Monday, February 7, 2011

കോണ്‍ഗ്രസ്സ്‌ (എം) പടര്‍ന്ന്‌ പന്തലിക്കുന്നു.


യു.ഡി.എഫ്‌ നടത്തിയ മോചനയാത്രയില്‍ അവരുടെ തന്നെ പല ഘടകകക്ഷികളുടെയും `പൊക' കണ്ടെങ്കിലും കേരള കോണ്‍ഗ്രസ്സ്‌ (എം) ന്‌ വന്‍ നേട്ടമാണുണ്ടായിരിക്കുന്നത്‌. മാണി- ജോസഫ്‌ ലയനത്തോടെ കേരളാ കോണ്‍ഗ്രസ്‌ (എം) വന്‍ ശക്‌തിയായിരിക്കുന്നു എന്ന ഞട്ടിപ്പിക്കുന്ന സത്യം ഇപ്പോഴാണ്‌ കേരള കോണ്‍ഗ്രസ്സുകാര്‍തന്നെ അറിയുന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തെ ആശങ്കയിലാക്കിക്കൊണ്ട്‌ ഉടന്‍തന്നെ ദക്ഷിണാഫ്രിക്കയിലും കേരള കോണ്‍ഗ്രസ്‌ (എം) യൂണിറ്റുകള്‍ തുറന്നേക്കും.

ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്‌ ബര്‍ഗില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ മാര്‍ക്‌സിസത്തിനു ബദലായി മാണി സാര്‍ രൂപംകൊടുത്ത `അധ്വാനവര്‍ഗ്ഗ സിദ്ധാന്തം' അവതരിപ്പിച്ചതോടെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ലോകശ്രദ്ധയാകര്‍ഷിച്ചത്‌. 

മാണി സാറിന്റെ സ്വന്തം പി.സി. (പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അല്ല ) ഗുരുക്കളുടെ പൊന്നോമന പുത്രനും യൂത്ത്‌ ഫ്രണ്ട്‌ (എം) സംസ്‌ഥാന സെക്രട്ടറിയുമായ അഡ്വ. ഷോണ്‍ ജോര്‍ജാണ്‌ മാണി സാറിന്റെ അധ്വാനത്തില്‍ വിരിഞ്ഞ ഈ സിദ്ധാന്തത്തിന്റെ പൊരുള്‍ അന്ന്‌ ദക്ഷിണാഫ്രിക്കയില്‍ ചുരുള്‍ നിവര്‍ത്തിയത്‌. 

കോട്ടയം, ഇടുക്കി ഭാഗങ്ങളിലുള്ള പോലെ തന്നെ കൊല്ലത്തും തിരുവനന്തപുരത്തും ബീഫിനും ബിയറിനും വന്‍ തോതില്‍ ആവശ്യക്കാര്‍ ഏറി വരുന്നത്‌ കേരളാ കോണ്‍ഗ്രസിന്റെ മുന്നേറ്റമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കേരളത്തില്‍ റബ്ബര്‍ വില ഉയരുന്നതും കേരളകോണ്‍ഗ്രസുകാരുടെ ഒത്തൊരുമയുടെ ഫലമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

മാണി-ജോസഫ്‌ ലയനത്തോടെയാണ്‌ കേരളത്തില്‍ ഈ പ്രതിഭാസം രൂപപ്പെട്ടത്‌. ഈ ക്രിസ്‌തുമസിന്‌ നടന്ന മദ്യവില്‍പനയില്‍ ബിയറിന്റെ കണക്കുകള്‍ വേര്‍തിരിച്ച്‌ നല്‍കാന്‍ കേരളസര്‍ക്കാരിനോട്‌ ആവശ്യപ്പെടും. ഇതിനിടെ ബീഫും ബിയറും കൂടുതലായി ഉപയോഗിക്കുന്നത്‌ ഏതു ഗ്രൂപ്പാണെന്ന സംശയം മാണി-ജോസഫ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്‌. 

