Sunday, February 20, 2011

പയ്യന്‍സ്; സഹിക്കുന്നതിനും അപ്പുറം


ഒരാളുടെ കാര്യത്തില്‍ വിധി ഒന്ന് തീരുമാനിച്ചുറപ്പിച്ചാല്‍ അത് അനുഭവിച്ചേ പറ്റൂ. അത് ഏത് വലിയവനായാലും ശരിതന്നെ. അതു തന്നെയാണ് പയ്യന്‍സിന്റെ കാര്യത്തില്‍ വെറുമൊരു പ്രേക്ഷകനായ എനിക്കും നായകനായ ജയസൂര്യയ്ക്കും  പറ്റിയത്. 

കടിക്കാനിരിക്കുന്നത് സിംഹമാണെന്ന് അറിഞ്ഞിട്ടും, ''ചുമ്മ ഇരിക്കുന്നെങ്കില്‍ ഒരു കടി താടേ'' എന്ന് പറഞ്ഞ് തലവച്ചുകൊടുത്താലുള്ള അനുഭവമാണ് ഈ സിനിമ ഒരു പ്രേക്ഷകനെന്ന രീതിയില്‍ എനിക്ക് തന്നത്. ഇനി ഇങ്ങനെയാണ് ജയസൂര്യയുടെ ബാക്കിയുള്ള സിനിമകളുടെ കാര്യമെങ്കില്‍ അദ്ദേഹത്തിന്റെ വിധിയും ഏകദേശം ദൈവം തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് തോന്നുന്നത്. 

നല്ലവന്‍ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ കല മുഴുവന്‍ പുറത്തെടുത്ത ജയസൂര്യ ഇതില്‍ അത്രത്തോളം ബോറടിപ്പിക്കുന്നില്ല എന്നൊരു ആശ്വാസമുണ്ട്. പക്ഷേ ചേരുവകളൊക്കെ നമ്മള്‍ മുമ്പു ഇദ്ദേഹത്തിന്റെ തന്നെ സിനിമകളില്‍ കണ്ട സാധനങ്ങള്‍ തന്നെ. സംവിധാനം ചെയ്തിരിക്കുന്ന ലിയോ തദ്ദേവൂസിനെ പച്ചമരത്തണലിലൂടെ നമ്മള്‍ അറിയുകയും ചെയ്യും. പക്ഷേ ഇതൊന്നുമല്ല പ്രശ്‌നം. പഴയ വീഞ്ഞിനെയെടുത്ത് പുതിയ കുപ്പയില്‍ നിറച്ച് വയ്ക്കുമ്പോള്‍ പാലിക്കുന്ന സാമാന്യ മര്യാദ പോലും ഈ ചിത്രത്തെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. കണ്ടാല്‍ രോമകൂപങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്ന കഥയോ അതിനൊത്ത സന്ദര്‍ഭങ്ങളോ വെടിക്കെട്ട് അഭിനയമോ ഒന്നും തന്നെ ഇപ്പോഴത്തെ പ്രേക്ഷകരെ സംബന്ധിച്ച് വേണമെന്നില്ല. രണ്ട് മണിക്കൂര്‍ പരമാവധി ബോറടിപ്പിക്കാതെ തിയേറ്ററിനുള്ളില്‍ പിടിച്ചിരുത്തിയാല്‍ മാത്രം മതി. അത്രയെങ്കിലും ചെയ്യാന്‍ കഴിവില്ലാത്തവര്‍ സനിമാപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് നടക്കുന്നതില്‍ എന്തുകാര്യം?

ജയസൂര്യയെ പോലുള്ള ഒരു നടന്‍ ഇന്ന് നേരിടുന്നത് വലിയൊരു മത്സരമാണ്. ഇന്ദ്രജിത്തും പ്രിഥ്വിരാജും കുഞ്ചാക്കോയും വിനുമോഹനും മണിക്കുട്ടനും വരെ ഇന്ന് യുവ താരങ്ങളാണ്. ഇവര്‍ക്കിടയില്‍ പൊരുതി നില്‍ക്കുന്നത് ഒരു ചെറിയ കാര്യമല്ല. ഇന്ദ്രജിത്തിനെപോലുള്ള നടന്‍മാര്‍ അഭിനയത്തിന്റെ കാര്യത്തിലാണ് വ്യത്യസ്ഥത വരുത്തുന്നതെങ്കില്‍ ജയസൂര്യ അത് സ്വന്തം രൂപത്തിലാണ്. തലമൊട്ടയടിച്ചും മീശയെടുത്തും കമ്മലിട്ടുമൊക്കെ പുള്ളിക്കാരന്‍ മാറമാറി തിയേറ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, ഒരു ചലച്ചിത്രത്തിനാവശ്യമായ അഭിനയം എന്ന സാധനം മാത്രം വെളിയില്‍ വരുന്നില്ല. ആ ഒരു അവസ്ഥയെ സഹിക്കേണ്ടത് പാവം പ്രേക്ഷകരും. 

