Friday, February 25, 2011

നാട്ടുകാരോടാ കളി!


ഒരച്ഛന്‍, ആറുമാസം മാത്രം പ്രായമുള്ള ഇരട്ടകുട്ടികളുള്‍പ്പടെ മൂന്ന് മക്കളുമായി മദ്യലഹരിയില്‍ പാതിരാത്രി ഓട്ടോ ഓടിച്ചു നടന്നാല്‍ അയാളെ എന്തു ചെയ്യണം? പിടിച്ച് രണ്ടെണ്ണം പൊട്ടിക്കണം എന്നായിരിക്കും പലര്‍ക്കും നാവില്‍ വരുന്നത്. കുട്ടികളുടെ പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ കൊല്ലണം എന്നും ചിലര്‍ അഭിപ്രായപ്പെടും. പക്ഷേ, ആ കൃത്യത്തിന് മാത്രം ആരും മുതിര്‍ന്നില്ല. പക്ഷേ, പിടികൂടിയ നാട്ടുകാര്‍ ചുമ്മ വിടാനും ഒരുക്കമല്ലായിരുന്നു. ചെകിട് അടങ്കലം പൊട്ടിച്ചു. കലി തീരാഞ്ഞ് ചിലര്‍ ദേഹത്ത് കയറിയിരുന്ന് മേഞ്ഞു. എല്ലാം കഴിഞ്ഞ് പോലീസിനെ വിളിച്ചുവരുത്തി അച്ഛനേയും മക്കളേയും അങ്ങ് ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. 

മദ്യലഹരിയില്‍ മുങ്ങി പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് ഓട്ടോയില്‍ സഞ്ചരിച്ച നാല്‍പ്പത് വയസ്സുള്ള പാപ്പനംകോട് സ്വദേശി ഗോപകുമാറാണ് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂട് അനുഭവിച്ചത്. തിരുവനന്തപുരത്തെ പുലയനാര്‍കോട്ടവച്ച് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ഗോപകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നു ശബ്ദിക്കുവാനോ, കരയാനോ പോലുമാകാതെ ആ പൈതങ്ങള്‍ ഓട്ടോയ്ക്കുള്ളില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു. നാളേക്കു പാഠമാകേണ്ട ഒരു വലിയ കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ വീട്ടില്‍ പോയിക്കിടന്ന് ഉറങ്ങിയ നാട്ടുപ്രമുഖര്‍ പിറ്റേന്നത്തെ പത്രവാര്‍ത്ത കണ്ടപ്പോഴാണ് ശരിക്കും ഞട്ടിയത്. ചിലര്‍ക്ക് കരളില്‍ കുത്തുന്ന നോവായി അത് അനുഭവപ്പെട്ടത്.

പുലയനാര്‍കോട്ട ക്ഷയരോഗാശുപത്രിയില്‍ കുറേ നാളുകളായി ചികിത്സയിലിരിക്കുന്ന ഗോപകുമാറിന്റെ ഭാര്യയെ കാണുവാന്‍ വന്നതായിരുന്നു ആ അച്ഛനും മക്കളും. തിരിച്ചുപോയതോ പോയതോ തൃശൂരിലെ ഒരു അനാഥാലയത്തിലേക്കും. ആ കുഞ്ഞുങ്ങളെ അവിടെ ഏല്‍പ്പിക്കുവാന്‍. പേരിനുപോലും ബന്ധുക്കള്‍ ആരുമില്ലാത്ത ഗോപകുമാര്‍ ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനുശേഷം ജോലിക്ക് പോയിട്ടില്ല. കാരണം കൂടെയുള്ളത് ഒന്നുമൊന്നും പാകമാകാത്ത കുഞ്ഞുങ്ങളായതുകൊണ്ടുതന്നെ. പക്ഷേ, അന്നന്നത്തെ അഷ്ടി അന്നന്നു കണ്ടെത്തുന്ന ആ അച്ഛന് കുഞ്ഞുങ്ങള്‍ക്ക് ഒരുനേരത്തെ ആഹാരം പോലും കൊടുക്കാനാകാത്ത സ്ഥിതിയില്‍ നോക്കിയിരിക്കാനാകുമായിരുന്നില്ല. 

