ല. 

കുറിപ്പ്: രവിതേജയും അനുഷ്‌കയും അഭിനയിച്ച വിക്രമാര്‍കുഡു മലയാളത്തിലേക്ക് മെഴിമാറ്റി വിക്രമാദിത്യന്‍ എന്ന പേരില്‍ 2007 ല്‍ പ്രദര്‍ശനം നടത്തിയ ചിത്രമാണ്. പക്ഷേ ഓടിയോ എന്ന കാര്യം അറിയില്ല. ഓടിയെങ്കില്‍ ചിരുത്തൈ ഇറങ്ങിയപ്പോള്‍ അതിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞേനേ....

No comments:

Post a Comment