Wednesday, February 9, 2011

കേരളം പ്രതീക്ഷിച്ചില്ലെങ്കിലും 'ശ്രീ' വന്നു...


ജാത്യലുള്ളത് തൂത്താല്‍ പോകില്ല. പറഞ്ഞു വരുന്നത് നമ്മള്‍ മലയാളികളെ കുറിച്ചുതന്നെ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടിവാതിലില്‍ ചെന്ന് എത്തിനോക്കിയിട്ട് വരാനുള്ള യോഗ്യത പോലും കഴിഞ്ഞ കാലയളവില്‍ നമുക്കുണ്ടായിട്ടില്ല. ഒരു ടിനു യോഹന്നാന്റെ കാര്യം മാറ്റി നിര്‍ത്തിയാല്‍. പ്രതികരിക്കുന്ന യുവത്വവും അതിനൊത്ത കഴിവുമുള്ള ശ്രീശാന്ത് അതിനെ തിരുത്തി. പക്ഷേ ശ്രീയ്ക്ക് തിരിച്ച് നമ്മള്‍ എന്ത് നല്‍കി?

കൂെടയുള്ള ഒരുത്തന്‍ രക്ഷപ്പെടുന്നതോ അതല്ല പോപ്പുലറാകുന്നതോ ഒരിക്കലും നമുക്ക് ക്ഷമിക്കാന്‍ പറ്റുന്നതല്ല. ശ്രീയെ ടീമിലെടുക്കണ്ട എന്ന് ധോണി വിചാരിച്ചിട്ടുണ്ടെങ്കില്‍ അതിനും എത്രയോ നാള്‍ മുമ്പ് ഇക്കാര്യത്തിന് വേണ്ടി ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്തിയവര്‍ വരെയുണ്ട്. നമ്മള്‍ അഭിമാനപൂര്‍വ്വം പറയുന്ന നമ്മുടെ യൂത്ത്. സ്വന്തം കാമുകി ശ്രീശാന്തിന്റെ ഫാന്‍ ആണെങ്കില്‍ എന്തു വിലകൊടുത്തും അവളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നടക്കുന്ന കാമുക യൂത്തും മലയാളത്തില്‍ മാത്രമേ കാണൂ . 

ശ്രീശാന്ത് കളിക്കുന്നത് ഇന്ത്യടീമിനുവേണ്ടിയും പ്രതിനിധാനം ചെയ്യുന്നത് കേരളത്തെയാണെന്നും ഈ ബുദ്ധിഭ്രം ബാധിച്ചവര്‍ ഒന്നോര്‍ത്താല്‍ നന്ദി. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ സ്ഥിരമായി കളിക്കാര്‍ ഇന്ത്യന്‍ ടീമിലേക്ക് പോകുമ്പോള്‍ നമ്മള്‍ ഇവിടെ കാഴ്ചക്കാര്‍ മാത്രമായിരുന്നു. അന്ന് ഇവിടെ നല്ല പ്ലേയേഴ്‌സ് ഉയര്‍ന്നു വരുന്നില്ല എന്ന് അലമുറയിട്ടവര്‍ ഇന്ന് ശ്രീശാന്തിന്റെ കാര്യത്തില്‍ മുഖം തിരിച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 

ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ല എന്ന് പറഞ്ഞ് വിഷമത്തോടെ നിന്ന് ശ്രീശാന്തിന് വേണ്ടി എത്രപേര്‍ ഇവിടെ ശബ്ദിച്ചു. ചാനലുകളില്‍ കയറിയിരുന്ന് വേണ്ടാത്തത് വിളിച്ചുപറയുന്നവര്‍ വേണ്ടതുമാത്രം പറയുന്നില്ല. കൂട്ടത്തിലുള്ള ഒരാളെ അംഗീകരിക്കുവാന്‍ മടിക്കുന്ന ഈ സാഹചര്യത്തിന് നമ്മള്‍ കൊടുക്കുന്നത് എത്ര വലിയ വിലയാണെന്ന് ഇപ്പോള്‍ മനസ്സിലാകില്ല. 

കേരളം പ്രതീക്ഷിച്ചില്ലെങ്കിലും ഒടുവില്‍ ശ്രീ മടങ്ങി വന്നു, മറ്റൊരാളുടെ വേദനയിലൂടെയാണെങ്കിലും. സ്വന്തം രാജ്യത്ത് കളിക്കുന്ന ആനുകൂല്യം മുതലെടുത്ത്, ഇനി മറ്റൊരാള്‍ക്ക് മുന്നില്‍ തലകുനിയാത്ത ഒരവസ്ഥ സൃഷ്ടിക്കുകയാവട്ടെ അടുത്ത ലക്ഷ്യം. കരിയര്‍ ഇനിയും മുന്നില്‍ നീണ്ടുകിടക്കമ്പോള്‍ മുന്നിലേക്ക്് മാത്രം നോക്കുക. ഒരു ഗോഡ്ഫാദറോ, കൈപിടിച്ചുയര്‍ത്താന്‍ വന്‍തോക്കുകളോ ശ്രീയ്ക്കുണ്ടായിരുന്നെങ്കില്‍, ഇന്ന് ഇന്ത്യന്‍ടീമിന്റെ നെടുംതൂണായി ശ്രീ മാറുമായിരുന്നു. സ്വന്തം കഴിവുകൊണ്ട് നേട്ടം എത്തിപ്പിടിച്ചയാളെ അഭിനന്ദിക്കുയാണ് വേണ്ടത്. അല്ലാതെ അസൂയയും കുത്തിത്തിരിപ്പും മനസ്സില്‍ വച്ച് മലയാളത്തിന്റ ആകെയുള്ള ആ 'ശ്രീ' കളഞ്ഞ് കുളിക്കരുത്. ഈ കൊച്ചു കേരളത്തിന് അഭിമാനത്തോടെ പറഞ്ഞു നടക്കാന്‍ ഇങ്ങനെയുള്ള കുറച്ചുകാര്യങ്ങളെ ഉള്ളൂ എന്ന് നമ്മള്‍ ആലോചിക്കുക. എന്നിട്ട് ശ്രീയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. 

കുറിപ്പ്: 1983 ല്‍ ഇന്ത്യ കപ്പ് നേടിയപ്പോള്‍ ടീമില്‍ ഒരു മലയാളിയുണ്ടായിരുന്നു. സുനില്‍ വില്‍സന്‍. പക്ഷേ പുള്ളി കളിച്ചിരുന്നത് ബോംബേ ടീമിനുവേണ്ടിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ലോകകപ്പിന്റെ ഒരു കളിയില്‍ സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി മാത്രമേ സുനിലിന് കളിക്കാന്‍ കഴിഞ്ഞുള്ളൂ.

2 comments:

  1. ee kurippu anvashyamalla oru avashyamanu ithu vayichenkilum kurachuperude kannuthuranillenkilum kannu thallukayenkilum cheyyatte ennu eswaranodu prarthikkunnu

    ReplyDelete
  2. ചാത്തന്‍ സേവക്ക് ശ്രീശാന്തിനെ സമീപിക്കുക് എന്ന് മെസ്സേജ് പ്രചരിച്ചിരുന്നു
    പ്രവീണ്‍ കുമാറിന് കരിയറില്‍ ഇതുവരെ ഇല്ല്ലാത്ത ഇന്ജ്ജുരി ആണ് വന്നതെന്ന്
    അപ്പോഴും താങ്ങ് നമ്മുടെ കൊച്ചനിട്ടു തന്നെ

    ReplyDelete