ഇതിനു മുമ്പ് ശബരിമലയാത്രയില്‍ ഓട്ടോ മറിഞ്ഞ് ഗോപകുമാറിന്റെ അമ്മ മരിച്ചിരുന്നു. ആ അപകടത്തില്‍ ഗോപകുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ അപകടത്തെ തുടര്‍ന്ന് കുറേയേറെ ശസ്ത്രക്രിയകള്‍ക്കും ഈ പാവം വിധേയനായി. ജീവിച്ചു പകുതിപോലുമാകാത്ത ഈ ലോകത്തില്‍, ജീവിതം കൈയില്‍ നിന്ന് വഴുതിപോകുന്നത് നിശ്ചലനായി കണ്ടിരിക്കാനേ ഈ യുവാവിനായുള്ളൂ. 

സംഭവം നടക്കുന്നതിന്റെ അന്ന് പകല്‍ ഭാര്യയ്ക്ക് രോഗം കൂടുതലായി. ഒടുവില്‍ തങ്ങളുടെ ജീവിതത്തോടൊപ്പം കുഞ്ഞുങ്ങളുടെ ജീവിതവും നശിക്കരുത് എന്ന് ഏതൊരച്ഛനും ആഗ്രഹിക്കുന്നതുപോലെ ഗോപകുമാറും ആഗ്രഹിച്ചു. അങ്ങനെയാണ് തൃശൂരിലുള്ള ഒരനാഥാലയത്തില്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചത്. അന്നുരാത്രി കുഞ്ഞുങ്ങളെയും കൊണ്ട് ആശുപത്രിയില്‍ വന്ന് അമ്മയെ കാട്ടി ആശ്വസിപ്പിച്ചശേഷം തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു നാട്ടുകാരുടെ രോഷപ്രകടനത്തിന് ഇരയായത്. 

മദ്യപിച്ചിരുന്നു എന്നുള്ളത് ശരിതന്നെ. പക്ഷേ അത് എന്തിനുവേണ്ടിയായിരുന്നു എന്നുള്ളത് ആരും ചോദിക്കുവാന്‍ പോലും മിനക്കെട്ടില്ല എന്നതാണ് സത്യം. സ്വന്തം കുഞ്ഞുങ്ങളെ അനാഥത്വത്തിലേക്ക് തള്ളി വിടുമ്പോള്‍ എല്ലാ അച്ഛന്റെ നെഞ്ചും ഇതുപോലെ ഉരുകും. ആ ഉരുകലിന്റെ കാഠിന്യം ഏതൊരച്ഛനും, എന്തു ചെയ്താലാണ് മറക്കാന്‍ കഴിയുക. നാട്ടുകാരുടെ ധാര്‍മ്മിക രോഷം പക്ഷേ എന്തുകൊണ്ടോ പോലീസ് ഏറ്റുപിടിച്ചില്ല. അവര്‍ ഗോപകുമാറിനോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും കുഞ്ഞുങ്ങളെ എസ്.എ.റ്റി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി മിഷണറീസ് ഓഫ് ചാരിറ്റിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗോപകുമാറിനെതിരെ കേസുമെടുത്തിട്ടില്ല. 

ഒരു വാഹനം വ്യക്തിയെ ഇടിച്ചാല്‍ അത് ആ വ്യക്തിയുടെ തെറ്റുകൊണ്ടായാലും, പഴിയും മര്‍ദ്ദനവും വാഹന ഡ്രൈവര്‍ക്കാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിയെ വികലാംഗര്‍വരെ കൈവച്ചിട്ട് പോകുന്നത് കാണാം. അതുപോലെയാണ് ജനങ്ങളുടെ ധാര്‍മ്മികരോഷം എല്ലാത്തിനേയും പിന്തുടരുന്നത്. അവര്‍ സത്യം അന്വേഷിക്കുന്നില്ല. അല്ലെങ്കില്‍ അത് അന്വേഷിക്കാനുള്ള ക്ഷമ കാട്ടുന്നില്ല.