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു പയ്യന്റെ കഥയാണ് ഇത്. 'പയ്യ'നായി ജയസൂര്യയും പയ്യന്റെ അമ്മയായ പത്മയായി മുന്‍കാല നായിക നടി രോഹിണിയും വേഷമിടുന്നു. മരിച്ചുപോയ അച്ഛനായി ലാല്‍ അഭിനയിക്കുന്നു. പിന്നെ കൂട്ടുകാരായി സുരാജ് വെഞ്ഞാറമൂട്, ഉണ്ടപക്രു തുടങ്ങിയവരുമുണ്ട്. നായികയായി തമിഴ്‌നടി അഞ്ജലിയാണ് വേഷമിട്ടിരിക്കുന്നത്. മേമ്പൊടിക്ക് ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജനാര്‍ദ്ദനന്‍, കലാശാല ബാബു തുടങ്ങിയവരും വന്നുപോകുന്നു. ജയസൂര്യയുടെ മുന്‍ ചിത്രമായ ഇവര്‍ വിവാഹിതരായാല്‍ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന തുടക്കമാണ് ഈ ചിത്രത്തിലേതും. 

അലസനും പഠിക്കുവാന്‍ പിന്നോക്കവുമായ ജോസിക്ക് അമ്മ മാ്രതമേയുള്ളൂ. അച്ഛനായ മറൈന്‍ എഞ്ചിനീയര്‍ ജോസഫ് ജോണ്‍ 20 വര്‍ഷം മുമ്പ് എല്‍.റ്റി.റ്റിക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മകന്റെ ഇഷ്ടത്തിന് എതിരായിട്ടു നില്‍ക്കാന്‍ ആ അമ്മയ്ക്ക് കഴിയില്ല. അതുമൂലം മകന്‍ ഒരളവുവരെ താന്തോന്നിയായാണ് വളരുന്നത്. മകന്റെ കൂട്ടുകാരും അങ്ങനെതന്നെ. അങ്ങനെയിരിക്കേ ജോസിക്ക് റെഡ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ഒരു ജോലി കിട്ടുകയും അവിടുത്തെ സൗണ്ട് എഞ്ചിനീയര്‍ സീമയുമായി (അഞ്ജലി) പരിചയപ്പെടുകയും ചെയ്യുന്നു. 

ഒരു പ്രത്യേക സാഹചര്യത്തില്‍ പത്മയക്ക് ജോസിയേ തല്ലേണ്ടി വരുന്നു. അതില്‍ വിഷണ്ണനായി അമ്മയേ പാഠം പഠിപ്പിക്കുവാന്‍ ജോസി വീടുവിട്ടുപോകുന്നു. അന്നു പദ്മയ്ക്ക് ഒരു ഫോണ്‍കോള്‍ വരുന്നു. അത് മരിച്ചുപോയി എന്നു കരുതിയ ഭര്‍ത്താവ് ജോസഫ് ജോണിന്റേതാണ. പക്ഷേ അന്നുരാത്രി ഒരു വീഴ്ചയുടെ ആഘാതത്തില്‍ ആശുപത്രിയില്‍ വച്ച് പദ്മ മരണമടയുന്നു. അതുകഴിഞ്ഞ് ഒറ്റയ്ക്കാകുന്ന ജോസിയുടെ അടുത്തേക്ക് അവന്റെ അച്ഛന്‍ ജോസഫ് ജോണ്‍ വരുന്നതോടുകൂടി അവന്റെ ജീവിതചര്യയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഈ കഥയാണ് ലിയോ തഥേവൂസ് ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. 

രോഹിണി എന്ന നടിയെ സംബന്ധിച്ച്, അഭിനയം പണ്ടുള്ളതിന്റെ ഒരു രണ്ട് ശതമാനം പോലും വരുന്നില്ല എന്നതാണ്. അമ്മയും മകനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ കാണാന്‍ പ്രത്യേക ധൈര്യത്തോടെ മാത്രമേ തീയേറ്ററിനുള്ളിലേക്ക് കയറാവൂ. പിന്നെ അച്ഛനായി അഭിനയിക്കുന്ന ലാല്‍- ഒരു മാറ്റവുമില്ല. പണ്ടത്തേപ്പോലെ തന്നെ. സുരാജിന്റെ തമാശകള്‍ വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്. 

ലാലിന്റെയും േരാഹിണിയുടെയും പണ്ടത്തെ പ്രണയരംഗങ്ങള്‍ പ്രേക്ഷകനെ കൊല്ലാക്കൊല ചെയ്യിപ്പിക്കുന്നു. അതുപോലെ ക്ലൈമാക്‌സ് സീനുകള്‍ സംവിധയകനോടുള്ള വെറുപ്പ് കൂട്ടാനല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല. 

കൂടുതലെന്നല്ല, ഒന്നും പറയാനില്ലാത്ത സിനിമ. സംവിധായകന്റെ പേര് പത്ത് പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞാല്‍ തീര്‍ച്ചയായും അതൊരു തെറിയായി മാറും- ഈ സനിമ കണ്ടു കഴിഞ്ഞാല്‍. 

കുറിപ്പ്: ഇനിയുള്ള പടങ്ങള്‍ കാണാന്‍ പോകുമ്പോള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയര്‍ത്തണം. എന്നിട്ട് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇന്റര്‍വെല്‍ സമയത്ത് കൊടുത്ത കാശ് തിരിച്ചുതന്ന് തിയേറ്റര്‍ വിട്ടുപോകാനുള്ള അവസരവും തരണം. മലയാള സിനിമയെ രക്ഷിക്കാനല്ല. ഇതുപോലുള്ള സനിമകളില്‍ നിന്ന് പ്രേക്ഷകന് രക്ഷപ്പെടാന്‍. 

1 comment:

  1. ഫാസിലിണ്റ്റെ ലിവിംഗ്‌ റ്റുഗതറിനെക്കാള്‍ ഈ പടം കൊള്ളാം എന്നാണു കണ്ടവറ്‍ പറയുന്നത്‌ അപ്പഴോ?

    ReplyDelete