Tuesday, February 22, 2011

ശശി ഹീറോയായി

ശശി ആരായി എന്നത് പണ്ടത്തെ ചോദ്യം. ഇവിടെ ശശി ഹീറോയായി. അതും ഒരുപാട് ശശിമാരുള്ള ഇങ്ങ് തലസ്ഥാനത്ത്. പോലീസുകാരുടെ പേരു കളയിപ്പിക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റിനും നിയമസഭയ്ക്കും മുന്നില്‍ കിടന്ന് അടികൊള്ളാന്‍ യൂത്തന്‍മാര്‍ മത്സരിക്കുന്ന ഇക്കാലത്ത് ഒന്നിനും പോകാതെ ശശി ഒരിടത്തിരുന്ന് രണ്ടുപേര്‍ക്ക് പണികൊടുത്തു. അതിന് ശശിയെ സഹായിച്ചതോ, കണ്ണുംപൂട്ടി വണ്ടിയോടിച്ചിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ സിഗ്നല്‍ ലംഘിച്ചു എന്ന പേരില്‍ വന്നുകിടക്കുന്ന പെറ്റികണ്ട് നമ്മള്‍ തലയില്‍ കൈവച്ച് പ്രാകുന്ന സിറ്റിയിലെ കാമറക്കണ്ണുകളും.

സംഭവത്തിനടിസ്ഥാനമായ മൂല കാരണം നടക്കുന്നത് 21-ാം തീയതി വൈകുന്നേരമാണ്. പാളയം ജംഗ്ഷനില്‍ ഭര്‍ത്താവിനോടൊത്തു വന്ന യുവതിയെ, ഭര്‍ത്താവൊരിടത്തേക്ക് മാറിയപ്പോള്‍ സ്വയം സാമൂഹ്യ വിരുദ്ധര്‍ എന്നവകാശപ്പെടുന്ന 22 വയസ്സുവീതമുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലെ നിഷാന്തും നിഖിലും  (പാവം അപ്പികള്‍) കയറിപ്പിടിക്കാന്‍ ശ്രമിച്ചു. അതുകണ്ടുകൊണ്ടുവന്ന ഭര്‍ത്താവിനെക്കണ്ട് ലവന്‍മാര്‍ ഒരു ഓട്ടോവിളിച്ച് രക്ഷപ്പെട്ടു. ഭാര്യയും ഭര്‍ത്താവും അപ്പോള്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് കാര്യം പറഞ്ഞു. പോലസുകാരന്‍ അപ്പോള്‍ തന്നെ കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചു.

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരം അനുസരിച്ച് സെക്രട്ടറിയേറ്റിനുമുന്നില്‍ വച്ച് രണ്ട്് പോലീസുകാര്‍ ഓട്ടോ തടഞ്ഞപ്പോള്‍ ലവന്‍മാര്‍ ഇറങ്ങിയോടി. ഓടിച്ചെന്ന് ഒരു തിരക്കുള്ള ബസില്‍കയറിയ അവരെ നാട്ടുകാര്‍ക്കും പോലീസിനും കണ്ടെത്താനായില്ല.

പക്ഷേ ഇതെല്ലാം കാണുന്ന ഒരാളുണ്ടായിരുന്നു. കണ്‍ട്രോള്‍ റൂമിലിരുന്ന് ശ്രദ്ധയോടെ കാമറ നിയന്ത്രിച്ചിരുന്ന കോണ്‍സ്റ്റബിള്‍ ശശി. ലവന്‍മാര്‍ എവിടെയൊക്കെ പോയോ അവിടെയെല്ലാം ശശിസാര്‍ കൂടയുണ്ടായിരുന്നു. ബസിനുള്ളിലെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രതികളുടെ ഉടുപ്പിന്റെയും പാന്റിന്റേയും എന്തിന് അണ്ടര്‍വെയറിന്റെ നിറംവരെ ശശി കാമറയിലൂടെ കണ്ടു.

ഒടുവില്‍ എന്തായി? കിഴക്കേക്കോട്ടയിറങ്ങി നടുനിവര്‍ത്തി തിരിഞ്ഞുനിന്ന പയ്യന്‍സ് പിറകില്‍ നില്‍ക്കുന്ന കാക്കിയുടുപ്പിട്ട രാജന്‍മാമനേയും ഗിരീഷ്‌മാമനേയും (കോണ്‍സ്റ്റബിള്‍മാര്‍) കണ്ട് ഞട്ടി. ഇന്നലെ തന്നെ കോണ്‍സ്റ്റബിള്‍മാരായ ശശിക്കും രാജനും ഗിരീഷിനും ഡി.ജി.പി യുടെ കമന്റേഷന്‍ ലറ്റര്‍ ലഭിക്കുകയും ചെയ്തു.

തിരക്കുള്ള അഞ്ചുമണി സമയത്ത് ജോലിയും പഠിത്തവുമൊക്കെ കഴിഞ്ഞ് പോകുന്ന സ്ത്രീകളെ മുട്ടാനും തോണ്ടാനും മാത്രം സിറ്റിയില്‍ വരുന്നവന്‍മാരുണ്ട്. മുകളിലിരിക്കുന്ന ഒരുത്തന്‍ ഇതൊക്കെ കാണുന്നുണ്ട് എന്നാണല്ലോ നാട്ടുപറച്ചില്‍. അത് ഈശ്വരനെ ഉദ്ദേശിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈശ്വരന്‍ ചിലപ്പോള്‍ ഇതൊക്കെകണ്ട് കണ്ണടച്ചുകളയുമായിരിക്കാം. പക്ഷേ ശശി....

ഞരമ്പന്‍മാരേ.... സൂക്ഷിച്ചാല്‍ നന്ന്...

1 comment:

  1. ശശി കൊള്ളാ‍ലോ.

    ഈ സശി കണ്ണുകള്‍ എവിടെ ഒക്കെയാ ഉള്ളെ എന്നു കൂടി പറഞ്ഞീരുന്നേല്‍ ഇത്തിരി മനസ്സമാധാനം കിട്ടുകായിരുന്നു :)
    ശശി കീ ജെയ്

    ReplyDelete