3 comments:

 1. ഒരു എസ്‌ കത്തി പണിയിപ്പിക്കാം കാര്‍ എടുക്കുമ്പോള്‍

  മിക്ക അപകടങ്ങളും ബൈക്കുകാര്‍, കാല്‍ നടക്കാര്‍ എന്നിവരുടെ കുഴപ്പം അല്ലെങ്കില്‍ റിസ്കി ഓവര്‍ റ്റേക്കിംഗ്‌

  പക്ഷെ വലിയ വണ്ടി ഏതാണെന്നു വച്ചാല്‍ അതിനെ കത്തിക്കല്‍ ആണിപ്പോള്‍ ജനത്തിനു പണി , ഇതു കാരണം ഇന്‍ഷുറന്‍സില്ലെങ്കില്‍ ബസ്‌ ഉടമക്കെന്ത്‌ നഷ്ടം ആണു ഉണ്ടാകുന്നത്‌

  സിംഗിള്‍ ഓണര്‍ ഒക്കെ ആയാല്‍ അവണ്റ്റെ ജീവിതം പോയി, പിന്നെ വണ്ടി കത്തിയാല്‍ എവിഡന്‍സില്ല വണ്ടിക്കു ബ്രേക്‌ ഉണ്ടായിരുന്നോ ഇല്ലയോ അതും അറിയില്ല

  ഇതു കൊണ്ട്‌ ഉണ്ടാകുന്ന പ്രശ്നം , ഇടിച്ചാല്‍ അയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ സ്ഥലം വിടാന്‍ വണ്ടി ഉടമ നോക്കും

  പ്രൈവറ്റ്‌ ബസില്‍ ഇപ്പോള്‍ കണ്ടക്ടര്‍ കിളി കിട്ടാന്‍ പ്രയാസം

  ReplyDelete
 2. സുഹൃത്തെ താങ്കളുടെ ധാര്‍മിക രോഷം മനസിലാക്കുന്നു ..പക്ഷെ ഏതു സാഹചര്യം കണക്കിലെടുത്തായാലും ഗോപകുമാര്‍ എന്ന അച്ഛന്‍ ആ പാതിരാത്രി കാണിക്കാന്‍ മുതിര്‍ന്ന പ്രവൃത്തിയെ ഉത്തരവാദിത്വം ഇല്ലായ്മ എന്ന് തന്നെ വിളിക്കേണ്ടി വരുന്നു..സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത പിഞ്ചു കുഞ്ഞുങ്ങളുമായി മദ്യപിച്ചു സ്വയ ബോധമില്ലാതെ (അതുകൊണ്ടാണ് ആ രാത്രി സാഹസത്തിനു ആദേഹം മുതിര്‍ന്നതെന്ന് കരുതാം )
  ഓടിച്ചു പോകുന്ന വാഹനം ഒരപകടത്തില്‍ പെട്ടാല്‍ എന്താണ് സംഭവിക്കുക ? യാത്രക്കാര്‍ ഉണ്ടായാലും ഇല്ലെങ്കിലും മദ്യപിച്ചുള്ള ഡ്രൈവിംഗ് മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വരെ ഭീഷണി യുണ്ടാക്കും ..ഇവിടെ അതിലും ഗുരുതരമാണ് സാഹചര്യം ..നേരം ഒന്ന് വെളുത്തിട്ടായിരുന്നു ഗോപകുമാറിന്റെ ഉള്ളിലെ ഉത്തരവാദിത്തമുള്ള പിതാവ്
  ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു ..

  ReplyDelete
 3. ശരി രമേശേട്ട. സമ്മതിച്ചു. പക്ഷേ ആ മൂന്ന് കുഞ്ഞുങ്ങളേയും കൂട്ടി ഒരാളെ രാത്രി കാണുമ്പോള്‍ നാട്ടുകാര്‍ക്ക് ഒന്നു ചോദിക്കാമല്ലോ. എന്താ പ്രശ്‌നമെന്ന്? അല്ലെങ്കില്‍ എന്താ തന്റെ ഉദ്ദേശമെന്ന്? ഇതൊന്നും അവിടെയുണ്ടായില്ല. ഞാന്‍ പറഞ്ഞതിത്രേയുള്ളൂ- അവിചാരിതമായി ഒരു പ്രശ്‌നം കണ്ടാല്‍ കാരണമറിയാന്‍ ശ്രമിക്കുക. അല്ലാതെ പെട്ടന്ന് കയറി പ്രതികരിച്ചാല്‍ പിന്നെ അത് തിരുത്തുവാനുള്ള അവസരം നമുക്ക് കിട്ടിയെന്ന് വരില്ല.

  ReplyDelete