എന്നാല്‍ അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിന്‌ മലയാളികള്‍ക്കിടയില്‍ പ്രചാരമേറുന്നതായ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ വിശ്വസിക്കാനായിട്ടില്ല. മലയാളികളിലാരെങ്കിലും അധ്വാനിക്കുന്നുണ്ടെന്ന വിശ്വാസമാണ്‌ അധ്വാനവര്‍ഗ്ഗ സിദ്ധാന്തമെന്നും അതിനാല്‍ നേതാക്കളും അണികളും അധ്വാനിക്കേണ്ടതില്ലെന്നും കേരളാ കോണ്‍ഗ്രസുകാര്‍ പറയുന്നു. ഓരോ ജില്ലയിലും ഈ പുതുവര്‍ഷത്തില്‍ വിറ്റുതീരുന്ന ബിയറിന്റെയും ബീഫന്റെയും കൂടി കണക്കെടുത്ത്‌ യു.ഡി.എഫില്‍ അവതരിപ്പിക്കുമെന്നും മലയാളികള്‍ക്കിടയില്‍ പൊണ്ണത്തടിയും പ്രമേഹവും ഏറിവരുന്നത്‌ അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ വിജയമായി വിലയിരുത്തണമെന്നും കേരളാ കോണ്‍ഗ്രസ്‌ എമ്മിലെ ബുദ്ധിജീവികള്‍ ദക്ഷിണാഫ്രിക്കയിലെ യുവജന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. 

ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ജംഗ്‌ഷനില്‍ ദ്വിദിന റബ്ബര്‍ ടാപ്പിംഗ്‌ പരിശീലനക്കളരിയും `അധ്വാനിക്കാതെ എങ്ങനെ കഞ്ഞികുടിക്കാം' എന്ന വിഷയത്തില്‍ സെമിനാറും സംഘടിക്കും. പരിശീലനക്കളരിയിലും സെമിനാറിലും പങ്കെടുക്കുന്ന പ്രിതിനിധികള്‍ക്ക്‌ മഹാകവി മാത്തച്ചന്റെ `ചോറ്‌ എല്ലിന്റിടയില്‍ കയറിയാല്‍' എന്ന കവിതാസമാഹാരവും ഒരു പല്ലുകുത്തിയും നല്‍കുമെന്ന്‌ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളകോണ്‍ഗ്രസിന്‌ ദക്ഷിണാഫ്രിക്കയിലും പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായേക്കും. അതോടൊപ്പം ആറ്‌ മാസത്തിനകം അന്റാര്‍ട്ടിക്കയിലും ഉത്തരധ്രുവത്തിലും പാര്‍ട്ടിയൂണീറ്റുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്‌. 

വരുന്ന മാര്‍ച്ച്‌ മാസം മാണിസാറിന്റെ പൂര്‍ണ്ണകായ പ്രതിമയുമായി ഏഴുലക്ഷത്തോളം പേരുടെ പ്രകടനം ഉണ്ടാകുമെന്നുള്ള പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ഡെമോക്രാറ്റിക്‌ അലയന്‍സിനെന്റയും ഞട്ടിച്ചിട്ടുണ്ട്‌. ഈ പാര്‍ട്ടികളുടെ നേതാക്കള്‍ സൗത്താഫ്രിക്കയില്‍ തങ്ങള്‍ക്കുയര്‍ന്നുവരുന്ന പുതിയ ഭീഷണിയെപറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം കേരളകോണ്‍ഗ്രസുമായി ലയിക്കാന്‍ പോകുകയാണെന്ന്‌ സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. ഈ വിഭാഗത്തിന്റെ നേതാവിന്‌ കേ.കോ.എം ന്റെ നേതൃസ്‌ഥാനത്തുനിന്ന്‌ സഹാറാ മരുഭൂമി സ്വന്തം പേരില്‍ എഴുതിതരാം എന്ന വാഗ്‌ദാനം കിട്ടിയതായും റിപ്പോര്‍ട്ടുണ്ട്‌.

4 comments: